‘പെരുന്ന മെമ്മോറിയൽ’
text_fieldsശ്രീമൂലം തിരുനാളിെൻറ ഭരണകാലത്ത് തിരുവിതാംകൂറിലെ ഉയർന്ന ഒൗദ്യോഗിക പദവികളെല്ലാം തമിഴ് ബ്രാഹ്മണർ കൈവശംെവച്ചതിനെതിരെ സമർപ്പിക്കപ്പെട്ട നിവേദനമായിരുന്നു മലയാളി മെമ്മോറിയൽ. 1891ൽ 10,028 പേർ ഒപ്പിട്ടാണ് ഇത് രാജാവിന് നൽകിയത്. ജി.പി. പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള എന്നിവർക്കായിരുന്നു നേതൃത്വം. പേര് ‘മലയാളി മെമ്മോറിയൽ’ എന്നും, ആവശ്യം നാട്ടുകാർക്ക് ജാതിമത പരിഗണന കൂടാതെ ഉദ്യോഗ നിയമനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം നൽകണമെന്നുമായിരുന്നുവെങ്കിലും ‘മെമ്മോറിയലി’െൻറ ചെമ്പുതെളിയാൻ അധികനാളൊന്നും വേണ്ടിവന്നില്ല. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യത്തിെൻറ ‘അന്തർധാര’ തമിഴ് ബ്രാഹ്മണർക്കുപകരം മലയാളി നായരടക്കമുള്ളവർക്ക് ഉദ്യോഗങ്ങളെല്ലാം പതിച്ചുകൊടുക്കുക എന്നതായിരുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നായിരുന്നു കേവലം അഞ്ചുവർഷം മാത്രം കഴിഞ്ഞപ്പോഴുള്ള ‘ഇൗഴവ മെമ്മോറിയലി’െൻറ വരവ്. ഉദ്യോഗ നിയമനങ്ങളിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ഡോ. പൽപ്പുവിെൻറ നേതൃത്വത്തിൽ 13,176 ഇൗഴവർ ഒപ്പിട്ട ഭീമഹരജിയാണ് മഹാരാജാവിന് സമർപ്പിച്ചത്. ഉയർന്ന ബിരുദം നേടിയിട്ടും താഴ്ന്ന ജാതിക്കാരനായതിെൻറ പേരിൽ ഇവിടെ ജോലി നിഷേധിക്കപ്പെട്ട സ്വന്തം അനുഭവവും പൽപ്പുവിനെ ഇത്തരമൊരു നിവേദനത്തിന് പ്രേരിപ്പിച്ചിരുന്നു. മൈസൂർ സർക്കാറാണ് ഒടുവിൽ അദ്ദേഹത്തിന് ജോലിനൽകിയത്. പിന്നീട് 1931-38 കാലയളവിൽ ഇൗഴവ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഒത്തൊരുമിച്ച് നടത്തിയ നിവർത്തന പ്രക്ഷോഭത്തെതുടർന്നാണ് പബ്ലിക് സർവിസ് കമീഷൻ രൂപവത്കരിച്ചതും സംവരണം നടപ്പാക്കപ്പെട്ടതും.
മലയാളി മെമ്മോറിയൽ കഴിഞ്ഞ് ഒന്നേകാൽ നൂറ്റാണ്ടായി. അതിനിടെ രാജഭരണം പോയി, സ്വാതന്ത്ര്യം കിട്ടി, ജനായത്ത ഭരണം വന്നു, തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരളം എന്ന മലയാളികളുടെ മാതൃഭൂമി രൂപംകൊണ്ടു, ആ കേരളത്തിന് 60 തികഞ്ഞ്, ഷഷ്ട്യബ്ദ പൂർത്തിയും കഴിഞ്ഞു. ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിനുശേഷം മാറിയും തിരിഞ്ഞും ഇടതും വലതും അധികാരത്തിലെത്തി. അപ്പോഴും കേരളത്തിെൻറ വളർച്ച ‘മലയാളി മെമ്മോറിയലിൽ’ നിന്ന് ‘പെരുന്ന മെമ്മോറിയൽ’ വരെ മാത്രം. ആദ്യം സംഘടനയില്ലാതെയും പിന്നീട് എൻ.എസ്.എസ് ജനറൽ സെക്രട്ടറിമാരായി ചങ്ങനാശ്ശേരി പെരുന്നയിലിരുന്ന് മന്നത്തുപത്മനാഭനും തുടർന്ന് കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ള, പി.കെ. നാരായണ പണിക്കർ, ഇപ്പോൾ ജി. സുകുമാരൻ നായരും അതിന് നേതൃത്വം നൽകുന്നു.
ഇ.എം.എസിെൻറ ആദ്യത്തെ കമ്യൂണിറ്റ് സർക്കാറിെൻറ കാലത്തുതന്നെ ‘പെരുന്ന മെമ്മോറിയലി’െൻറ സ്വാധീനം ഭരണത്തിൽ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ഭരണപരിഷ്കാര കമീഷൻ തന്നെ ആദ്യ തെളിവ്. ‘പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവിസിൽ പ്രാതിനിധ്യം സംവരണം ചെയ്തിരിക്കുന്നതുകൊണ്ട് കാര്യക്ഷമത നശിക്കുന്നു’ എന്നായിരുന്നു കമീഷെൻറ സുപ്രധാന കണ്ടെത്തൽ-അതായത്, കാര്യക്ഷമത തിരിച്ചുകൊണ്ടുവരാൻ സാമുദായിക സംവരണം അവസാനിപ്പിക്കണം-അതായിരുന്നു കണ്ടെത്തലിെൻറ കാതൽ.
ശക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് ആ നീക്കം ഉേപക്ഷിക്കുകയായിരുന്നു. ഒളിവുജീവിതത്തിൽ ഇ.എം.എസിനെ സംരക്ഷിച്ച ചെത്തുതൊഴിലാളിയായ പോക്കനെയും ഭാര്യ പോക്കിയെയും ഒാർമിപ്പിച്ച് ‘കേരള കൗമുദി’യുടെ അന്നത്തെ പത്രാധിപരായിരുന്ന കെ. സുകുമാരൻ ഇ.എം.എസിെൻറ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗവും തീരുമാനത്തിൽനിന്ന് പിന്തിരിയാൻ കമ്യൂണിസ്റ്റ് പാർട്ടിയെ േപ്രരിപ്പിച്ച ഘടകമായി. തുടർന്ന് സാമ്പത്തിക സംവരണ വാദത്തെ ഇ.എം.എസ് സർക്കാർ 1958ൽ അടച്ചുവെച്ചു. 60 വർഷം കഴിഞ്ഞ് ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തി അതിന് ‘പ്രായശ്ചിത്തം’ചെയ്യാനുള്ള നിയോഗം ൈകവന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഹിന്ദുക്കൾ മാത്രമുള്ള ഒരു സംവിധാനത്തിൽ ഇൗ ഏർപ്പാട് തുടങ്ങിവെച്ചാൽ മറ്റു മതവിഭാഗങ്ങളിലെ സംവരണക്കാർക്ക് മിണ്ടാനാവാതെ വരുമെന്ന ബുദ്ധിതന്നെയായിരുന്നു ഇതിനു പിന്നിൽ. അതുപോലെ തന്നെ സംഭവിച്ചു. ഒരു കെ. സുകുമാരൻ ഇന്നില്ലാതെ പോവുകയും എതിർപ്പുയർത്തേണ്ട എസ്.എൻ.ഡി.പി യോഗ നേതാക്കന്മാർക്ക് സ്വപ്നം കാണാൻ ഗവർണർ പദവിയും രാജ്യസഭാംഗത്വവും കോളജ് നിയമനങ്ങളിലെ ‘സംഭാവനയും’ ഒക്കെയുണ്ടായിരുന്നതുകൊണ്ട് അവർക്ക് ഇതിന് സമയമില്ലാതെയും പോയി. എന്തിന്, മുസ്ലിംലീഗ് കൂടി ഉൾപ്പെടുന്ന യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾ തന്നെ ‘ചരിത്രപരമായ’ ഇൗ തീരുമാനത്തിെൻറ അവകാശം തങ്ങൾക്കാണെന്ന് വരുത്താനുള്ള ആവേശത്തിലുമായിരുന്നു. സി.പി.എമ്മിൽ മാത്രമല്ല, എൽ.ഡി.എഫിൽത്തന്നെ സി.പി.െഎക്കും പിന്നെ ബി.ജെ.പിക്കും ഒക്കെ ഒരു എതിർപ്പുമില്ലാതെ സോദരത്വേന എടുത്ത ഒരു സർക്കാർ തീരുമാനം ഇതല്ലാതെ വേറെ ഉണ്ടായിട്ടുമില്ല. സി.പി.എമ്മിെൻറ ദേവസ്വം മന്ത്രി തന്നെ െപരുന്നയിലെത്തി കാര്യങ്ങൾ യഥാവിധി ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇൗയിടെ, പെരുന്നയിൽനിന്ന് ഒരാശങ്ക ഉയർന്നപ്പോൾ ചട്ടഭേദഗതി നടത്തി സംഗതി നടത്തിക്കൊള്ളാമെന്ന് സർക്കാർ ഉറപ്പും കൊടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മാത്രം കണക്കെടുത്താൽ 95 ശതമാനവും മുന്നാക്കക്കാരാണ്. ആകെയുള്ള 6120 ജീവനക്കാരിൽ മുന്നാക്കക്കാരുടെ എണ്ണം 5870. ഇൗഴവർ മൂന്നും ദലിതർ 0.32 ശതമാനവും. ഇത്രയുമുള്ളിടത്ത് വീണ്ടും മുന്നാക്കസംവരണം നൽകുന്നതിനെ, പിന്നാക്കക്കാർക്ക് സംവരണം കൂട്ടിനൽകിയെന്നു പറഞ്ഞാണ് സർക്കാർ ന്യായീകരിക്കുന്നത്. അതുമാത്രമല്ല, സർക്കാർ ചെലവിൽ ശ്രീനാരായണ ഗുരുവിെൻറ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാൻ തീരുമാനമെടുത്ത മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണകാര്യവും തീരുമാനിച്ചത്. സാമുദായിക സംവരണത്തിനു പകരം ഒരു ഗുരുപ്രതിമ.
വരുമാനമൊന്നുമില്ലാതിരുന്ന കാലത്ത് പടച്ചോറുമാത്രം തിന്ന് ക്ഷേത്രങ്ങൾ നോക്കിനടത്താൻ തങ്ങളേയുണ്ടായിരുന്നുള്ളൂവെന്നും അതിനാൽ സമ്പത്തുകാലത്തും ക്ഷേത്രകാര്യങ്ങളിൽ തങ്ങൾക്കാണ് കൂടുതൽ അവകാശമാണെന്നുമാണ് എൻ.എസ്.എസിെൻ വ്യാഖ്യാനം. ദേവസ്വം ബോർഡിനു പിന്നാലെ കേരളത്തിലെ െഎ.എ.എസായ കെ.എ.എസിൽനിന്ന് സംവരണം ഒഴിവാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. അതിനുപിന്നാലെ, ജാതിസംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന പെരുന്ന പ്രഖ്യാപനവും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്നൊക്കെ പിണറായിയും കോടിയേരിയും കടകമ്പള്ളിയും പറയുന്നുണ്ടെങ്കിലും സുപ്രീംകോടതിയിൽ എൻ.എസ്.എസ് ഉന്നയിക്കാൻ േപാകുന്ന പ്രധാന വാദമുഖങ്ങളിലൊന്ന് ഇൗ ദേവസ്വം സംവരണമായിരിക്കും. അങ്ങനെയൊരു ന്യായം ഉണ്ടാക്കിക്കൊടുത്തതിന് സി.പി.എം ഭാവിയിൽ ഉപകാരസ്മരണ പ്രതീക്ഷിക്കുന്നുമുണ്ടാവാം. എന്നാൽ, സാമ്പത്തിക സംവരണവാദം ആദ്യം ഉന്നയിച്ച ഇ.എം.എസ് സർക്കാറിനെ താഴെയിറക്കിയ വിമോചനസമരത്തിന് നേതൃത്വം നൽകിയത് അന്ന് എൻ.എസ്.എസിെൻറ സർവസ്വവുമായിരുന്ന ‘ഭാരതകേസരി’ മന്നത്തുപത്മനാഭനായിരുന്നുവെന്ന് ചരിത്രം. ഇ.എം.എസ് കമീഷൻ ചൂണ്ടിക്കാട്ടിയ കാര്യക്ഷമത വാദം തന്നെയാണ് സാമുദായിക സംവരണത്തിനെതിരെ സുകുമാരൻ നായർ ഭരണഘടനയെ ഉദ്ധരിച്ച് കഴിഞ്ഞദിവസം പറഞ്ഞത്. ‘സ്വന്തം കഴിവിൽ നിൽക്കുവാൻ കഴിവില്ലാത്ത ജനങ്ങൾ’എന്നാണ് പിന്നാക്ക വിഭാഗത്തെ ഭരണഘടന നിർവചിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്. അതു മാത്രമല്ല, ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കൊണ്ട് നടപ്പാക്കാനാവാതെ പോയത് പിണറായി വിജയനെക്കൊണ്ട് നടപ്പാക്കിക്കുന്നതിെൻറ സുഖം ഒന്നു വേറെ തന്നെയാണുതാനും.
പെരുന്നയുടെ അധീശത്വം ഏറ്റവും പ്രകടമായത് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്തായിരുന്നു. മുസ്ലിംലീഗിെൻറ അഞ്ചാം മന്ത്രിയുടെ പേരിൽ, നായർക്ക് തക്കോൽ സ്ഥാനം എന്നും പറഞ്ഞ് പിടിച്ച വാശിയിൽ അന്നത്തെ മുഖ്യമന്ത്രിക്ക് തിരുവനന്തപുരം-പെരുന്ന ഷട്ട്ൽ സർവിസ് തന്നെ നടത്തേണ്ടിവന്നു. താേക്കാൽ സ്ഥാനം നായർക്ക് കൊടുത്താൽ പോരാ അത് തങ്ങൾ പറയുന്ന നായർക്കായിരിക്കണമെന്ന നിർബന്ധ ബുദ്ധിക്കു മുന്നിൽ ഒരു മുന്നണിയും ഭരണകൂടവും ഒാച്ചാനിച്ചു നിൽക്കുകയായിരുന്നു. അന്ന് കിട്ടിയ താക്കോലിെൻറ ‘ഗുണ’ത്തിൽനിന്ന് ഇനിയും ചെന്നിത്തല നായർ മോചിതനായിട്ടില്ല എന്നതു വേറെ കാര്യം. ഇത്രയുമൊക്കെ ചെയ്തുകൊടുത്തിട്ടും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത് 22 സീറ്റ്. എൻ.എസ്.എസ് മാനനഷ്ടക്കേസ് വരെ കൊടുത്ത മുസ്ലിംലീഗിന് 18 ഉം.
സംവരണകാര്യത്തിൽ ഏതാണ്ട് ലക്ഷ്യം നേടിയതോടെ, ഉത്തരേന്ത്യയിലെ ജാതി പഞ്ചായത്തായ ഖാപ് പഞ്ചായത്തിെൻറ മാതൃകയിൽ നായന്മാരുതമ്മിൽ കേസോ വഴക്കോ ഉണ്ടായാൽ അത് തീർക്കാൻ താലൂക്ക് യൂനിയൻ ഒാഫിസ് കോടതിയാക്കാനും എൻ.എസ്.എസ് തീരുമാനിച്ചുകഴിഞ്ഞു. പത്തനാപുരം താലൂക്കിലെ ആർ. ബാലകൃഷ്ണപിള്ള മകൻ കെ.ബി. ഗണേഷ് കുമാർ എന്ന നായർ അവിടത്തെ മറ്റൊരു നായർ യുവാവിനെ മർദിക്കുകയും അയാളുടെ അമ്മയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസ് ‘രമ്യമായി’ പരിഹരിക്കാനാണ് തീരുമാനം. മുമ്പ്, ഇൗ ഗണേഷും ഭാര്യയും തമ്മിലുണ്ടായ പ്രശ്നങ്ങളും ഇങ്ങനെയൊക്കെത്തന്നെ പരിഹരിച്ചതുകൊണ്ട് ആ വഴി തേടാൻ അവർക്ക് വ്യക്തിപരമായ അവകാശമുണ്ടാവാം. എന്നാൽ, സ്ത്രീകൾക്കെതിരായ ഒരതിക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ ഒരു സർക്കാർ, സ്ത്രീക്കെതിരയ അതിക്രമവും കൂടി ഉൾെപ്പടുന്ന ഇൗ കേസ്, അതും നിയമവിരുദ്ധമായി, അവസാനിപ്പിക്കുേമ്പാൾ നോക്കുകുത്തിയായി നിൽക്കുകയാണ്. അതിനൊപ്പം, ഗണേഷ് അടിച്ച യുവാവിനും അമ്മക്കും നീതിതേടിയും ഗണേഷിനെതിരെ നടപടി ആവശ്യപ്പെട്ടുമൊക്കെ പ്രസ്താവനയും പ്രകടനവുമായി നടന്നവരും നിയമസഭയിൽ വരെ വിഷയം ഉന്നയിച്ചവരുമായ കുറേപ്പേർ ഇവിടെ ഉണ്ടായിരുന്നു. അവരൊക്കെ കോൺഗ്രസുകാരോ ബി.ജെ.പിക്കാേരാ ഒക്കെ ആയിരുന്നു. എന്നാൽ ‘എൻ.എസ്.എസ് പഞ്ചായത്ത്’ പ്രശ്നം പരിഹരിച്ചേതാടെ ഗണേഷ് വിരുദ്ധരുടെ ശബ്ദമോ അനക്കമോ കേൾക്കാേന ഇല്ല. അവരെല്ലാം ഏതോ കണ്ടംവഴി ഒാടുകയായിരുന്നു.
‘ദൃശ്യമാധ്യമങ്ങളെ ഒരെണ്ണത്തിനെയും ഞാൻ എൻ.എസ്.എസിൽ കയറ്റത്തില്ല.ഞാൻ എന്തിനാണ് പേടിക്കുന്നത്. പത്രമാധ്യമങ്ങൾ സൂക്ഷിച്ചോണം. നിങ്ങൾ കുറേക്കൂടി മാന്യത കാണിക്കുന്നുണ്ട്.’ കഴിഞ്ഞ ദിവസത്തെ എൻ.എസ്.എസ് ബജറ്റ് സമ്മേളനത്തിലെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസംഗത്തിലെ വരികളാണിത്. എന്നുപറഞ്ഞാൽ പിണറായി വിജയൻ ‘കടക്കു പുറത്ത്’പറയുന്നതിനു മുമ്പ് തന്നെ ജി. സുകുമാരൻ നായർ ഒരു വിഭാഗം മാധ്യമങ്ങളോട് ‘കടക്കു പുറത്ത്’പറഞ്ഞുകഴിഞ്ഞിരുന്നു. അത് പഞ്ചപുച്ഛമടക്കി അനുസരിക്കുകയാണ് മാധ്യമങ്ങൾ. തങ്ങൾക്കെതിരായ ഒരു മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ആക്രോശിക്കുന്ന, മണിക്കൂർ ചർച്ച നടത്തുന്ന, മാധ്യമങ്ങൾക്കും അവരുടെ സംഘടനകൾക്കുമടക്കം അതിനേക്കാൾ മോശമായ നിലപാടെടുക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ ഒരക്ഷരം പറയാനില്ല. മാധ്യമങ്ങൾക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവർ അത് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.അത് താൻടാ. എൻ.എസ്.എസ്, അല്ലെങ്കിൽ പെരുന്ന മെമ്മോറിയൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.