Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇനിയും കുഞ്ഞുങ്ങളെ...

ഇനിയും കുഞ്ഞുങ്ങളെ മരിക്കാൻ വിടരുത്​

text_fields
bookmark_border
ഇനിയും കുഞ്ഞുങ്ങളെ മരിക്കാൻ വിടരുത്​
cancel

ലോകത്ത് ഒരു വർഷം എട്ടു ലക്ഷത്തോളം കുട്ടികളാണ്​ ന്യൂമോണിയ മൂലം മരിക്കുന്നത്​. ഇവയിൽ ഭൂരിഭാഗവും രണ്ടു​ വയസ്സിനു താഴെയുള്ള കുരുന്നുകൾ. നൈജീരിയ, ഇന്ത്യ, പാകിസ്​താൻ, കോംഗോ റിപ്പബ്ലിക്, ഇത്യോപ്യ എന്നീ രാജ്യങ്ങളിലാണ് ഈ മരണങ്ങളിൽ പകുതിയും. ഇന്ത്യയിൽ പ്രതിവർഷം 27 ദശലക്ഷം ജനനങ്ങളാണ് ഉള്ളതെങ്കിലും അതിൽ 1.27 ലക്ഷം കുഞ്ഞുങ്ങൾ ന്യൂമോണിയ മൂലം മരിക്കുന്നു.

പോഷകാഹാരത്തി​െൻറയും ശുദ്ധജലത്തി​െൻറയും അഭാവം നേരിടുന്നവർ, വായു-പരിസര മലിനീകരണത്തിൽ പെടുന്നവർ, ജനനസമയത്ത് തൂക്കം കുറഞ്ഞവർ, മുലപ്പാൽ പൂർണമായി ലഭിക്കാത്തവർ, യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ ലഭിക്കാത്തവർ, തിങ്ങിത്താമസിക്കുന്നവർ, പുകയും പൊടിപടലങ്ങളുമുള്ള വായു ശ്വസിക്കുന്നവർ ഇവർക്കൊക്കെ ന്യൂമോണിയ പിടിപെടാൻ എളുപ്പമാണ്. അന്യ വസ്​തുക്കൾ ശ്വാസകോശത്തിൽ കുടുങ്ങിയാലും മണ്ണെണ്ണപോലുള്ള വസ്​തുക്കൾ അകത്തുചെന്നാലും ന്യൂമോണിയ എളുപ്പം പിടിപെടാം. കൂടാതെ ബാക്ടീരിയ, വൈറസ്​, പൂപ്പലുകൾ, മൈക്കോപ്ലാസ്​മ തുടങ്ങിയ രോഗാണുക്കളും ഉണ്ട്. ആഗോളതാപനവും കാലാവസ്​ഥ വ്യതിയാനവും രോഗാണുക്കളുടെ ജനിതകഘടനക്കുതന്നെ മാറ്റം വരുത്തുന്നു.

ഒരാൾ ഒരു ദിവസം ഏകദേശം 22,000 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു എന്നാണ് കണക്ക്. നമ്മുടെ ശ്വസനസംവിധാനത്തിന് സ്വതവേതന്നെ ഘടനാപരമായ പ്രതിരോധസംവിധാനങ്ങളുണ്ട്. മൂക്കിലെ രോമങ്ങൾ, തൊണ്ടയിലെ എപ്പിഗ്ലോട്ടിസ്​, ശ്വാസനാളത്തിലുള്ള സീലിയകൾ ഇവയെല്ലാം അതിജീവിച്ച് എത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനുള്ള സംവിധാനങ്ങൾ ശ്വാസകോശങ്ങളിലുള്ള വായുഅറകൾക്കും ചുറ്റുമുള്ള രക്തക്കുഴലുകൾക്കുമുണ്ട്.

രോഗം എങ്ങനെ ഉണ്ടാവുന്നു?

നാം ശ്വസിക്കുന്ന വായു ശ്വാസകോശങ്ങളിലെ മുന്തിരിക്കുലപോലെയുള്ള വായു അറകളിൽ എത്തുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് രണ്ടു ശ്വാസകോശങ്ങളിലായി 500-600 ദശലക്ഷം വായു അറകളുണ്ട്. ഈ അറകളിലൂടെ ലഭിക്കുന്ന ഓക്സിജൻ രക്തക്കുഴലുകൾ വഴി ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങളിൽ എത്തുന്നു. ഒരാൾ മിനിറ്റിൽ ഏഴു മുതൽ എട്ടു ലിറ്റർ വരെ അന്തരീക്ഷവായു ശ്വസിക്കുന്നു എന്നാണ് കണക്ക്. അന്തരീക്ഷ വായുവിലെ മാലിന്യങ്ങളും രോഗാണുക്കളും കുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ തുടങ്ങി പ്രതിരോധശേഷി കുറഞ്ഞ എല്ലാവരെയും ഹാനികരമായി ബാധിക്കുന്നു. രോഗാണുക്കൾ ക്രമാതീതമായി വർധിച്ച് നമ്മുടെ പ്രതിരോധസംവിധാനത്തെ കീഴ്പ്പെടുത്തുന്നതോടെ അവർ രോഗികളായി മാറുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ ഈ ശ്വാസകോശ അറകളിൽ നീർക്കെട്ട്, കഫം, പഴുപ്പ് എന്നിവ ഉണ്ടാക്കുകയും ശ്വസനവ്യവസ്​ഥയുടെ സ്വാഭാവിക പ്രവർത്തനത്തെ അവതാളത്തിലാക്കുന്നതുമാണ്, ന്യൂമോണിയയുടെ അടിസ്​ഥാനം. അണുബാധ രൂക്ഷമാകുന്നതോടെ ശ്വാസകോശങ്ങളി​െല ഓക്സിജൻ അളവ് കുറയുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾ കൂടുതൽ തവണ ശ്വാസോച്ഛ്വാസം നടത്തുന്നവരായതുകൊണ്ട് കൂടുതൽ രോഗാണുക്കൾ അകത്തു കടക്കുന്നു എന്നും മനസ്സിലാക്കേണ്ടതാണ്.

എന്തൊക്കെയാണ്​ ലക്ഷണങ്ങൾ

വലിയവരിൽ പനി, ചുമ, ശരീരവേദന, ക്ഷീണം, ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നെഞ്ചുവേദന, കഫം തുപ്പുക, ചിലപ്പോൾ കഫത്തിൽ രക്തം കാണുക, ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. കുഞ്ഞുങ്ങളിൽ പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണണമെന്നില്ല. മൂക്കടപ്പ്, ജലദോഷം ഇവയിൽ തുടങ്ങി ശ്വാസോച്ഛ്വാസം ധ്രുതഗതിയിലാകുക, നെഞ്ച് ഉള്ളിലേക്കു വലിയുക. പാൽ വലിച്ചുകുടിക്കാതിരിക്കുക, ചിലപ്പോൾ അപസ്​മാര ലക്ഷണങ്ങൾ കാണിക്കുക, മയങ്ങിക്കിടക്കുക എന്നിവയാണ് അധികം കുട്ടികളിലും കാണുക. നെഞ്ചിലെ സ്രവങ്ങളെ പുറത്തേക്കു തള്ളാനുള്ള കഴിവ് കുഞ്ഞുങ്ങൾക്കില്ലാത്തതുകൊണ്ട് ചുമച്ച് തുപ്പാൻ അവക്ക് സാധിക്കില്ല. പനിയും ഉണ്ടാകണമെന്നില്ല.

ന്യൂമോണിയ രോഗം ആരെയും ബാധിക്കാം. ഗുരുതരമാവുന്നതിനു മുമ്പുതന്നെ ചികിത്സിച്ചാൽ ഭേദമാവുകയും ചെയ്യും. അല്ലാത്തപക്ഷം രോഗാവസ്​ഥ ഗുരുതരമാവുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറഞ്ഞവർ, സമാന്തര രോഗങ്ങളുള്ളവർ, പല പ്രാവശ്യം ആൻറിബയോട്ടിക് ഉപയോഗിച്ചവർ, ആശുപത്രിയിൽനിന്ന്​ ന്യൂമോണിയ ബാധിച്ചവർ ഇവർക്കൊക്കെ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.

രണ്ടു വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ഭാഗികമായി തുറന്നുകഴിഞ്ഞു. പല രക്ഷിതാക്കളും കുട്ടികളെ സ്​കൂളിൽ വിടുന്ന കാര്യത്തിൽ, പല സംശയങ്ങളും പുലർത്തുന്നവരാണ്. സ്​കൂളിൽ വിട്ടാൽ കോവിഡ് വരുമോ, ന്യൂമോണിയ വരുമോ എന്നതാണ് പ്രധാന ആശങ്ക. സ്​കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തുമ്പോൾ വീട്ടുകാർക്ക് അസുഖം വരുമോ എന്നതും വിഷയമാണ്. കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകിയശേഷം സ്​കൂളിൽ വിട്ടാൽ പോരേ, അഥവാ വാക്സിൻതന്നെ എത്രകണ്ട് കുട്ടികളിൽ സുരക്ഷിതമായിരിക്കും എന്ന സന്ദേഹവുമുണ്ട്. എന്നാൽ, ഭയം വേണ്ട ജാഗ്രത മതി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികളിൽ കോവിഡ് രൂക്ഷമായി ന്യൂമോണിയ ആകാനുള്ള സാധ്യത ഇപ്പോഴത്തെ അവസ്​ഥയിൽ വളരെ കുറവാണ്.

എങ്ങനെ തടയാം

യഥാസമയം പ്രതിരോധകുത്തിവെപ്പുകൾ നൽകുക എന്നത് ഓരോ മാതാപിതാക്കന്മാരുടെയും ഉത്തരവാദിത്തമാണ്. ബി.സി.ജി, ഡി.പി.ടി-ഹിബ് ഇവ ഉൾപ്പെടുന്ന പെൻറാവാലൻറ്​ വാക്സിൻ, എം.ആർ വാക്സിൻ, ചിക്കൻപോക്സ്​ വാക്സിൻ, ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ അഥവാ പി.സി.വി, കോവിഡ് വാക്സിൻ എല്ലാം ഇപ്പോൾ ലഭ്യമാണ്. കോവിഡ് വാക്സിൻ ഇപ്പോൾ 18 വയസ്സിനു താഴെയുള്ളവർക്ക് കൊടുത്തുതുടങ്ങിയിട്ടില്ല. പി.സി.വി വില കൂടിയതാണെങ്കിലും ഇപ്പോൾ സർക്കാർ സംവിധാനത്തിലൂടെതന്നെ കുഞ്ഞുങ്ങൾക്ക് ലഭ്യമായി തുടങ്ങി. ഹിബ്, പി.സി.വി എന്നിവ ന്യൂമോണിയ മാത്രമല്ല, മെനിജൈറ്റിസ്​, ചെവിയിലെ പഴുപ്പ് ഇവ തടയാനും സഹായകരമാണ്.

ഒപ്പം ശ്രദ്ധിക്കേണ്ട ചില പൊതുനിർദേശങ്ങൾകൂടി പറയാം:

  • കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം നൽകുക. രണ്ടു വയസ്സു വരെയെങ്കിലും മുലയൂട്ടൽ തുടരണം.
  • ശ്വാസകോശരോഗങ്ങളുള്ളവർ ചുമയ്​ക്കുമ്പോഴും തുമ്മുമ്പോഴും വായ ടവൽകൊണ്ട് പൊതിഞ്ഞുവെക്കുക. അസുഖമുള്ളവരിൽനിന്ന് മാറിനിൽക്കുക.
  • ശുദ്ധജലവും പോഷകാഹാരവും വളരെ പ്രധാനം.
  • വ്യക്തിശുചിത്വം പാലിക്കുക. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക എന്നത് ശ്വാസകോശ അണുബാധ തടയാൻ ഒരു പ്രധാന ഘടകമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം.
  • കോവിഡ്​ കാലഘട്ടമായതുകൊണ്ട് മാസ്​ക്​ ഉപയോഗവും അകലം പാലിക്കലും തുടരുക.
  • മഴക്കാലത്തും മഞ്ഞുകാലത്തും പകർച്ചപ്പനികൾ ധാരാളം ഉണ്ടാകാം. ജാഗ്രത പാലിക്കുക.
  • വീട്ടിൽ പുകവലിക്കുന്നവരുണ്ടെങ്കിൽ അത് കുഞ്ഞുങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് ഓർക്കുക.

(ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലപ്പുറം ജില്ല മുൻ പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenpneumonia
News Summary - pneumonia in children
Next Story