വിചിത്രസഖ്യത്തിെൻറ വരുതിയിലൊതുങ്ങാതെ
text_fieldsആശയപരമായി തീർത്തും ഭിന്നധ്രുവങ്ങളിലുള്ള പി.ഡി.പിയും ബി.ജെ.പിയും ചേർന്ന സഖ്യത്തിെൻറ നയരേഖയുടെ കരടിന് ഇരുപാർട്ടികളും ചേർന്ന് 2015 ഫെബ്രുവരി അവസാന ആഴ്ചയിലാണ് രൂപം നൽകുന്നത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അത് നിലനിൽക്കുമെന്ന വിശ്വാസം ജനങ്ങളിലേക്ക് പകർന്ന് സമാധാനവും സുസ്ഥിതിയും തിരികെ കൊണ്ടുവരാനാകണമെന്നും കരട് രേഖ പറയുന്നു. ‘മെച്ചപ്പെട്ടുവരുന്ന സ്ഥിതിഗതികളും സുരക്ഷ സാഹചര്യവും കൂലങ്കശമായി വിലയിരുത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക നിയമങ്ങളുടെ സാംഗത്യം സഖ്യകക്ഷി സർക്കാർ പുനഃപരിശോധിക്കു’മെന്ന് കൂടി വ്യക്തമാക്കുന്ന രേഖ അടിസ്ഥാനമാക്കി 2015 മാർച്ച് ഒന്നിന് മുഫ്തി മുഹമ്മദ് സഇൗദ് മുഖ്യമന്ത്രിയായി അധികാരമേറ്റു.
മൂന്നു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് സ്ഥിതിഗതികൾ തെല്ലും മെച്ചപ്പെട്ടിട്ടില്ല. എന്നല്ല, തീവ്രവാദം ശക്തിപ്രാപിച്ച 1990കളിലേതിന് സമാനമാണ് ഇന്നത്തെ സാഹചര്യമെന്ന് വിലയിരുത്തുന്നത് അതിശയോക്തിയാവില്ല. ഉഗ്രശക്തിയോടെ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ സൈനികർക്കിടയിൽ വരുത്തുന്ന ആൾനാശവും നഷ്ടങ്ങളും ഭീമമാണ്. 2018 െഫബ്രുവരിയിൽ തലസ്ഥാന നഗരങ്ങളായ ജമ്മുവിലും ശ്രീനഗറിലും രണ്ട് വൻ ആക്രമണങ്ങളാണ് ഭീകരർ നടത്തിയത്. നഗര കേന്ദ്രീകൃത ഭീകരതയാണ് ഇവരുടെ അജണ്ടയെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണങ്ങൾ. ആറ് സൈനികർ, ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ, ഒരു സിവിലിയൻ എന്നിവർക്കു പുറമെ അഞ്ച് ചാവേറുകളും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ സുരക്ഷ സംവിധാനം ചോദ്യം ചെയ്യപ്പെട്ട സംഭവം ഇരുനഗരങ്ങളിലെയും ജനജീവിതവും താറുമാറാക്കി. നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും തുടരുന്ന വെടിനിർത്തൽ ലംഘനങ്ങൾ മരണസംഖ്യ പിന്നെയും ഉയർത്തുന്നുവെന്ന് മാത്രമല്ല, അതിർത്തിയിലെ സ്വൈര ജീവിതം ഭീഷണിയിലാക്കുകയും ചെയ്യുന്നു.
മഹ്ബൂബ മുഫ്തി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറും അപകടകരമായ സ്ഥിതിയിലാണ് മുന്നോട്ടുപോകുന്നത്. ആക്രമണമൊഴിഞ്ഞ് ദിവസങ്ങളോ ആഴ്ചകേളാ പിന്നിടുന്നതോടെ സമാധാനം തിരിച്ചുവന്നെന്ന് വിശ്വസിച്ച് തലസ്ഥാനത്തെത്തി ഭരണം തട്ടിക്കൂട്ടുേമ്പാഴേക്ക് എല്ലാം താറുമാറാക്കി അടുത്ത വെടിയൊച്ചയെത്തും. പിന്നെ, കാര്യങ്ങൾ വീണ്ടും പഴയപടി. വിലങ്ങുവെച്ച ലശ്കർ ഭീകരൻ നവീദ് ജട്ട് ശ്രീനഗറിലെ പ്രമുഖ ആശുപത്രിയിൽ നിന്ന് സമർഥമായി മുങ്ങിയ സംഭവം അതിലൊന്ന്. രണ്ടു പൊലീസുകാരെ വധിച്ച് രക്ഷപ്പെടാൻ അയാൾക്ക് പുറത്തുനിന്ന് നിർലോഭമായ സഹായം കിട്ടിയെന്നു തീർച്ച. അയാൾ വീണ്ടും ദക്ഷിണ കശ്മീരിലെ പഴയ ലാവണത്തിൽ തിരിച്ചെത്തിയിട്ടുണ്ടാകണം.
ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തും ഡി.ജി.പിയെ പുറത്താക്കിയും നിരവധി തീവ്രവാദികളെ കശ്മീരിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റിയും മഹ്ബൂബ മാനം രക്ഷിച്ചിട്ടുണ്ടാകും. പക്ഷേ, ഷോപിയാനിലെ ഗാനപുരയിൽ ജനുവരി 27ന് മൂന്നു യുവാക്കൾ സൈനികരുടെ കരങ്ങളാൽ കൊലെചയ്യപ്പെട്ടതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ അവർക്ക് കഴിയാതെ േപാകുന്നു. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി സംസാരിച്ച ശേഷമാണ് മഹ്ബൂബ, പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനും 20 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കമീഷണർക്കും നിർദേശം നൽകിയത്. അന്വേഷണം യഥാവിധി നടക്കുമെന്ന ഉറപ്പും അവർ നൽകി. ഒരു ജൂനിയർ സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ജനക്കൂട്ടം ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവെക്കേണ്ടിവന്നുവെന്ന് സൈന്യം പറയുേമ്പാൾ ഒട്ടും പ്രകോപനമില്ലാതെ നിർദയം കുരുതിനടത്തുകയായിരുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഭരണകക്ഷിയായ പി.ഡി.പിയുടെ ഒരുകാലത്തെ കോട്ടയായി പരിഗണിക്കപ്പെട്ട ഷോപിയാൻ തുടർച്ചയായ 10 ദിവസമാണ് ഇതിെൻറ പേരിൽ പൂർണമായി അടഞ്ഞുകിടന്നത്.
ബലാത്സംഗം, കൊലപാതകം, നിയമം മറികടന്നുള്ള വധം തുടങ്ങിയ വിഷയങ്ങളിൽ നിരവധി കേസുകൾ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നിലവിലുണ്ടെങ്കിലും തുടർനടപടികൾ സിവിലിയൻ കോടതികളിലെത്താറില്ല. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിയുണ്ടെങ്കിലേ പ്രോസിക്യൂഷൻ നടത്താനാകൂ. കോർട്ട് മാർഷൽ വഴി ചിലരെങ്കിലും കുറ്റക്കാരെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അപ്പീലുകളും റിവ്യൂഹരജികളും വഴി ശിക്ഷയില്ലാതെ പുറത്തുകടക്കുകയാണ് പതിവ്. അംഗീകൃത ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവയെന്ന് ജമ്മു-കശ്മീരിലെ പ്രമുഖ മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെടുന്നു.
ഷോപിയാൻ കൊലപാതകങ്ങളെ ന്യായീകരിച്ച് രംഗത്തുവന്ന ബി.ജെ.പി സാമാജികൻ രവീന്ദർ റെയ്നയെ പോലുള്ളവരെ കൂടുതൽ പ്രകോപനങ്ങളില്ലാതെ അടക്കിനിർത്താൻ തുടക്കത്തിൽ മഹ്ബൂബയുടെ കക്ഷിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി വിലക്കി സുപ്രീംകോടതി നിർദേശമെത്തിയതോടെ പാർട്ടി നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു. 20 ദിവസമെന്ന അവധി അടുത്തെത്തിയെങ്കിലും ജനത്തോട് പറയാൻ പാർട്ടിയുടെ വശം മറുപടിയോ നടപടിയോ ഒന്നുമില്ല. എന്നല്ല, സഖ്യഭരണം മൂന്നു വർഷമെത്തുേമ്പാഴേക്ക് ഇത്തരം സംഭവങ്ങളിൽ അന്വേഷണത്തിെൻറ പ്രഥമ പടി മാത്രമായ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനുള്ള അധികാരം പോലും എടുത്തുകളഞ്ഞ പാവഭരണമായി മഹ്ബൂബയുടേത് മാറിയിരിക്കുന്നു. ‘സഖ്യ അജണ്ട’ ഉറപ്പുനൽകിയ വിഷയങ്ങൾ വൃഥാവിലാകുകയും ചെയ്തിരിക്കുന്നു. ‘അഫ്സ്പ’യിൽ എന്നേ വിരുദ്ധ നിലപാടുകളുള്ള പാർട്ടികളാണെങ്കിലും സഖ്യധാരണ പ്രകാരം ‘സംഘർഷ ബാധിത പ്രദേശങ്ങൾ’ മാറ്റി നിശ്ചയിക്കാനുള്ള നിർദേശം സഖ്യസർക്കാർ പുനഃപരിശോധിച്ചേക്കും. പക്ഷേ, ഇവിടങ്ങളിൽ ‘അഫ്സ്പ’ തുടരണോ വേണ്ടയോ എന്ന അന്തിമ തീരുമാനം കേന്ദ്രം തന്നെ എടുക്കുകയും ചെയ്യും.
മഹ്ബൂബ ശരിക്കും ത്രിശങ്കുവിലാണിപ്പോൾ. പൊതുജനരോഷം നേരിടാൻ അധികാരമില്ലാതെ അവർക്കാകില്ല. സ്ഥിതിഗതികൾ നിയന്ത്രണാധീനമല്ലാത്തതിനാൽ പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകൾ നീട്ടിവെച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും സംഭാഷണം നടത്തണമെന്ന അവസാന കച്ചിത്തുരുമ്പ് ആവർത്തിച്ചുകൊണ്ടിരിക്കുക മാത്രമാണ് അവർക്ക് ശരണം. ‘രക്തച്ചൊരിച്ചിൽ അവസാനിക്കാൻ പാകിസ്താനുമായി സംഭാഷണം വേണം. വാർത്താവതാരകർ ഇതിെൻറ പേരിൽ എന്നെ ദേശദ്രോഹിയെന്നു വിളിച്ചേക്കും. ജമ്മു-കശ്മീരിലെ ജനം അനുഭവിക്കുകയാണ്. യുദ്ധം ഒരു വഴിയല്ല. അതുകൊണ്ട് സംഭാഷണം നടന്നേ തീരൂ’- മഹ്ബൂബ ട്വീറ്റ് ചെയ്തു.
സംഭാഷണമെന്ന വഴി പക്ഷേ, ഇപ്പോൾ ചിത്രത്തിലില്ല. ഡിസംബർ 26ന് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളായ അജിത് ഡോവലും െലഫ്. ജനറൽ നാസിർ ഖാനും ബാേങ്കാക്കിൽ രഹസ്യ പ്രാരംഭ ചർച്ചകൾ നടത്തിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോയിട്ടില്ല. ഇതിനു ശേഷം കഴിഞ്ഞ രണ്ടു മാസമായി അതിർത്തികളിൽ വൻതോതിലാണ് ആൾനാശം. നിരവധി കുടുംബങ്ങൾ വീടുവിട്ടുപോകേണ്ട സ്ഥിതി. ‘ഒാപറേഷൻ ഒാൾ ഒൗട്ട്’ എന്ന പേരിൽ അരിച്ചുപെറുക്കൽ പൂർത്തിയായിട്ടും സംഘർഷം പൂർവോപരി തീവ്രതരമായി തുടരുകയും ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകൾ ശക്തിയാർജിക്കുകയും ചെയ്യുന്നത് അപകടകരമായ സൂചനകളാണ് നൽകുന്നത്. ഫെബ്രുവരി അഞ്ചിന് കശ്മീർ െഎക്യദാർഢ്യദിനാചരണവും കേമമായി നടന്നു.
മറുവശത്ത്, കേന്ദ്രത്തിെൻറ പ്രത്യേക പ്രതിനിധി ദിനേശ്വർ ശർമ പിന്നെയും കശ്മീരിലെത്തി ഗവർണറെയും മുഖ്യമന്ത്രിയെയും കാണുകയെന്ന പതിവ് ചടങ്ങിലൊതുങ്ങി. വിഘടനവാദികൾ ഇൗ സംഭാഷണ പ്രക്രിയക്കു പുറത്തുതന്നെ തുടരുന്നു. ഇവർ ജയിലിലോ വീട്ടുതടങ്കലിലോ ആണ്. ഡൽഹിയിലെ നേതൃത്വം ബോധപൂർവമായ മൗനത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.