ആയുർവേദത്തിലെ ശാസ്ത്രജ്ഞൻ
text_fieldsഓരോ രോഗിയുടെയും അവസ്ഥക്കനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നതിലാണ് വൈദ്യെൻറ മിടുക്ക്. കൈപ്പുണ്യം, സിദ്ധി എന്നൊക്കെ പറയുമിതിനെ. വൈദ്യെൻറ സിദ്ധി കുട്ടിമ്മാനില് (ഡോ. പി.െക. വാര്യർ) പൂര്‍ണമായിരുന്നു. ശാസ്ത്രത്തിലുള്ള അദ്ദേഹത്തിെൻറ ധ്യാനവും പൂര്‍ണമാണ്. ആയുര്‍വേദത്തിെൻറ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഒന്നായ അഷ്ടാംഗഹൃദയം കുട്ടിമ്മാന് ദിവസവും രാവിലെ കുറച്ചുനേരം വായിക്കുകയും അതുവഴി, വൈദ്യവൃത്തിയിലെ ജ്ഞാനം പുതുക്കുകയും ചെയ്തുപോന്നു.
ആര്യവൈദ്യശാലയുടെ മദ്രാസ് ശാഖയില്‍ മാനേജരും ഫിസിഷ്യനുമായിരുന്ന ഞാന്‍ 1995ല്‍ തിരിച്ചുവന്നാണ് ആര്യവൈദ്യശാല നഴ്സിങ് ഹോമില്‍ ജോലിയില്‍ പ്രവേശിച്ചത്. ദിവസവും രാവിലെ ചീഫ് ഫിസിഷ്യനായ കുട്ടിമ്മാനും കൂടെ ഞങ്ങള്‍ രണ്ട്, മൂന്ന് ഡോക്ടര്‍മാരുമുണ്ടാകും. എല്ലാ മുറികളിലെയും രോഗികളെ കണ്ട് വിവരങ്ങൾ അന്വേഷിക്കും. ആവശ്യമെന്ന് കണ്ടാല്‍ മരുന്നുകളില്‍ മാറ്റം നിർദേശിക്കും. ഇത്തരം റൗണ്ട്സിനിടെ കുട്ടിമ്മാന് ധാരാളം ശാസ്ത്രകാര്യങ്ങള്‍ പറയും. ശാസ്ത്രഭാഗങ്ങള്‍ ഉദ്ധരിക്കും. അവയെ ചികിത്സയുമായി കൂട്ടിയിണക്കുന്ന ആയുര്‍വേദത്തിെൻറ മികവ് ഞങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് അതിലൂടെ ചെയ്യുന്നത്.
ഒരിക്കൽ നഴ്സിങ് ഹോമില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് രാവിലെ റൗണ്ട്സിന് ചെന്നപ്പോള്‍ അവര്‍ക്ക് പതിവില്‍കൂടുതല്‍ തവണ മലശോധന. എന്നിട്ടും ശോധനക്കുള്ള മരുന്നാണ് കുട്ടിമ്മാന് നിർദേശിച്ചത്. അദ്ദേഹം പറഞ്ഞു: ''തദർഥകാരി ചികിത്സ''- ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നത് എന്താണോ അത് ചെയ്യുക. (ഛർദികൊണ്ട് വിഷമിക്കുന്ന രോഗിയെ ഛർദിപ്പിക്കുന്നതിനുള്ള ഔഷധം നല്‍കുന്നതും അധികമായ ശോധന അനുഭവപ്പെടുന്ന രോഗിക്ക് വിരേചനം ചെയ്യുന്നതിനുമുള്ള ഔഷധം നല്‍കുന്നതുമായ ചികിത്സയാണ് ''തദർഥകാരി ചികിത്സ''-അടിയുറച്ച ശാസ്ത്രജ്ഞാനമുള്ള വൈദ്യനുമാത്രമേ ഇൗ ചികിത്സ തോന്നുകയുള്ളൂ) രോഗി മരുന്ന് കഴിച്ചു. ഒന്നുരണ്ടുതവണ മലശോധന ചെയ്തു. അവരുടെ അസുഖം വളരെ ഭേദമായി.
(കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ആൻഡ് ട്രസ്റ്റിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.