മുഖ്യമന്ത്രിയും ധനമന്ത്രിയും എന്തിനാണ് കൂട്ടമണി അടിക്കുന്നത്?
text_fieldsഅഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ വരിഞ്ഞുകെട്ടാനിറക്കിയ പൊലീസ് നിയമഭേദഗതി മുഖ്യമന്ത്രി പിണറായി വിജയൻ പിൻവലിച്ചത് ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ സാർവദേശീയ ശ്രദ്ധപോലും നേടി. അത് നീറ്റിൽവരച്ച വരപോലെയാക്കുന്ന നടപടിയാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ പിണറായി സർക്കാറിനെ നയിക്കുന്ന ഇടതുമുന്നണി സംസ്ഥാനത്ത് കാഴ്ചവെച്ചത്.
ജനങ്ങളെ അണിനിരത്തി ഇന്ത്യൻഭരണഘടന പരസ്യമായി തെരുവിൽ ചവിട്ടിമെതിച്ചു, സി.എ.ജി (കംേട്രാളർ-ഓഡിറ്റർ ജനറൽ) എന്ന ഭരണഘടന സ്ഥാപനം കേന്ദ്ര അന്വേഷണ ഏജൻസികളുമായി ചേർന്ന് പിണറായി സർക്കാറിനെ ഉപരോധിക്കുന്നു, തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട്.
ഇത് ധനമന്ത്രി തോമസ് ഐസക് നടത്തിയ നിയമസഭയുടെ അവകാശലംഘനം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ഭരണഘടന അനുസരിച്ച് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനം മാത്രമല്ല, തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടികളുടെ അംഗീകാരം സംബന്ധിച്ച് ഇടക്കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നു എന്ന് സി.പി.എം പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർത്ത പ്രതിജ്ഞയുടെ ലംഘനം കൂടിയാണ്.
കേരളത്തിെൻറ വികസനപദ്ധതികളുടെ പ്രവർത്തനം പരിശോധിക്കേണ്ടത് കേന്ദ്ര അന്വേഷണ ഏജൻസികളല്ല, ഭരണഘടനാ സ്ഥാപനമായ സി.എ.ജി ആണെന്ന ശരിയായ നിലപാട് മുഖ്യമന്ത്രിതന്നെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിതന്നെയാണ് ധനമന്ത്രി ഐസക്കിെൻറ ചുമലിലിരുന്ന് സി.എ.ജിക്കെതിരെ രാഷ്ട്രീയ യുദ്ധപ്രഖ്യാപനം നടത്തുന്നത്. നവംബർ 16നാണ് കേന്ദ്ര ഏജൻസികൾ സർക്കാറിനെ അട്ടിമറിക്കാൻ നീങ്ങുന്നു എന്നാരോപിച്ച്, 25 ലക്ഷം എൽ.ഡി.എഫ് പ്രവർത്തകരെ ഇടതുമുന്നണിയെ പ്രതിരോധിക്കാനിറക്കിയത്.
അതിെൻറ എട്ടാം നാൾ 'കേരളത്തെ രക്ഷിക്കാൻ' മറ്റൊരു പ്രതിരോധസമരം. സി.എ.ജിയെ വെല്ലുവിളിക്കാൻ 'രാഷ്ട്രീയ യജമാന'നുവേണ്ടി സി.എ.ജി എന്ന വേട്ടപ്പട്ടിയെ തുടലഴിച്ചുവിട്ടിരിക്കുകയാണെന്ന മുദ്രാവാക്യങ്ങൾ ധനമന്ത്രി ഐസക്കാണ് ഈ പ്രതിേരാധത്തിന് എറിഞ്ഞുകൊടുത്തത്. തെൻറ വകുപ്പിൽ സി.എ.ജി എത്തിച്ച മുഖ്യമന്ത്രി, ഗവർണർ എന്നിവരിലൂടെ നിയമസഭയുടെ മേശപ്പുറത്തുവെച്ച് അംഗങ്ങൾക്ക് ലഭ്യമാക്കേണ്ടിയിരുന്ന, സി.എ.ജി റിപ്പോർട്ടിെൻറ രഹസ്യ ഉള്ളടക്കം പുറത്തുവിട്ടതും ധനമന്ത്രിതന്നെ. അവകാശലംഘനമോ, സഭയിൽ നോക്കിക്കോളാം എന്ന ഔദ്ധത്യത്തോടെ.
ഇടതുഗവൺമെൻറിനെയും സംസ്ഥാനത്തെ വികസനത്തെയും തകർക്കാനുള്ള നീക്കമാണ് സി.എ.ജിയുടേതെങ്കിൽ, ഭരണഘടനാപരമായി സഭ വിളിച്ചുചേർത്ത് ആ രാഷ്ട്രീയ ഗൂഢാലോചന തുറന്നുകാട്ടാമായിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട ഹൈകോടതിയിലെ കേസിൽ ശരിയായ നിലപാടെടുത്ത് കേരളത്തിനെതിരായ നീക്കം പരാജയപ്പെടുത്താമായിരുന്നു. എന്നാൽ സി.എ.ജിയെ ആക്രമിച്ച് രാഷ്ട്രീയ കൊള്ള നടത്തുകയാണ് ധനമന്ത്രി ചെയ്തത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ വികാരങ്ങൾ ചൂഷണം ചെയ്തും സി.എ.ജിയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ കെട്ടിത്തൂക്കി വോട്ടെടുപ്പിന് ആയുധമാക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സ്വർണക്കടത്തു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളിലേക്കുകൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈ നീളാൻ തുടങ്ങി. കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് കടത്ത് കേസുകളിൽ സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതും ഈ സമയത്താണ്. സെക്രട്ടറിയുടെ വീട് െറയ്ഡ് ചെയ്യുന്നതിലേക്കും കണ്ടുകെട്ടുന്നതിലേക്കും കാര്യങ്ങളെത്തി. അന്വേഷണ ഏജൻസികളുടെ കൈയിൽ എന്തൊക്കെ രേഖകളുണ്ടെന്നറിയാതെ പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ പറയേണ്ടിവന്നു. സി.പി.എമ്മിനെയും ഇടതുമുന്നണിയെ ആകെയും തനിക്ക് സുരക്ഷാവലയം തീർക്കാൻ മുഖ്യമന്ത്രി ഒരുക്കിയത് പിന്നീടാണ്.
കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് അവർക്കെതിരെ ഇടതുമുന്നണി പ്രവർത്തകരെ പിറകെ അണിനിരത്തി. മുഖ്യമന്ത്രിയും സി.പി.എമ്മും ചരിത്രത്തിലില്ലാത്തവിധം ദേശവിരുദ്ധ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട് ജനങ്ങളുടെ അവിശ്വാസത്തിന് പാത്രമായി. ഈ ഘട്ടത്തിലാണ് കഴിഞ്ഞ വർഷത്തെ 2018-2019ലെ കേരളത്തിെൻറ വാർഷിക ഓഡിറ്റ് റിപ്പോർട്ട് സി.എ.ജി ധനമന്ത്രിയുടെ ഓഫിസിൽ എത്തിക്കുന്നത്. സംസ്ഥാന സർക്കാറിെൻറ സൃഷ്ടിയായ 'കിഫ്ബി'യിലൂടെ മസാലബോണ്ട് ഇറക്കിയതും വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതും അതിൽ ചോദ്യം ചെയ്തിരുന്നു. കേന്ദ്രസർക്കാറിനും ചില കേന്ദ്ര പൊതുമേഖല സംവിധാനങ്ങൾക്കും മാത്രം അനുവാദമുള്ള ഈ വ്യവസ്ഥ സംസ്ഥാന സർക്കാർ രൂപവത്കരിച്ച കോർപറേറ്റ് സ്ഥാപനമായ 'കിഫ്ബി'ക്ക് ലഭ്യമാക്കിയതിെൻറ കാര്യത്തിൽ സി.എ.ജി വിശദീകരണം തേടി. ധനമന്ത്രി ഐസക്കിെൻറ വെളിപ്പെടുത്തലിൽനിന്ന് അതാണ് മനസ്സിലാവുന്നത്.
ധനമന്ത്രിയുടെ ലേഖനങ്ങളും അഭിമുഖങ്ങളും വ്യക്തമാക്കുന്നത് മറ്റൊന്നാണ്. മുഖ്യമന്ത്രിയെ കിഫ്ബിയിൽ നോക്കുകുത്തിയായി ഇരുത്തുകയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിപ്പിച്ച് പ്രസാദിപ്പിക്കുകയും ചെയ്തു. എന്നാൽ ആ മസാലാ ബോണ്ട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും തനിക്കും മറ്റൊരു ലാവലിൻ കേസായി മാറാൻ പോകുന്നു. ഒരു സ്വകാര്യബാങ്ക് മുഖേന റിസർവ് ബാങ്കിൽനിന്ന് എൻ.ഒ.സി സംഘടിപ്പിച്ചത്, കിഫ്ബിയെ കോർപറേറ്റ് സ്ഥാപനമാക്കി ധനസമാഹരണ ഉപകരണമാക്കിയത് -ഇതെല്ലാം സി.ഐ.ജിയുടെ ആഴത്തിലുള്ള പരിശോധനകൾക്ക് വിധേയമാണ്. 2017-2018 ഓഡിറ്റ് റിപ്പോർട്ടിൽതന്നെ സി.എ.ജി ഈ കാര്യം സൂചിപ്പിച്ചിരുന്നു. അതിെൻറ തുടർച്ചമാത്രമാണ് ഡൽഹിയിൽനിന്ന് കൂട്ടിച്ചേർത്ത നാലുപേജ് റിപ്പോർട്ട് എന്നുകൂടി വ്യക്തമാണ്.
മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകളിലെ വൈരുധ്യവും സംശയകരമാണ്. സംഘ്പരിവാറും കോൺഗ്രസും സി.എ.ജിയും ചേർന്ന ഗൂഢാലോചനയെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഐസക്കും പാർട്ടിവക്താക്കളും അടിച്ചുകയറ്റാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാകട്ടെ, പ്രധാനമന്ത്രിയെയോ സംഘ്പരിവാറിനെയോ കുറ്റപ്പെടുത്താൻ തയാറായിട്ടില്ല. മസാലബോണ്ടിന് 9.77 ശതമാനം പലിശ നൽകുന്നു. അത് അതിലും കുറഞ്ഞ പലിശക്ക് സ്വകാര്യ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കുന്നു. അങ്ങനെ നിക്ഷേപിച്ച ഒരു സ്വകാര്യബാങ്ക് പ്രതിസന്ധിയിൽ തകരുമെന്നായപ്പോൾ നിക്ഷേപം പിൻവലിക്കുന്നു. ഇതെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പുതിയ അന്വേഷണ വഴികൾ തുറന്നുകൊടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഈയിടെ സംസ്ഥാന ഇൻറലിജൻസ് സമർപ്പിച്ച ഒരു റിപ്പോർട്ടിലെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദങ്ങൾ പൊളിക്കുന്നതാണ്. തിരുവനന്തപുരത്തെ ഒരു വ്യവസായിയുടെ ഫ്ലാറ്റിൽ രാത്രി സമ്മേളിക്കാറുള്ള മുതിർന്ന ഐ.എ.എസ് ഓഫിസർമാരാണ് സ്വർണക്കടത്തു വിവരങ്ങൾ ആദ്യമായി ചോർത്തിയത്. ആ സംഗമത്തിൽ പങ്കെടുക്കാറുള്ള ഒരു കേന്ദ്ര ഇൻറലിജൻസ് ഉദ്യോഗസ്ഥനാണ് വിവരം കേന്ദ്രത്തിനും കസ്റ്റംസിനും കൈമാറിയത്. ലൈഫ് മിഷൻ പദ്ധതിയിൽ കോഴകൊടുത്ത വിവരം ചാനലിൽ വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. സ്ഥിരീകരിച്ചത് ധനമന്ത്രി ഐസക്കും.
ചുരുക്കത്തിൽ, അധോലോക ക്രിമിനലുകളും രാജ്യദ്രോഹശക്തികളും മറ്റും ഉൾപ്പെട്ട വലിയൊരു സംഘമാണ് സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഈ സംഘത്തിെൻറ ഭാഗമായി പ്രവർത്തിച്ചെന്നാണ് വെളിപ്പെടുന്നത്. ജനങ്ങൾ അന്വേഷണങ്ങളെ പ്രതിരോധിക്കണമെന്ന് പറയുന്നത് തെറ്റാണ്. സംസ്ഥാന ഗവൺമെൻറിനെയും അതിെൻറ വിശ്വാസ്യതയെയും വിഴുങ്ങിയ രാജ്യദ്രോഹികൾ പിടികൂടപ്പെടണം. അവരുടെ രാഷ്ട്രീയം എന്തുതന്നെയായാലും സർക്കാറിെൻറ വിശ്വാസ്യത വീണ്ടെടുക്കാൻ അതുകൂടിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.