കോമ്രേഡ് ദ ക്യാപ്റ്റൻ
text_fieldsകേരളം വീണ്ടും ചുവപ്പണിഞ്ഞതിെൻറ കാരണം തിരയുന്നവർ പിണറായി വിജയെൻറ ജീവിതം അറിയണം. കാർക്കശ്യവും കണിശതയും മുഖമുദ്രയായ 'പിണറായി ശൈലി' പഠിക്കണം. ലക്ഷ്യം നിശ്ചയിച്ചുറപ്പിച്ച് രണ്ടും കൽപിച്ചിറങ്ങും. മുന്നോട്ടുവെച്ച കാൽ പിന്നോട്ടില്ല. എതിരാളിയോട് വിട്ടുവീഴ്ചയില്ല. അത് പാർട്ടിക്ക് പുറത്തായാലും അകത്തായാലും. ആ കരളുറപ്പാണ് പിണറായിയിലെ ചെത്തുതൊഴിലാളിയുടെ മകൻ വിജയനെ കമ്യൂണിസ്റ്റ് ഭരണത്തുടർച്ചയെ നയിക്കുന്ന മുഖ്യമന്ത്രി എന്ന ചരിത്രപുരുഷനായി വളർത്തിയത്. മുണ്ടയിൽ കോരെൻറയും കല്യാണിയുടെയും ഇളയ മകനായി 1944 മേയ് 24നായിരുന്നു ജനനം. ഇവരുടെ 14 മക്കളിൽ 11ഉം ശൈശവത്തിൽതന്നെ മരിച്ചു. ഓലമേഞ്ഞ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും കഴിച്ച് വളർന്ന ബാല്യം. കമ്യൂണിസ്റ്റ് പാർട്ടിയുടെ തീപ്പൊരി മലബാറിൽ പടർന്ന കാലത്തായിരുന്നു അത്. പാർട്ടി പിറന്ന ഗ്രാമത്തിൽ ജ്യേഷ്ഠനായ കുമാരനെയും നാണുവിനെയും പോലെ വിജയനും കമ്യൂണിസ്റ്റ് അനുഭാവിയായി.
ശാരദവിലാസം പ്രൈമറി സ്കൂൾ, പെരളശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. എസ്.എസ്.എൽ.സി കഴിഞ്ഞ് പഠനം വഴിമുട്ടി. വീട്ടിലെ സാമ്പത്തിക ചുറ്റുപാട് തന്നെ കാരണം. ശേഷം ബീഡിതെറുപ്പും നെയ്ത്ത് ജോലിയുമൊക്കെയായി ഒരു വർഷം. വിജയനെന്ന മിടുക്കനായ വിദ്യാർഥിയെ അറിയാവുന്ന അധ്യാപകരുടെ ഉപദേശത്തിൽ ധർമടം ബ്രണ്ണൻ കോളജിൽ ചേർന്നു. പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരൻ പിറവിയെടുക്കുന്നത് ഇൗ കാമ്പസിൽനിന്നാണ്. തേൻറടവും നേതൃഗുണവും കാമ്പസിലേ തിരിച്ചറിഞ്ഞു. കടത്തുകൂലി വർധനക്കെതിരായ വിദ്യാർഥി സമരം നയിച്ച് എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിെൻറ ജില്ലാ നേതൃനിരയിലെത്തി.
1968ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ല പ്ലീനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമായി. 1986ൽ ജില്ല സെക്രട്ടറി. 88ൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം. 98 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി. 98ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1970ൽ 26ാമത്തെ വയസ്സിൽ കൂത്തുപറമ്പിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. എം.എൽ.എയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് തടവിലായി. കൊടിയ പൊലീസ് മർദനത്തിനുമിരയായി. ചോരപുരണ്ട ഷർട്ടുമായി നിയമസഭയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം രാഷ്ട്രീയ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.
77ൽ കൂത്തുപറമ്പിൽനിന്ന് വീണ്ടും ജയം. 1979 സെപ്റ്റംബര്‍ രണ്ടിന് വിവാഹം. ഒഞ്ചിയം സമരസഖാവ് തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി. കമലയുമായുള്ള വിവാഹം നടത്തിയതും പാർട്ടിതന്നെ. രക്തഹാരമണിഞ്ഞുള്ള പാർട്ടി കല്യാണത്തിെൻറ മുഖ്യ പരികർമി ഇ.കെ. നായനാരായിരുന്നു.
1991ല്‍ കൂത്തുപറമ്പിൽനിന്നും 96ല്‍ പയ്യന്നൂരില്‍നിന്നും എം.എല്‍.എയായി. 96ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി ആയതോടെയാണ് പിണറായി വിജയെൻറ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാംഘട്ടം തുടങ്ങുന്നത്. മികച്ച മന്ത്രിയെന്ന ഖ്യാതി നേടിയ പിണറായി 1998ല്‍ ചടയന്‍ ഗോവിന്ദെൻറ നിര്യാണത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായി.
പിണറായി വിജയൻ പാർട്ടിയെ നയിച്ച 15 വർഷത്തിലേറെ നീണ്ട കാലം സി.പി.എമ്മിലെ ഏറ്റവും വലിയ വിഭാഗീയതയുടേതുകൂടിയായിരുന്നു. വി.എസ്. അച്യുതാനന്ദൻ-പിണറായി പോര് ഇരുവരും പോളിറ്റ് ബ്യുറോയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നതുവരെയെത്തി. വി.എസിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതും ജനകീയ പിന്തുണയോടെ വി.എസ് അത് നേടി മുഖ്യമന്ത്രിയായതും സമീപകാല ചരിത്രം. ഒടുവിൽ പാർട്ടി പിണറായിയുടെ ൈകപ്പിടിയിലായ 2016ൽ മുഖ്യമന്ത്രിപദത്തിലേക്ക് മറ്റൊരു പേര് സി.പി.എമ്മിന് മുന്നിലുണ്ടായിരുന്നില്ല.
ഇക്കുറി മുതിർന്ന മന്ത്രിമാരെയെല്ലാം മാറ്റിനിർത്തി ഒറ്റക്ക് പടനയിച്ച് മിന്നും വിജയം നേടിയ പിണറായി വിജയൻ ഇന്ന് ഇടതുപക്ഷത്തിെൻറ ഒരേയൊരു നായകനാണ്. വിവേക്, വീണ എന്നിങ്ങനെ രണ്ടുമക്കൾ. വിവേക് ദുബൈയിൽ സ്വകാര്യ ബാങ്കിൽ ജോലിചെയ്യുന്നു. വീണ ബംഗളൂരു കേന്ദ്രീകരിച്ച് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.