വിപ്ലവനായകന് അഭയമേകിയ മാപ്പിളപ്പെണ്ണ്
text_fieldsഒരു കുന്നിൻചരിവിൽ ആ റോഡ് അവസാനിക്കുന്നു. പിന്നെയൊരു പാറക്കെട്ട്. വഴുവഴുത്ത പാറയിറങ്ങിയാൽ റബർകാട്ടിനിടയിലൂടെ ഒരു ഒറ്റയടിപ്പാത കാണാം. പിന്നെ തെളിനീരൊഴുകുന്ന ഒരു ചെറുചോല. ചോല മുറിച്ചുകടന്ന് പിന്നെയും കല്ലുവഴി. അത് അവസാനിക്കുന്നിടത്ത് നിലംപൊത്താറായ ഒരു കൊച്ചുപുര. പിന്നെയങ്ങോട്ട് വെളിച്ചംവീഴാത്ത കാട്. കാടിന് നടുവിലെ ആ ഒറ്റവീടിൽ രണ്ടു പെണ്ണുങ്ങൾ താമസിക്കുന്നു. തൃക്കേക്കുന്നുമ്മൽ ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മയും ഏക മകൾ റംലയും.
മലപ്പുറം ജില്ലയിലെ പന്തലൂർ - നെന്മിനി മലയുടെ കിഴക്കേ ചരിവിൽ ഇവരിരുവരും താമസിക്കുന്ന ഇൗ ഇടത്തിന് സംഭവബഹുലമായ ഒരു ചരിത്രമുണ്ട്. മലബാർ വിപ്ലവത്തിലെ ധീരമായ ഒരധ്യായം. വിപ്ലവനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും പോരാളിസംഘവും ഒളിച്ചുതാമസിച്ചത് ഇവിടെയാണ്. അവർക്ക് അഭയം നൽകിയതാകെട്ട ഒരു മാപ്പിളപ്പെണ്ണ്. കൂരിമണ്ണിൽ പാറപ്പുറത്ത് പാത്തുമ്മക്കുട്ടി. പാത്തുമ്മക്കുട്ടിയുടെ മകളുടെ മകളാണ് ഇൗ വീട്ടിൽ ഇപ്പോൾ താമസിക്കുന്ന ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മ എന്ന എഴുപത്തഞ്ചുകാരി.
••• ••• ••• ••• •••
മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ ബ്രിട്ടീഷുകാർ ഏതാണ്ട് അടിച്ചൊതുക്കിയ 1921ലെ ഡിസംബർ മാസം. വിപ്ലവനേതാക്കൾ ഒന്നൊന്നായി പിടിയിലാവുകയോ കീഴടങ്ങാൻ നിർബന്ധിതരാവുകയോ ചെയ്ത കാലം. വിപ്ലവനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും പോരാളികളും അന്ന് ചോക്കോട് മലയിലെ കല്ലാമൂലയിലാണ് ക്യാമ്പ് ചെയ്തിരുന്നത്. ഡിസംബർ 20ഒാടുകൂടി വിപ്ലവനേതാക്കളായ ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും കുമരംപുത്തൂർ സീതിക്കോയ തങ്ങളും ബ്രിട്ടീഷുകാർക്ക് കീഴടങ്ങി.
പോരാട്ടവുമായി ഇനി അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് കുഞ്ഞഹമ്മദാജിക്ക് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്. സൈനികശേഷിയിലും ആയുധബലത്തിലും ലോകത്തിലെ ഒന്നാംനമ്പർ ശക്തിയോടാണ് കഴിഞ്ഞ നാലഞ്ചുമാസമായി കുഞ്ഞഹമ്മദാജിയും കൂട്ടരും പോരിനിറങ്ങിയത്. നാട് കൊള്ളയടിക്കാൻ വന്ന അധിനിവേശശക്തികളെ കുറഞ്ഞ കാലത്തേക്കെങ്കിലും മലബാറിൽനിന്ന് തുരത്താനും സമാന്തര ഭരണസംവിധാനം സ്ഥാപിക്കാനും അവരുടെ പോരാട്ടവീര്യത്തിന് സാധിക്കുകയുണ്ടായി. എന്നാൽ, അധികകാലം അത് നിലനിർത്താൻതക്ക വിഭവശേഷി മാപ്പിളമാർക്ക് അന്നില്ലായിരുന്നു.
വിശ്രമമില്ലാത്ത പോരാട്ടങ്ങൾ അനിവാര്യമായ അന്ത്യത്തിലേക്കു കടക്കുകയാണെന്ന് മനസ്സിലായതോടെ തെൻറ സംഘത്തിലെ പലരോടും പിരിഞ്ഞുപോകാൻ വാരിയൻകുന്നൻ നിർദേശിച്ചു.(1) കൂടെ ഉറച്ചുനിന്നവർക്കുതന്നെ ഭക്ഷണം ഒരുക്കാൻ നന്നെ പാടുപെട്ടു. വിപ്ലവനായകനെ പിടികൂടാനായി ബ്രിട്ടീഷുകാർ നാലുപാടും വലവിരിച്ചിട്ടുമുണ്ട്. അങ്ങനെയാണ് ഡിസംബർ 30ന് കുഞ്ഞഹമ്മദാജിയും 80ഒാളം പോരാളികളും കല്ലാമൂല വിട്ട് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള പന്തലൂർ- നെന്മിനി മലനിരകളിലേക്ക് പുറപ്പെടുന്നത്. ബ്രിട്ടീഷ് ചാരവലയം ഭേദിച്ച് ഉൾവഴികളിലൂടെ സഞ്ചരിച്ചാണ് ഇവർ നെന്മിനിയിലെത്തിയത്.
കൊടുംകാടായിരുന്ന ഇൗ പ്രദേശത്ത് വാരിയൻകുന്നനും സംഘവും കഴിഞ്ഞത് പാറപ്പുറത്ത് പാത്തുമ്മക്കുട്ടിയുടെ വീട്ടിലായിരുന്നു. പോരാളിയുടെ മകൾ എന്ന നിലക്ക് വിപ്ലവകാരികൾ പാത്തുമ്മക്കുട്ടിക്ക് പണിതുകൊടുത്ത വീടായിരുന്നു അതെന്നും വീട്ടുകൂടലിനാണ് വാരിയൻകുന്നനും സംഘവും വന്നതെന്നും വാരിയൻകുന്നെൻറ സഹധർമിണി മാളു ഹജ്ജുമ്മയും സംഘത്തിലുണ്ടായിരുന്നുവെന്നും പഴയതലമുറയിലെ ചിലർ പറയുന്നു. വൈകാതെതന്നെ വിവരം ബ്രിട്ടീഷുകാരുടെ ചെവിയിലെത്തി. മലപ്പുറം, പാണ്ടിക്കാട്, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് പട്ടാളം പാഞ്ഞെത്തി. പക്ഷേ, വാരിയൻകുന്നനെയും സംഘാംഗങ്ങളെയും പിടികൂടാൻ അവർക്കു കഴിഞ്ഞില്ല.
പട്ടാളം വെടിതുടങ്ങുംമുേമ്പ വീടിന് തൊട്ടുപിറകിലുള്ള കൊടുംകാട്ടിലൂടെ അവർ രക്ഷപ്പെട്ടു. വാരിയൻകുന്നെൻറ നിർദേശപ്രകാരം സംഘാംഗങ്ങൾ പലവഴിക്കായി പിരിഞ്ഞുപോയി. അദ്ദേഹവും അനുയായികളും തിരിച്ച് കല്ലാമൂലയിൽതന്നെ എത്തുകയും ചെയ്തു. വൈകാതെ ക്യാമ്പ് ആറു കിലോമീറ്റർ അകലെയുള്ള വീട്ടിക്കുന്നിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കുശേഷം, 1922 ജനുവരി ഏഴിന് ബ്രിട്ടീഷുകാർ ചതിപ്രയോഗത്തിലൂടെ വിപ്ലവനായകനെയും 21 അനുയായികളെയും പിടികൂടി. ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിെൻറ വടക്കേചരിവിൽ വെച്ച് ആ ധീരദേശാഭിമാനിയെ വെടിവെച്ചുകൊല്ലുകയും മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു.
••• ••• ••• ••• `••• ••• ••• ••• ••• `•••
വാരിയൻകുന്നന് അഭയം നൽകിയ ആ മാപ്പിളപ്പെണ്ണിനെക്കുറിച്ച് അന്നത്തെ മലബാർ ജില്ല പൊലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്കോക്ക് തയാറാക്കിയ 'എ ഹിസ്റ്ററി ഒാഫ് ദി മലബാർ റിബല്യൻ, 1921' എന്ന പുസ്തകത്തിൽ പരാമർശമുണ്ട്. ബ്രിട്ടീഷ് രേഖകളിൽ പരാമർശിക്കപ്പെടുന്ന അത്യപൂർവം മാപ്പിളപ്പെണ്ണുകൂടിയാണ് അവർ. അതിെൻറ ചുരുക്കം ഇങ്ങനെ:
''ചെമ്പ്രശ്ശേരി തങ്ങൾ കീഴടങ്ങിയ ഉടനെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി കല്ലാമൂല വിടുകയും നെന്മിനി വഴി രാത്രി പന്തല്ലൂരിൽ എത്തുകയും ചെയ്തു. അങ്ങാടിപ്പുറത്തെും മേലാറ്റൂരിലെയും മലബാർ സ്പെഷൽ പൊലീസ് ഇൗ വിവരം അറിയുകയും പെെട്ടന്ന് അങ്ങോട്ട് ചെല്ലുകയുംചെയ്തു. ഇവരെ പിന്തുടർന്ന് 2-8ാമത് കമ്പനി (ഗൂർഖ പട്ടാളം) പന്തല്ലൂർ മലയുടെ പാതി ഭാഗം വരെയെത്തി. പാറപ്പുറത്ത് പാത്തുമ്മയുടെ ഒരു വീട് സ്ഥിതിചെയ്യുന്ന ഒരു വഴി മാത്രമാണ് ഇതിലൂടെയുള്ളത്. അവർ 1919 ലെ കലാപത്തിെൻറ നേതാവിെൻറ സഹോദരി* ആണവർ. പിന്നെയങ്ങോട്ട് കൊടും കാടാണ്. സൈന്യം ആറുമണിയോടെ ഇൗ വീട്ടിൽ എത്തി. കുഞ്ഞഹമ്മദാജിയും 80 പേരുള്ള സംഘവും ആ രാത്രി അവിടെ തങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സൈന്യം എത്തുംമുേമ്പ കൊടുംകാട് വഴി അവർ രക്ഷപ്പെട്ടു. എട്ടു തോക്കുകളും 20 കത്തികളും സംഘം ഉപേക്ഷിച്ചുപോയി. (2)ഇതേ സംഭവം നേരിയ വ്യത്യാസങ്ങളോടെ ബ്രിട്ടീഷ് സർക്കാറിൽ അണ്ടർ സെക്രട്ടറിയായിരുന്നു ജി.ആർ.എഫ്. ടോട്ടൻഹാമിെൻറ 'ദി മാപ്പിള റബല്യൻ 1921-1922' എന്ന പുസ്തകത്തിലും കാണാം. (3)
ഹിച്ച്കോക്കിെൻറ റിപ്പോർട്ടിൽ പാറപ്പുറത്ത് പാത്തുമ്മ എന്നു പറയുന്ന വനിത ഇന്നാട്ടിൽ മലയിൽ പാത്തുക്കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. മലയിൽ താമസിക്കുന്നു എന്ന അർഥത്തിലാണ് അങ്ങനെ വിളിച്ചത്. അസാമാന്യ തേൻറടിയായിരുന്ന അവർ വെള്ളപ്പട്ടാളത്തെയും ജന്മിമാരെയും വിറപ്പിച്ച ഒരു ധീരപോരാളിയുടെ മകളായിരുന്നു. 1919 ലെ നെന്മിനി പോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആനക്കയം പെരിമ്പലം സ്വദേശി കൂരിമണ്ണിൽ പാറപ്പുറത്ത് വലിയ ചേക്കുഹാജിയുടെ മകൾ. ഹിച്ച്കോക്ക് േചക്കുഹാജിയുടെ സഹോദരി എന്നാണ് ഇവരെ പരിചയപ്പെടുത്തുന്നതെങ്കിലും യഥാർഥത്തിൽ പാത്തുമ്മക്കുട്ടി അദ്ദേഹത്തിെൻറ മകളാണ്. ആംേഗ്ലാ^മാപ്പിള യുദ്ധം എന്ന പുസ്തകത്തിൽ എ.കെ. കോടൂരും ഹിച്ച്കോക്കിനെ തിരുത്തുന്നുണ്ട്. (4)
••• ••• ••• ••• ••• `••• ••• ••• ••• ••• `•••
ഹിച്ച്കോക്കിെൻറ റിപ്പോർട്ടിൽ വിവരിച്ച വാരിയൻകുന്നനും സംഘവും ഒളിച്ചുതാമസിച്ച വീടിെൻറ അതേ ചിത്രം ഇപ്പോഴും ഇവിടെ ചെന്നാൽ കിട്ടും. ഇപ്പോൾ ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മ താമസിക്കുന്ന വീടിെൻറ അൽപംകൂടി മുകളിലായിരുന്നു പഴയ വീട്. നരിയും മറ്റു വന്യമൃഗങ്ങളുമിറങ്ങുന്ന കൊടുംകാടായിരുന്നു പണ്ട് ഇവിടം. പിന്നീട് ഇൗ കുടുംബത്തിെൻറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഇൗ സ്ഥലം അടക്കം ഹെക്ടർ കണക്കിന് ഭൂമി സ്വകാര്യ കമ്പനി കൈയേറുകയും റബർ എസ്റ്റേറ്റായി മാറ്റുകയും ചെയ്തു. എസ്റ്റേറ്റ് ആണെങ്കിലും കൊടുംകാടിെൻറ രൂപവും ഭാവവും വന്യതയുംതന്നെയാണ് ഇപ്പോഴും ഇൗ പ്രദേശത്തിന്.
പാറപ്പുറത്ത് പാത്തുമ്മക്കുട്ടിക്ക് അഞ്ചു മക്കളായിരുന്നു. ഹൈദ്രസ് മുസ്ലിയാർ, ഉണ്ണിക്കമ്മു മുസ്ലിയാർ, ആച്ചുമ്മ, ഉണ്ണിപ്പാത്തുമ്മ, ആയിഷുണ്ണി. ഇതിൽ ആയിഷുണ്ണിയുടെ മകളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്ന പാത്തുമ്മ എന്ന മാളുമ്മ. പാത്തുമ്മക്കുട്ടിയുടെ മകൻ ഉണ്ണിക്കമ്മു മുസ്ലിയാരുടെ മകൻ മുഹമ്മദ് എന്ന ചെർക്കൻ മുസ്ലിയാർ ചേക്കുഹാജിയുടെ നാടായ പെരിമ്പലത്തുതന്നെയായിരുന്നു താമസം. അദ്ദേഹത്തിെൻറ മക്കൾ ഇപ്പോൾ പെരിമ്പലത്തുണ്ട്.
ചേക്കുഹാജിയുടെ, ആരെയും കൂസാത്ത, ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതമായിരുന്നു മകൾ പാത്തുമ്മക്കുട്ടിക്കും പേരമകൾ ആയിഷുണ്ണിക്കും ഉണ്ടായിരുന്നതത്രെ. അതേ ധൈര്യം, മാളുമ്മക്കുമുണ്ട്. കർണാടക ചിക്കമഗളൂരിലേക്ക് കല്യാണം കഴിച്ചയച്ച മകൾ കഴിഞ്ഞ പ്രളയകാലത്താണ് ഇങ്ങോട്ടു വരുന്നത്. അതുവരെ ആരോരുമില്ലാത്ത ഇൗ കാടിൻനടുവിലെ വീട്ടിലൊറ്റക്കായിരുന്നു ഇൗ വയോധിക.
ചേക്കുഹാജി ; ചൂഷകവർഗത്തെ വിറപ്പിച്ച പോരാളി
ബ്രിട്ടീഷ്- ജന്മി കൂട്ടുകെട്ടിനെതിരെയും അവരുടെ കർഷകപീഡന നിലപാടുകൾക്കെതിരെയും 1800കൾ മുതൽ മാപ്പിള^കീഴാള കർഷകർ തുടങ്ങിവെച്ച ചാവേർ പോരാട്ടങ്ങളിലെ ഒടുവിലെ അധ്യായമായിരുന്നു 1919ലെ നെന്മിനി പോരാട്ടം. പെരിമ്പലം സ്വദേശി കൂരിമണ്ണിൽ പാറപ്പുറത്ത് വലിയ ചേക്കുഹാജിയുടെ നേതൃത്വത്തിലുള്ള 11 പേരായിരുന്നു ആ പോരാളികൾ. വലിയ ചേക്കുഹാജി പരമ്പരാഗതമായി താമസിച്ചിരുന്ന പാറപ്പുറത്ത് കുടിയിരുപ്പ് പറമ്പ് അന്യായമായി ഒഴിപ്പിക്കാനുള്ള ജന്മിയായ, കടക്കോട്ടിൽ നമ്പൂതിരിയുടെ ശ്രമമാണ് ആ സായുധ പുറപ്പാടിെൻറ പെെട്ടന്നുണ്ടായ കാരണം. നെന്മനി പേട്ടരിത്തൊടി വാര്യത്ത് ബ്രിട്ടീഷുകാരുമായി നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങുംമുമ്പ് ചേക്കുഹാജി ഇങ്ങനെ വിളിച്ചുപറഞ്ഞതായി ചരിത്രം രേഖപ്പെടുത്തി.
''ഞങ്ങൾ വീട്ടിലേക്കു മടങ്ങിച്ചെല്ലാൻ ഇറങ്ങിയവരല്ല^ ഭൂമിയിൽ ഇനി ഞങ്ങളുടെ ബാക്കിയുള്ളവർക്കെങ്കിലും നീതി ലഭിക്കാൻ ഏറ്റവും വലിയ കോടതിയിൽ ഹരജി കൊടുക്കാൻ പോവുകയാണ് ഞങ്ങൾ''. പട്ടാളവുമായുള്ള ഉഗ്രയുദ്ധത്തിൽ ചേക്കുഹാജിയുൾപ്പെടെ 11 പോരാളികളും വീരമൃത്യു വരിച്ചു. (4)
ചേക്കുഹാജിയും പോരാളികളും രക്തസാക്ഷികളായ പേട്ടരിത്തൊടി വാര്യത്ത് നെന്മിനിക്കടുത്ത് മന്ദംകുണ്ടിലാണ്. അന്ന് വാര്യത്തുണ്ടായിരുന്നവരുടെ പിൻതലമുറ ഇന്നിവിടെ താമസിക്കുന്നു. ചേക്കുഹാജി പോരാട്ടം തുടങ്ങിയ പടിഞ്ഞാറ്റുമ്മുറിയിലെ കടക്കോട്ടിൽ ഇല്ലവും പഴയ പ്രതാപത്തോടെ ഇന്നുണ്ട്.
നെന്മിനി പോരാട്ടത്തെക്കുറിച്ച പ്രാദേശികമായ അറിവുകൾ പങ്കുവെക്കുന്നുണ്ട് പേട്ടരിത്തൊടി വാര്യത്തിനു സമീപം താമസിക്കുന്ന, പൊതുപ്രവർത്തകനായ പടിക്കാമണ്ണിൽ അബ്ദുറസാഖ് എന്ന അബ്ദു.
''ചേക്കാജി (ചേക്കുഹാജിയെ അങ്ങനെയാണ് വിളിച്ചിരുന്നത്) ഇവിടെനിന്നാണ് കല്യാണം കഴിച്ചത്. പെരിമ്പലത്തുനിന്ന് വന്ന് താമസിച്ച കൂരിമണ്ണിൽ മേലേമണ്ണിൽ വെള്ളാങ്കുളത്ത് കുഞ്ഞാലിക്കുട്ടി ഹാജിയുടെ മകൾ താച്ചുട്ടിയായിരുന്നു അദ്ദേഹത്തിെൻറ ഭാര്യ. വേറെയും ഒരു കല്യാണം ഇൗ ഭാഗത്തുനിന്ന് ചേക്കാജി കഴിച്ചിരുന്നു. അതിലുണ്ടായ മകളാണ് മലയിൽ പാത്തുക്കുട്ടി. ചേക്കാജിയുൾപ്പെടെ 11 പേർ വാര്യത്ത് കയറി. അവർ ഇവിടെത്തെ ആരെയും ഒന്നും ചെയ്തിട്ടില്ല. ഭക്ഷണവും മറ്റും ലഭിക്കുന്ന സുരക്ഷിത ഇടം എന്ന നിലക്കാണ് അവർ ഇവിടം കൈയേറിയത്. ഇതിനിടെ വാര്യത്തെ രാമവാര്യർ എന്നയാളെ അദ്ദേഹത്തിെൻറ സംഘാംഗങ്ങൾ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോൾ ചേക്കാജിതന്നെ അത് തടയുകയുണ്ടായി. തെൻറ ജീവൻ രക്ഷിച്ചതിന് പ്രത്യുപകാരമായി ഇൗ രാമവാര്യർ ചേക്കാജിയുടെ മൂത്ത മകൾ ആമിക്കുട്ടിക്ക് എല്ലാവർഷം ഒരുചാക്ക് നെല്ല് കൊടുത്തയക്കുമായിരുന്നു.
ചേക്കാജിയും സംഘവും വാര്യത്ത് തമ്പടിച്ച വിവരം കേട്ട് സമീപ പ്രദേശങ്ങളിൽനിന്നെല്ലാം ധാരാളം ചെറുപ്പക്കാർ ഇങ്ങോട്ട് ഒാടിയടുത്തു. അവരിൽ പലർക്കും പോരാളികളോടൊപ്പം ചേരണമെന്നുണ്ടായിരുന്നു. രണ്ടാം ദിവസമാണ് പട്ടാളം വന്നത്. ചേക്കാജിയും സംഘവും പടിപ്പുര ഭാഗത്തേക്ക് ഇറങ്ങിവന്നാണ് പട്ടാളത്തോട് ഏറ്റുമുട്ടിയത്. ഇവരുടെ ആക്രമണത്തിൽ ആദ്യം പട്ടാളം പിന്തിരിയുകയാണ് ചെയ്തത്. പിന്നിട് തിരിച്ചുവന്ന് നടത്തിയ വെടിവെപ്പിലാണ് അദ്ദേഹവും അനുയായികളും രക്തസാക്ഷികളായത്. ഇവരുടെ മയ്യിത്തുകൾ പട്ടാളം കൊണ്ടുപോയി പെരിന്തൽമണ്ണ കോടതിപ്പടിയിലെ സബ് രജിസ്ട്രാർ ഒാഫിസിനു മുന്നിൽ കുഴിച്ചുമൂടി എന്നാണ് കേട്ടിട്ടുള്ളത്. 1919 ലെ ഇൗ ചരിത്രമെല്ലാം ആ സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ തോട്ടിങ്ങൽ കുട്ടിയപ്പൻ, മുത്താലി മരക്കാർ തുടങ്ങിയവരിൽനിന്ന് ഞാൻ നേരിട്ട് കേട്ടറിഞ്ഞതാണ്'' -അബ്ദുർറസാഖ് പറഞ്ഞു. പേട്ടരിത്തൊടിയിൽ വാര്യത്തിെൻറ പടിപ്പുര ഇന്നില്ല. പാടമുണ്ടായിരിന്നിടത്ത് കവുങ്ങിൻതോട്ടവുമാണ്.
ചേക്കാജിക്ക് താച്ചുട്ടി എന്ന ഭാര്യയിൽ പാത്തുമ്മ എന്ന മറ്റൊരു മകളുമുണ്ടായിരുന്നു. അവർ ഭർത്താവിെൻറ കൂടെ 1930കളിൽ കുടകിലേക്ക് കുടിയേറി. അവരുടെ മക്കൾ, അഥവാ, ചേക്കുഹാജിയുടെ പേരമക്കളിൽ നാലു പേർ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതിൽ ഹംസ എന്നയാൾ 1972ൽ കുടകിൽനിന്ന് തിരിച്ചുവന്നു. ഇപ്പോൾ നെന്മിനി അരീച്ചോല ചോലക്കൽമുക്കിൽ താമസിക്കുന്നു. തെൻറ വലിമ്മയുടെ വാപ്പ ചേക്കാജി പേട്ടരിത്തൊടിയിൽ വെള്ളക്കാരോട് പോരാടി ശഹീദ് ആയ ആളാണെന്ന് ചോലക്കൽ പാത്തുമ്മ പറയുന്നുണ്ട്. പക്ഷേ, വല്ലിമ്മയുടെ പേര് അവരുടെ ഒാർമയിൽ കുഞ്ഞാത്തുമ്മ എന്നാണ്. ആ കുഞ്ഞാത്തുമ്മ തന്നെയാണ് പാറപ്പുറത്ത് പാത്തുമ്മക്കുട്ടി എന്നും അന്ന് ഇങ്ങനെ ഒരേ ആളെതന്നെ ഇങ്ങനെ പല പേരിൽ വിളിക്കുന്നത് പതിവായിരുന്നുവെന്നും അബ്ദുറസാഖ് പറയുന്നു.
- സൂചിക 1. മുഹമ്മദ് അബ്ദുൽ കരീം കെ.കെ. (2020) ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി, പേജ്:147, െഎ.പി.എച്ച് കോഴിക്കോട്. 2. Hitchcock R.H (1923) A history of the malabar reblellion, 1921, Page:101, printed by the superintendent,govenment press, Madras. 3. Tottenham.Grf ( 1922) The Mappila Rebellion 1921-1922, Page: 131, The superintendent, Govenment Press Madras. 4. കോടൂർ എ.കെ, ആംേഗ്ലാ^മാപ്പിള യുദ്ധം (1999), പേജ്: 235, മഹ്ബൂബ് ബുക്സ് മലപ്പുറം. 5. അതേ പുസ്തകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.