വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും
text_fieldsചിന്തയുടെ ഇന്ധനമാകുന്നു വിയോജിപ്പ്. വിയോജകരിലൂടെയാണ് ചരിത്രത്തിെൻറ അനിവാര്യമായ കുതിപ്പുണ്ടാകുന്നത്. ഇന്നത്തെ ന്യൂനപക്ഷം നാളെ ഭൂരിപക്ഷമാകുന്നത് ജനാധിപത്യത്തിലെ മാത്രം കാഴ്ചയല്ല. ഇന്ന് നിരാകരിക്കപ്പെടുന്ന കല്ല് നാളെ മൂലക്കല്ലാകും. നിയമം വളരുന്നത് വിയോജകരിലൂടെയാണ്. യു.എസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ഒലിവർ വെൻഡൽ ഹോംസ് അറിയപ്പെടുന്നത് ‘ദ േഗ്രറ്റ് ഡിസെൻറർ’ എന്നാണ്. ആധുനികകാലത്തെ മഹാനായ ജൂറിസ്റ്റായി പ്രകീർത്തിക്കപ്പെടുന്ന ഹോംസിെൻറ വിയോജിപ്പുകൾ പിൽക്കാലത്ത് യോജിപ്പുകളായി.
നമ്മുടെ സുപ്രീംകോടതിയിലെ ഒലിവർ വെൻഡൽ ഹോംസാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ഹേബിയസ് കോർപസ് കേസിൽ ഭൂരിപക്ഷത്തിനൊപ്പംനിന്ന ജഡ്ജിയായിരുന്നു അദ്ദേഹത്തിെൻറ പിതാവ് വൈ.വി. ചന്ദ്രചൂഡ്. അന്ന് ഏകനായ വിയോജകനായിരുന്നു ‘രക്തസാക്ഷി’യായ എച്ച്.ആർ. ഖന്ന. പിതാവിനെ തള്ളി ഖന്നക്കൊപ്പമാണ് മകൻ നിലപാട് സ്വീകരിക്കുന്നത്. മകൻ ചന്ദ്രചൂഡിനും ഖന്നക്കും മറ്റെന്തിനെക്കാൾ പ്രധാനപ്പെട്ടതാണ് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനുള്ള മനുഷ്യെൻറ അവകാശം. അത് ഭരണകൂടത്തിെൻറ പിൻവലിക്കാവുന്ന ഔദാര്യമായി അവർ കാണുന്നില്ല. അതിെൻറ അടിസ്ഥാനത്തിലാണ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞ വർഷം സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചത്. അതിെൻറ അടിസ്ഥാനത്തിലായിരുന്നു സ്വവർഗരതിയുടെ ക്രിമിനൽ സ്വഭാവം സുപ്രീംകോടതി എടുത്തുകളഞ്ഞത്. ആധാറിെൻറ അവസ്ഥയും അതുതന്നെയാകുമെന്ന് സ്വാഭാവികമായും പലരും കരുതി.
പ്രതീക്ഷക്കൊത്ത നിലപാട് സ്വീകരിച്ചത് ചന്ദ്രചൂഡ് മാത്രമായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ സ്വന്തമായി വിധിയെഴുതിയെങ്കിലും ഭൂരിപക്ഷത്തോട് യോജിച്ചു. രാജ്യസഭയെ ഒഴിവാക്കിക്കൊണ്ടുള്ള കൃത്രിമമായ ആധാർ നിയമനിർമാണം ജന്മദോഷത്താൽ വികലമായിരുന്നു. ചന്ദ്രചൂഡിനു മാത്രമാണ് അക്കാര്യത്തിൽ വ്യക്തതയുണ്ടായത്. രാജ്യസഭ പാസാക്കാത്ത ബിൽ നിയമമാക്കാൻ കഴിയില്ലെന്ന് കോടതിക്ക് പറയാമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ആധാർ നിയമം അസാധുവാക്കിയതുകൊണ്ട് പ്രത്യേകമായൊന്നും സംഭവിക്കാനില്ലെന്ന നിയതബോധമാകാം ജഡ്ജിമാരെ നയിച്ചത്. പന്ത്രണ്ടക്കങ്ങളുള്ള തിരിച്ചറിയൽ നമ്പർ മാത്രമായിരുന്നു ആധാറെങ്കിൽ ആശങ്കകൾ അസ്ഥാനത്താകുമായിരുന്നു. ഭാവിയിൽ മനുഷ്യർക്ക് പേരില്ലാതാകുമെന്നും അവർ നമ്പറുകളിൽ അറിയപ്പെടുമെന്നും സ്കൂൾ പാഠപുസ്തകത്തിലെ ഒരു ഉപന്യാസത്തിൽ അവിശ്വസനീയമായി വായിച്ചതോർക്കുന്നു. മൊബൈൽ ഫോണിെൻറ കാലത്ത് പേരിനു പകരം നമ്പറുകൾ ആവിർഭവിച്ചു. പക്ഷേ, അപ്പോഴും പേരില്ലാതായില്ല. ആധാർ പേരിനെയും അതോടൊപ്പം വ്യക്തിത്വത്തെയും അസാധുവാക്കി. ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടിയതുപോലെ സാക്ഷരത മനുഷ്യനെ വിരലടയാളത്തിൽനിന്ന് മോചിപ്പിച്ചു; സാങ്കേതികവിദ്യ മനുഷ്യനെ വീണ്ടും വിരലടയാളത്തിലേക്കെത്തിക്കുന്നു. വിരലടയാളംകൊണ്ട് യന്ത്രത്തിന് എന്നെ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോൾ റിയാദ് വിമാനത്താവളത്തിൽ അടുത്തകാലത്ത് എനിക്ക് കുറെനേരം കാത്തുനിൽക്കേണ്ടിവന്നു. രേഖകൾ എെൻറ സഹായത്തിനെത്തിയില്ല. കമ്പ്യൂട്ടറിനു മനസ്സിലാകുന്നത് അംഗുലീരേഖകൾ മാത്രമാണ്.
വിയോജിപ്പിലൂടെ ചന്ദ്രചൂഡ് പ്രകടിപ്പിച്ച ആശങ്കകളുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ടാണ് ഭൂരിപക്ഷം ആധാർ പദ്ധതിയെ സംരക്ഷിച്ചത്. തീർത്തും സാങ്കേതികമായ തലത്തിൽ മനസ്സിലാക്കാൻ കഴിയുന്നതല്ല ആധാറിനെതിരെയുള്ള വിമർശം. കഴിഞ്ഞ നൂറ്റാണ്ടിൽ ജോർജ് ഓർവെലും ആൽഡസ് ഹക്സ്ലിയും ചൂണ്ടിക്കാട്ടിയ ഒരു ദുരന്തലോകമുണ്ട്. 1984ഉം ധീരനൂതനലോകവും പിന്നിട്ട് അവിടേക്കാണ് ഡിജിറ്റൽ ലോകം നമ്മെ എത്തിച്ചിരിക്കുന്നത്. സ്റ്റേറ്റിെൻറ സർവവ്യാപിയായ നിരീക്ഷണത്തെയാണ് ഓർവെൽ ഭയപ്പെട്ടതെങ്കിൽ അതോടൊപ്പം കോർപറേറ്റ് നിരീക്ഷണത്തിനുകൂടി മനുഷ്യർ വിധേയരാകുന്നു. ആധുനികവിപണിയിൽ ഏറ്റവും മൂല്യമുള്ള വിപണനവസ്തുവാണ് പേഴ്സനൽ ഡാറ്റ. നമ്മെ സംബന്ധിച്ച് നമ്മൾ നൽകുന്ന വിവരങ്ങളുണ്ട്; നൽകാത്ത വിവരങ്ങളുണ്ട്. നൽകാത്ത വിവരങ്ങളാണ് അവർക്കാദ്യം കിട്ടുന്നത്. എവിടെയോ രേഖപ്പെടുത്തപ്പെടുന്ന അനുദിന വ്യാപാരങ്ങളുടെ സാങ്കേതികമായ അപഗ്രഥനത്തിലൂടെ നമ്മൾ അനാവരണം ചെയ്യപ്പെടുകയാണ്.
അവിവാഹിതയായ മകൾ ഗർഭിണിയായ വിവരം ഡിപ്പാർട്മെൻറൽ സ്റ്റോറിൽനിന്ന് ലഭിച്ച അഭിനന്ദനസന്ദേശത്തിൽനിന്ന് അറിയാനിടയായ ഹതഭാഗ്യെൻറ അനുഭവം കൽപിതമല്ല. ആ പെൺകുട്ടി വാങ്ങുന്ന സാധനങ്ങളുടെ കമ്പ്യൂട്ടർ അപഗ്രഥനത്തിൽനിന്നാണ് കടയുടമ അക്കാര്യം അറിഞ്ഞത്. നമ്മുടെ രുചികളും അഭിരുചികളും അഭിപ്രായങ്ങളും നിലപാടുകളും ആരുടെയോ ഉപശാലകളിൽ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ. സാങ്കേതികമായ അധിനിവേശം പൂർണമാകുന്നതോടെ ചിന്തയുടെ മേലുള്ള അന്യാധിപത്യവും പൂർണമാകും.
ശ്രീകൃഷ്ണ കമ്മിറ്റി തയാറാക്കിയ പേഴ്സനൽ ഡാറ്റ സംരക്ഷണ ബിൽ ചർച്ചക്കെടുക്കുമ്പോൾ നിരവധി ആശങ്കകൾക്ക് പാർലമെൻറ് പരിഹാരം കാണേണ്ടിവരും. ആനുകൂല്യങ്ങൾ അർഹരായവർക്ക് ശരിയായ രീതിയിൽ ലഭിക്കുന്നതിനുള്ള സുരക്ഷസംവിധാനം മാത്രമാണ് ആധാർ എന്ന് സർക്കാർ പറയുന്നു. അത്രയും ശരി. അതു മാത്രമാണ് ആധാർ എങ്കിൽ ആക്ഷേപം ഉണ്ടാകുമായിരുന്നില്ല. അതിനപ്പുറം ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ആധാർ നടപ്പാക്കുന്നതിൽ ചില നിബന്ധനകൾ വേണ്ടിവന്നത്. സാങ്കേതികമായി ആധാർ നിർബന്ധമല്ലാതായെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും പല കാര്യങ്ങൾക്കും ആധാർ ആവശ്യമുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കണമെന്നത് നിർബന്ധമാണ്. സബ്സിഡി, സേവനങ്ങൾ, ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആധാറിനെ സുപ്രീംകോടതി പൂർണമായും നിരാകരിക്കാതിരുന്നത്. ആനുകൂല്യങ്ങളിലൂടെ പാവങ്ങളെയും പാൻ കാർഡിലൂടെ പണക്കാരെയും ആധാറിൽ കുടുക്കിയിരിക്കുന്നു. ആധാർ ബില്ലിനെ മണി ബില്ലാക്കിയ കൗശലത്തെ ഭരണഘടനപരമായ തട്ടിപ്പെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിശേഷിപ്പിച്ചു. മൊത്തത്തിൽ ഒരു തട്ടിപ്പിെൻറ സ്വഭാവം ആധാർ സംവിധാനത്തിനുണ്ട്.
ആധാറിെൻറ പിതൃത്വം കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ അവകാശപ്പെടാവുന്നതാണ്. നിയമത്തിെൻറ പിൻബലമില്ലാതെ കോൺഗ്രസും, തട്ടിക്കൂട്ടിയ വികലമായ നിയമനിർമാണത്തിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പിയും ആധാറിനെ തലയിലേറ്റി. ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള ബെഞ്ച് കൂട്ടായും വെവ്വേറെയും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്വാംശീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ പുതിയ നിയമനിർമാണം വേണ്ടിവരും. ഒരുപക്ഷേ, പുതിയ പാർലമെൻറിനാകാം ആ ദൗത്യം ഏറ്റെടുക്കേണ്ടിവരുക.
ആധാറിന് ചില ഗുണങ്ങളുണ്ടെന്ന കാര്യം നിസ്തർക്കമാണ്. മേൽവിലാസത്തിെൻറ സ്ഥിരീകരണം ഇന്ത്യയിൽ ശ്രമകരമായ ജോലിയാണ്. എവിടെയുമുള്ള മേൽവിലാസം ഇന്ത്യയിൽ എവിടെയും സ്ഥിരീകരിക്കാൻ കഴിയുമെന്നത് ആധാറിെൻറ പ്രത്യേകതയാണ്. അസമിൽനിന്നു വരുന്ന തൊഴിലാളിക്ക് കേരളത്തിൽ ഒരു സിം കാർഡ് എടുക്കണമെങ്കിൽ ആധാർ സഹായകമായ തിരിച്ചറിയൽ ഉപകരണമാണ്. ജനസംഖ്യയിൽ 99.76 ശതമാനം ആധാറിന് കീഴ്പ്പെട്ടുകഴിഞ്ഞ സാഹചര്യത്തിൽ അതിനെ ദോഷമുക്തമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ദോഷങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു കഴിഞ്ഞാൽ മുക്തി എളുപ്പമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സ്വയംനിർണയാധികാരവും പരമപ്രധാനമാണെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആധാറിെൻറ സാധുത പരിശോധിക്കപ്പെടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.