കോൺഗ്രസിെൻറ അപചയം
text_fieldsഇന്ത്യൻ പാർലമെൻറിെൻറ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു സെപ്റ്റംബർ 20. ഭരണഘടനാ വ്യവസ്ഥകളും നടപടിചട്ടങ്ങളും കാറ്റിൽപറത്തി രാജ്യസഭയിൽ കാർഷിക മേഖലയെ ബാധിക്കുന്ന രണ്ടു നിയമങ്ങൾ പാസാക്കി. എസൻഷ്യൽ കമോഡിറ്റീസ് (അമെൻറ്മെൻറ്) ബിൽ സെപ്റ്റംബർ 22ന് പാസായിരുന്നു. ഇവ മൂന്നും ഏപ്രിലിൽ ഓർഡിനൻസുകളായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 14 മുതൽ പാർലമെൻറ് സമ്മേളനം വിളിച്ചുചേർത്തത് പ്രധാനമായും ഇൗ ബില്ലുകളും സഹകരണ, തൊഴിൽനിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്ന ലേബർ കോഡുകളും പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിനുശേഷം 11 ഓർഡിനൻസുകളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. വളരെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളിലാണ് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ, സർക്കാർ ഇൗ മാർച്ചിനും സെപ്റ്റംബറിനുമിടയിൽ പുറപ്പെടുവിച്ച മിക്ക ഓർഡിനൻസുകളും ഒരു അടിയന്തര പ്രാധാന്യവുമുള്ളവയായിരുന്നില്ല.
സുപ്രധാന ബില്ലുകൾ ചർച്ചക്കായി നിശ്ചയിക്കുന്ന കാര്യോപദേശകസമിതി യോഗത്തിൽ അവ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സർക്കാർ അംഗീകരിച്ചില്ല. നാലും നടപ്പ് സമ്മേളനത്തിൽതന്നെ പാസാക്കണമെന്ന് വാശിപിടിച്ചു. കാർഷിക ബില്ലുകൾക്കെതിരെ കൃഷിക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർത്തുന്നതുപോലും സർക്കാർ ഗൗനിച്ചില്ല. എൻ.ഡി.എ ഘടകകക്ഷികളായ അകാലിദൾ, എൽ.ജെ.പി എന്നിവരുടെ പ്രതിഷേധവും കേന്ദ്രം അവഗണിച്ചു.
വിവാദ ബില്ലുകൾ ലോക്സഭ ശബ്ദവോേട്ടാടെ പാസാക്കി. രാജ്യസഭയിൽ ഉയർത്തിയതുപോലെ ശക്തമായ പ്രതിഷേധമുയർത്താൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ശ്രമിച്ചില്ല. ലോക്സഭയിലെ കോൺഗ്രസ് അംഗങ്ങളിൽ ഗണ്യമായ എണ്ണം കേരളത്തിൽനിന്നുള്ളവരാണ്. ഈ ബില്ലുകൾക്കെതിരെ ഒരു പ്രതിഷേധസമരംപോലും അന്നവർ നടത്തിയില്ല.
സെപ്റ്റംബർ 20ന് വിവാദബില്ലുകൾ രാജ്യസഭയുടെ പരിഗണനക്കു വന്നപ്പോൾ ബില്ലുകൾ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന നോട്ടീസ് പ്രതിപക്ഷം നൽകിയിരുന്നു. ചർച്ച പൂർത്തിയായശേഷം പ്രതിപക്ഷം നൽകിയ നോട്ടീസുകളിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ആ സമയത്ത് ചെയറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്പ്രസാദ് വോട്ടിങ്ങിന് അനുവദിച്ചില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വോട്ടിങ് നടത്താതെ ശബ്ദവോട്ടോടെ പ്രതിപക്ഷ നോട്ടീസ് തള്ളിയതായി പ്രഖ്യാപിച്ചു. ഭരണഘടനക്കും സഭാചട്ടങ്ങൾക്കും വിരുദ്ധമായ ഡെപ്യൂട്ടി ചെയർമാെൻറ ഈ നടപടിയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പാർലമെൻറിൽ ഒരു വിഷയം പാസാക്കാൻ പരിഗണിക്കുന്ന ഘട്ടത്തിൽ ഒരു മെംബർ എഴുന്നേറ്റുനിന്ന് വോട്ട് ആവശ്യപ്പെട്ടാൽ വോട്ടെടുപ്പു നടത്തണമെന്നാണ് വ്യവസ്ഥ. ഇന്നേവരെയുള്ള കീഴ്വഴക്കവും അതാണ്. ഈ തത്ത്വങ്ങളാണ് ഡെപ്യൂട്ടി ചെയർമാൻ അട്ടിമറിച്ചത്. വോട്ടെടുപ്പു നടത്തിയാൽ സർക്കാർ പരാജയപ്പെടുമെന്ന് അവർ ആശങ്കയിലായിരുന്നു. ഈ ഒറ്റക്കാരണംകൊണ്ടാണ് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽ പറത്താൻ ഡെപ്യൂട്ടി ചെയർമാൻ തുനിഞ്ഞത്. പാർലമെൻറിനോടുള്ള ബഹുമാനം സഭ ഭരണഘടനാനുസൃതമായും ചട്ടപ്രകാരമാവും പ്രവർത്തിക്കുമ്പോഴാണ്. അതെല്ലാം നിർലജ്ജം ലംഘിക്കുന്നതിൽ പ്രതിഷേധം ഉയർത്തുകയെങ്കിലും ചെയ്യാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്ങനെ സാധിക്കും? ഇൗ പ്രതിഷേധത്തിെൻറ പേരിലാണ് ഞാൻ അടക്കം എട്ട് അംഗങ്ങളെ സസ്പെൻഡ് ചെയ്തത്.
കാർഷിക മേഖലയിലും സഹകരണ മേഖലയിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നിയമനിർമാണങ്ങളെ രാജ്യസഭയിൽ പ്രതിപക്ഷം ശക്തിയായി എതിർക്കുമ്പോൾ ലോക്സഭ എല്ലാം ശബ്ദവോട്ടോടെ പാസാക്കി. കേരളത്തിൽനിന്ന് ജയിച്ചുപോയ 19 യു.ഡി.എഫ് എം.പിമാർ ഉൾപ്പെടെയുള്ള ലോക്സഭയിലെ കോൺഗ്രസ് എം.പിമാർ രാജ്യത്തിന് നാണക്കേടുണ്ടാക്കി.
അവർ പാർലമെൻറിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെതിരെ മാത്രമാണ് സംസാരിച്ചത്. അവർ നൽകിയ ചോദ്യങ്ങളും സബ്മിഷനുകളും എല്ലാം എൽ.ഡി.എഫിന് എതിരായിരുന്നു. ലോക്സഭയിൽ ഇടതു എം.പിമാരുടെ എണ്ണം കുറഞ്ഞതിെൻറ പ്രത്യാഘാതം ഇപ്പോഴാണ് ജനങ്ങൾ മനസ്സിലാക്കുന്നത്. ബി.ജെ.പിക്ക് ബദൽ സർക്കാറുണ്ടാക്കാൻ വയനാട്ടിൽനിന്നു ജയിച്ചു പോയ രാഹുൽ ഗാന്ധി ഇന്ത്യയിൽ കർഷകസമരം ആളിക്കത്തുമ്പോൾ വിദേശത്തേക്കു പോയി. ദേശീയപാർട്ടിയായ കോൺഗ്രസിന് നാഥനില്ലാതായി. കോൺഗ്രസിെൻറ ഈ അപചയം ജനങ്ങൾ തിരിച്ചറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.