നിങ്ങളറിയുമോ, എന്തുകൊണ്ട് അവരെ ഒരേ കുഴിയിൽ അടക്കിയെന്ന്?
text_fieldsപെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേ കുഴിയിലാണ് അടക്കംചെയ്തത്. അത് എല്ലാവരും കണ്ടു. എന്തുകൊണ്ട് അവരെ ഒരേ കുഴിയിൽ അടക്കിയെന്ന് നിങ്ങൾ ആർക്കുമറിയില്ല.ഞങ്ങളെ അടക്കംചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഞങ്ങൾക്ക് പട്ടയത്തിന് അർഹതയില്ലേ? ഇത് ഞങ്ങളുടെ മണ്ണാണ്. ഞങ്ങൾ പിറന്നുവീണ് പിച്ചവെച്ചുവളർന്ന മണ്ണ്. പക്ഷേ, ഇത് ഞങ്ങൾക്ക് സ്വന്തമല്ല. എല്ലാവരും പറയുന്നത് ഇത് ടാറ്റ കമ്പനിയുടെ ഭൂമി, കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമി, പ്രൈവറ്റ് ഭൂമി എന്നെല്ലാമാണ്. ഇത് കമ്പനിയുടെ ഭൂമിയാണെന്നതിന് ഒരു രേഖയും അവരുടെ ൈകയിലില്ല. ഇത് ഞങ്ങൾ ജനിച്ചുവളർന്ന് പണിയെടുത്തു ജീവിക്കുന്ന ഭൂമിയാണ്. ഈ ഭൂമിയുമായി സർക്കാറിന് ഒരു ബന്ധവുമില്ലേ? ചെറുവള്ളിയിൽ വിമാനത്താവളം പണിയുന്നതിന് സർക്കാർ നേതൃത്വം നൽകുന്നു. അവിടത്തെ ഭൂമിയിൽ അപ്പോൾ സർക്കാറിന് അവകാശമുണ്ടോ? എങ്കിൽ പിന്നെ, ഇവിടെ ഇല്ലാത്തതെന്ത്? കമ്പനിവീട് വിട്ടാൽ ഞങ്ങൾ സ്വന്തമായി വീടില്ലാത്തവരാകും. പിന്നെ തെരുവിലേക്ക് പോകണം. അതിനാൽ ഞങ്ങൾ കമ്പനിയുടെ അടിമകളെപ്പോലെ ഇവിടെ കഴിയേണ്ടിവരുന്നു. 58 വയസ്സ് തികയുേമ്പാൾ വീട് പൂട്ടി താക്കോൽ കമ്പനിയുടെ പക്കൽ ഏൽപിച്ചാലേ ഞങ്ങൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കൂ. പിെന്ന ഞങ്ങൾ എങ്ങോട്ടുപോകും? ഈ ദുരിതങ്ങളെല്ലാം എത്ര നാളായി പറയുന്നു. തോട്ടം തൊഴിലാളിയുടെ പ്രശ്നം കേൾക്കണമെങ്കിൽ ഇതുപോലെ ദുരന്തങ്ങൾ ഉണ്ടാകണമെന്ന സ്ഥിതിയാണ്.
ഞാൻ പിറന്നത് കേരളത്തിലാണ്. എന്നെപ്പോലെ കേരളത്തിൽ പിറന്ന് വളർന്നവരാണ് ഇപ്പോൾ ഇവിടെയുള്ളവരെല്ലാം. തമിഴ്നാട്ടിൽ നിന്ന് വന്നവരുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ ഇവിടെയുള്ളത്. ഞങ്ങൾ എങ്ങനെ തമിഴ്നാട്ടുകാരാകും? ഇപ്പോൾ ടി.വിയിൽ ചർച്ചകൾ നടക്കുന്നു. പെട്ടിമുടിയിലുള്ളവരെല്ലാം തമിഴ്നാട്ടുകാരാണെന്ന് പറഞ്ഞ്. ഞങ്ങളുടെ അപ്പനമ്മമാർ, മുത്തശ്ശി, മുത്തച്ഛന്മാർ എല്ലാവരും ഇവിടെ ജനിച്ചവരാണ്.
2017ൽ ഞങ്ങൾ ഒരു സമരം നടത്തി; ഞങ്ങൾക്ക് ഒരേക്കർ ഭൂമി വേണം, സ്വന്തമായി വീടുവേണം എന്നീ ആവശ്യങ്ങളുന്നയിച്ച്. ആ സമരത്തെ ആരും പിന്തുണച്ചില്ല. 20 ദിവസം ഞങ്ങൾ നടുറോഡിലിരുന്നു. ഇൗ മണ്ണിൽ പിറന്ന ഞങ്ങൾക്ക് ഭൂമിക്കും വീടിനും അവകാശമില്ലേ? ആദിവാസികൾക്ക് ഭൂമി വേണമെന്നു പറയാൻ ഇവിടെ ആളുണ്ട്. ഞങ്ങൾക്കുവേണ്ടി പറയാൻ ഇവിടെ ആരുമില്ല.
രാവിലെ നിങ്ങൾ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. ഞങ്ങളുടെ ഇൗ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല. ഇവിടെ മനുഷ്യൻ മരിച്ചുവീഴുന്നത് കാണുന്നില്ലേ? നിങ്ങളോർക്കണം, ഞങ്ങൾ രാവിലെ എട്ടുമണി മുതൽ തോട്ടത്തിൽ നിൽക്കണം. കൊടുംതണുപ്പിൽ മഴയെല്ലാം നനഞ്ഞ്, കാലിൽ കടിക്കുന്ന അട്ടകൾക്ക് രക്തം കൊടുത്താണ് ഞങ്ങൾ പണി ചെയ്യുന്നതെന്ന്. പെട്ടിമുടിയുടെ അപകടവും തോട്ടംതൊഴിലാളികളുടെ ദുരിതവും നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവർ മാത്രമാണ്. ഞങ്ങൾ ഇതെല്ലാം അനുഭവിക്കുകയാണ്.
ഒരു െബഡ് റൂമും അടുക്കളയുമുള്ള വീട്ടിൽ മക്കളും മുത്തച്ഛന്മാരും മുത്തശ്ശികളുമെല്ലാമായി രണ്ടും മൂന്നും കുടുംബങ്ങൾ കഴിയുന്നു. 100 വർഷം പഴക്കമുള്ള വീട്ടിൽ ഞങ്ങൾ ഇത്രപേരും എങ്ങനെ കഴിയുന്നുവെന്ന് കമ്പനിക്കുപോലും അറിയില്ല. കൊറോണ വന്നതോടെ അകലം പാലിക്കണം എന്നു പറയുന്നു. എട്ടും പത്തും പേർ കഴിയുന്ന ഒറ്റമുറി വീട്ടിൽ ഞങ്ങൾ എങ്ങനെ അകലം പാലിക്കും? ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞു പറഞ്ഞ് വയ്യാതായി. എല്ലാം സർക്കാറിെൻറ ബധിരകർണങ്ങളിലാണ് പതിക്കുന്നത്. എെൻറ വീട് നിങ്ങൾ കാണണം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇതിനകത്തിരിക്കുന്നത്. എത്ര പേർക്കറിയാം ഇതൊക്കെ.
ഞങ്ങൾ 2015ൽ നടത്തിയ സമരത്തിലൂടെയാണ് ഇതൊക്കെ കുറച്ചെങ്കിലും പുറം ലോകം അറിഞ്ഞത്. തോട്ടംതൊഴിലാളികൾ അടിമകളായാണ് ജീവിക്കുന്നത്. ഇവിടെ സന്തോഷത്തോടെ ജോലിചെയ്യുന്ന ആരുമില്ല. കൊളുന്ത് എടുത്താലേ ഞങ്ങൾക്ക് ആഹാരത്തിനുള്ള വകലഭിക്കൂ. 350 രൂപയെന്ന തുച്ഛമായ കൂലിയിൽനിന്ന് മിച്ചംപിടിച്ചാണ് മക്കളെ ഞങ്ങൾ പഠിപ്പിക്കുന്നത്.
എനിക്ക് രാഷ്ട്രീയം അറിയില്ല. അഞ്ചുവർഷം മുമ്പ് നടന്ന സമരത്തിനപ്പുറം രാഷ്ട്രീയം ഞങ്ങൾക്കറിയില്ല. രാഷ്ട്രീയക്കാർ ആെരന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം. ഞങ്ങളുടെ ഒരുമയെ തകർത്തത് അവരാണ്. അവർക്ക് ഇനി ഞങ്ങൾക്കിടയിൽ ഇടമില്ല. തോട്ടംതൊഴിലാളി യൂനിയനുകൾ തോട്ടംതൊഴിലാളികൾക്കുവേണ്ടി എന്തുചെയ്യുന്നു? തൊഴിലാളികൾക്ക് സ്വന്തം ഭൂമി ലഭ്യമാക്കാൻ അവർ എന്തുചെയ്തു? ഞങ്ങൾ ഇവിടെ അടിമകളായി കഴിയുന്നു. വിമാനദുരന്തത്തിലേതുപോലെ പെട്ടിമുടിയിൽ മരിച്ചതും മനുഷ്യരാണ്. എല്ലാവരുടെയും ജീവെൻറ വില ഒന്നുതന്നെയേല്ല? ഞങ്ങളുടെ ജീവനുപോലും രണ്ടാംതരം വിലയാണ് സർക്കാർ കൽപിക്കുന്നത്. ഞങ്ങൾ സമരം നടത്തിയപ്പോൾ േതാട്ടംതൊഴിലാളിക്ക് സർക്കാർ എന്തെല്ലാം വാഗ്ദാനം നൽകിയിരുന്നു എന്ന് ഓർക്കണം. മാസാമാസം 25 കിലോ അരി സൗജന്യമായി നൽകുമെന്ന് പറഞ്ഞു. എല്ലാം വാഗ്ദാനത്തിലൊതുങ്ങി.
ഇനി ഒരു പെട്ടിമുടി ഉണ്ടാകാതിരിക്കണമെങ്കിൽ കേരളസമൂഹം ഉണരണം. ഞങ്ങൾക്കുവേണ്ടി നിങ്ങളും രംഗത്തുവരണം. ഞങ്ങൾക്കും ജീവിക്കണം. സ്വന്തമായി ഒരു തുണ്ട് മണ്ണ് ഞങ്ങൾക്കും വേണം. തേയിലത്തോട്ടം, ഈ വീട്, കുടുംബം അതിനപ്പുറം ഞങ്ങൾക്ക് ഒരു ലോകമില്ല. ഒന്നും അറിയുകയുമില്ല. ഞങ്ങൾക്കുവേണ്ടി പറയാൻ ആരുമില്ല.
ഞങ്ങളെ മലയാളം പഠിപ്പിക്കില്ല. മലയാളം പഠിപ്പിച്ചാൽ ഞങ്ങൾ മലയാളികളായി മാറും. എവിടെ ചെന്നാലും ഞങ്ങളെ തമിഴരെന്നു പറഞ്ഞ് മാറ്റിനിർത്തും. ഇതെല്ലാം മാറണം. എവിടെയെല്ലാം തോട്ടംതൊഴിലാളി ഉണ്ടോ അവിടെയെല്ലാം മാറണം. ഞങ്ങൾക്ക് ഈ ദുരിതജീവിതത്തിൽനിന്ന് കരകയറണം (പൊട്ടിക്കരയുന്നു). നിങ്ങൾക്ക് നിയമങ്ങളറിയാമല്ലോ. എന്തെങ്കിലും ഞങ്ങൾക്കുവേണ്ടി ചെയ്യണം. ഇനി ഒരു പെട്ടിമുടി ഉണ്ടാകരുത്. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന 83 പേർ മണ്ണടിഞ്ഞത് എങ്ങനെ ഞങ്ങൾ മറക്കും? ഞങ്ങൾ എന്നും ക്യാമ്പിലും ലയങ്ങളിലും താമസിച്ച് ജീവിതം കഴിക്കേണാ? ഞങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരാണ്. ഞങ്ങൾക്ക് അഞ്ചു ലക്ഷം, വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം. പണക്കാരെൻറയും തോട്ടംതൊഴിലാളികളുടെയും ജീവന് രണ്ടുതരം വില െവക്കുന്നു കേരള സർക്കാർ.
2015ൽ സമരം നടത്തിയപ്പോൾ 69 രൂപ കൂലി കൂട്ടി. അത് സമരത്തെ അടിച്ചമർത്താനായിരുന്നു. അതും പറഞ്ഞ് റോഡിലെ സമരത്തിൽനിന്ന് ഞങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചു. മാറിമാറി ഭരിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും തോട്ടംതൊഴിലാളിയുടെ പ്രശ്നങ്ങളുടെ നേർക്ക് കണ്ണടക്കും. ഇവിടെ വന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട് തോട്ടംതൊഴിലാളിക്ക് 500 രൂപ ശമ്പളം ലഭ്യമാക്കുമെന്ന്. പിന്നീട് അദ്ദേഹം ഞങ്ങളെ മറന്നു. ഞങ്ങൾ അത് മറന്നിട്ടില്ല സർ.
എെൻറ വീട്ടുകാരന് അസുഖമാണ്. അതിനാൽ എനിക്ക് കമ്പനിയിൽ പോകാൻ കഴിയുന്നില്ല. അപ്പോൾ വീടൊഴിയേണ്ടിവരും. അതിൽനിന്ന് രക്ഷപ്പെടാൻ മകന് ജോലി നൽകണമെന്ന് പറഞ്ഞ് കമ്പനിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വീടൊഴിഞ്ഞാൽ തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഈ ഗതിയാണ് തോട്ടംതൊഴിലാളികൾ എല്ലാവർക്കും. പഴയ വീടുകളിൽ ജീവൻ ഭയന്നാണ് എല്ലാവരും കഴിയുന്നത്. നിയമങ്ങൾ അറിയുന്നവർ ഞങ്ങൾക്കുേവണ്ടി എന്തെങ്കിലും ചെയ്യണം. ഞങ്ങൾക്ക് ഞങ്ങളുടെ ഇൗ ദുരിതങ്ങളേ അറിയൂ.
(പെമ്പിളൈ ഒരുമ നേതാവായ ഗോമതി
ഭൂസമരസമിതി സംഘടിപ്പിച്ച വെബിനാറിൽ
നടത്തിയ പ്രസംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.