ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദുരവസ്ഥ
text_fieldsനമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതം എത്തിനിൽക്കുന്ന പരിതാപാവസ്ഥ നമുക്കേവർക്കും ബോധ്യമുണ്ട്. നാം ചിരകാലമായി താലോലിച്ചുവന്നിരുന്ന മൂല്യങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു. മതനിരപേക്ഷതക്ക് അനുദിനം ഏൽക്കുന്ന പരിക്കുകൾക്ക് കാലം സാക്ഷി. ജനാധിപത്യ സ്ഥാപനങ്ങളും മൂല്യത്തകർച്ചയുടെ കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വരുംദിനങ്ങൾ പുതിയ സംഘർഷങ്ങളുമായി നമ്മുടെ മുന്നിലെത്തും. അതിനെ ഫലപ്രദമായി അഭിമുഖീകരിക്കാൻ മാനുഷിക മൂല്യങ്ങളോടും സാമൂഹികനീതിയോടും പ്രതിബദ്ധതയുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറയെ ഒരുക്കേണ്ടതുണ്ട്. മനുഷ്യവിഭവ വികസനമാണ് ഇവിടെ ആവശ്യം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. പേക്ഷ, നാം എവിടെ എത്തിനിൽക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ആ തിരിച്ചറിവ് നമ്മെ കൂട്ടായ ശ്രമങ്ങളിലേക്ക് ചെന്നെത്തിക്കും. വരുംതലമുറയോട് നമുക്ക് നീതിപുലർത്തേണ്ടതുണ്ട്.
ലോകത്ത് ഉണ്ടായിരിക്കുന്ന വൈജ്ഞാനിക വളർച്ചക്കൊപ്പം പറക്കാൻ നമ്മുടെ വളരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്- നിർഭാഗ്യകരം എന്നു പറയട്ടെ, ഇക്കാര്യത്തിൽ നാം വളരെ പിന്നിലാണ്. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും എണ്ണപ്പെടുന്ന കോളജുകളും സർവകലാശാലകളും നമുക്കില്ല. സർവകലാശാലകൾ അക്കാദമിക് ജീർണതയുടെയും അരാജകത്വത്തിെൻറയും പ്രതീകമായി മാറിക്കൊണ്ടിരിക്കുന്നു. യാന്ത്രികരീതിയിൽ ബിരുദം ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ജഡത്വത്തിലും ആലസ്യത്തിലും അവസാനിക്കുന്ന സമീപനമാണ് പുലർത്തിപ്പോരുന്നത്. സാമൂഹിക പരിവർത്തനത്തിനുള്ള ശക്തമായ ഉപകരണം എന്ന നിലയിൽ വിദ്യാഭ്യാസ സങ്കൽപം ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇന്ന് മിഥ്യയായി മാറിയിരിക്കുന്നു.
നമ്മുടെ സർവകലാശാല സംവിധാനം ആദ്യത്തെ മൂന്ന് സർവകലാശാല ഭരണസംവിധാനങ്ങളായ കൊൽക്കത്ത, മദ്രാസ്, ബോംബെ എന്നിവയുടെ പഴഞ്ചൻ രീതിതന്നെയാണ് തുടർന്നുവരുന്നത്. അത്തരം അവസ്ഥ സർവകലാശാലകളിൽ ഉണ്ടായിക്കൂടാ. ഉന്നത വിദ്യാഭ്യാസം ഭരണകൂടത്തിെൻറ കൈകളിൽ മുറുക്കിപ്പിടിച്ചുവെക്കാനായിരുന്നല്ലോ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിെൻറ താൽപര്യം. കൊൽക്കത്ത സർവകലാശാലയുടെ രണ്ടാമത് വൈസ് ചാൻസലറായിരുന്ന 'ബംഗാൾ ടൈഗർ' അശുതോഷ് മുഖർജി ഭരണാധികാരികളുടെ ഇംഗിതത്തിന് വഴങ്ങാൻ തയാറായിരുന്നില്ല. അങ്ങനെയുള്ള കടുവകളെ പൂട്ടുന്നതിനാണ് നോമിനേറ്റഡ് സിൻഡിക്കേറ്റ് കൊണ്ടുവന്നത്. അതൊക്കെയാണ് ഇപ്പോഴും തുടരുന്നത്.
സർവകലാശാലകളിലെ ഭരണസംവിധാനം പൂർണമായും അഴിച്ചുപണിയണം. ഉന്നത വിദ്യാഭ്യാസം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് അറിയാത്ത മൂന്നാംകിട രാഷ്ട്രീയക്കാരെയല്ല സിൻഡിക്കേറ്റിലും സെനറ്റിലും കൊണ്ടുവരേണ്ടത്. യൂനിവേഴ്സിറ്റിയിലെ അധ്യാപകരെയും ജീവനക്കാരെയും തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡവും സമൂലമായി മാറണം. രാഷ്ട്രീയക്കാരുടെയും അവരുടെ ഭാര്യമാരുടെയും അഭയകേന്ദ്രമാവരുത് യൂനിവേഴ്്സിറ്റികൾ. അഞ്ചുവർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ യൂനിവേഴ്സിറ്റി ഭരണസമിതിയിലും അധ്യാപകരിലും ജീവനക്കാരിലും സി.പി.എമ്മുകാർ മാത്രമായിരിക്കും ഉണ്ടാവുക. വിമർശനങ്ങളോ വിയോജനങ്ങളോ ഉണ്ടാവില്ല.
ഇതിലെ പ്രധാനപ്പെട്ട ന്യൂനത വൈവിധ്യമാർന്ന ചിന്താധാരകൾ കാമ്പസുകളിൽ കടന്നുവരുന്നതിനെ തടയുമെന്നതാണ്. കേരളത്തിലെ സർവകലാശാലകളിലും കാമ്പസുകളിലും ഇടതുപക്ഷ സംസ്കാരത്തിനുപോലും ഇപ്പോൾ ഇടം അനുവദിക്കാറില്ല. സി.പി.എമ്മിെൻറ സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇപ്പോൾ അവിടെ പ്രവേശനമുള്ളൂ. ബംഗാളിൽ ഇടതുപക്ഷം അടക്കിഭരിച്ച കാലത്തുപോലും കാമ്പസുകളിൽ സ്വതന്ത്രമായ അക്കാദമിക് സംസ്കാരം ഉണ്ടായിരുന്നു. നൊേബൽ സമ്മാനം നേടിയ അമർത്യ സെന്നും അഭിജിത്ത് ബാനർജിയും ബംഗാൾ സർവകലാശാലകളിൽ നിന്ന് പുറത്തുവന്നവരാണ്. അവിടെ ഇടതുഭരണത്തിന് ഏറ്റവും കൂടുതൽ തിരുത്തലുകൾ ഉണ്ടായത് കാമ്പസുകളിൽനിന്നാണ്. വൈസ് ചാൻസലർ നിയമനങ്ങളിലും അധ്യാപകരെ തിരഞ്ഞെടുക്കുന്നതിലും സുതാര്യത നിർബന്ധമാണ്.
യൂനിവേഴ്സിറ്റികളെ സ്വാശ്രയസ്ഥാപനങ്ങളായി മാറ്റാനുള്ള നിർദേശങ്ങളാണ് മുന്നോട്ടുവെക്കപ്പെടുന്നത്. ഉദാരീകരണത്തെ എതിർക്കുമ്പോൾ മറുവശത്തുകൂടി അത് ഒളിച്ചുകടത്തുകയും ചെയ്യുന്നു. ഗവേഷണങ്ങൾക്കുള്ള ഫണ്ടിങ് വെട്ടിക്കുറക്കുന്നു.
നിലവിലുള്ള കോഴ്സുകൾ എംപ്ലോയബ്ൾ ആക്കുന്ന രീതിയിൽ പരിഷ്കരണം ആവശ്യമാണ്. ഭരണനേതൃത്വത്തോട് ഒന്നും മറിച്ചുപറയാൻ സാധിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ ഇത് എങ്ങനെ സാധ്യമാകും?
(മുൻമന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.