കേരളം വി.സിയാക്കാൻ കൊതിച്ചു; അദ്ദേഹം ഗവേഷണവും
text_fieldsപ്രഫ. താണു പത്മനാഭെൻറ അകാല വിയോഗം അതിദുഃഖകരമാണ്. അത്യന്തം അവിശ്വസനീയവും. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഞങ്ങൾ കുറേയേറെ സമയം സംസാരിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന ദീർഘമായ രചനയെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്ത് കുറേക്കാലം മുമ്പ് വാങ്ങിയ ഒമ്പത് സെൻറ് ഭൂമിയിൽ ചെറിയൊരു വീടുെവച്ച് ഭാവിയിൽ താമസമാക്കുന്ന കാര്യവും അദ്ദേഹത്തിെൻറ പരിഗണനയിലുണ്ടായിരുന്നു. കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരുശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാന സർക്കാറിെൻറ പിന്തുണയോടെ സ്ഥാപിക്കണമെന്നത് അദ്ദേഹത്തിെൻറ സ്വപ്നമായിരുന്നു.
ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനെന്ന് പറയാവുന്ന പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ജനിച്ച് എസ്.എം.വി സ്കൂളിലും യൂനിവേഴ്സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്ത ശേഷമാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽനിന്ന് പിഎച്ച്.ഡി നേടുന്നത്.
ഇന്ത്യൻ സൈദ്ധാന്തിക ഭൗതികജ്ഞരിലെ ഈ മുൻനിരക്കാരൻ ഒരു കോസ്മോളജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപവത്കരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളിൽ ഗവേഷണസംഭാവനകൾ നടത്തിയ അദ്ദേഹം തമോഊർജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകൾ നൽകി. പുണെയിലെ പ്രസിദ്ധമായ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിെൻറ (അയൂക്കാ) ഡയറക്ടറായിരുന്നു ദീർഘകാലമായി. 2006-2011 ലെ ഇടതുമുന്നണി സർക്കാർ കേരളത്തിൽ അന്തർസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങിയത് പുണെയിലെ അയൂക്കാ മാതൃകകൂടി പഠിച്ചതിനുശേഷമായിരുന്നു.
അന്ന് ഞാൻ അയൂക്കാ സന്ദർശിക്കുമ്പോൾ അതിെൻറ ഡയറക്ടർ ജയന്ത് നർലിക്കറും ഡെപ്യൂട്ടി ഡയറക്ടർ താണു പത്മനാഭനുമായിരുന്നു. ലോകമെങ്ങുമുള്ള സർവകലാശാലകളിലും അസ്ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും അംഗമായുമൊക്കെ അദ്ദേഹം പലനിലയിൽ സേവനമനുഷ്ഠിച്ചു. ഇരുന്നൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭൗതികത്തിെൻറ കഥ എന്ന പേരിൽ കുട്ടികൾക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.
2006ലെ എൽ.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാല വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. 'ഇത് വലിയൊരു അംഗീകാരമാണെങ്കിലും തൽക്കാലം എന്നെ ഗവേഷണപരിപാടികൾ തുടരാൻ അനുവദിക്കണം' എന്നായിരുന്നു മറുപടി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ക്ഷണം സ്വീകരിച്ച് കുട്ടികൾക്കായി പ്രഭാഷണം നടത്താൻ വന്നപ്പോഴാണ് ഞങ്ങൾ കൂടുതൽ അടുത്തതും ബന്ധം ദൃഢമാകുന്നതും. ഇന്ത്യയിൽമാത്രം പഠിക്കുകയും ഇന്ത്യയിൽ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നൊബേൽ സമ്മാനം നേടുന്ന അപൂർവ ഇന്ത്യൻ ശാസ്ത്രജ്ഞനാവും, ഡോ. സി.വി. രാമനെപ്പോലെ, താണു പത്മനാഭനുമെന്ന് പലരും കരുതിയിരുന്നു. (മറ്റുപലരും ഇന്ത്യയിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്ത് പോയതിനെ തുടർന്ന് നൊബേൽ നേടിയവരാണ്!)
പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തേ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. പ്രിയപത്നി വാസന്തിയെ ഫോണിൽവിളിച്ച് സംസാരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. വാസന്തിയും മകൾ ഹംസയും ഈ ആഘാതം നേരിടാൻ കരുത്തുനേടുമെന്ന് വിശ്വസിക്കുന്നു.
പ്രിയ ശാസ്ത്രകാരാ, ആദരണീയ സുഹൃത്തേ, വിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.