സാഗരം സാക്ഷി
text_fieldsറോഡ് ഷോയും ഗൃഹസന്ദർശനവും ചോദ്യോത്തര പരിപാടിയുമൊക്കെയായി അണികൾക്കിടയിൽ ഒാളം സൃഷ്ടിക്കാൻ രാഹുലിനോളം പോന്നവർ മറ്റാരെങ്കിലും ആ പാർട്ടിയിലുണ്ടോ? അതിനാൽ, കൊല്ലത്തെ കടൽ പ്രകടനത്തിൽ അത്ഭുതമൊന്നുമില്ല. വയനാട്ടിൽ ട്രാക്ടർ റാലി നടത്താമെങ്കിൽ, ദേശിംഗനാട്ടിൽ ചെല്ലുേമ്പാൾ അറബിക്കടലിലും കുളിക്കാം; മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻപിടിക്കുകയും ആവാം. പേക്ഷ, അതുകൊണ്ടൊന്നും രണ്ടാമൂഴം തേടുന്ന പിണറായിയെ പിടിച്ചുകെട്ടാനാവില്ല. അതിന് ഇൗ സ്കൂബ ഡൈവിങ് അഭ്യാസം മാത്രം പോരാ. അക്കാര്യം നേരത്തേ മനസ്സിലാക്കിയതുകൊണ്ടാകാം, ഒാളപ്പരപ്പിലെ പ്രകടനത്തിനു മുതിരാതെ ഒരാഴ്ച മുേമ്പതന്നെ പ്രതിപക്ഷ നേതാവ് ആഴക്കടലിലേക്ക് ഉൗളിയിട്ടത്. അതിന് ഫലവുമുണ്ടായി. ഒന്നാന്തരമൊരു കടൽനിധിയുമായാണ് രമേശ്ജി പൊങ്ങിവന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കരയിലെത്തിയ ആ രാഷ്ട്രീയനിധി കണ്ട് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നന്നായൊന്ന് പരുങ്ങി. ആ പരുങ്ങൽ ആദ്യം രോഷമായി പ്രതിഫലിച്ചു. പിന്നെയതിന് രാഷ്ട്രീയ പ്രതിരോധത്തിെൻറ സ്വരമായി. അതുംകഴിഞ്ഞ് തിരുത്തലിെൻറയും കുറ്റസമ്മതത്തിെൻറയും ഭാഷയായി അത് വികസിച്ചു. സൈബർ ഭാഷയിൽ പറഞ്ഞാൽ, മികച്ചൊരു 'യു ടേൺ'; മത്സ്യത്തൊഴിലാളികളുടെ ഭാഷയിലാണെങ്കിൽ 'കടലമ്മ ശാപം'.
അല്ലെങ്കിലും, േമഴ്സിക്കുട്ടിയമ്മക്ക് കടലമ്മ എന്നും ശനിദശ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനായി ഒേട്ടറെ കാര്യങ്ങൾ ചെയ്തുവെന്നെതാക്കെ നേര്. കാര്യം കടലിലേക്ക് വരുേമ്പാൾ പലതരത്തിലുള്ള വിഘ്നങ്ങൾ മുന്നിൽ വന്നുപെടാറുണ്ട്. കേരളത്തിെൻറ തെക്കൻ തീരത്തുണ്ടായ ഒാഖി ദുരന്തമോർമയില്ലേ? കടലിൽ പോയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിപ്പോയത്. അവരെ എങ്ങനെ കരയിലെത്തിക്കുമെന്ന് ആലോചിച്ചും ചർച്ച ചെയ്തും കൺട്രോൾ റൂമിൽ തന്നെ ചെലവഴിച്ചതിനാൽ ദുരന്തത്തിെൻറ ആദ്യ രണ്ടു നാളുകളിൽ തീരദേശത്ത് പോകാനായില്ല. പിന്നെ, മുഖ്യമന്ത്രിയോടൊപ്പം വിഴിഞ്ഞത്തെത്തിയപ്പോൾ ആളുകൾ പങ്കായവുമായാണ് എതിരേറ്റത്. നിർമല സീതാരാമനും വി.എസിനുമൊന്നും കിട്ടാത്ത ഉജ്ജ്വല സ്വീകരണമാണ് ഇരുവരും ഏറ്റുവാങ്ങിയത്. അതുകൊണ്ടൊന്നും പേക്ഷ, കടൽത്തൊഴിലാളികളോട് പരിഭവമില്ല; ദുരന്തബാധിതർക്കൊക്കെ നഷ്ടപരിഹാരം കിട്ടി. എന്നിട്ടും, ഇൗ കടൽശാപമങ്ങനെ തുടരുകയാണ്. ഇപ്പോഴത്തെ വിവാദംതന്നെ നോക്കൂ. അറിയാമല്ലോ, ആഴക്കടൽ മത്സ്യബന്ധനത്തിൽ നമ്മുടെ സംസ്ഥാനം ഏറെ പിറകിലാണ്. അവിടെയും നമ്പർ വൺ ആകെട്ട എന്നു കരുതിയാണ് പാർട്ടിയുടെ പ്രഖ്യാപിത നയംപോലും കടലിലെറിഞ്ഞ് ഒരു പദ്ധതി തുടങ്ങിയത്. 400 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കുക, കുറച്ച് ഹാർബറുകളും മത്സ്യസംസ്കരണ ശാലകളും സ്ഥാപിക്കുക തുടങ്ങി 5000 കോടിയുടെ പദ്ധതിയായിരുന്നു മനസ്സിൽ. പദ്ധതി ഏറ്റെടുക്കുന്ന കമ്പനിയാണെങ്കിൽ മോശവുമല്ല; വരുന്നത് അമേരിക്കയിൽനിന്നാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മാത്രം മുൻനിർത്തിയുള്ള ഇൗ പരിപാടിക്കായുള്ള ഒാട്ടത്തിനിടയിൽ, അമേരിക്കൻ കമ്പനി നാളിതുവരെ ഒരു കടലാസ് തോണിപോലും നിർമിച്ചിട്ടില്ലെന്ന കാര്യമൊക്കെ മന്ത്രിയും ഉദ്യോഗസ്ഥരും മറന്നുപോയി. അക്കാര്യം രമേശ് ചെന്നിത്തല ഒാർമപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നെ, അമേരിക്കക്കാരുമായുള്ള മന്ത്രിയുടെ ചർച്ചയുടെ ഫോേട്ടാകൂടി പുറത്തുവന്നപ്പോഴാണ് തിരുത്തുകൾ ഒാരോന്നായി വന്നുതുടങ്ങിയത്. ഇല്ലായെന്ന് പറഞ്ഞ കരാർ മൊത്തം റദ്ദാക്കുന്നിടംവരെ കാര്യങ്ങൾ എത്തിയതോടെ വിഭ്രാന്തി മന്ത്രിക്കായോ എന്ന് സംശയം.
കുണ്ടറയുടെ ജനപ്രതിനിധിയാണ്. ഇതിന് മുമ്പും രണ്ടുതവണ അവിടെനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. മൂന്നാമൂഴത്തിൽ കാബിനറ്റ് പദവി നൽകിയാണ് പാർട്ടി വരവേറ്റത്. കാലങ്ങളായി കശുവണ്ടി, മത്സ്യബന്ധന മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കൊപ്പം ജീവിച്ചയാൾ എന്നനിലയിൽ ആ വകുപ്പുകൾതന്നെയാണ് ലഭിച്ചത്. അതിന് ഗുണവുമുണ്ടായി. കശുവണ്ടി കോർപറേഷന് കീഴിലുണ്ടായിരുന്ന 35ഒാളം ഫാക്ടറികൾ പൂട്ടിക്കിടക്കുേമ്പാഴായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ സത്യപ്രതിജ്ഞ. അവിടെനിന്നൊക്കെ കാര്യങ്ങൾ ഇപ്പോൾ മാറി. കമ്പനികളിൽ പലതും തുറന്നു. തൊഴിലാളികൾക്കൊക്കെ കൂലിയും ബോണസുമെല്ലാം കിട്ടി. മത്സ്യബന്ധന മേഖലയിലും കാര്യങ്ങൾ അത്ര മോശമാക്കിയില്ല. പിണറായി സർക്കാറിെൻറ പല ജനകീയ ഇടപെടലുകളിലും മേഴ്സിക്കുട്ടിയമ്മയുടെ വകുപ്പും നന്നായി കൈകോർത്തിട്ടുണ്ട്. െമാത്തത്തിൽ കാര്യങ്ങൾ കുഴപ്പമില്ലെങ്കിലും, ഇടക്കിടെ കടലമ്മ കോപിച്ചുകൊണ്ടേയിരിക്കുമെന്നതാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രശ്നം. തോട്ടണ്ടി ഇറക്കുമതി കേസിൽ ഭർത്താവിനൊപ്പം വിജിലൻസ് അന്വേഷണം നേരിടേണ്ടിവന്നതും ബന്ധു നിയമന വിവാദത്തിൽപെട്ടതുമൊക്കെ അങ്ങനെയാണ്. പേക്ഷ, ജലീലും ജയരാജനുമൊന്നും സർക്കാറിനുണ്ടാക്കിയ തലവേദന ഇക്കാര്യത്തിൽ മേഴ്സിക്കുട്ടിയമ്മയിൽനിന്ന് ഉണ്ടായില്ല.
ഒരുകാലത്തും പ്രതിപക്ഷത്തിരിക്കേണ്ടിവന്നിട്ടില്ല. ജയിച്ചപ്പോഴെല്ലാം ഇടതിനൊപ്പമായിരുന്നു കേരളം. തോറ്റപ്പോഴൊക്കെ പാർട്ടിക്ക് ഭരണം പോയിട്ടുണ്ടെന്നു പറഞ്ഞാലും തെറ്റാവില്ല. 1987ൽ ആദ്യമായി മത്സരിക്കുേമ്പാൾ പ്രായം 32. തോപ്പിൽ രവിയെ 6964 വോട്ടിനാണ് പരാജയപ്പെടുത്തിയത്. തൊട്ടടുത്ത വർഷമായിരുന്നു വിവാഹം. 1988 ജൂലൈ എട്ട്. ആ രാവിൽ തന്നെയാണ് നൂറിലേറെ പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തവും സംഭവിച്ചത്. മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലത്തിലാണ് ദുരന്തമുണ്ടായത്. കൊല്ലം മുനിസിപ്പാലിറ്റി ഒാഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരം ചുരുക്കി മേഴ്സിക്കുട്ടിയമ്മ നേരെ അപകടസ്ഥലത്തേക്ക് തിരിച്ചു. '91ൽ, അൽഫോൺസ ജോണിനോട് പരാജയപ്പെട്ടു. '96ൽ അൽഫോൺസയെ പരാജയപ്പെടുത്തി. 2001ൽ കടവൂർ ശിവദാസനോട് പരാജയപ്പെട്ടു. 2016ൽ രാജ്മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തിയാണ് മന്ത്രിപദത്തിലെത്തിയത്.
1955 സെപ്റ്റംബർ 30ന് കൊല്ലം ജില്ലയിലെ മൺറോ തുരുത്തിലാണ് ജനനം. പിതാവ് ഫ്രാൻസിസ് ആർ.എസ്.പി നേതാവായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാൾ അമ്മ ജെയിൻ മരിച്ചു. തുടർന്ന്, പിതാവ് പുനർവിവാഹം ചെയ്തു. അവർക്കൊപ്പമാണ് മേഴ്സിക്കുട്ടിയമ്മയും സഹോദരങ്ങളും വളർന്നത്. കന്യാസ്ത്രീകളും അച്ചന്മാരുമൊക്കെയുള്ള ലത്തീൻ കത്തോലിക്ക കുടുംബമായിരുന്നു അത്. മേഴ്സിയുടെ എസ്.എഫ്.െഎ പ്രവർത്തനങ്ങളൊന്നും അവർക്ക് ആദ്യഘട്ടത്തിൽ പിടിച്ചില്ല. പിന്നെ, മേഴ്സിക്ക് രാഷ്ട്രീയം കുട്ടിക്കളിയല്ലെന്ന് മനസ്സിലായതോടെ അവരും പിന്തുണച്ചു. കൊല്ലം ഫാത്തിമ മാത കോളജ് കാലത്ത് രണ്ടുതവണ കലാലയത്തിെൻറ വൈസ് ചെയർപേഴ്സനായി. ഒരിക്കൽ സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഡിഗ്രിയും പി.ജിയും ഒന്നാം ക്ലാസോടെ പൂർത്തിയാക്കി. അതിനുശേഷമാണ് നിയമപഠനത്തിന് ലോ അക്കാദമിയിൽ ചേർന്നത്. ആ സമയത്താണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി നിർദേശം വരുന്നത്. ഇതിനിടെ, പല സംഘടന ചുമതലകളും നിർവഹിച്ചു. സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായപ്പോൾ മേഴ്സിക്കുട്ടിയമ്മ ദേശീയ വൈസ് പ്രസിഡൻറായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് പദവിയും വഹിച്ചു. 1995 മുതൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ്, കേരള കാഷ്യു വർക്കേഴ്സ് സെൻറർ സംസ്ഥാന പ്രസിഡൻറ്, സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങി പിന്നെയും എത്രയോ ചുമതലകൾ. സി.െഎ.ടി.യു കൊല്ലം ജില്ല പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പാണ് ജീവിതസുഹൃത്ത്. രണ്ട് ആൺമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.