പി.എഫ് പെൻഷൻ: കോടതിവിധി അട്ടിമറിക്കാൻ അനുവദിക്കരുത്
text_fieldsഎംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പെൻഷൻ സ്കീമിൽ 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തി നടപ്പാക്കിയ തൊഴിലാളിദ്രോഹപരമായ ഭേദഗതികൾ റദ്ദാക്കിയ 2018 ഒക്ടോബർ 12ലെ കേരള ഹൈകോടതിയുടെ ചരിത്രവിധി വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ അനേകലക്ഷം തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന വിധിയാണ്. എങ്കിലും ഒേട്ടറെ അപാകതകൾ പദ്ധതിയിൽ ഇനിയും ബാക്കിനിൽക്കുന്നു. കോടതി വിധികൾ തൊഴിലാളികൾക്ക് അനുകൂലമായി വരുേമ്പാൾ അതിെൻറ ഗുണഫലങ്ങൾ അവർക്ക് എങ്ങനെ നിഷേധിക്കാം എന്ന ഗവേഷണം പി. എഫ് അധികാരികൾ ഇനിയെങ്കിലും ഒന്നു നിർത്തിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
പെൻഷൻ ഒൗദാര്യമല്ല
പെൻഷൻ ഒരു ഒൗദാര്യമല്ല. ജീവിതത്തിെൻറ വസന്തകാലം മുഴുവനും രാഷ്ട്രത്തിെൻറ സാമ്പത്തികവളർച്ചക്കായി സേവനം അനുഷ്ഠിച്ച തൊഴിലാളിക്ക് ശിഷ്ടകാല ജീവിതം അല്ലലില്ലാതെ ജീവിച്ചുതീർക്കാനുള്ള അവകാശത്തിെൻറ ഭാഗമാണ് പെൻഷനും ആനുകൂല്യങ്ങളും. തൊഴിലാളികളുടെ വാർധക്യകാല ക്ഷേമം രാഷ്ട്രത്തിെൻറ കൂടി ഉത്തരവാദിത്തമാണ്. ആരോഗ്യത്തോടെ ജോലി ചെയ്യുേമ്പാൾ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുംപോലെ പ്രാധാന്യമേറിയതാണ് വിരമിക്കലിനുശേഷം സാമ്പത്തിക ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന റിട്ടയർമെൻറ് ആനുകൂല്യങ്ങളും. പ്രോവിഡൻറ് ഫണ്ട്, ഗ്രാറ്റ്വിറ്റി, പെൻഷൻ എന്നിവയാണ് പ്രധാനപ്പെട്ട റിട്ടയർമെൻറ് ആനുകൂല്യങ്ങൾ. സർക്കാർ മേഖലയിൽ ഗ്രാറ്റ്വിറ്റിയും പെൻഷനുമാണ് മുഖ്യ റിട്ടയർമെൻറ് പദ്ധതികളെങ്കിൽ സർക്കാർ ഇതര മേഖലകളിൽ ഇത് പി.എഫും ഗ്രാറ്റ്വിറ്റിയുമാണ്.
റിട്ടയർമെൻറ് ആനുകൂല്യങ്ങളിൽ തൊഴിലാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് പെൻഷൻതന്നെ. റിട്ടയർമെൻറിനു ശേഷം മരണംവരെ പ്രതിമാസ വരുമാനവും മരണശേഷം ആശ്രിതർക്ക് സാമ്പത്തിക സഹായവും നൽകുന്ന പെൻഷൻ വാർധക്യകാല വിശ്രമജീവിതത്തിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ഉതകുന്നതും ആത്മാഭിമാനം വർധിപ്പിക്കുന്നതുമായതുകൊണ്ടാണ് തൊഴിലാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിട്ടയർമെൻറ് ആനുകൂല്യം അതായിത്തീർന്നത്.
ഇതുവരെ പെൻഷൻ ഇല്ലാതിരുന്ന സ്വകാര്യമേഖലയിലെ സംഘടിത തൊഴിലാളികൾക്കും പെൻഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1995ൽ നരസിംഹറാവു സർക്കാർ പി.എഫ് പെൻഷൻ പദ്ധതി ആവിഷ്കരിച്ചത്. മൂന്നാം റിട്ടയർമെൻറ് ആനുകൂല്യം എന്ന നിലയിൽ പെൻഷൻ നൽകണം എന്നതായിരുന്നു തൊഴിലാളികളുടെ ആഗ്രഹം എങ്കിലും തൊഴിലുടമകളുടെയും സർക്കാറിെൻറയും സാമ്പത്തിക സ്ഥിതി അതിനു തടസ്സമാകയാൽ തൊഴിലുടമകളുടെ പി.എഫ് വിഹിതത്തിൽനിന്നും ഒരുഭാഗം പെൻഷൻ ഫണ്ടിലേക്ക് മാറ്റി ചെറിയ തോതിൽ സർക്കാർ സഹായവും കൂടി ചേർത്ത് പെൻഷൻ നൽകുക എന്ന ആശയമാണ് സർക്കാർ നടപ്പാക്കിയത്. പി.എഫ് അക്കൗണ്ടിൽ തൊഴിലുടമ അടക്കുന്ന 12 ശതമാനം വിഹിതത്തിൽനിന്നും 8.33 ശതമാനം, കേന്ദ്ര സർക്കാർ വിഹിതമായി 1.16 ശതമാനം എന്നിവ ചേർന്നതാണ് ഇൗ പദ്ധതിയുടെ കീഴിലെ പെൻഷൻ മൂലധനം.
പദ്ധതി പരാജയപ്പെടുത്താനുള്ള ശ്രമം
ലക്ഷക്കണക്കിന് പി.എഫ് അംഗങ്ങളായ തൊഴിലാളികൾ ഏറെ പ്രതീക്ഷ െവച്ചുപുലർത്തിയ പെൻഷൻ പദ്ധതി അവർക്ക് ഒരു പ്രയോജനവും ചെയ്യാതെ തികഞ്ഞ പരാജയമായിത്തീർന്നു. ആയുസ്സിെൻറ പ്രധാനഭാഗം സ്ഥാപനത്തിനുവേണ്ടി പണിയെടുക്കുകയും പെൻഷൻ വിഹിതം മുറെതറ്റാതെ അടക്കുകയും ചെയ്ത തൊഴിലാളിക്ക് വളരെ തുച്ഛമായ തുകയാണ് വിരമിക്കലിനുശേഷം പെൻഷനായി ലഭിച്ചുകൊണ്ടിരുന്നത്. തൊഴിലുടമ പെൻഷൻ ഫണ്ടിലേക്ക് അടക്കുന്ന 8.33 ശതമാനം തൊഴിലാളിയുടെ മുഴുവൻ ശമ്പളത്തിന് ആനുപാതികം അല്ലാതിരിക്കുകയും ഇത് ആദ്യം 6500 രൂപയുടെയും പിന്നീട് 15,000 രൂപയുടെയും പരിധി നിശ്ചയിച്ചതുമാണ് പദ്ധതി വികലമാകാനുള്ള പ്രധാന കാരണം.
ഒരു വിഹിതവും അടക്കേണ്ടതില്ലാത്ത ക്ഷേമ പെൻഷനുകളേക്കാൾ കുറഞ്ഞ തുകയാണ് പി.എഫ് പെൻഷനായി ലഭിക്കുന്നതെന്ന അപാകത ചൂണ്ടിക്കാണിച്ച് ഒേട്ടറെ ഹരജികൾ രാജ്യത്തിെൻറ കോടതികളിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേരള ഹൈകോടതിയാണ് ആദ്യമായി തൊഴിലാളികൾക്ക് അനുകൂലമായി വിധി പറഞ്ഞത്. 2011ൽ ഇതുസംബന്ധിച്ച ഒരു ഹരജിയിൽ തൊഴിലാളികൾക്ക് മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻ വിഹിതം അടക്കാൻ ഒാപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കാൻ പി.എഫ് അധികാരികൾക്ക് അവകാശമില്ലെന്ന് കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ പി.എഫ് ഒാർഗനൈസേഷൻ ഡിവിഷൻ െബഞ്ചിന് നൽകിയ അപ്പീൽ തള്ളി 2014 ഒക്ടോബർ 27ന് നൽകിയ വിധി പി.എഫ് പെൻഷൻകാർക്ക് വലിയ ഒരു ആശ്വാസമായിരുന്നു. സിംഗ്ൾ െബഞ്ച് വിധി നിലനിൽക്കുന്നതാണെന്നും മുഴുവൻ ശമ്പളത്തിെൻറയും 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റിക്കൊണ്ട് ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നും ഹൈകോടതി വിധിച്ചു. ഇൗ വിധിക്കെതിരെ പി.എഫ് അധികാരികൾ സുപ്രീംകോടതിയിൽ നൽകിയ സ്പെഷൽ ലീവ് പെറ്റീഷനും ഹൈകോടതിവിധി പൂർണമായും ശരിവെച്ചുകൊണ്ട് 2016 മാർച്ച് 31ന് സുപ്രീംകോടതി തള്ളി. ഹിമാചൽപ്രദേശ് ഹൈകോടതിയുടെ വിധിയിൽനിന്നുള്ള അപ്പീലിലും സമാനമായ വിധിയാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്.
കോടതി തൊഴിലാളികൾക്കൊപ്പം
കേരള ഹൈകോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധി പറഞ്ഞതോടെ പി.എഫ് ഒാർഗനൈസേഷൻ കോടതി വിധി നടപ്പാക്കുന്നതിന് തടയിടാൻ പി.എഫ് പെൻഷൻ ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി വരുത്താനുള്ള നടപടികളുമായാണ് മുന്നോട്ടു നീങ്ങിയത്. 2014 സെപ്റ്റംബർ ഒന്നിന് നിലവിൽവന്ന ഭേദഗതി പി.എഫ് പെൻഷൻകാരെയും വരിക്കാരെയും വലിയ പ്രയാസത്തിലാക്കി. ശമ്പളം എത്രയായാലും 15,000 രൂപ വരെ മാത്രമേ പി.എഫ് പെൻഷെൻറ പരിധിയിൽ വരൂ എന്നും ഇനി ഒരിക്കലും വർധിച്ച തുകക്ക് ഒാപ്ഷൻ നൽകാൻ ആവില്ല എന്നതുമായിരുന്നു ഭേദഗതിയിലെ ഒരു വ്യവസ്ഥ. പെൻഷന് അർഹതപ്പെട്ട ശമ്പളം 15,000 ആയി നിജപ്പെടുത്തിയതോടെ 2014 സെപ്റ്റംബർ ഒന്നിനുശേഷം സർവിസിൽ പ്രവേശിച്ച 15,000 രൂപയിൽ കൂടുതൽ ആരംഭശമ്പളമുള്ള ലക്ഷക്കണക്കിന് യുവാക്കളായ തൊഴിലാളികൾ പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാകുന്ന സ്ഥിതിയുണ്ടായി. 2014 സെപ്റ്റംബർ ഒന്നിനുമുമ്പ് സർവിസിൽ കയറിയവർക്ക് യഥാർഥ ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ വിഹിതം അടക്കാൻ ഒാപ്ഷൻ നൽകാൻ അവസരമുണ്ടായിരുന്നെങ്കിൽ ഭേദഗതിയിലൂടെ അത് എടുത്തുകളഞ്ഞത് ഒരു വിഭാഗം തൊഴിലാളികൾക്ക് പെൻഷനിൽ ഗണ്യമായ കുറവ് വരുത്തുന്ന സ്ഥിതിയുണ്ടാക്കി. ഇൗ അനീതിക്ക് പരിഹാരം കണ്ടുകൊണ്ട് പരിധിയില്ലാതെ യഥാർഥ ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ പെൻഷൻ വിഹിതം നൽകാൻ അവസരം നിഷേധിച്ച നടപടി ഇപ്പോഴത്തെ വിധിയിലൂടെ കേരള ഹൈകോടതി റദ്ദാക്കിയിരിക്കുകയാണ്.
പ്രതിമാസ പെൻഷൻ കണക്കാക്കുന്നതിന് ആധാരമായ ശമ്പളം വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി വേതനം എന്നതു മാറ്റി ഭേദഗതിക്കുമുമ്പ് ഉണ്ടായിരുന്നതുപോലെ 12 മാസത്തെ ശരാശരി വേതനം എന്നാക്കിയത് തൊഴിലാളികൾക്ക് ഏറെ ഗുണംചെയ്യും. ശമ്പള ശരാശരിയും സേവനം ചെയ്ത വർഷങ്ങളുടെ എണ്ണവും തമ്മിലുള്ള ഗുണനഫലത്തെ 70 കൊണ്ട് ഹരിക്കുേമ്പാൾ കിട്ടുന്ന തുകയാണ് ആ തൊഴിലാളിയുടെ പ്രതിമാസ പെൻഷൻ. ശമ്പള ശരാശരി 60 മാസത്തേത് ആക്കിയതുകൊണ്ട് പ്രതിമാസ പെൻഷനിൽ ഗണ്യമായ കുറവാണ് 2014 സെപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ചവർക്ക് ഉണ്ടായിരുന്നത്. കോടതിവിധി അക്കാര്യത്തിലും തൊഴിലാളികൾക്ക് ഗുണകരമായി. തൊഴിലുടമയുടെ 8.33 ശതമാനം കൂടാതെ സർക്കാർ വിഹിതമായി 1.16 ശതമാനം പെൻഷൻ ഫണ്ടിൽ ചേർക്കുന്ന കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. എന്നാൽ, മുഴുവൻ ശമ്പളത്തിനും പെൻഷൻ വിഹിതം പിടിക്കാൻ ഒാപ്ഷൻ നൽകിയവർ 15,000ത്തിൽ കൂടുതൽ വരുന്ന തുകയുടെ 1.16 ശതമാനം പെൻഷൻ ഫണ്ടിലേക്ക് അധികമായി അടക്കണം എന്ന നിർദേശം നിലവിലുണ്ടായിരുന്നു. കോടതി ഇൗ നിർദേശം റദ്ദുചെയ്തതും തൊഴിലാളികൾക്ക് മെച്ചമാണ്.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് വിഹിതം സ്വീകരിക്കണമെന്നും അതിന് ഒാപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കരുതെന്നും 2016 ഒക്ടോബർ നാലിന്സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, ഇൗ വിധി 2014ൽ ചട്ടങ്ങൾ ഭേദഗതി ചെയ്തതിനു മുമ്പ് വിരമിച്ചവർക്ക് മാത്രമേ ബാധകമാകൂ എന്ന നിലപാടാണ് പി.എഫ് ഒാർഗനൈസേഷൻ കൈക്കൊണ്ടത്. 2014ൽ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇറക്കിയ വിജ്ഞാപനവും അതിെൻറ അടിസ്ഥാനത്തിൽ പി.എഫ് അധികാരികൾ ഇറക്കിയ ഉത്തരവുകളും റദ്ദാക്കിയതിലൂടെ മേൽപറഞ്ഞ സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമായിരിക്കയാണ്.
സമ്പൂർണ പരിഹാരമായില്ല
ഇപ്പോഴത്തെ കോടതിവിധി പി.എഫ് പെൻഷൻ പദ്ധതിയെ ചൂഴ്ന്നുനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുന്നില്ല എന്നതാണ് സത്യം. പി.എഫ് ഫണ്ട് ട്രസ്റ്റ് വഴി കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കോടതിയുടെ വിധികൾ ബാധകമല്ല എന്ന നിലപാട് പി.എഫ് ഒാർഗനൈസേഷൻ എടുക്കുകയും അതനുസരിച്ച് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. േപ്രാവിഡൻറ് ഫണ്ട് സ്ഥാപനത്തിലെ ട്രസ്റ്റ് വഴി കൈകാര്യം ചെയ്യുന്നത് േപ്രാവിഡൻറ് ഫണ്ട് നിയമം അനുസരിച്ച് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷെൻറ അനുമതിയും അംഗീകാരവും നേടി അവരുടെ നിയന്ത്രണത്തിൽ ആയിരിക്കെ അത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പെൻഷൻ വർധനയുടെ ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് കാണിച്ച് ഇൗ അന്യായമായ വിവേചനത്തിനെതിരെ ഹരജികൾ വിവിധ കോടതികളിൽ സമർപ്പിക്കപ്പെട്ടിരുന്നു. 2018 സെപ്റ്റംബർ 24ന് തെലങ്കാന-ആന്ധ്രപ്രദേശ് ഹൈകോടതി ‘ഒഴിവാക്കപ്പെട്ട വിഭാഗം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇൗ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹൈകോടതി വിധിയിൽ ഇത്തരം സ്ഥാപനങ്ങളുെട കാര്യം പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും 2014ൽ ചട്ടങ്ങൾഭേദഗതി ചെയ്ത് ഇറക്കിയ വിജ്ഞാപനവും അതിെൻറ അടിസ്ഥാനത്തിൽ അധികാരികൾ ഇറക്കിയ ഉത്തരവുകളും ഹൈകോടതി റദ്ദാക്കിയ സ്ഥിതിക്ക് ഇൗ വിവേചനം അവസാനിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടാകേണ്ട കാര്യമില്ലെന്നു പ്രതീക്ഷിക്കാം.
ഇതു കൂടാതെ മറ്റു പല അപാകതകളും ഇനിയും ഇൗ പദ്ധതിയിൽ പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. 35 വർഷം സേവനകാലാവധി കഴിഞ്ഞവർക്കേ നിലവിലുള്ള ശമ്പളത്തിെൻറ പകുതിയെന്ന മുഴുവൻ പെൻഷനും ലഭിക്കുകയുള്ളൂ. പദ്ധതി നിലവിൽവന്ന 1995നു ശേഷമുള്ള കാലം മാത്രമേ സേവനം ചെയ്ത വർഷമായി ഇപ്പോൾ കണക്കാക്കുന്നുള്ളൂ. 1995നു മുമ്പ് സർവിസിലുള്ളവർക്ക് സർവിസിനനുസരിച്ച് പെൻഷൻ ലഭിക്കാൻ ഇൗ നിബന്ധന തടസ്സമാവുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പെൻഷൻ പദ്ധതികളിൽനിന്നും വിഭിന്നമായി ക്ഷാമബത്ത വർധന പി.എഫ് പെൻഷനിൽ അനുവദിച്ചിട്ടില്ല എന്നതാണ് മറ്റൊരു ന്യൂനത. പെൻഷെൻറ മൂന്നിലൊന്ന് മുൻകൂറായി ആറുമാസത്തേക്ക് പിൻവലിക്കാവുന്ന കമ്യൂേട്ടഷൻ സൗകര്യം 2008 മുതൽ നിർത്തലാക്കിയതും കമ്യൂേട്ടഷൻ ചെയ്തവർക്ക് ആറുമാസത്തെ കാലാവധി കഴിഞ്ഞിട്ടും മുഴുവൻ പെൻഷൻ ലഭിക്കാത്തതും കടുത്ത നീതിനിഷേധമാണ്.
കേന്ദ്ര സർക്കാറിെൻറ നിലപാടുകളാണ് ഇനി നിർണായകം. ഹൈകോടതി വിധികൾക്കെതിരെ അപ്പീലുകൾ നൽകി നിയമേപാരാട്ടം ദീർഘിപ്പിക്കാതെ വിധി നടപ്പാക്കാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുകയും പി.എഫ് പെൻഷൻ പദ്ധതിയിൽ ബാക്കിയുള്ള അപാകതകൾ പരിഹരിക്കുകയും ചെയ്താൽ അത് ഇന്ത്യൻ തൊഴിലാളിവർഗത്തിെൻറ ആത്മാഭിമാനവും സുരക്ഷിതത്വവും ഉൽപാദനക്ഷമതയും ഏറെ വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.