ലക്ഷ്യം കാണാത്ത ശാന്തിദൂതുകൾ
text_fieldsകശ്മീർ താഴ്വരയിലെ പ്രക്ഷുബ്ധതാന്തരീക്ഷത്തിൽ സമാധാനത്തിെൻറ സൂര്യോദയ സാക്ഷാത്കരണം അസാധ്യമായ പ്രതീക്ഷയാണ്. എന്നിരുന്നാലും താഴ്വരയിലെ വിവിധ കക്ഷികൾക്കിടയിലെ സംഭാഷണങ്ങളുടെ മധ്യസ്ഥനായി കേന്ദ്രസർക്കാർ പുതിയൊരു പ്രമുഖനെ നിയമിച്ചിരിക്കുന്നു; രഹസ്യാന്വേഷണ വിഭാഗം മുൻമേധാവി ദിനേശ്വർ ശർമ. ശർമയുടെ നിയമനം പുറത്തുവന്നതോടെ പഴയ ആ സന്ദേഹം രാഷ്ട്രീയ നയതന്ത്ര കേന്ദ്രങ്ങളിൽ വീണ്ടും തലപൊക്കുകയും ചെയ്തു. മുമ്പ് നടന്ന സമാധാന ദൗത്യങ്ങൾക്ക് എന്തു സംഭവിച്ചു. കശ്മീരിൽ നിയമിതനായ പ്രഗല്ഭ പത്രപ്രവർത്തകൻ ദിലീപ് പദ്ഗോങ്കർ നൽകിയ റിപ്പോർട്ടുകൾ എന്തുകൊണ്ട് വെളിച്ചം കണ്ടില്ല. എ.എം. അൻസാരിയും മറ്റും നടത്തിയ ശിപാർശകൾ എവിടെ? യശ്വന്ത് സിൻഹ സമർപ്പിച്ച ശിപാർശകൾ ഭരണകർത്താക്കൾ എന്തുകൊണ്ട് ചെവിക്കൊണ്ടില്ല? പദ്ഗോങ്കറും സംഘവും കശ്മീർ റിപ്പോർട്ട് അധികൃത സമക്ഷം സമർപ്പിച്ചത് 2011ലായിരുന്നു. സൈന്യത്തിന് അമിതാധികാരം നൽകുന്ന അഫ്സ്പ പുനരവലോകനം ചെയ്യണമെന്നായിരുന്നു പദ്ഗോങ്കർ റിപ്പോർട്ടിലെ ഒരു സുപ്രധാന നിർദേശം. അസ്വസ്ഥബാധിതപ്രദേശ ചട്ടം (ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട്) റദ്ദാക്കണമെന്ന നിർദേശമായിരുന്നു മറ്റൊന്ന്. സൈന്യം നടത്തുന്ന പൗരാവകാശധ്വംസനങ്ങൾ അവസാനിപ്പിച്ചുകൊണ്ടാകണം സംഭാഷണ പ്രക്രിയക്ക് തുടക്കം കുറിക്കേണ്ടെതന്നതായിരുന്നു റിേപ്പാർട്ടിെൻറ കാതൽ. എന്നാൽ, അന്നത്തെ സർക്കാറോ നിലവിലെ ഭരണകർത്താക്കളോ പ്രസ്തുത റിപ്പോർട്ടിലെ ഒരു വരിപോലും നടപ്പാക്കാൻ തയാറായില്ല. മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനും മുൻമന്ത്രിയുമൊക്കെയായ യശ്വന്ത് സിൻഹ സമർപ്പിച്ച ശിപാർശകളുംശ്രദ്ധേയമായിരുന്നു. മുൻ റിപ്പോർട്ടുകൾ നടപ്പാക്കാത്തതുവഴി സംഭവിച്ച വീഴ്ചകൾക്ക് പരിഹാരമാകുമായിരുന്നു യശ്വന്തിെൻറ റിപ്പോർട്ടുകൾ. ശിപാർശകൾ മാത്രമല്ല,യശ്വന്ത് സിൻഹയെതന്നെ നിർണായക പദവികളിൽനിന്ന് മാറ്റിനിർത്തിക്കൊണ്ടായിരുന്നു ബി.ജെ.പിയിലെ ഉന്നത ശീർഷർ അദ്ദേഹത്തോട് പ്രതികരിച്ചത്.
കശ്മീരിലെ പ്രക്ഷുബ്ധാവസ്ഥയിൽ തെല്ലെങ്കിലും മാറ്റം സൃഷ്ടിക്കാൻ ദിനേശ് ശർമയുടെ നിയമനം വഴി സാധിക്കില്ലെന്നാണ് സൂചനകൾ. പുതിയ മധ്യസ്ഥനുമായി സംഭാഷണത്തിന് ഒരുക്കമല്ലെന്ന് ആൾ പാർട്ടി ഹുർറിയത്ത് വ്യക്തമാക്കിയിരിക്കുന്നു. ഇൻറലിജൻസ് മേധാവിയായി പ്രവർത്തിച്ച ഒരാളുടെ മധ്യസ്ഥതയിലും നിഷ്പക്ഷതയിലും കശ്മീരിലെ പ്രാദേശിക നേതാക്കൾക്ക് ഒട്ടും വിശ്വാസമില്ല. പദവികളിൽനിന്ന് വിരമിച്ച വ്യക്തിയാണ് ശർമ. പക്ഷേ, അവർക്ക് അദ്ദേഹത്തെ നിലവിലെ ഭരണകൂടത്തിെൻറ ഭാഗമായി കാണാതിരിക്കാൻ സാധ്യമല്ല. അറസ്റ്റും കൊലയും നീതിനിഷേധവും നിർബാധം തുടരുേമ്പാൾ അദ്ദേഹം ആരുമായി സംഭാഷണം നടത്തും. നിരാശയും മോഹഭംഗവും സംസ്ഥാനത്തുടനീളം ശക്തമാവുേമ്പാൾ അദ്ദേഹത്തിെൻറ വാക്കുകൾക്ക് ആർ ചെവി നൽകും ?
താഴ്വരയിലെ ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരാതികളും ശ്രവിക്കാൻ ആരുമില്ല എന്നതാണ് ദുഃഖകരമായ വിപര്യയം. കേൾക്കേണ്ടവരുടെ ചെവികളിൽ ആ ശബ്ദം എത്തിച്ചേരുന്നില്ല. അവർക്കുമീതെ അനുദിനം പതിച്ചുകൊണ്ടിരിക്കുന്ന മൃഗീയതകൾ ആരുടെയും ദൃഷ്ടിപഥങ്ങളിൽ തെളിയുന്നില്ല. അണ്ടർസ്റ്റാൻഡിങ് കശ്മീർ ആൻഡ് കശ്മീരീസ് എന്ന കൃതിയുടെ രചയിതാവ് ക്രിസ്റ്റഫർ സ്നെഡെൻറ വാക്കുകൾ ഉദ്ധരിക്കാം: ‘എല്ലായ്പ്പോഴും മൂന്നാംകക്ഷിയായി വ്യവഹരിക്കപ്പെടുന്ന കശ്മീർ ജനത, സാർഥകമായ ഒരു കശ്മീർ പരിഹാര ചർച്ചകളിലും പ്രവേശിപ്പിക്കപ്പെടാറില്ല എന്നതാണ് കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകാലത്തെ ചരിത്രാനുഭവം. വാസ്തവത്തിൽ കശ്മീർ ജനതയാണ് ഇതിൽ ഒന്നാമത്തെ കക്ഷിയായി പരിഗണന നേടേണ്ടത്. കാരണം, ഇത് ആ ജനതയുടെ പ്രശ്നമാണ്. അവരുടെ സംസ്ഥാനത്തിെൻറ പ്രതിസന്ധിയാണ്. എന്നാൽ, ആ വസ്തുത വിസ്മരിക്കപ്പെടുന്നു.’
കശ്മീർ തർക്കപരിഹാരത്തിന് അദ്ദേഹം നിർദേശിക്കുന്ന പോംവഴിയും ശ്രദ്ധേയമാണ്. പരിഹാരമാർഗങ്ങൾ ആരായുന്ന ചുമതലയും സംഭാഷണവും കശ്മീർ ജനതക്കുതന്നെ വിട്ടുകൊടുക്കുക എന്നതാണ് ക്രിസ്റ്റഫർ അവതരിപ്പിക്കുന്ന ഫോർമുല. അത്തരമൊരു ചടുലമായ ചുവടുവെപ്പിന് ഇന്ത്യയും പാകിസ്താനും തയാറാകേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഷിംല കരാറിെൻറ ആദ്യ ഖണ്ഡികയിൽ ഇൗ ബദൽ ഫോർമുലക്ക് ഇടം നൽകിയ കാര്യം ചൂണ്ടിക്കാട്ടുന്ന ക്രിസ്റ്റഫർ കശ്മീരിെൻറ പ്രത്യേക പദവിക്കുവേണ്ടി കശ്മീരികൾ ഏറെ നേരത്തേതന്നെ പോരാട്ടം ആരംഭിച്ച ചരിത്രവും തെൻറ കൃതിയിൽ ഒാർമിപ്പിച്ചിരിക്കുന്നു. ജനങ്ങളുടെ വിഷയം ജനങ്ങൾ തീരുമാനിക്കെട്ടയെന്ന ആശയത്തിലാണ് ഇൗ രാഷ്ട്രീയ ഗവേഷകെൻറ ഉൗന്നൽ.
● ● ●
മതം മാറാനും പ്രണയിക്കാനും ഫാഷിസ്റ്റ് ശക്തികളുടെ അനുമതി അത്യന്താപേക്ഷിതമാകുന്നു എന്ന കീഴ്നിലയിലേക്കാണ് ഇന്ത്യൻ സാമൂഹികത ഇപ്പോൾ എത്തിയിരിക്കുന്നത് എന്നുപറയാം. വിശിഷ്യ, ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇൗ അന്തരീക്ഷത്തിെൻറ ബലിയാടുകൾ. സാക്ഷരതയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽപോലും ‘ഹാദിയ’ വിവാദം കത്തിപ്പടരുേമ്പാൾ ഇതര സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന വിവാദങ്ങളുടെ ആഴം ഉൗഹിക്കാവുന്നതുമാത്രം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നെല്ലാം പ്രണയവിവാദങ്ങൾ നിത്യസംഭവമാകുന്നു. ഫാഷിസം ശക്തിപ്രാപിക്കാത്ത കാലഘട്ടത്തിൽ ജീവിച്ചതുകൊണ്ടായിരിക്കണം പ്രണയകവിതകൾ ധാരാളമെഴുതിയ കമലാദാസ് (കമല സുറയ്യ) വലിയ ഭീഷണികൾ അഭിമുഖീകരിക്കാതെ രക്ഷപ്പെട്ടത്. ‘ചില കൽപനകൾ ലംഘിച്ചതിെൻറ പേരിൽ ഞാൻ സമുദായത്തോട് മാപ്പുചോദിച്ചില്ല’ എന്ന് ധീരമായി തുറന്നെഴുതാൻ സാധിച്ചതും അതുകൊണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.