പെരുന്നാളിന്റെ സുകൃതങ്ങൾ
text_fieldsലോകം സാധാരണക്കാരുടേതുകൂടിയാണെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് ബലിപെരുന്നാൾ. ബഹുഭൂരിഭാഗവും സാധാരണക്കാർ ജീവിക്കുന്ന ഭൂമിയിൽ സാധാരണക്കാരുടെ സംഭാവനകൾക്ക് അങ്ങേയറ്റം സ്ഥാനമുണ്ടെന്ന് പെരുന്നാളിന്റെ ചരിത്രം നമ്മെയോർമിപ്പിക്കുന്നു. നാലായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അടിമസ്ത്രീയുടെ ഇടപെടലുകളാണ് ലോകം ഇന്നും സ്മരിക്കുന്നതെങ്കിൽ അന്നോ അതിനു മുമ്പോ ശേഷമോ ജീവിച്ച ഒരു മുതലാളിക്കും ഇങ്ങനെയോ ഇതിന്റെ നാലയലത്തുപോലുമെത്തുന്ന രൂപത്തിലുള്ളതോ ആയ ഒരംഗീകാരവും കിട്ടിയിട്ടില്ലെന്നതാണ് യാഥാർഥ്യം
ഇബ്രാഹീം നബിയും ഭാര്യ ഹാജറ ബീവിയും മകൻ ഇസ്മാഈൽ നബിയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതമാണ് ബലിപെരുന്നാളിന്റെ പൊരുളും പ്രമേയവും. നിരന്തര പരീക്ഷണങ്ങൾക്ക് വിധേയമായപ്പോഴും സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഒരു കുടുംബം സ്രഷ്ടാവിനെ അനുസരിക്കാനും അവന്റെ മുന്നിൽ സമർപ്പിക്കാനും അനുഭവിച്ച ത്യാഗങ്ങൾ ഓരോ വിശ്വാസിയും എക്കാലവും സ്മരിക്കണമെന്ന സന്ദേശം പങ്കുവെക്കുന്നുണ്ട് ബലിപെരുന്നാൾ. കൈയിലൊന്നുമില്ലാതെ, കൂടെയാരുമില്ലാതെ മരുഭൂമിയിലലഞ്ഞ ഒരു മാതാവും മകനും, ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച പിഞ്ചോമനയെ ബലിനൽകണമെന്ന നാഥന്റെ കല്പനയുണ്ടായപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ പൂർണമനസ്സോടെ അതിനു തയാറായ ഒരു പിതാവും മകനും - പെരുന്നാളിന്റെ പൊരുളുകൾ തേടിയിറങ്ങുമ്പോൾ ഈ രണ്ട് അനുഭവങ്ങളും നമ്മെ ഏറെ ചിന്തിപ്പിക്കും.
ജീവിതം മുഴുക്കെയും നിരന്തര പരീക്ഷണങ്ങളും വെല്ലുവിളികളും നേരിട്ട പ്രവാചകനാണ് ഇബ്രാഹീം. ചെറുപ്രായത്തിൽ തന്നെ തന്റെ സമൂഹത്തിലെ അനാചാരങ്ങളെയും അധർമങ്ങളെയും എതിർത്തതിന്റെ പേരിൽ നംറൂദെന്ന ഭരണാധികാരിയുടെ തീകുണ്ഡത്തിൽ വലിച്ചെറിയപ്പെട്ട പ്രവാചകൻ. ജീവിതത്തിന്റ പാതിപിന്നിട്ടിട്ടും സന്താനമില്ലാത്ത നോവ് ഉള്ളിൽ കൊണ്ടുനടന്നവർ, ഒടുവിലൊരു മകൻ പിറന്നപ്പോൾ സ്രഷ്ടാവിന് ബലിനൽകണമെന്ന സന്ദേശമെത്തിയവർ. പിഞ്ചുമകനെയും പങ്കാളിയെയും വിജനമായ മരുഭൂമിയിൽ ഉപേക്ഷിക്കാൻ കൽപിക്കപ്പെട്ടവർ...തന്നെ തേടിയെത്തിയ ഇത്തരം നിരന്തര പരീക്ഷണങ്ങളെ ഉൾക്കൊണ്ടും ക്ഷമ സ്വീകരിച്ചുമാണ് ഓരോ ഘട്ടത്തെയും ഇബ്രാഹീം നബി അതിജയിക്കുന്നത്. നംറൂദിന്റെ അഗ്നിഗോളങ്ങൾ തണുപ്പായി അനുഭവപ്പെടുന്നതും പുത്രനുപകരം ആടിനെ ബലിനൽകാൻ അവസാനസമയം നാഥന്റെ സന്ദേശമെത്തുന്നതുമെല്ലാം പരീക്ഷണങ്ങളെ ക്ഷമയോടെ, അവധാനതയോടെ നേരിട്ടതിന്റെ പ്രതിഫലമാണ്. ആ ജീവിതത്തിൽനിന്ന് ഏറെ പാഠമുൾക്കൊള്ളാനുള്ളതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലിംകൾ അന്ത്യനാൾ വരെ വർഷം തോറും ഇബ്രാഹീം നബിയുടെ സ്മരണകൾ ഉൾവഹിക്കണമെന്ന നാഥന്റെ കൽപനയുണ്ടാവുന്നതും.
ദൈനംദിന ജീവിതത്തിനിടയിൽ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന അനവധിപേരുണ്ട് നമുക്ക് ചുറ്റും. രോഗികൾ, സാമ്പത്തിക പരാധീനതയുള്ളവർ, കുടുംബപ്രശ്നമുള്ളവർ തുടങ്ങി പലവിധകാരണങ്ങളാൽ അകം വേവുന്നവർ. ജീവിതം അസഹനീയമാണെന്നു വിധിയെഴുതുന്നവർക്കും നല്ലൊരു നാളെയില്ലേ എന്നാശങ്കപ്പെടുന്നവർക്കും ഓരോ വർഷവും ബലിപെരുന്നാൾ ശക്തമായ സന്ദേശം നൽകുന്നു. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്ത നിലക്കാണ് അല്ലാഹു സംവിധാനിച്ചതെങ്കിലും എല്ലാവർക്കും സന്തോഷിക്കാനുള്ള വകയുണ്ടതിൽ. അനുഭവത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് അനുസ്മരണത്തിന്റെയും ആനുകൂല്യത്തിന്റെയും തീക്ഷണത അല്ലാഹു നൽകുമെന്ന് ബലിപെരുന്നാൾ നിരന്തരം ഉദ്ഘോഷിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ നാടും വീടും വിട്ട് നാട്ടുകാരാരുമില്ലാത്ത മരുഭൂമിയിൽ വന്നിറങ്ങിയ ഹാജറ ബീവി ഒരിക്കൽപോലും നിനച്ചിരിക്കില്ല താനിത് ചെയ്യുന്നത് ലോകം കണ്ട ഏറ്റവും വലിയ ചരിത്ര സാക്ഷ്യമായി മാറാൻവേണ്ടിയാണെന്ന്. ഇന്ന് ഹാജറ ബീവിയുടെ കാൽപ്പാടുകൾ തേടി ലക്ഷോപലക്ഷം മക്കയിലണയുന്നുവെങ്കിൽ പരീക്ഷണങ്ങൾ നേരിടുന്നവർക്ക് എന്നും ഇത് പാഠമാണ്. ഹാജറ ബീവിയും മകൻ ഇസ്മാഈൽ നബിയും ഭർത്താവ് ഇബ്രാഹീം നബിയും അനുഭവിച്ചതും പിന്നീട് അവർക്ക് കിട്ടിയതുമോർക്കുമ്പോഴും എല്ലാ പരീക്ഷണങ്ങളും അവസാനം നല്ലതിലേ കലാശിക്കൂവെന്ന ശുഭചിന്ത മനുഷ്യനിൽ ഉയർന്നുവരണം.
ലോകം സാധാരണക്കാരുടേതു കൂടിയാണെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് ബലിപെരുന്നാൾ. ബഹുഭൂരിഭാഗവും സാധാരണക്കാർ ജീവിക്കുന്ന ഭൂമിയിൽ സാധാരണക്കാരുടെ സംഭാവനകൾക്ക് അങ്ങേയറ്റം സ്ഥാനമുണ്ടെന്ന് പെരുന്നാളിന്റെ ചരിത്രം നമ്മെയോർമിപ്പിക്കുന്നു. നാലായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അടിമസ്ത്രീയുടെ ഇടപെടലുകളാണ് ലോകം ഇന്നും സ്മരിക്കുന്നതെങ്കിൽ അന്നോ അതിനു മുമ്പോ ശേഷമോ ജീവിച്ച ഒരു മുതലാളിക്കും ഇങ്ങനെയോ ഇതിന്റെ നാലയലത്ത് പോലുമെത്തുന്ന രൂപത്തിലുള്ളതോ ആയ ഒരംഗീകാരവും കിട്ടിയിട്ടില്ലെന്നതാണ് യാഥാർഥ്യം. സമ്പന്നരുടെ ധനമല്ല ലോകത്ത് മുഴച്ചുനിന്നതെന്നും പാവങ്ങളുടെ ത്യാഗമാണ് ലോകത്തിന്റെ ഗതിനിർണയിച്ചതെന്നും ബലിപെരുന്നാൾ നമ്മോടുപറയുന്നു. മരുഭൂമിയിൽ ആരുടെയെങ്കിലും ശ്രദ്ധപതിയാനായി സഫാ മർവാ കുന്നുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമോടിയ, ആരാരും തിരിഞ്ഞു നോക്കാനുണ്ടാവില്ലെന്നു നിനച്ച ഹാജറ ബീവിയെ കോടിക്കണക്കിനു ജനങ്ങൾ അക്ഷരംപ്രതി അനുസ്മരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുമ്പോൾ തങ്ങളുടെ സേവനങ്ങൾ ആരുംകാണുന്നില്ലെന്നു നിനച്ച് പകലന്തിയോളം വിയർപ്പൊഴുക്കുന്ന കോടിക്കണക്കിനു ജനങ്ങളോട് ബലിപെരുന്നാൾ പറയുന്നത് നിങ്ങളെ ചരിത്രം ഉയർത്തിക്കൊണ്ടുവരും എന്നു തന്നെയാണ്.
ബലിപെരുന്നാളിൽ ഉയർന്നുകേൾക്കുന്ന തക്ബീർ ധ്വനികൾക്ക് പിന്നിലും വലിയ ആശയങ്ങളുണ്ട്. അല്ലാഹുവാണ് വലിയവൻ എന്നുപ്രഖ്യാപിക്കുന്നതോടെ സ്രഷ്ടാവിന്റെ മുന്നിൽ ഞാൻ ഒന്നുമല്ലെന്ന യാഥാർഥ്യമാണ് വിളിച്ചുപറയുന്നത്. ഈ ഭൂമിയിൽ അഹങ്കരിക്കാനോ പെരുമ നടിക്കാനോ തക്ക യോഗ്യത എനിക്കില്ലെന്നും ഏതു നിമിഷവും തീരാവുന്ന ആയുസ്സും ആരോഗ്യവും സമ്പത്തും മാത്രമേ എന്റെ പക്കലുള്ളൂ എന്നും തക്ബീർ നമ്മെ ഉണർത്തുന്നുണ്ട്. ഞാനാണ് ഈ ഭൂമിയിൽ ഏറ്റവും നല്ലവൻ എന്നും, കുറെ സമ്പത്തുള്ളവൻ എന്നും, നല്ല കരുത്തുള്ളവൻ എന്നും ചിന്ത വരുമ്പോഴാണ് നാം മറ്റുള്ളവരെ ആക്രമിക്കാനും കീഴ്പ്പെടുത്താനും അവഹേളിക്കാനും പോവുന്നത്. മറ്റുള്ളവർ ചെറിയവരാണ്, വിവരമില്ലാത്തവരാണ്, സമ്പത്തില്ലാത്തവരാണ് എന്ന തോന്നലുണ്ടാവുമ്പോൾ നമ്മൾ അവരുടെ മേൽ ആധിപത്യം നേടാൻ ശ്രമിക്കും. ഈ ആധിപത്യം ഇന്നെല്ലാ മേഖലകളിലും പ്രകടമാണ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം ഇത്തരം എടുത്തുചാട്ടങ്ങൾ നമുക്ക് കാണാം. എന്നാൽ, നമ്മളെല്ലാം വളരെ നിസ്സാര മനുഷ്യരാണ്, അല്ലാഹു തന്ന കഴിവുകൊണ്ട് അവൻ നിശ്ചയിച്ച ആയുസ്സിനുളിൽ ഈ ഭൂമിയിൽ ചെയ്യാനുള്ള ദൗത്യങ്ങൾ നിർവഹിക്കാൻ വേണ്ടി വന്നവർ മാത്രമാണ് എന്ന ചിന്ത എപ്പോഴും ഉള്ളിലുണ്ടായാൽ നമുക്കാരെയും നോവിക്കാനാവില്ല. ഞാനും ഞാൻ നോവിക്കാൻ ഉദ്ദേശിച്ചവനും എല്ലാം അല്ലാഹുവിന്റെ മുന്നിൽ സമന്മാരാണ്, സമ്പത്തോ അധികാരമോ സാമൂഹിക നിലവാരമോ അല്ല, ഹൃദയത്തിലുള്ള ഭക്തിയും നന്മയുമാണ് അവന്റെയടുക്കൽ നിലവാരമളക്കാനുള്ള മാപിനി എന്നറിഞ്ഞാൽ നാം അത്രയേറെ ശാന്തരും സമാധാന പ്രിയരും നന്മയുടെ വാഹകരുമാവും. ഈ പെരുന്നാൾ സുദിനത്തിൽ തക്ബീറിന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പുതിയ മാറ്റം കൊണ്ടുവരാനും ചുറ്റുമുള്ളവരോടെല്ലാം വിനയത്തോടെയും കരുണയുടെയും ലാളിത്യത്തോടെയും പെരുമാറാനും നമുക്ക് സാധിക്കണം.
ത്യാഗവും സമർപ്പണവും ഇഹലോകത്തെ നേട്ടങ്ങളെയും ആനുകൂല്യങ്ങളേയും അളന്നു തിട്ടപ്പെടുത്തിയാവരുതെന്നാണ് ബലിപെരുന്നാൾ നൽകുന്ന പാഠം. അത്തരക്കാരുടെ വിയർപ്പുകൾക്ക് നാഥന്റെ അംഗീകാരവും ലഭിക്കില്ല. മനുഷ്യന്റെ അധ്വാനം ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്നതിന്റെ പിന്നിലുള്ള പ്രധാന കാര്യവും ഇതുതന്നെയാണ്. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചതെന്നും അവനാണ് ഇതിനെല്ലാം അവസരം തന്നതെന്നും അവനുവേണ്ടി ജീവിതം സമർപ്പിക്കലാണ് തന്റെ ജീവിത ദൗത്യമെന്നും മനുഷ്യൻ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും ഒരായിരം കവാടങ്ങൾ നമുക്ക് മുന്നിൽ തുറക്കപ്പെടും. പെരുന്നാൾ നൽകുന്ന സന്ദേശങ്ങളെല്ലാം മനുഷ്യന്റെ ഉള്ള് നവീകരിക്കാനുള്ളതാണ്. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവർക്കെല്ലാം വെട്ടം വിതറാൻ പ്രശ്നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടിൽ നമുക്ക് കഴിയണം. എല്ലാ പരീക്ഷണങ്ങളെയും അതിജയിക്കാൻ ഉറച്ച വിശ്വാസവും ഭരമേൽപ്പും ക്ഷമയും വിനയവുമടക്കമുള്ള ബലിപെരുന്നാളിന്റെ സന്ദേശങ്ങൾ നമുക്ക് തുണയാവണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.