വിള്ളൽ വീണ് പ്ലൈവുഡ് വ്യവസായം
text_fieldsകേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു ശതമാനം ജോലി ചെയ്യുന്നത് പ്ലൈവ ുഡ് വ്യവസായ മേഖലയിലാണ്. അരലക്ഷത്തോളം പേർ പ്രത്യക്ഷമായും അത്രത്തോളംതന്നെ പരോക ്ഷമായും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. ലോക്ഡൗണിൽ പ്ലൈവുഡ് നിർമാണ കമ്പനികളുടെ പ്രവർത്തനം നിലച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവർ. കോടികളുടെ നഷ്ടത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് കമ്പനി ഉടമകൾ.
550ഓളം പ്ലൈവുഡ് നിർമാണ കമ്പനികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അവയിൽ 385 എണ്ണവും എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലാണ്. കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂരാണ് പ്രധാന കേന്ദ്രം. തൊഴിലാളികളിൽ 85 ശതമാനവും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
ലോക്ഡൗണിൽ കമ്പനികൾക്ക് താഴ് വീണതോടെ ഈ മേഖലയുടെ ഇതുവരെയുള്ള നഷ്ടം നൂറു കോടിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. പെരുമ്പാവൂർ മേഖലയിലെ 45ഓളം കമ്പനികളെ പ്രളയം സാരമായി ബാധിച്ചിരുന്നു. അമ്പത് ലക്ഷം മുതൽ രണ്ട് കോടി വരെയായിരുന്നു ഓരോ കമ്പനിയുടെയും നഷ്ടം. മറ്റെല്ലാ മേഖലകളുമെന്നതുപോലെ അപ്രതീക്ഷിത ആഘാതമാണ് ലോക്ഡൗൺ പ്ലൈവുഡ് വ്യവസായത്തിനും വരുത്തിവെച്ചത്. പ്ലൈവുഡ് നിർമാണക്കമ്പനികൾക്ക് പുറമെ ഇവർക്ക് അസംസ്കൃത വസ്തുക്കൾ തയാറാക്കി നൽകുന്ന 200ഓളം പീലിങ് യൂനിറ്റുകളും എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്ലൈവുഡ് നിർമാണത്തിനാവശ്യമായ വിനീർ തയാറാക്കി നൽകുന്നത് പീലിങ് യൂനിറ്റുകളാണ്. ലോക്ഡൗണിൽ പ്രവർത്തനം നിലച്ചതോടെ, പ്ലൈവുഡ് നിർമാണത്തിനായി ശേഖരിച്ചിരുന്ന ടൺ കണക്കിന് തടിയും പശയും ഉപയോഗശൂന്യമായി. തടി ഉണങ്ങുന്നതിന് മുമ്പ് കനം കുറഞ്ഞ പാളികളാക്കി (വിനീർ) മാറ്റുകയും ഈ പാളികൾ ഒട്ടിച്ചുചേർത്ത് പ്ലൈവുഡ് നിർമിക്കുകയുമാണ് ചെയ്യുന്നത്. ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ വിവിധ കമ്പനികളിലായി 2500 ടണ്ണിലധികം പശ സ്റ്റോക്കുണ്ടായിരുന്നു. ഇതിന് മാത്രം അഞ്ച് കോടിയോളം രൂപ വില വരും. രണ്ടാഴ്ചയാണ് പശയുടെ പരമാവധി കാലാവധി. വൻ സാമ്പത്തിക നഷ്ടത്തിന് പുറമെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ഇവ സംസ്കരിക്കുക എന്നതും വ്യവസായികൾക്ക് വെല്ലുവിളിയായി.
പ്ലൈവുഡ് നിർമിക്കാൻ ഓരോ ഫാക്ടറിയിലും ലോഡ് കണക്കിന് തടി ഇറക്കിയിട്ടിരുന്നു. എന്നാൽ, പെട്ടെന്ന് പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നതിനാൽ ഇവ പാളികളാക്കി മാറ്റാനായില്ല. ഇതോടെ തടികൾ ഉണങ്ങി ഉപയോഗശൂന്യമായി. പീലിങ് പൂർത്തിയായ വിനീർ യഥാസമയം ഉണക്കിയെടുക്കാനാവാത്തതിനാൽ പൂപ്പൽബാധിച്ചതും നഷ്ടത്തിനിടയാക്കി. ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണെങ്കിലും ലോക്ഡൗണിൽ കുരുങ്ങിയ ഇവിടങ്ങളിലെ നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് കമ്പനി ഉടമകൾ തന്നെയാണ് ഭക്ഷണവും താമസവും ഒരുക്കി നൽകുന്നത്. ചിലർ ആഴ്ചയിൽ ഒരു ലക്ഷത്തിലധികം രൂപ വരെ ഈയിനത്തിൽ ചെലവിടേണ്ട അവസ്ഥയിലാണ്. 40 മുതൽ നൂറിലധികം തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന ഫാക്ടറികളുണ്ട്. ഇവരുടെ സംരക്ഷണവും ഭാരിച്ച ബാധ്യതയാണ്. പ്ലൈവുഡ് വ്യവസായത്തിെൻറ നിലനിൽപ്പിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സോപ്മ) പ്രസിഡൻറ് എം.എം. മുജീബ്റഹ്മാനും ജന. സെക്രട്ടറി അസീസ് പണ്ട്യാർപിള്ളിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.