'പിണറായി സർക്കാർ മുസ്ലിംകളുടെ അവകാശം മുന്നാക്ക ക്രൈസ്തവർക്ക് നൽകുന്നു'
text_fieldsഉമ്മൻചാണ്ടി സർക്കാർ പിന്നോക്ക സമുദായങ്ങളുടെ അവകാശം മുന്നോക്കക്കാർക്ക് എടുത്ത് നൽകിയെങ്കിൽ പിണറായി സർക്കാർ മുസ്ലിം സമുദായങ്ങളുടെ അവകാശം എടുത്ത് മുന്നാക്ക ക്രൈസ്തവർക്ക് നൽകുന്നു. ഇവിടെ സി.പി.എം ക്രൈസ്തവരെ ഭയപ്പെടുന്നു. രണ്ടു സന്ദർഭത്തിലും നഷ്ടം പിന്നോക്ക സമുദായങ്ങൾക്ക്......പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി എഴുതുന്നു
ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‍റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാണ് സച്ചാർ കമീഷനെ നിയോഗിച്ചത്. ഈ കമീഷന്‍റെ ശിപാർശയനുസരിച്ചുള്ള പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കിയത്.അത് കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ച വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ പാലൊളി മുഹമ്മദ് കുട്ടിയെ ചെയർമാനാക്കി ഒരു കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റിയുടെ ശിപാർശ പ്രകാരം മുസ്ലിം വിഭാഗത്തിന് മാത്രമുള്ള ഈ ക്ഷേമപരിപാടികളെ എല്ലാ ന്യൂനപക്ഷങ്ങൾക്കും അവകാശപ്പെട്ട എന്ന രീതിയിലാണ് നടപ്പാക്കിയത്. അത് ശരിയായ രീതിയായിരുന്നില്ല. മുസ്ലിം സമുദായത്തിന് വേണ്ടിയുള്ള പദ്ധതി അവർക്കു മാത്രമായാണ് നടപ്പാക്കേണ്ടിയിരുന്നത്. ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലെ അർഹരായ ഇതര വിഭാഗങ്ങൾക്ക് കൂടി അതിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അർഹരായ ഇതര വിഭാഗം എന്നത് പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച വിഭാഗങ്ങളും ലത്തീൻ കത്തോലിക്ക വിഭാഗവുമാണെന്ന ഉത്തരവും ഇറക്കി. അപ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കുേമ്പാൾ അത് 80 ശതമാനം മുസ്ലിം വിഭാഗങ്ങൾക്കും 20 ശതമാനം ഈ ഇതര വിഭാഗങ്ങൾക്കും അനുവദിച്ചുകൊണ്ടാണ് ഉത്തരവായത്.
ഇതിനെതിരെ കേരള ഹൈക്കോടതിയിലുണ്ടായ കേസ് യഥാർഥത്തിൽ വസ്തുതകൾ പൂർണമായി ബോധിപ്പിക്കുന്നതിൽ ബന്ധപ്പെട്ട കക്ഷികൾ പരാജയപ്പെട്ടു. അതല്ലെങ്കിൽ ഇത് മുസ്ലിം സമുദായത്തിന് മാത്രമുള്ള പദ്ധതിയാണെന്നും അതിൽനിന്ന് ഒരു പ്രത്യേക പരിഗണന നൽകി ഇതര വിഭാഗങ്ങൾക്ക് നൽകിയതാണെന്നും ബോധിപ്പിക്കുന്നതിന് പകരം മുസ്ലിം സമുദായത്തിന്‍റെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജനസംഖ്യ കണക്ക് സൂചിപ്പിച്ചുകൊണ്ട് ആ അനീതി മാത്രമാണ് കോടതി മുമ്പാകെ ശ്രദ്ധയിൽ വന്നത്.
ഈ അനീതി നീതീകരിക്കത്തക്കതല്ല എന്ന പരാമർശവും വിധിയും കോടതിയിൽനിന്നുണ്ടാകുകയും ചെയ്തു. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ കോടതിവിധി നടപ്പാക്കുന്നതിന് ശ്രമിച്ചത് ഉചിതമായ നടപടിയായില്ല. യഥാർഥത്തിൽ കോടതിയെ വസ്തുതകൾ ബോധിപ്പിച്ച് അത് പുനഃപരിശോധിക്കുവാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണ അനുപാതം അല്ല വിഷയം, സച്ചാർ കമ്മീഷൻ ശുപാർശ നടപ്പാക്കലാണ്. പിന്നോക്ക സമുദായ നേതാക്കളും വിശിഷ്യ മുസ്ലിം സമുദായ സംഘടനകളും വീണ്ടും വെട്ടിൽ വീഴരുത്. പിന്നോക്ക സമുദായങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യത്തിന് പരിഹാരം ഉണ്ടാവാൻ വിദ്യാഭ്യാസമേഖലയിൽ സംവരണം വേണമെന്ന് ജസ്റ്റിസ് നരേന്ദ്രൻ ശുപാർശ ചെയ്തതാണ്.
2006 ൽ ഈ ശുപാർശ നടപ്പാക്കിയ ഉമ്മൻചാണ്ടി സർക്കാർ പിന്നോക്കക്കാരെ പറ്റിച്ച് മുന്നോക്ക സമുദായങ്ങൾക്കു 10% സംവരണം നൽകി. ജനസംഖ്യയിൽ 27 ശതമാനം ഉള്ള മുസ്ലിംകൾക്ക് ഏഴ് ശതമാനം സംവരണവും സമാന ജനസംഖ്യയുള്ള ഈഴവർക്ക് എട്ട് ശതമാനവും അനുവദിച്ചപ്പോൾ ജനസംഖ്യയിൽ കഷ്ടിച്ച് 20 ശതമാനം മാത്രമുള്ള മുന്നാക്ക ജാതികൾക്ക് അനർഹമായി 10% കൊടുത്തു. എൻ.എസ്.എസിനെ പേടിച്ച് മുസ്ലിം സമുദായ നേതാക്കൾ അന്ന് നിശബ്ദത പാലിച്ചു. മറ്റു പിന്നോക്ക സമുദായ നേതാക്കൾ കണ്ടില്ലെന്ന് നടിച്ചു. ഉമ്മൻചാണ്ടി സർക്കാർ പിന്നോക്ക സമുദായങ്ങളുടെ അവകാശം മുന്നോക്കക്കാർക്ക് എടുത്ത് നൽകിയെങ്കിൽ പിണറായി സർക്കാർ മുസ്ലിം സമുദായങ്ങളുടെ അവകാശം എടുത്ത് മുന്നാക്ക ക്രൈസ്തവർക്ക് നൽകുന്നു. ഇവിടെ സി.പി.എം ക്രൈസ്തവരെ ഭയപ്പെടുന്നു. രണ്ടു സന്ദർഭത്തിലും നഷ്ടം പിന്നോക്ക സമുദായങ്ങൾക്ക്.
ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുവാനുള്ള നീക്കം സച്ചാർ കമീഷൻ റിപ്പോർട്ടിനോടും മുസ്ലിം സമുദായത്തോടും ചെയ്യുന്ന ദ്രോഹമാണ്. എന്നുമാത്രമല്ല, ഗവൺമെന്‍റിന്‍റെ ഈ നിലപാട് ദൂരവ്യാപകമായ ഇതര പ്രത്യാഘാതങ്ങൾക്കും ഇടയാക്കും.
ഉദാഹരണമായി, പട്ടിക വിഭാഗങ്ങൾക്കു വേണ്ടി മാതമുള്ള ഒരു മെഡിക്കൽ കോളജാണ് പാലക്കാടുള്ളത്. ഒരു പ്രത്യേക സാഹചര്യത്തിലും കേരളത്തിന്‍റെ സവിശേഷ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്തും ആകെ ലഭ്യമായ സീറ്റുകളിൽ 13 ശതമാനം പട്ടിക വിഭാഗങ്ങളല്ലാത്ത വിദ്യാർഥികൾക്ക് കൂടി അനുവദിച്ചിട്ടുണ്ട്. നാളെ ഒരു അപേക്ഷകൻ പട്ടിക വിഭാഗങ്ങൾ കേരളത്തിൽ 10 ശതമാനമേ ഉള്ളൂ എന്നും ഇതര സമുദായങ്ങൾ 80 ഉണ്ട് എന്നും അതിനാൽ ഈ തോത് ശരിയല്ല എന്ന് ആവശ്യപ്പെട്ട് ഒരു ഹരജി സമർപിക്കുകയും ആ വസ്തുതകൾ മാത്രം ബോധിപ്പിച്ചാൽ കോടതിയിൽനിന്ന് ഒരു വിധിയുമുണ്ടായാൽ ഈ സർക്കാർ ഒരുപക്ഷേ, പട്ടിക വിഭാഗക്കാരായ വിദ്യാർഥികൾക്കുവേണ്ടി മാത്രമുള്ള പാലക്കാട് മെഡിക്കൽ കോളജിലും ഇത്തരത്തിൽ ഇതര വിഭാഗങ്ങൾക്ക് വർധിച്ച തോതിൽ നൽകാനിടയാക്കും. സർക്കാറിന്‍റെ ഈ നീക്കം യഥാർഥത്തിൽ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അപ്പം പങ്കിട്ട കുരങ്ങന്‍റെ കഥ ഇനിയെങ്കിലും തിരിച്ചറിയുക പങ്കുവെക്കൽ പരാതിപ്പെട്ടപ്പോൾ എല്ലാം കുരങ്ങൻ കഴിച്ചു. ഇപ്പോൾ കുരങ്ങന്‍റെ സ്ഥാനം സർക്കാരിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.