എന്തു പരീക്ഷിക്കാനാണ് പ്ലസ് വൺ പരീക്ഷ?
text_fieldsസെപ്റ്റംബറിൽ കേരളത്തിൽ പ്ലസ് വൺ പരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് അതിവ്യാപനത്തിെൻറ ഘട്ടത്തിലും നടക്കാൻപോകുന്ന മറ്റൊരു പരീക്ഷ എന്നതിലപ്പുറം ചില മാനങ്ങൾ ഇതിനുണ്ട്. വളരെ വലിയ ഒരു അക്കാദമികദുരന്തത്തെ മറച്ചുവെക്കാനുള്ള ഉപാധിയായി ഈ പരീക്ഷ മാറുമെന്നതാണത്.
സെപ്റ്റംബറിൽ പരീക്ഷയെഴുതാൻ പോകുന്ന ഈ വിദ്യാർഥികൾ കോവിഡ് ഒന്നാം തരംഗത്തിെൻറ ഘട്ടത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിക്കൊണ്ടിരുന്നവരാണ്. ആദ്യഘട്ട ലോക്ഡൗണിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷകൾ പൂർത്തീകരിച്ച് ഫലം പ്രഖ്യാപിക്കുകയും തുടർന്ന് ഇവർ പ്ലസ് വൺ അഡ്മിഷനെടുക്കുകയും ചെയ്തു. ഇപ്പോൾ സാങ്കേതികാർഥത്തിൽ ഇവർ പ്ലസ് ടു വിദ്യാർഥികൾ.അതായത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരുഘട്ടത്തിൽ, പഠിക്കുന്ന സ്കൂളോ അധ്യാപകരെയോ സഹപാഠികളെയോ കാണാനാകാതെ കഴിഞ്ഞുകൂടിയവർ. സെപ്റ്റംബറിലെ പ്ലസ് വൺ പരീക്ഷക്കുശേഷം അഞ്ചോ ആറോ മാസത്തിനകം പ്ലസ് ടു പരീക്ഷ കൂടി നടക്കും.
അതോടെ പൂർണമായും ഓൺലൈനിൽതന്നെ ഇവർക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടിവന്നേക്കാം. അസാധാരണമായ പ്രതിസന്ധിഘട്ടത്തിലുണ്ടാകുന്ന നഷ്ടമെന്നുവേണമെങ്കിൽ പറയാം. എന്നാൽ, ഇവർ ഇന്ന് നേരിടുന്ന അക്കാദമികമായ നഷ്ടവും മാനസികസമ്മർദവും ആരോഗ്യപ്രശ്നങ്ങളും കോവിഡ് സാഹചര്യം കൊണ്ടുമാത്രം സംഭവിച്ചതല്ല. ആകെ നാൽപത്തിയാറോളം സബ്ജക്ട് കോമ്പിനേഷനുകളാണ് ഹയർസെക്കൻഡറിയിലുള്ളത്. അവയിൽ ഇരുപത്തിയഞ്ചോളം കോമ്പിനേഷനുകൾക്ക് മാത്രമാണ് വിക്ടേഴ്സിലൂടെ ക്ലാസ് നടന്നത്. ഈ ക്ലാസുകൾതന്നെ ആരംഭിച്ചത് നവംബറിലാണ്. 2021 ജൂലൈയിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ ഒരു വിദ്യാർഥി സംഘടന നടത്തിയ റാൻഡം സാമ്പിൾ സർവേയിൽ 76.5 ശതമാനം വിദ്യാർഥികൾ വിക്ടേഴ്സിലൂടെ പാഠഭാഗങ്ങൾ പഠിപ്പിച്ചുവെന്ന് പറയുമ്പോഴും 77.3 ശതമാനം വിദ്യാർഥികൾക്ക് ഏകപക്ഷീയമായ ഈ ക്ലാസുകൾ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നു പറയുന്നു.
പാഠഭാഗങ്ങൾ കൈകാര്യംചെയ്യുന്ന മറ്റൊരുപാധി സ്കൂളിൽനിന്ന് ഗൂഗിൾ മീറ്റിലൂടെയോ സമാനമായ ആപ്ലിക്കേഷനുകളിലൂടെയോ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളാണ്. ഈ സർവേപ്രകാരം 14.2 ശതമാനം വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ പൂർണമായും ലഭിച്ചത്. 47.8 ശതമാനത്തിന് ഇത്തരം ക്ലാസുകൾ ലഭിച്ചിട്ടില്ല. 38 ശതമാനത്തിന് ഭാഗികമായാണ് ഓൺലൈൻ ക്ലാസുകൾ ലഭിച്ചത്. 35.72 ശതമാനം വിദ്യാർഥികൾക്ക് പ്ലസ് വൺ പാഠപുസ്തകങ്ങൾ ലഭിച്ചിട്ടേയില്ല. 31.52 ശതമാനത്തിന് ഭാഗികമായി മാത്രമാണ് പാഠപുസ്തകങ്ങൾ ലഭിച്ചത്. 15.5 ശതമാനത്തിന് എല്ലാ വിഷയങ്ങളുടെയും ഓൺലൈൻ ക്ലാസുകൾ കൈകാര്യംചെയ്യാൻ അധ്യാപകരുണ്ടായിരുന്നില്ല. ഇതുകൂടാതെ, 80.2 ശതമാനം വിദ്യാർഥികൾക്കും നെറ്റ്വർക് പ്രശ്നംമൂലം ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നു.
ഇൻറർനെറ്റ് ലഭ്യതയും സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയ ഉപകരണങ്ങളുമടക്കം ഓൺലൈൻ ക്ലാസുകൾ ലഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാർഥികളാണ് ഈ പ്രശ്നങ്ങൾ നേരിടുന്നത്. ഇതൊന്നുമില്ലാത്ത കുട്ടികളുടെ പ്രശ്നങ്ങൾ ഇതിലും പരിതാപകരമാണ്. പരീക്ഷ പ്രഖ്യാപിക്കപ്പെട്ടതോടെ ദിവസത്തിൽ പകുതിസമയം പ്ലസ് വൺ ക്ലാസുകളും പകുതിസമയം പ്ലസ് ടു ക്ലാസുകളുമായാണ് ഇപ്പോൾ അധ്യയനം നടക്കുന്നത്. ഒരു സാധാരണ അധ്യയന സാഹചര്യത്തിൽപോലും ഇവ്വിധത്തിൽ പഠിക്കുകയെന്നത് അപ്രായോഗികമാണ്.
എങ്ങനെയും പാഠഭാഗങ്ങൾ തീർക്കാനുള്ള ഈ ശ്രമത്തിെൻറ ഭാഗമായി ദിവസം ശരാശരി അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾക്കായി ചെലവഴിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും സ്മാർട്ട് ഫോണിെൻറ ചെറിയ സ്ക്രീനിലാണ് ഈ ക്ലാസുകൾ കാണുന്നത്. ഇതുമൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി വിദ്യാർഥികൾ പറയുന്നു. ഇത്രത്തോളം അധ്വാനിച്ചിട്ടും ഒന്നും പഠിക്കാനോ മനസ്സിലാക്കോനോ സാധിക്കുന്നില്ലയെന്നതാണ് വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇതുമൂലം അവർ നേരിടുന്ന മാനസികസമ്മർദം ഒരുതലത്തിലും പരിഗണന വിഷയമാകുന്നില്ല.
അക്കാദമികമായി പത്താം തരവും ഹയർസെക്കൻഡറിയും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. കൂടുതൽ ആഴത്തിലും പരപ്പിലുമുള്ള സിലബസാണ് ഹയർസെക്കൻഡറിക്കുള്ളത്.പത്താം ക്ലാസിൽ ശരാശരിക്കും മുകളിൽ മാർക്ക് വാങ്ങിവരുന്ന വിദ്യാർഥികൾക്കുപോലും സാധാരണഗതിയിൽ ഹയർസെക്കൻഡറി സിലബസുമായി ഒത്തുപോകാൻ നല്ല പരിശ്രമം ആവശ്യമാണ്. അതായത് അക്കാദമികവും മാനസികവുമായി പ്ലസ് വൺ ഒരു പരിവർത്തന ഘട്ടമാണ്. ഉന്നത വിദ്യാഭ്യാസത്തിെൻറ ചവിട്ടുപടിയിലെ ആദ്യത്തെ കാൽവെപ്പാണ്.
അധ്യാപകരുടെ ആത്മാർഥമായ പിന്തുണയോടെയാണ് ഈ പരിവർത്തനം കുറേയേറെ സാധ്യമാകുക. സയൻസ് വിഷയങ്ങളിൽ ലാബിലൂടെയുള്ള പ്രാക്ടിക്കൽ പഠനത്തിെൻറ പിൻബലവും അനുപേക്ഷണീയമാണ്. ഓൺലൈൻ ക്ലാസുകളിൽ ഇത് സാധ്യമല്ലല്ലോ. ഒട്ടുമിക്ക പാഠ്യവിഷയങ്ങളും വിദ്യാർഥികൾക്ക് തീർത്തും പുതിയതായിരിക്കും.കോമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും അക്കൗണ്ടൻസി എന്ന വിഷയം പത്താം ക്ലാസ് വരെ കേട്ടിട്ടുപോലുമുണ്ടാകില്ല. ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ വരുന്ന പല വിഷയങ്ങളുടെയും കഥയിതുതന്നെ.
ഇവ്വിധത്തിൽ സാധാരണ അധ്യയന അന്തരീക്ഷത്തിൽ തന്നെ വിദ്യാർഥികളിൽ സമ്മർദം സൃഷ്ടിക്കാൻ പര്യാപ്തമായ സിലബസാണ് ഭാഗികവും അപര്യാപ്തവുമായ ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം പഠിച്ച് പരീക്ഷയെഴുതേണ്ട ഗതിയിലേക്ക് വിദ്യാർഥികൾ എത്തിനിൽക്കുന്നത്.സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ ഒഴിവാക്കാവുന്ന നിരവധി സാങ്കേതിക പ്രശ്നങ്ങളുടെ കൂടി ഇരകളാണ് ഇപ്പോഴത്തെ ഹയർസെക്കൻഡറി വിദ്യാർഥികൾ. അധ്യാപകരുടെ അഭാവമാണ് ഇതിൽ പ്രധാനം. 2020 ഫെബ്രുവരിയിലും മാർച്ചിലുമെല്ലാം പി.എസ്.സി നിയമനശിപാർശ ലഭിച്ചവരുടെ നിയമനം 2021 ജൂലൈ 15വരെ വൈകിപ്പിച്ചതാണ് ഈ പ്രതിസന്ധി വർധിപ്പിച്ചത്. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾപോലും സ്കൂളുകൾ തുറക്കട്ടെയെന്ന് പറഞ്ഞ് കൈമലർത്തുകയാണ് അദ്ദേഹം ചെയ്തത്. മറ്റൊന്ന് പാഠപുസ്തക വിതരണമാണ്. ഫലപ്രദമായ സർക്കാർ ഇടപെടലുണ്ടായിരുന്നെങ്കിൽ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമായിരുന്നു ഇത്. ഇപ്പോൾ പി.ഡി.എഫ് പുസ്തകങ്ങളാണ് പല സ്കൂളുകളും ആശ്രയിക്കുന്നത്. അധ്യാപകരും പുസ്തകവുമില്ലാതെ ഓൺലൈനിൽ എന്തുപഠിച്ചാണ് വിദ്യാർഥികൾ പരീക്ഷയെഴുതുക.
ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഹയർസെക്കൻഡറി വിദ്യാർഥികൾ എത്തിച്ചേരുമെന്ന് മുൻകൂട്ടി കാണാൻ വിദ്യാഭ്യാസ വകുപ്പിനോ ഹയർസെക്കൻഡറി ബോർഡിനോ സാധിച്ചില്ലായെന്നത് പോകട്ടെ, വിദ്യാർഥികൾ ഈ വിഷയം ഉന്നയിക്കുമ്പോഴെങ്കിലും അനുഭാവപൂർവം പരിഗണിക്കേണ്ട ഉത്തരവാദിത്തമുണ്ട്.എന്നാൽ അതുണ്ടായില്ല; പകരം പരീക്ഷാ പ്രഖ്യാപനമാണുണ്ടായത്. എന്തു പഠിച്ചുവെന്ന് മനസ്സിലാക്കാനാണ് പരീക്ഷ. ഈ ധർമം നിർവഹിക്കാൻ സെപ്റ്റംബറിൽ നടക്കാൻ പോകുന്ന പരീക്ഷക്കാവില്ല. പകരം പരീക്ഷകൾ നടത്തി, ഒരു ബാച്ച് അവസാനിപ്പിക്കാം; ഉത്തരവാദിത്തം കൈയൊഴിയാം; കോവിഡ് കാലത്തും പരീക്ഷകൾ നടത്തിയ സംസ്ഥാനമെന്ന ഖ്യാതിയും നേടാം.പക്ഷേ, ഇതിലൂടെ ബലികൊടുക്കേണ്ടിവരുന്നത് വിദ്യാഭ്യാസത്തിെൻറയും വിദ്യാർഥികളുടെയും സമൂഹത്തിെൻറയും ഭാവിയാണ്.
(ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.