Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൈലറ്റ് ചലഞ്ച്

പൈലറ്റ് ചലഞ്ച്

text_fields
bookmark_border
പൈലറ്റ് ചലഞ്ച്
cancel

ഒരുവശത്ത് കുറെ കടൽക്കിഴവന്മാർ; മറുവശത്ത് അധികാരമോഹികളായ യുവതുർക്കികൾ: ഇതിനിടയിൽ കിടന്ന് പിടയുകയാണ് നമ്മുടെ ദേശീയ പ്രസ്ഥാനം.

വംശഹത്യയുടെയും വർഗീയതയുടെയും പേരുദോഷം മാറ്റി, സാക്ഷാൽ മോദിയെ വരെ 'വികസന നായകനാ'ക്കി വെളുപ്പിച്ചെടുത്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പോലും കോൺഗ്രസിനെ കൈയൊഴിഞ്ഞത് ഈ ദുരവസ്ഥ കണ്ടിട്ടാവും. അതുവരെയും സുഷുപ്തിയിലാണ്ട് തെരഞ്ഞെടുപ്പടുക്കുമ്പോഴാണ് കടൽക്കിഴവന്മാരും യുവതുർക്കികളും ഉയിർത്തെണീക്കുക. പിന്നെ വാക്പോരും പടവെട്ടുമായി ഗ്രൂപ് കളി തകൃതി. പരമ്പരാഗതമായുള്ള ഈ കലാപരിപാടിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

പണ്ടൊക്കെ, ഈ കളിക്കൊടുവിൽ ഏതെങ്കിലുമൊരു ഗ്രൂപ് വിജയകിരീടം ചൂടുമായിരുന്നു. പക്ഷേ, ഇപ്പോൾ കളിയവസാനം മറ്റു പാർട്ടിക്കാർ കപ്പും കൊണ്ടുപോകുന്നതാണ് സ്ഥിരം കാഴ്ച. പഞ്ചാബാണ് ലേറ്റസ്റ്റ് മാതൃക. ക്യാപ്റ്റൻ അമരീന്ദറും സിദ്ദുവും പരസ്പരം തുടങ്ങിവെച്ച പോരിനൊടുവിൽ ഗോളടിച്ചുകൂട്ടിയത് ആം ആദ്മി പാർട്ടിയാണ്. കോൺഗ്രസിന് ഭരണം പോയെന്നു മാത്രമല്ല, പാർട്ടിയുടെ അസ്തിവാരംതന്നെ തിരോഭവിച്ചു.

ഇനി കളി രാജസ്ഥാനിലാണ്. കാരണം, 17 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ളത് അവിടെയാണ്. പതിവുപോലെ ഗ്രൂപ് കളിയുടെ ഗോദയുണർന്നു. പ്രതീക്ഷിച്ചപോലെ, യുവതുർക്കി സചിൻ പൈലറ്റ് ആദ്യ വെടി പൊട്ടിക്കുകയും ചെയ്തു. പഞ്ചാബ് ആവർത്തിക്കാതിരിക്കാൻ, ഈ അവസാന നിമിഷമെങ്കിലും ഭരണചക്രം തന്റെ കൈയിൽ ഏൽപിക്കണമെന്നാണ് സോണിയക്കു മുന്നിൽ വെച്ച ഡിമാൻഡ്.

എന്നുവെച്ചാൽ, അശോക് ഗെഹ് ലോട്ട് എന്ന കടൽക്കിഴവൻ രാജിവെക്കണമെന്ന്! നടന്നതുതന്നെ. ഗെഹ് ലോട്ടിനെ ഇപ്പോഴും പൈലറ്റിന് മനസ്സിലായിട്ടില്ലെന്നുണ്ടോ? പറയുമ്പോൾ, സചിനെപ്പോലെ വലിയ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽനിന്നൊന്നുമല്ല ടിയാന്റെ വരവ്. ബംഗാൾ വിഭജനകാലത്ത്, കിഴക്കൻ പാകിസ്താനിൽനിന്ന് പലയാനം ചെയ്തവർക്ക് അഭയമൊരുക്കാൻ കൊൽക്കത്തയിലും മറ്റും ഓടിനടക്കുന്ന യുവാവിനെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിരക്ക് പെരുത്തിഷ്ടപ്പെട്ടു.

അങ്ങനെയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്. പിന്നീടങ്ങോട്ട്, സചിന്റെ പിതാവ് രാജേഷ് പൈലറ്റ് അടക്കമുള്ളവരുടെ ആരോഹണാവരോഹണങ്ങൾക്ക് എത്രയോ സാക്ഷിയായി. കളി കുറെ കണ്ടിട്ടുണ്ടെന്നർഥം. അങ്ങനെയൊരാളെ മുമ്പ് വെല്ലുവിളിച്ച് വാർത്തസമ്മേളനം വിളിച്ചതിന്റെ പൊല്ലാപ്പ് ഇനിയും തീർന്നിട്ടില്ല. ഓർമയില്ലേ, ആ സംഭവം? 2018ൽ, പാർട്ടി സാമാന്യം മികച്ച പ്രകടനം കാഴ്ചവെച്ച് സഭയിലെ ഒന്നാം കക്ഷിയാകുന്നു. പി.സി.സി പ്രസിഡന്റായിരുന്ന സചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ഗെഹ് ലോട്ടിന്റെ ഡൽഹി ഡിപ്ലോമസിയിൽ എല്ലാം തകർന്നു.


അനുഭവ സമ്പത്തുള്ള ഗെഹ് ലോട്ട് നയിക്കട്ടെയെന്നായി ഹൈകമാൻഡ്. സചിൻ വെറും രണ്ടാമൻ. ഉപമുഖ്യമന്ത്രിയെന്നും പറയാം. ഒന്നര വർഷം കുഴപ്പമില്ലാതെ പോയപ്പോഴാണ് ഇനിയും രണ്ടാമനായി തുടരുന്നതിൽ അർഥമില്ലെന്ന് മനസ്സിലാക്കി, കൊട്ടാര വിപ്ലവത്തിന് ഒരുങ്ങിപ്പുറപ്പെട്ടത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയൊക്കെ ചെയ്തതുപോലെ, വിമതപ്പടയെ കാണിച്ച് നേതൃത്വത്തിന് മുന്നിൽ വിലപേശാനായിരുന്നു പരിപാടി.പോക്കറ്റിൽ 30 എം.എൽ.എമാരുണ്ടെന്നൊക്കെ വീമ്പുപറഞ്ഞപ്പോൾ, മധ്യപ്രദേശിൽ കമൽനാഥിന് സംഭവിച്ചതുപോലെ ഗെഹ്ലോട്ടും വീണുവെന്ന് മാലോകർ ധരിച്ചു. പക്ഷേ, കളി കാര്യത്തോടടുത്തപ്പോൾ പൈലറ്റിനൊപ്പം ഒന്നര ഡസൻ പേരാണ് ആകെയുള്ളത്. ഗെഹ്ലോട്ടിനെ ഇറക്കാൻ ഇനിയും വേണം മിനിമം പത്തുപേർ. കളി പൊട്ടിയതോടെ, പി.സി.സി പണിയും ഉപമുഖ്യമന്ത്രി പദവിയും ഒറ്റ നിമിഷംകൊണ്ട് തെറിച്ചു. അയോഗ്യത ഒഴിവാക്കാൻ പൈലറ്റിനും 18 സഹയാത്രികർക്കും കോടതി വരാന്തയിൽ മുറിയെടുക്കേണ്ടിവരുകയും ചെയ്തു.

ആ ക്രാഷ് ലാൻഡിങ്ങിനുശേഷം പൈലറ്റ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്നൊക്കെ കേട്ടിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കേസും കൂട്ടവുമായി ഒന്നര വർഷം കഴിച്ചുകൂട്ടി. ഇതിനിടയിൽ ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ച് ചില ചർച്ചകളൊക്കെ നടന്നത് മിച്ചം. പക്ഷേ, കളി പുനരാരംഭിക്കാൻ തന്നെയാണ് പൈലറ്റിന്റെ തീരുമാനമെന്ന് തോന്നുന്നു. അജ്മീറിൽനിന്ന് ഉൾവിളിയുണ്ടായപ്പോൾ നേരെ വെച്ചുപിടിച്ചു ജൻപഥ് 10 ലേക്ക്. ആ സമയം സോണിയ നല്ല തിരക്കിലാണ്.

പ്രശാന്ത് കിഷോറുമായുള്ള ചർച്ചയുടെ ഒരുക്കങ്ങൾ നടക്കുന്ന സമയം. എന്നിട്ടും, പൈലറ്റിന് മാഡം അൽപം സമയം അനുവദിച്ചു. ദേശീയ മാധ്യമങ്ങളെ വിശ്വസിക്കാമെങ്കിൽ, രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകണമെങ്കിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന് സോണിയയോട് സചിൻ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ദിവസങ്ങൾക്കുമുമ്പ് രാഹുലിനോടും പറഞ്ഞിരുന്നുവത്രെ. തൽക്കാലം, പ്രിയങ്കയെപ്പോലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനംകൊണ്ട് തൃപ്തിപ്പെടുമോ എന്നായി രാഹുൽ. തീർത്തുപറഞ്ഞു, പറ്റില്ലെന്ന്! അതുകഴിഞ്ഞ് ടിയാൻ പ്രിയങ്കയുമായും സംസാരിച്ചു. രാജസ്ഥാനിൽ തുടർഭരണമാണ് വാഗ്ദാനം; ഒറ്റ കണ്ടീഷനേയുള്ളൂ: അത് ചുണ്ടിനും കപ്പിനുമിടയിൽ കൈവിട്ട മുഖ്യമന്ത്രിസ്ഥാനമാണ്.


'എന്റെ രാജി എപ്പോഴേ സോണിയയുടെ കൈയിലിരിക്കുന്നു'വെന്നാണ് ഈ സംഭവങ്ങളോടുള്ള ഗെഹ്ലോട്ടിന്റെ പ്രതികരണം. സോണിയ ഒന്ന് വിളിച്ചുപറഞ്ഞാൽ ആദർശധീരനും അനുസരണയുള്ള പാർട്ടി പ്രവർത്തകനുമായ ഗെഹ്ലോട്ട് ഉടൻ രാജിവെക്കുമെന്നാണ് ഈ പ്രതികരണത്തിൽനിന്ന് മനസ്സിലാക്കുന്നതെങ്കിൽ തെറ്റി. 'ആ കത്ത് സോണിയയുടെ കൈയിലിരിക്കുകയേയുള്ളൂ'വെന്നാണ് അപ്പറഞ്ഞതിന്റെ പൊരുൾ. മുഖ്യമന്ത്രി കസേരയിൽ അഞ്ചു വർഷം തികക്കുമെന്നർഥം.

അതിന്റെ കൃത്യമായ സൂചനയാണ് പാർട്ടി വക്താവ് സുർജേവാലയുടെ ട്വീറ്റ്. 'എല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് ടിയാന്റെ കമന്റ്. ഇപ്പോൾ ചെറുതായി പൈലറ്റും അതൊക്കെ ശരിവെക്കുന്നുണ്ട്. സോണിയയുമായി ചർച്ച നടത്തിയത് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും മറ്റുമൊക്കെയാണെന്നാണ് ഇപ്പോൾ പൈലറ്റും സംഘവും പറഞ്ഞുനടക്കുന്നത്. ചുരുക്കത്തിൽ 'പൈലറ്റ് ചലഞ്ച്' ഒരിക്കൽകൂടി പൊട്ടിയെന്നർഥം. എന്നുകരുതി, അങ്കം അവസാനിച്ചെന്ന് പറയാറായിട്ടില്ല. ഏത് നിമിഷവും പറന്നിറങ്ങി വെട്ടാനുള്ള ആളും അർഥവും പാരമ്പര്യവുമൊക്കെയുണ്ട് സചിൻ പൈലറ്റിന്. അതിനാൽ, ഗോദയിൽ പോരുമുറുകുമ്പോൾ പൈലറ്റ് പുതിയ തന്ത്രങ്ങളുമായി വന്നേക്കാം. ഒരുപക്ഷേ, അതിന്റെ സാമ്പ്ൾ വെടിക്കെട്ടിനാണോ പൈലറ്റ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്?


1977 സെപ്റ്റംബർ ഏഴിന് യു.പിയിലെ സഹാറൻപുരിൽ ജനനം. എം.ബി.എ ബിരുദധാരിയാണ്. രാഷ്ട്രീയത്തിൽവരുന്നതിന് മുമ്പ് ബി.ബി.സിയിലും ജനറൽ മോട്ടോഴ്സിലുമെല്ലാം ജോലിചെയ്തു. 2000ൽ പിതാവിന്റെ മരണത്തോടെയാണ് രാഷ്ട്രീയ പ്രവേശം. രാജേഷ് പൈലറ്റിന്റെ മണ്ഡലമായിരുന്ന ദൗസയിൽനിന്ന് 2004ൽ, ആദ്യമായി വിജയിച്ചു കയറുമ്പോൾ പ്രായം 26.

2009ൽ അജ്മീറിൽനിന്ന് ജയിച്ച് കേന്ദ്രസഹമന്ത്രിയായി. 2014ൽ, അജ്മീറുകാർ കൈവിട്ടു. പിന്നെ, പി.സി.സി അധ്യക്ഷനായി. 2018ൽ, ടോങ് മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ഉപമുഖ്യമന്ത്രി പദത്തിലെത്തിയത്. കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകൾ സാറയാണ് ഭാര്യ. രണ്ട് ആൺ മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin Pilotashok gehlot
News Summary - Pilot Challenge
Next Story