മോദി ഇങ്ങെത്തിയാൽ മോടി കൂടുമോ?
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത് ഇതാദ്യമല്ല, പക്ഷേ, ഇക്കുറി അദ്ദേഹത്തിന്റെ സന്ദർശനം അസാധാരണമായ അജണ്ടകളുമായാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുതന്നെയാണ് മുഖ്യ ഉന്നം.
ബാലികേറാ മലയായ കേരളത്തിൽനിന്ന് ഒരു സീറ്റെങ്കിലും നേടാനായില്ലെങ്കിൽ മോദി മുതൽ കെ. സുരേന്ദ്രൻ വരെയുള്ളവർ നടത്തിയ വീമ്പുപറച്ചിലുകൾ ഉണ്ടയില്ലാ വെടിയായിത്തീരുമെന്ന തിരിച്ചറിവോടെയാണ് ഓരോ കരുനീക്കവും.
കേരളം പ്രളയജലത്തിൽ മുങ്ങിത്താണപ്പോൾപോലും അർഹിക്കുന്ന സഹായം നൽകാൻ മടിച്ച പ്രധാനമന്ത്രിയാണ് ഇപ്പോൾ വാഗ്ദാനങ്ങളുടെ ചാക്കുകെട്ടഴിക്കുന്നത്. യുവാക്കളെ പിടിക്കാനാണ് മുഖ്യശ്രമം.
രാഷ്ട്രീയബോധം കൂടെപ്പിറപ്പായ കേരളത്തിലെ മുതിർന്ന തലമുറയുടെ പിറകേ നടക്കുന്നതിലും ഭേദം ഗുജറാത്ത് വംശഹത്യയെക്കുറിച്ചൊന്നും കാര്യമായി അറിയാത്ത പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരെ കൈയിലെടുക്കാൻ നോക്കുന്നതാണെന്ന് പ്രധാനമന്ത്രിക്കും ഉപദേശകർക്കും നന്നായി അറിയാം.
അതിനുള്ള ലോഞ്ചിങ് പാഡാണ് യുവജനങ്ങളുമൊത്തുള്ള കൊച്ചിയിലെ കൂടിക്കാഴ്ച. ഇത് തിരിച്ചറിഞ്ഞാണ് മോദിയെത്തുന്നതിനും മുന്നേ തന്നെ നൂറു ചോദ്യങ്ങൾ ചോദിക്കാൻ യുവനിരയെ സി.പി.എം. സജ്ജമാക്കിയത്. രാഷ്ട്രീയബോധം കുറഞ്ഞുവരുന്ന യുവതലമുറക്കിടയിലേക്ക് മോദിയും കൂട്ടരും എന്തു തരം ‘കുത്തിവെപ്പ്’ ആകും നടത്തുകയെന്ന ആശങ്ക കോൺഗ്രസിനുമുണ്ട്.
യുവാക്കളുമായി സംവാദത്തിന് കെ.പി.സി.സിയും രൂപം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ഇറക്കി കളം പിടിക്കാനുള്ള ശ്രമം 2019ലേതുപോലെ വിജയം കാണുമോ എന്ന് കണ്ടറിയണം.
ന്യൂനപക്ഷ വോട്ടുകൾ പിടിക്കാൻ മുമ്പെങ്ങുമില്ലാത്തത്ര തന്ത്രങ്ങൾക്കാണ് ബി.ജെ.പി രൂപം നൽകിയിരിക്കുന്നത്. എന്ത് തന്ത്രങ്ങൾ പയറ്റിയാലും മുസ്ലിം വോട്ടുകൾ ബി.ജെ.പിയുടെ കൂടെ പോവില്ലെന്ന ധൈര്യം ഇരു മുന്നണികൾക്കുമുണ്ട്. പക്ഷേ, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി മോദിയും ബി.ജെ.പി ദേശീയ നേതൃത്വവും നടത്തുന്ന കൂടിക്കാഴ്ചകൾ ഇടത് വലത് മുന്നണികളുടെയും ഉറക്കം കെടുത്തുന്നുണ്ട്.
എന്നാൽ, കേരളത്തിൽ ചങ്ങാത്തം നടിക്കുന്ന നേരത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ തുടരുന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളും പ്രസ്താവനകളും ഭീഷണികളും കേവലം അരമന സന്ദർശനവും റബർ വിലവർധന വാഗ്ദാനവും കൊണ്ട് മറച്ചുപിടിക്കാനാവില്ല.
ബി.ജെ.പിയുടെ ക്രൈസ്തവ ആകർഷണതന്ത്രം വിജയം കണ്ടാൽ അത് കേരളത്തിന് ദോഷമാകുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും. യു.ഡി.എഫിന്റെ ഭാഗമായി നിന്ന പല നേതാക്കളും ഇപ്പോൾതന്നെ ബി.ജെ.പി പാളയത്തിലേക്ക് ചാടിത്തുടങ്ങിക്കഴിഞ്ഞു. മഷി തീർന്ന റീഫിലുകൾപോലെ ഉപയോഗശൂന്യരായ ഈ നേതാക്കൾ വിചാരിച്ചാൽ താമര വിരിയിക്കാനാകുമോ എന്നത് വേറെ ചോദ്യം.
ദേശീയ നേതൃത്വം എത്രയൊക്കെ കോപ്പുകൂട്ടിയാലും ബി.ജെ.പി കേരള ഘടകത്തിന് അതിനൊപ്പം ഉയരാനാകുമോ എന്ന കാര്യം സംശയകരമാണ്. മോദിയുടെയും ഷായുടേയും യോഗിയുടെയുമെല്ലാം കേരള വിരുദ്ധ പരാമർശങ്ങൾ ഇപ്പോഴും മാഞ്ഞുപോകാത്ത വിധം അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. അതിനെല്ലാമിടയിലെ രാഷ്ട്രീയ നീക്കുപോക്കലുകൾ എത്ര കണ്ട് വിജയമാക്കാനാകുമെന്ന് കാത്തിരുന്നു കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.