മുത്തങ്ങയിൽ ഭരണകൂടം കൊളുത്തിവിട്ട കാട്ടു തീ
text_fields2003ൽ മുത്തങ്ങ സമരത്തോട് അനുബന്ധിച്ച് അറസ്റ്റിലായി അതിക്രൂര പൊലീസ് പീഡനത്തിന് ഇരയായ വ്യക്തിയാണ് സുല്‍ത്താന്‍ ബത്തേരി ഡയറ്റ് അധ്യാപകന് കെ.കെ. സുരേന്ദ്രന്. പതിനേഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്ഉണ്ടായിരിക്കുന്നു. കെ.കെ. സുരേന്ദ്രൻ തന്റെ ജീവിതാനുഭവം പങ്കുവെക്കുന്നു.
2003 ജനുവരിയിലാണ് മുത്തങ്ങയില്‍ ആദിവാസി ഗോത്ര മഹാസഭ സമരം ആരംഭിക്കുന്നത്. ആ സമയത്ത് സമരത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടൊന്നും എനിക്കുണ്ടായിരുന്നില്ല. അതിനു മുമ്പ് തിരുവനന്തപുരത്ത് കുടില്‍ കെട്ടല്‍ സമരം നടന്നിരുന്നു. അതിെൻറ ഭാഗമായി ഒരു കരാര്‍ ഉണ്ടായി. ആ കരാറിെൻറ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ആദിവാസി പ്രശ്നങ്ങളിലെ കരാര്‍ ലംഘനങ്ങളുടെ തുടര്‍ച്ചയാണ് അത്. മുത്തങ്ങ സമരം തുടങ്ങിയപ്പോള്‍ അത് ആദിവാസിയുടെ ഭൂ അവകാശവുമായി ബന്ധപ്പെട്ട സമരങ്ങളിലെ ഏറ്റവും നിര്‍ണായക ഘട്ടമാണ് എന്ന തിരിച്ചറിവ് ഉണ്ടായി. പല രീതിയിലും 'പൊതു' രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പരിസ്ഥിതിവാദികള്‍ തുടങ്ങിയവർ ഈ സമരത്തെ തള്ളിപ്പറയുകയും എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സമരം കാട്ടിലാണ് നടക്കുന്നതെന്നും ആദിവാസികൾ കാട്ടിൽ കയറി ആനത്താരയില്‍ സമരം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പരിസ്ഥിതി സംഘടനകള്‍ എതിര്‍ത്തത്. പക്ഷേ, സമരഭൂമി വനം ആയിരുന്നെങ്കിലും സമരത്തിെൻറ ഘട്ടത്തില്‍ അത് വനമല്ല. കാരണം, ബിര്‍ലക്ക് വേണ്ടി യൂക്കാലിപ്റ്റസ് നട്ടിരുന്ന, യൂക്കാലിപ്റ്റസ് വെട്ടി എടുത്ത അരിപ്പ ചെടികള്‍ വളര്‍ന്ന് നില്ക്കുന്ന ഒരു പ്രദേശം ആയിരുന്നു അത്. ആ ഭൂമി തന്നെ കിട്ടണം എന്ന രീതിയിലായിരുന്നില്ല സമരം. കേരളത്തില്‍ മിച്ചഭൂമി സമരംപോലുള്ള വലിയ സമരങ്ങള്‍ ഭൂമിക്ക് വേണ്ടി ഉണ്ടായിട്ടുണ്ട്. സാധ്യമായ സ്ഥലങ്ങളില്‍ കൈയേറി കുടില്‍ കെട്ടുന്ന ആ രീതിയില്‍തന്നെയാണ് മുത്തങ്ങയിലും സമരം നടത്തിയത്. അന്ന് വനാവകാശ നിയമം ഇല്ലെങ്കില്‍പോലും വനാവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആലോചനകളും നടക്കുന്ന കാലംകൂടിയാണ്. ശരിക്കും ആദിവാസിയെ സംബന്ധിച്ചിടത്തോളം കാട് അവകാശംതന്നെയാണ്. പക്ഷേ, ഇതൊന്നും തന്നെ പൊതുസമൂഹത്തിനോ ഇതിനെ എതിര്‍ത്ത പരിസ്ഥിതിവാദികള്ക്കോ ഒരു പ്രശ്നം ആയിരുന്നില്ല. ആ സമരത്തിെൻറ ഏറ്റവും വലിയ പ്രത്യേകത ആദിവാസി വിഭാഗങ്ങളിലെ ഏറ്റവും അധഃസ്ഥിതര്‍ ആയ ആളുകളാണ് (ഉദാഹരണത്തിന് വയനാട്ടിലെ പണിയര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, ഊരാളികള്‍) നേതൃത്വത്തില്‍ ഉണ്ടായിരുന്നത് എന്നാണ്. പൊതുസമൂഹം ആദിവാസികള്‍ എന്നു പരിഗണിക്കുന്ന വിഭാഗം കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങളാണ്. അവര്‍ കൃഷിഭൂമി സ്വന്തമായിട്ടുള്ളവരാണ്. പക്ഷേ സ്വന്തമായി ഒരു ഭൂമിയും ഇല്ലാതെ നൂറ്റാണ്ടുകള്‍ ആയി അടിമപ്പണി എടുത്തു ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങള്‍, പ്രത്യേകിച്ച് അവരിലെ സ്ത്രീകള്‍, സമരവുമായി ബന്ധപ്പെട്ട് അണിനിരന്നു എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്. സി.കെ. ജാനു ആണ് സമരത്തിന് നേതൃത്വം കൊടുത്തത്. ആദിവാസി യുവതികളും വീട്ടമ്മമാരും ഒക്കെ അടങ്ങുന്ന വലിയ ജനസഞ്ചയമാണ് മുത്തങ്ങയില്‍ അവകാശം സ്ഥാപിച്ച് അണിനിരന്നത്. അതുകൊണ്ട് തന്നെ ആദിവാസി വിഷയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അനുഭാവം പുലര്‍ത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സമരത്തെ പിന്തുണക്കുകയേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉള്ള ഒരു പിന്തുണ സമരത്തിന് നൽകി. അതുപോലെ ജനാധിപത്യപരമായി സമരത്തിെൻറ കൂടെ നില്‍ക്കണം എന്ന തോന്നലിൽ സമര സഹായ സമിതി രൂപവത്കരിക്കണം എന്ന് കൂടെ നിന്ന വയനാട്ടിലെ ആളുകള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ, അതിലേക്കൊന്നും പോകേണ്ടി വന്നില്ല. അതിനു മുമ്പ് തന്നെ സമരം ഭീകരമായ രീതിയില്‍ അടിച്ചമര്‍ത്തപ്പെടുകയാണ് ഉണ്ടായത്. 2003 ഫെബ്രുവരി 19ന് മുത്തങ്ങയില്‍ സംഭവിച്ച കാര്യങ്ങള്‍ നമുക്കറിയാം. എന്നാല്‍, ആ ദിവസം മുത്തങ്ങയില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരുന്നു അതിനു ശേഷം വയനാട്ടില്‍ നടന്ന കാര്യങ്ങള്‍.
ഠഠഠ
എെൻറ ചെറുപ്പകാലങ്ങളില്‍ വയനാട്ടിലെ ആദിവാസി മേഖലകളിലെ രാഷ്ട്രീയ പ്രവര്‍ത്തനമായി കേട്ടിട്ടുള്ളത് ഒരു ആദിവാസി സംഘത്തെക്കുറിച്ചാണ്. ആദിവാസി സംഘം എന്നു പറയുന്നത് ആര്.എസ്.എസിെൻറ നേതൃത്വത്തിലുള്ള സംഘടന ആയിരുന്നു. അടിസ്ഥാന വിഭാഗങ്ങളിലേക്ക് ഒന്നും ആ സംഘടന എത്തിയിട്ടില്ല. കുറുമരും കുറിച്യരും ആയിട്ടുള്ള കുറച്ചു പേരില്‍ ആ സംഘടന ഒതുങ്ങിനിന്നു. സംഘ്പരിവാറുകാര്‍ ഗുജറാത്തിലൊക്കെ സംഘടിപ്പിച്ചതുപോലുള്ള ശ്രമം ആയിരുന്നു അത്. അതിനു വലിയ വികാസം ഒന്നും ഉണ്ടായില്ല. പിന്നീട് സംഘടനാപരമായ സമരം നടന്നത് നക്സലൈറ്റ് നേതാവ് വര്‍ഗീസിെൻറ നേതൃത്വത്തില്തന്നെയായിരുന്നു. വർഗീസ് യഥാർഥത്തില്‍ ആദിവാസികളെ സംഘടിപ്പിക്കാന്‍ സി.പി.എമ്മിെൻറ നിര്‍ദേശം അനുസരിച്ചാണ് വയനാട്ടിലേക്ക് വരുന്നത്. അടിമപ്പണി എടുത്തിരുന്ന ആദിവാസികള്‍ക്ക് കൂലി കൊടുപ്പിച്ച് കര്‍ഷക തൊഴിലാളികള്‍ ആക്കി മാറ്റിയത് വര്‍ഗീസിെൻറ സമരങ്ങള്‍ ആയിരുന്നു. പക്ഷേ, നക്സലിസത്തിെൻറ ഉന്മൂലന സമരരൂപം കാരണം ആ സമരങ്ങളില്‍ പങ്കെടുത്തവരെ ഭീകരമായ രീതിയില്‍ അടിച്ചമര്‍ത്താനുള്ള ഉപാധിയായി മാറി. വര്‍ഗീസിനെ ഭരണകൂടം കൊന്നു. അതിനു ശേഷം ആ സംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ ആദിവാസികളും കേസുകളില്‍ പ്രതി ആവുകയും അവരെയൊക്കെ ജയിലില്‍ അടയ്ക്കപ്പെടുകയും പലരും പല വര്‍ഷങ്ങളോളം ശിക്ഷിക്കപ്പെടുകയും ചെയ്തു. അതോടുകൂടി ആ മുന്നേറ്റവും തകര്‍ന്നു. പക്ഷേ, അതിെൻറ ഒരു ഇംപാക്ട് എന്ന രീതിയില്‍ ആദിവാസികളുടെ വല്ലികെട്ട് എന്ന രീതിയിലുള്ള അടിമപ്പണി നിര്‍ത്തലാക്കപ്പെട്ടു. ജോലിയെടുത്താല്‍ ആദിവാസികള്‍ക്ക് കൂലി കൊടുക്കേണ്ടതാണ് എന്ന ഒരു മാറ്റം നമ്മുടെ പൊതുസമൂഹത്തില്‍ ഉണ്ടായി. അതിനു ശേഷം ശ്രദ്ധേയമായ ഒരു സമരം സുല്‍ത്താന്‍ ബത്തേരിയിലെ സെൻറ് മേരീസ് കോളജുമായി ബന്ധപ്പെട്ടാണ്. ആ സമരത്തില്‍ വെടിവെപ്പ് ഉണ്ടായി. കോളജ് ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുക്കണം എന്നു മാത്രമല്ല ആദിവാസി ഭൂ നിയമം നടപ്പിലാക്കണം എന്ന ആവശ്യങ്ങളും മുന്നോട്ട് വെച്ച് വലിയ ഒരു സംഘടിത രൂപംതന്നെ ആയി വന്നു. അത് വെടിവെപ്പിലൂടെയും മർദനങ്ങളിലൂടെയും അടിച്ചമര്‍ത്തപ്പെട്ടു. അതിനു ശേഷം പ്രധാനപ്പെട്ട ഒരു സംഘടനാ രൂപം മുന്നോട്ട് വരുന്നത് സി.കെ. ജാനുവിെൻറ നേതൃത്വത്തിലുള്ള ഗോത്ര മഹാസഭയാണ്.
ആദിവാസികളുമായി ബന്ധപ്പെട്ട സംഘടനകള്‍ വയനാട്ടില്‍ ഉണ്ടായിട്ടുണ്ട്. ആദിവാസി ഫെഡറേഷന്, പണിയ സമാജം തുടങ്ങിയ സംഘടനകള്‍ പലപ്പോഴും ആദിവാസികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നു. പക്ഷേ അവര്‍ക്കാര്‍ക്കും തന്നെ അടിസ്ഥാനപരമായ ഒരു സംഘടനാ രൂപത്തിലേക്ക് വരാന്‍ പറ്റിയിരുന്നു എന്നു തോന്നുന്നില്ല. ആദിവാസി ഫെഡറേഷന് ഒക്കെ എടുത്തു നോക്കിയാല്‍ കുറുമ വിഭാഗത്തിൽപെടുന്ന, കുറച്ചു വിദ്യാഭ്യാസമൊക്കെ സിദ്ധിച്ച യുവാക്കളുടെ കൂട്ടായ്മ ആയിരുന്നു. പണിയ സമാജവും അതുപോലെതന്നെ ആയിരുന്നു. മാനന്തവാടിയില്‍നിന്നുള്ള ഒരു കെ.കെ. അണ്ണെൻറ നേതൃത്വത്തിലുള്ള ഒരു സംഘടനാ രൂപം, അമ്പലവയലില്നിന്നുള്ള ആലന്തട്ട പ്രഭാകരന് എന്ന നേതാവിെൻറ നേതൃത്വത്തിലുള്ള ഒരു സംഘടന, അങ്ങനെയൊക്കെ ഉള്ള ചെറിയ ചെറിയ സംഘടനകള്‍ ഒക്കെ ആയി നിന്നുവെങ്കിലും മുഴുവന്‍ വിഭാഗങ്ങളെയും ഒന്നിച്ചുചേര്ക്കുന്നതിനോ അല്ലെങ്കില്‍ അവരുടെ മുഴുവന്‍ ഐക്യം രൂപപ്പെടുത്തുന്നതിനോ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങളിലേക്ക് പോകുന്നതിനോ കഴിഞ്ഞിരുന്നില്ല. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞത് യഥാർഥത്തില്‍ ഗോത്ര മഹാസഭക്ക് ആയിരുന്നു. ഗോത്ര മഹാസഭക്ക് എതിരെ ഉണ്ടായത് പ്രധാന രണ്ടു വിമര്‍ശനങ്ങളാണ്. അതില്‍ ഒന്ന് സി.കെ. ജാനുവിന് എതിരെ ഉണ്ടായതായിരുന്നു. സി.കെ. ജാനു സന്നദ്ധ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വ്യക്തിത്വമാണ്, അതുകൊണ്ട് അവര്‍ ആദിവാസി സമൂഹങ്ങള്‍ക്ക് ഗുണപ്പെടില്ല എന്ന തരത്തില്‍ വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അതുപോലെ അതിെൻറ കോഓഡിനേറ്റര്‍ ആയ എം. ഗീതാനന്ദന് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വലിയ നേതാവായിരുന്നു. അതുകൊണ്ട് ഗോത്രമഹാ സഭ ഒരു നക്സല്‍ ഭീകരവാദ സംഘടന ആണെന്നുള്ള വിമര്‍ശനവുമുണ്ടായി. ആദിവാസികള്‍ ഒരു സംഘടനയായി രൂപപ്പെടുന്നതിനും അതുപോലെ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തുകൂടുന്നതിനും പോരാടുന്നതിനും ഒക്കെ എതിരായ നമ്മുടെ പൊതു സമൂഹത്തിെൻറയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനം എന്നതില്‍ കവിഞ്ഞ് ഈ രണ്ടു കാര്യങ്ങളിലും ഒരു പ്രസക്തിയും ഇല്ലായിരുന്നു. കാരണം, അവര്‍ വളരെ കൃത്യമായി ഓരോ ഊരുമായി ബന്ധപ്പെട്ട് സംഘടനാ രൂപങ്ങള്‍ ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത്. അങ്ങനെ ആ രീതിയില്‍ സംഘടന ശക്തിപ്പെടുത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തുള്ള സമരത്തിലേക്ക് പോകുന്നത്. ആദിവാസികള്‍ തലസ്ഥാനം വളയുന്ന രീതിയിലേക്ക് മാറ്റിയെടുത്ത് ഒരു മഹത്തായ കാല്‍വെപ്പ് ഗോത്ര മഹാ സഭ നടത്തി. പക്ഷേ, അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി ഗോത്ര മഹാസഭയുമായി ഉണ്ടാക്കിയ കരാര്‍ വെറും ഒരു തട്ടിപ്പ് ആയിരുന്നു. സർക്കാർ കരാറിൽ പറഞ്ഞത് ഒന്നും ചെയ്തില്ല എന്നു മാത്രമല്ല ആദിവാസികളെ വഞ്ചിക്കുകകൂടി ചെയ്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ സമരത്തിന് ശേഷം നിവൃത്തി ഇല്ലാതെ ആദിവാസികള്‍ മുത്തങ്ങയിലെ സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
2003 ജനുവരി 1 മുതല്‍ 19 വരെ ഇത്രയും ആളുകള്‍ അവിടെ കുടില്‍ കെട്ടി താമസിച്ചിട്ട് വനംവകുപ്പുകാരെ വെച്ച് ഒന്നു രണ്ടു ചര്‍ച്ചകള്‍ നടത്തി എന്നല്ലാതെ ഈ സമരം തീര്‍ക്കുന്നതിനോ ഈ സമരം പരിഹരിക്കുന്നതിനോ സർക്കാർ മുന്നോട്ട് വന്നില്ല. വേണമെങ്കില്‍ പട്ടികവര്‍ഗ വകുപ്പിന് തന്നെ ഈ സമരത്തിെൻറ കാര്യങ്ങള്‍ ചർച്ചചെയ്തു പരിഹരിക്കാമായിരുന്നു. അത് മാത്രമല്ല ആ സമരത്തിനെതിരെ പല തരത്തിലുള്ള ഭരണകൂട ഗൂഢാലോചന നടന്നു. ഞാന്‍ അവസാനമായി ഗീതാനന്ദനെ സമരഭൂമിയില്‍ കാണുമ്പോള്‍ പഠനം മുടക്കി സമരം ചെയ്യുന്ന കുട്ടികളുടെ കാര്യമാണ് അദ്ദേഹത്തോട് സംസാരിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ അടക്കം അവിടെ സമരം ചെയ്യുന്നുണ്ടായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ഗീതാനന്ദന് എന്നോടു ഉത്കണ്ഠപ്പെട്ടത് ഫെബ്രുവരി ആയതുകൊണ്ട് കാട്ടു തീ അങ്ങോട്ട് പടരാന്‍ സാധ്യത ഉണ്ട് എന്നാണ്. ആരെങ്കിലും പുറത്തുനിന്നുള്ളവര്‍ തീ കൊടുക്കുമോ എന്ന ഭയം ഗീതാനന്ദന് ഉണ്ട്. അതുകൊണ്ട് അന്ന് അവർ സ്ക്വാഡ് ആയി തിരിഞ്ഞുകൊണ്ട് കാടിനെ തീയില്‍നിന്നു സംരക്ഷിച്ചു. സമരത്തെ ഇല്ലാതാക്കാന്‍ വേണ്ടി സമരക്കാര്‍ എന്ന വ്യാജേനെ തീയിടുമോ എന്നുള്ള ഉത്കണ്ഠകൊണ്ട് സമരത്തിലുള്ളവരല്ലാതെ മറ്റാരും ഭൂമിയില്‍ പ്രവേശിച്ച് വിധ്വംസക പ്രവര്‍ത്തനം നടത്താതിരിക്കാന്‍ അവര്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചു.
പക്ഷേ, ഫെബ്രുവരി 17ന് ഒരു സംഘം ആളുകള്‍, വനംവകുപ്പിെൻറ വാച്ചര്മാരടക്കമുള്ള ആളുകള്‍, വനത്തിലേക്ക് കയറി. അതിെൻറ ഭാഗമായി (ഇപ്പോഴും ഞങ്ങൾക്ക് ഉറപ്പില്ല) കാട്ടുതീ ഉണ്ടായി. അവരെയാണ് ഗോത്ര മഹാസഭയുടെ ആളുകള്‍ പിടിച്ച് ബന്ദിയാക്കിയത്. ആ ബന്ദികളെ വിട്ടുകിട്ടാന്‍ വേണ്ടി വന്‍ പൊലീസ് സന്നാഹം വന്നു. അങ്ങനെയാണ് മുത്തങ്ങയില്‍ പൊലീസ് ഭീകരത നടക്കുന്നത്. സുരേഷ് രാജ് പുരോഹിത് എന്നു പറയുന്ന ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ വൈകുന്നേരം ആറ് മണിക്ക് പൊലീസ് ആ ഭൂമിയിലുണ്ടായിരുന്ന ആളുകളെ തല്ലുകയും വെടിവെക്കുകയും ചെയ്തു. അതുപോലും നിയമവിരുദ്ധമായാണ് ചെയ്തത്. ആറ് മണിക്ക് ശേഷം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് നേരെ പൊലീസ് ആക്ഷന്‍ നടത്തുക എന്നു പറയുന്നത് അതിക്രൂരമായ നടപടിയാണ്. കേരളത്തിെൻറ ചരിത്രത്തില്‍ ഒരു സമരത്തോടും ഭരണകൂടം നടത്താത്ത രീതിയിലുള്ള ഒരു അതിക്രമമാണ് അന്ന് മുത്തങ്ങയില്‍ നടന്നത്.
ഠഠഠ
ഫെബ്രുവരി 19ന് വയനാട്ടില്‍ ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. ഡയറ്റ് സ്റ്റാഫ് അസോസിയേഷൻ യൂനിയെൻറ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ തിരുവനന്തപുരത്തുനിന്ന് വാര്‍ത്തയിലൂടെയാണ് അറിയുന്നത്. 19ന് രാത്രി സുൽത്താൻ ബത്തേരിയില്‍ ബസ് ഇറങ്ങുമ്പോൾ തന്നെ എനിക്കു തോന്നിയ ഒരു കാര്യം പട്ടണം പൂർണമായി പൊലീസിെൻറയും അതുപോലെ ആദിവാസി വിരുദ്ധരായ ജനക്കൂട്ടത്തിെൻറയുമായി മാറി എന്നാണ്. അന്ന് ബത്തേരി ചുങ്കത്ത് കണ്മുന്നില് ഞാന്‍ കണ്ടത് പരമ്പരാഗതമായ രീതിയില്‍ വസ്ത്രധാരണം നടത്തിയ പണിയ സ്ത്രീകളെ, ആദിവാസികള്‍ എന്ന രീതിയില്‍ തോന്നുന്നവരെ തടഞ്ഞു നിര്‍ത്തി മർദിച്ച് പൊലീസിനെ ഏല്‍പ്പിക്കുന്ന നാട്ടുകാരെയാണ്. അന്ന് മുത്തങ്ങയില്‍ സമരം ചെയ്ത ആളുകള്‍ എന്ന രീതിയില്‍ പൊലീസ് അറസ്റ്റ്ചെയ്തവരില് ഇങ്ങനെ ഉള്ള ആളുകളും ഉണ്ട്. സമരത്തിന് പോകാത്ത ആളുകള്‍ ഉണ്ട്. വംശവെറി എന്നത് ദക്ഷിണാഫ്രിക്കയിലോ അമേരിക്കയിലോ ഒന്നുമല്ല, ഞാന്‍ നേരിട്ട് കണ്ടത് സുല്‍ത്താന്‍ ബത്തേരിയിലാണ്.
ആദിവാസി വിരുദ്ധത കുടിയേറ്റക്കാരുടെ ഒരു മുഖമുദ്രയായി മാറി. ആദിവാസികള്‍ വലിയ അക്രമം നടത്തി, ഒരു പൊലീസുകാരനെ കൊന്നു, അവര്‍ ഭയങ്കര തീവ്രവാദികള്‍ ആണ് എന്ന പ്രചാരണമുണ്ടായി. അവര്‍ മാവോവാദികള്‍ ആണ്, എല്‍.ടി.ടി.ഇ ആണ് എന്നുവരെ പ്രചാരണം നടന്നു. ഫെബ്രുവരി 19ന് രാവിലെ പല ഭാഗങ്ങളില്‍നിന്ന് ആദിവാസികളും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. പൊലീസുകാര്‍ ആദിവാസികളെ കുടിയിറക്കാന്‍ ചെല്ലുന്നു, അവരുടെ കുടിലുകള്‍ കത്തിക്കുന്നു, അപ്പോള്‍ അവര്‍ ചെറുക്കുന്നു. ചെറുക്കുമ്പോള്‍ ആദിവാസികളുടെ കൈയില്‍ കാര്യമായ ആയുധങ്ങള്‍ ഒന്നുംതന്നെയില്ല. പൊലീസുകാര്‍ അവരെ അതി ഭീകരമായി മർദിച്ച് അറസ്റ്റു ചെയ്തു. ഞാന്‍ മനസ്സിലാക്കിയിടത്തോളം വിനോദ് എന്ന പൊലീസുകാരെൻറ ഗ്രൂപ്പ് ഒരു പ്രത്യേക ഭാഗത്ത് പോയത് കാരണം ഒറ്റപ്പെട്ടു. അവർ ആദിവാസികളുടെ കസ്റ്റഡിയില്‍ ആയി. അവരെ ബന്ദികള്‍ ആക്കി ആദിവാസികള്‍ വില പേശി. അതിന് അടുത്തിടെ അന്തരിച്ച അശോകനാണ് നേതൃത്വം കൊടുക്കുന്നത്. അശോകനാണ് പൊലീസും കലക്ടറും അടക്കമുള്ള സംഘവുമായി സംസാരിക്കുന്നത്. അവര്‍ ഗുരുതരമായി പരിക്കേറ്റ ആളുകളെ വിട്ടുകൊടുക്കുകയും മറ്റുള്ള ആളുകളെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. ചെറിയ മുറിവുകളൊക്കെ പറ്റിയിരുന്നെങ്കിലും വിനോദിന് കാര്യമായ പരിക്കുകള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. പക്ഷേ, ആ സമയത്താണ് സുരേഷ് രാജ് പുരോഹിതിെൻറ നേതൃത്വത്തില്‍ വെടിവെപ്പും അക്രമവും നടന്നത്. അതിെൻറ ഇടയിലാണ് വിനോദ് എന്ന പൊലീസുകാരന് വെട്ടേല്‍ക്കുന്നത്. വെട്ടേറ്റു രക്തം വാര്‍ന്നാണ് അയാള്‍ മരിക്കുന്നത്. അത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. ഗീതാനന്ദനെയും ജാനുവിനെയും സംബന്ധിച്ചിടത്തോളം അക്രമമാര്‍ഗത്തിലൂടെ സമരം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിച്ചിട്ടില്ല. ഈ ആക്ഷനിടയില്‍ തലക്ക് വെടിയേറ്റാണ് ജോഗി എന്ന ആദിവാസി മരിക്കുന്നത്. ബാക്കിയുള്ള ആളുകള്‍ക്ക് തലക്ക് വെടിയേല്ക്കാത്തതുകൊണ്ട് രക്ഷപ്പെട്ടു. ഇരുപതോളം ആദിവാസികള്‍ മരിച്ചിട്ടുണ്ടാകും എന്ന ഒരു കഥയാണ്19ന് രാത്രി ഞങ്ങള്‍ കേട്ടത്. അന്ന് അത് റിപ്പോർട്ട്ചെയ്യാന്‍ പോയ പത്രപ്രവര്‍ത്തകര്‍ക്കും അത്തരത്തിലുള്ള ആശങ്കയാണ് ഉണ്ടായത്. പിന്നീടാണ് ജോഗി മാത്രമേ മരിച്ചിട്ടുള്ളൂ എന്ന വിവരം പുറത്തുവരുന്നത്.
പൊന്‍കുഴി എന്ന സ്ഥലത്തുനിന്നാണ് മുത്തങ്ങ സമരഭൂമി തുടങ്ങുന്നത്. അവിടെ നൂറുകണക്കിനു ഏക്കര്‍ ഭൂമി കാട് വരെ നീണ്ടുകിടക്കുകയാണ്. പൊന്‍കുഴിയില്‍ അന്ന് ഗോത്ര മഹാസഭ ഒരു ചെക്ക് പോസ്റ്റ് വെച്ചിരുന്നു. കാട്ടിലേക്ക് സാമൂഹികദ്രോഹികള്‍ കേറാതിരിക്കാനാണ് ചെയ്തത്. പക്ഷേ, ആദിവാസികൾ ''ചെക്ക് പോസ്റ്റ് ഉണ്ടാക്കി'', ''അവര്‍ അത് സ്വതന്ത്ര രാജ്യമായിട്ടു പ്രഖ്യാപിച്ചു'' എന്നൊക്കെ വാർത്തകള്‍ പുറത്തു വന്നു. അന്ന് ഗോത്ര മഹാസഭയുടേത് വേറൊരു ഡിമാന്‍ഡ് ആയിരുന്നു ^'പെസ'. അത് സ്വയംഭരണം എന്ന ഒരു കാഴ്ചപ്പാടാണ്. ആ നിയമം നടപ്പിലാക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനെ നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും ചൈനയില്‍ മാവോ സമരം നടത്തി സ്വതന്ത്ര രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിനോട് ഉപമിച്ചു. ചെക്ക് പോസ്റ്റ് വെച്ച് ആളുകളെ നിയന്ത്രിക്കുന്നതോടെ ആദിവാസികള്‍ അവിടെ ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട് എന്ന രീതിയിലുള്ള വാര്‍ത്തകളും വന്നു. അന്നത്തെ വനം മന്ത്രി കെ. സുധാകരെൻറ ആളുകള്‍ സമരത്തെ പൊളിക്കാന്‍ ഇവിടെ വന്ന് ക്യാമ്പ് ചെയ്തിരുന്നു എന്നു ഞാന്‍ കേട്ടിരുന്നു. മുളവടികളും അരുവാ കത്തികളും മാത്രമായിരുന്നു ആദിവാസികളുടെ കൈയില്‍ ആകെ ഉണ്ടായിരുന്ന ആയുധങ്ങള്‍. അതുമാത്രമല്ല ഇത്രയും ആളുകള്‍ക്ക് നിത്യനിദാന ചെലവ് നടന്നുപോവുക അതീവ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരു സന്നാഹവുമില്ലാതെയാണ് ഈ ആദിവാസികള്‍ കാട്ടില്‍ കയറിയത്. ഇത്രയും മനുഷ്യര്‍ക്ക് ഭക്ഷണംപോലും കൊടുക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ആയുധം സമാഹരിക്കുന്നത്? അന്ന് ഗീതാനന്ദനും മറ്റും മുത്തങ്ങയിലും പൊന്കുഴിയിലുമൊക്കെ ഉള്ള കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങിച്ചതിെൻറ എത്രയോ പൈസ ആ കടക്കാര്‍ക്കൊക്കെ കൊടുക്കാനുണ്ട്. ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിെൻറ വര്‍ക്കി ചേട്ടനും അതുപോലുള്ള സംഘടനകളൊക്കെയാണ് അരിയും സാധനങ്ങളും അവിടെ കൊണ്ടുകൊടുത്തത്.
ഞാന്‍ ആ സമരഭൂമി ആദ്യമായി കാണാന്‍ പോയ സമയത്ത് മരങ്ങളൊന്നും ഇല്ല. അതിനാൽ അവിടെ ഭയങ്കര വെയില് ആയിരുന്നു. അവിടെ ഞാന്‍ ഒരു ആദിവാസി 'മൊരവ' നെ (മുത്തച്ഛന്) കണ്ടു. അദ്ദേഹവും അദ്ദേഹത്തിെൻറ ഭാര്യയും ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ട് ഉള്ളില്‍ ഇരിക്കുകയാണ്. ഞാന്‍ വെയില് കൊള്ളാതിരിക്കാന്‍ അവിടെ കയറി ഇരുന്നു. വെള്ളി എന്നാണ് അദ്ദേഹത്തിെൻറ പേര്. എന്താ പരിപാടികള്‍ എന്നു വെള്ളിയോട് ഞാന്‍ ചോദിച്ചു. വീട് പുൽപള്ളിയാണെന്നും അവിടെ ആകെ ഒരു വീട് മാത്രമേ ഉള്ളൂ എന്നും പറഞ്ഞു. അവിടെ ഒരു മത്തക്കുരു കുത്താന്‍പോലും സ്ഥലമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് അവർ ആ സമരത്തിന് വന്നത്. ഇവിടെ വന്നു നോക്കുമ്പോള്‍ ഇഷ്ടംപോലെ ഭൂമിയുണ്ട്. പുൽപള്ളിയിലെ വീടിെൻറ ഓടും സാധനങ്ങളുമൊക്കെ പൊളിച്ച് കൊണ്ട് വന്നു അവിടെ കെട്ടണം എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ എങ്ങനെയാണ് സമരം തുടങ്ങുന്നത് എന്നു ഞാന്‍ ചോദിച്ചു. വെള്ളിക്ക് ഏകദേശം പത്തെഴുപത്തി അഞ്ചു വയസ്സുണ്ട്. അദ്ദേഹത്തിെൻറ ഭാര്യക്കും ഒരു നാലഞ്ചു വയസ്സിെൻറ വ്യത്യാസം മാത്രമേ കാണൂ. ഈ മൊരത്തി (മുത്തശ്ശി) തൊട്ടപ്പുറത്ത് ഒരു കലം കഴുകിക്കൊണ്ടിരിക്കുകയാണ്. മീറ്റിങ്ങിെൻറ കാര്യം പറഞ്ഞപ്പോള്‍ ആ സ്ത്രീ അവരുടെ ഭാഷയില്‍ ''ആണത്ത കാര്യമൊന്നും നീ ഇവരോട് പറയണ്ട'' എന്നു പറഞ്ഞു. അതായത് അങ്ങനെയുള്ള കാര്യങ്ങളൊന്നും എന്നോടു പറയണ്ട എന്നാണ് ഭാര്യ ഭര്‍ത്താവിനോടു പറയുന്നത്. അതോട് കൂടി അദ്ദേഹം ആ സംസാരം നിര്‍ത്തി. അത്രയും പ്രായമായ സ്ത്രീയുടെ ആ സമരത്തിലെ വിജിലന്‍സ്- അതാണ് എന്നെ ആകര്‍ഷിച്ച ഒരു വലിയ ഘടകം. ഈ സമരം പിന്തുണക്കപ്പെടേണ്ടതാണ് എന്ന ഒരു ബോധ്യം എനിക്കുണ്ടാക്കിയ ഒരു സംഭാഷണമാണത്.
ജനാധിപത്യപരമായി ഈ സമരത്തെ എങ്ങനെയാണ് സഹായിക്കേണ്ടത് എന്നു ഞാനും സുഹൃത്തുക്കളും ആലോചിച്ചു. അന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികള്‍ക്ക് പുറമെ സി.പി.െഎ (എം.എല്‍) റെഡ് ഫ്ലാഗ് പോലുള്ള സംഘടനകള്‍പോലും ഈ സമരത്തിനും ജാനുവിനും എതിരായിരുന്നു. ആദിവാസികള്‍ സമരം ചെയ്യണം, അവര്‍ക്ക് ഭൂമി കിട്ടണം, പക്ഷേ, ഈ സമരം ശരിയല്ല എന്ന ഒരു കാഴ്ചപ്പാടായിരുന്നു അവര്‍ എടുത്തിരുന്നത്. അതുപോലെ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും എല്ലാവരും സമരത്തിന് എതിരായിരുന്നു. കുടിയേറ്റക്കാര്‍ക്ക് ആദിവാസികള്‍ മനുഷ്യരാണെന്നോ അവര്‍ക്ക് ഭൂമി കിട്ടണമെന്നോ ഉള്ള ഒരു തോന്നലുമുണ്ടായിരുന്നില്ല. 1975ലെ ഭൂ നിയമം പാസാക്കരുത് എന്ന് ആദ്യമായി പറഞ്ഞത് വയനാട്ടിലെ സി.പി.എം ജില്ല കമ്മിറ്റിയാണ്. ആ രീതിയിലുള്ള ആദിവാസി വിരുദ്ധത ഈ സമരത്തിനെതിരായിട്ടും നടന്നു. അവിടെയാണ് ഈ സമരത്തിന് ജനാധിപത്യപരമായ പിന്തുണ കൊടുക്കണം എന്ന തോന്നല്‍ എനിക്കുണ്ടായത്. അങ്ങനെ സമരത്തിനെ അനുകൂലിക്കുന്ന എല്ലാവരുടെയും ഒപ്പ് ശേഖരിച്ചു ഒരു പ്രസ്താവന ഞങ്ങള്‍ എല്ലാ മാധ്യമങ്ങൾക്കും കൊടുത്തു. അതുപോലെ ഒരു സമര സഹായ സമിതി ഉണ്ടാക്കണമെന്നും ഭക്ഷണത്തിേൻറതുപോലുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് സുഹൃത്തുക്കളായ ആള്ക്കാര് ആലോചിച്ചു ഒരു തീരുമാനത്തിലെത്തി. ഇത്രയുമാണ് യഥാര്‍ഥത്തില്‍ എനിക്കു ഈ സമരവുമായുള്ള ബന്ധം. ആ സമയത്ത് എനിക്ക് ഗീതാനന്ദനെ അറിയാം. എന്നാൽ, സി.കെ. ജാനുവിനെ വലിയ പരിചയമില്ല.
ഠഠഠ
ഫെബ്രുവരി 19ലെ സംഭവങ്ങള്‍ക്ക് ശേഷം സി.കെ. ജാനുവും ഗീതാനന്ദനും ഒളിവില്‍ പോയി. അവരെ കസ്റ്റഡിയിലെടുക്കാന്‍ വേണ്ടി ബത്തേരിയിലുള്ള ഒരു വിധം പണിയ കോളനികൾ മുഴുവനും പൊലീസ് തേര്‍വാഴ്ച നടത്തി. മുത്തങ്ങയുടെ അരികിലുള്ള തേലമ്പറ്റ, തോട്ടാംമൂല തുടങ്ങിയ ഭാഗങ്ങളിലുള്ള മുഴുവന്‍ ആദിവാസി കോളനികളിലും കയറി അവരുടെ കഞ്ഞിവെച്ച പാത്രങ്ങള്‍ അടക്കം തല്ലിത്തകർത്ത്, ആളുകളെ മർദിച്ചു. പുരുഷന്മാരെയൊക്കെ പിടിച്ച് കൊണ്ടുപോയി പ്രതി ചേര്‍ത്തു. പൊലീസിെൻറ കൊടിയ ഭീകരതയായിരുന്നു നടന്നത്. ഫെബ്രുവരി 22ന് രാവിലെ നമ്പിക്കൊല്ലി എന്ന സ്ഥലത്തുനിന്നാണ് ഗീതാനന്ദനെയും സി.കെ. ജാനുവിനെയും അറസ്റ്റ്ചെയ്യുന്നത്. അവര്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ അറസ്റ്റ്ചെയ്തു എന്ന വിവരമാണ് എനിക്കു കിട്ടുന്നത്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ല. ഞാന്‍ അന്ന് രാവിലെ നേരെ ഡയറ്റിലേക്ക് പോയി ഒപ്പിട്ട് സ്റ്റാഫ് റൂമില്‍ വന്നിരുന്നു. പെട്ടെന്ന് ഓഫിസിലേക്ക് ഒരു നാലഞ്ചു പൊലീസുകാര്‍ ഇരച്ചുകയറി വന്നു. സുരേന്ദ്രന് എവിടെ ആണ് എന്നു ചോദിച്ചിട്ടാണ് അവര്‍ വരുന്നത്. അവര്‍ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി. അതില്‍ വിശ്വംഭരന് എന്ന ഒരു എസ്.ഐ ഉണ്ടായിരുന്നു. അയാള്‍ നേരെ വന്നു ''ആരാടാ സുരേന്ദ്രന്?'' എന്നു ചോദിച്ചു. ഞാന്‍ കസേരയില്‍നിന്നും എഴുന്നേറ്റ് ''ഞാനാണ്'' എന്നു പറഞ്ഞു. ഉടനെ എെൻറ കോളറില്‍ പിടിച്ചുവലിച്ചിഴച്ച് കൊണ്ടുപോയി പുറത്തെ ജീപ്പിലേക്ക് തള്ളിക്കയറ്റി. അവിടെനിന്ന് ആദ്യം അയാള്‍ ഒന്നു മുഷ്ടി ചുരുട്ടി. അപ്പോള്‍ കൂടെയുള്ള പൊലീസുകാര്‍ ''വേണ്ട സാര്‍'' എന്നു പറഞ്ഞു തടഞ്ഞു. അതുകൊണ്ട് ഒന്നും ചെയ്തില്ല. അവിടെനിന്ന് നേരെ എന്നെ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഞാന്‍ നോക്കുമ്പോള്‍ ആ സ്റ്റേഷന് ചുറ്റും വലിയ ഒരു ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. അവര്‍ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ എന്താണ് പറയുന്നത് എന്നു ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഞാനൊരു അർധബോധാവസ്ഥയിലാണ് ജീപ്പില്‍നിന്നും ഇറങ്ങുന്നത്. എനിക്കാണെങ്കില്‍ നല്ല ഭയവും ഉണ്ട്. എന്താ കാര്യം എന്ന് ആരും പറഞ്ഞിട്ടില്ല.
അന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന് രണ്ടു ഭാഗമാണ്. ഒന്നു പ്രധാന ഭാഗവും മറ്റൊന്ന് സി.ഐ യുടെ ഓഫിസും. സി.ഐയുടെ ഓഫിസ് കുറച്ചു ഉള്ളിലാണ്. എന്നെ നേരെ സി.ഐയുടെ ഓഫിസിലേക്ക് കൊണ്ടുപോയി. രണ്ടു പേര് പിടിച്ചുകൊണ്ട് പോവുകയാണ്. അവിടെ എത്തിയപ്പോള്‍ വിശ്വംഭരന് എെൻറ കോളറിൽ വീണ്ടും പിടിച്ചിട്ട് ഉയർന്ന ഒാഫിസര്‍മാരോട് ''ഇതാണ് സാര്‍ സുരേന്ദ്രന്'' എന്നു പറഞ്ഞു. അവര്‍ തല കുലുക്കി. അവിടെനിന്ന് എന്നെ നേരെ പുറത്തേക്ക് ഇറക്കി. അവിടെ ദേവരാജന്‍ എന്ന ഒരു സി.ഐ വന്നു. കണ്ണൂരിലെ ജയകൃഷ്ണന് വധക്കേസില്‍ പ്രതികളെ സഹായിച്ചു എന്ന പരാമര്‍ശം ഉണ്ടായ ഒരു സി.ഐ ആണ് അയാള്‍. അയാള്‍ മുഷ്ടി ചുരുട്ടി എെൻറ വയറിന് ആഞ്ഞിടിച്ചു. ഓരോ ഇടിക്കും ഞാന്‍ പിറകിലേക്ക് കൂഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് എന്താണെന്നൊന്നും എനിക്കു ഓർമയില്ല. വരാന്തയില്‍ വെച്ചാണ് ഈ സംഭവം. അതുകഴിഞ്ഞ് എന്നെ വിശ്വംഭരന് പിടിച്ച് നേരെ സി.ഐ ഓഫിസില്‍നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് സ്റ്റേഷെൻറ പ്രധാന കവാടത്തിനോടു ചേര്‍ന്ന് ഒരു ഇടനാഴി ഉണ്ട്. ആ ഇടനാഴിയില്‍വെച്ച് രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് എെൻറ തോളും കൈകളുംകൂടി ചേർത്ത് കൂട്ടിപ്പിടിച്ചു. ചുമരിനോട് ചേര്‍ത്തു നിര്‍ത്തി. എന്നിട്ട് എെൻറ ഊരക്ക് ചന്തിയുടെ തൊട്ട് മുകളില്‍ ഒരേ സ്ഥലത്തു തന്നെ ബൂട്ടിട്ട കാലുകൊണ്ട് അഞ്ചെട്ട് തവണ ചവിട്ടി. ഓരോ ചവിട്ടിനും ഞാന്‍ മുന്നോട്ട് പോകും. മുന്നോട്ട് പോയി വീഴാതിരിക്കാന്‍ വേണ്ടിയാണ് പൊലീസുകാരെക്കൊണ്ട് പിടിപ്പിച്ചിരിക്കുന്നത്. അന്ന് തുടങ്ങിയ വേദന ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോഴും ഞാന്‍ ആ വേദന അനുഭവിക്കുന്നു. കുറെ സമയം ഇരുന്നു കഴിയുേമ്പാൾ പിന്‍ഭാഗം മരവിക്കും. അപ്പോൾ ഞാന്‍ ദയനീയമായി അയാളോട് ''സാറേ എനിക്കീ സമരവുമായി യാതൊരു ബന്ധവുമില്ല'' എന്നു പറയുന്നുണ്ട്. ''സമരവുമായി ഒരു ബന്ധവുമില്ലാതെ എങ്ങനെയാടാ-----മോനേ നിെൻറ നമ്പര്‍ ഗീതാനന്ദെൻറ ഡയറിയില്‍ പച്ചമഷിക്ക് എഴുതിെവച്ചത്?'' എന്ന് അയാള്‍ ചോദിച്ചു. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ പരീക്ഷയുടെ കാര്യം ഗീതാനന്ദനുമായി ചർച്ച ചെയ്തിരുന്നു. അപ്പോള്‍ ഗീതാനന്ദന് എന്നോട് അങ്ങനെയാണെങ്കില്‍ പത്താം ക്ലാസുകാരുടെ വിദ്യാഭ്യാസത്തില്‍ എന്താ ചെയ്യാന്‍ പറ്റുക എന്നു തിരിച്ചുചോദിച്ചിരുന്നു. ഞാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഡി.ഡിയുമായി സംസാരിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കാം എന്നു പറഞ്ഞു. എങ്കില്‍ ''മാഷുടെ നമ്പര്‍ വേണം'' എന്നു ഗീതാനന്ദന് പറഞ്ഞു. എനിക്ക് അന്ന് ഫോണ്‍ ഇല്ല. അന്ന് ഡയറ്റില്‍ ഫോണ്‍ ഉണ്ട്. ആ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുത്തപ്പോള്‍ അദ്ദേഹം ഡയറിയിൽ എഴുതാന്‍ തുടങ്ങി. എന്നാൽ, പേനയില്ല. അറ്റസ്റ്റ് ചെയ്യാന്‍വേണ്ടി പച്ചമഷിയുടെ പേന ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് പച്ചമഷിയില്‍ എെൻറ നമ്പര്‍ ഗീതാനന്ദെൻറ ഡയറിയില്‍ വരുന്നത്. ഇതാണ് ഈ പൊലീസുകാരന് പറയുന്നത്. ഗീതാനന്ദനെ അതിന് ഒരു രണ്ടു മണിക്കൂര്‍ മുമ്പാണ് അറസ്റ്റ്ചെയ്യുന്നത്. അദ്ദേഹത്തിെൻറ കൈയില്‍ ഉണ്ടായിരുന്ന പോക്കറ്റ് ഡയറിയില്‍നിന്നാണ് എെൻറ നമ്പര്‍ പൊലീസുകാര്‍ക്ക് കിട്ടുന്നത്.
അതിനുശേഷം എന്നെ റൈട്ടറുടെ റൂമിലേക്ക് കൊണ്ടുപോയി. അവിടെ കുറെ ആദിവാസി പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ഒരു മൂലയില്‍ ജാനു ഇരിക്കുന്നുണ്ട്. ജാനുവിനെ കണ്ടിട്ടു എനിക്കു മനസ്സിലായില്ല. കാരണം, അവരുടെ രണ്ടു കവിളുകളും വീങ്ങിയിരിക്കുകയാണ്. എന്നെ അവിടെ കൊണ്ടുപോയി ഇരുത്തി. ഞാനും അവരും എല്ലാം തറയില്‍ ആണ് ഇരിക്കുന്നത്. അപ്പോള്‍ പൊലീസുകാര്‍ വന്ന് ജാനുവിനോട് എന്നെ ചൂണ്ടി ''ഇവനെ അറിയില്ലേ?'' എന്നു ചോദിച്ചു. അവര്‍ എന്നെ നോക്കി. സത്യത്തില്‍ അവര്‍ക്കെന്നെ അറിയില്ല. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുപോലുമില്ല. അവര്‍ അറിയില്ല എന്നു പറഞ്ഞു. അത് കേട്ടതോടെ പൊലീസുകാര്‍ ആ വീങ്ങിയ കവിളിൽ ആഞ്ഞടിച്ചു. പുരുഷന്മാരായ പൊലീസുകാര്‍ ആണ് അടിക്കുന്നത്. വസന്തകുമാര്‍ എന്ന ഒരു പൊലീസുകാരന് എന്നോടു ''നീ പണിയന് ആണോടാ?'' എന്നു ചോദിച്ചു. ഞാന്‍ അല്ല എന്നു പറഞ്ഞു. ''നീയേതാ ജാതി?'' ഞാന്‍ ദലിതനാണ് എന്നു പറഞ്ഞു. ''ആ എല്ലാം കണക്കാണ്...'' എന്നു പൊലീസുകാരെൻറ മറുപടി. പിന്നെ അതുകഴിഞ്ഞ് അയാള്‍ എന്നോടു ചോദിക്കുന്നത്: ''നിെൻറ അമ്മക്കുണ്ടായ മറ്റ് മക്കളൊക്കെ പൊലീസുകാരുടേതാണോടാ? അതുകൊണ്ടാണോടാ നീ പൊലീസുകാരെ വെട്ടാന്‍ ക്ലാസ് എടുക്കുന്നത്?'' അപ്പോഴാണ് എന്നെ എന്തിനാണ് പിടിച്ചുകൊണ്ട് പോയത് എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ എനിക്ക് ഉണ്ടാകുന്നത്.
കുറച്ചു കഴിഞ്ഞ് റിസര്‍വ് ക്യാമ്പിലെ പൊലീസുകാര്‍ വന്നു. അവരെല്ലാവരും നന്നായി മദ്യപിച്ചിട്ടാണ് വന്നത്. ഉച്ച പന്ത്രണ്ടു മണി. ഇവര്‍ അടുത്തു വരുമ്പോള്‍ മദ്യത്തിെൻറ രൂക്ഷ ഗന്ധം. അവര്‍ അവിടെ ഇരിക്കുന്ന വസന്ത കുമാര്‍, മത്തായി തുടങ്ങിയ പൊലീസുകാരോട് എന്നെ കൈകാര്യം ചെയ്യാന്‍ അനുവാദം ചോദിച്ചു. അവര്‍ അനുവാദം കൊടുത്തു. അവര്‍ എെൻറ അടുക്കല്‍ വന്നിട്ട് ഞങ്ങള്‍ വിനോദിെൻറ കൂടെയുള്ളവരാണെടാ എന്നു പറഞ്ഞു. ഞാനാണ് വിനോദിനെ വെട്ടിക്കൊന്നത് എന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. അന്ന് അവർ കാണിക്കാത്ത അതിക്രമം ഇല്ല. അടിക്കുക, ഇടിക്കുക, ചെവി അടക്കം തലക്ക് ഇടിക്കുക അങ്ങനെ എല്ലാം. എനിക്കു അന്ന് നാൽപത്തി ഒന്നു വയസ്സുണ്ട്. ഒന്നു രണ്ടു പൊലീസുകാര്‍ എെൻറ മുലഞെട്ടില്‍ ഞെരിച്ചു. വല്ലാത്ത ഭീകരമായ ഒരു അനുഭവം ആയിരുന്നു അത്. ജാനുവിനെ അറയ്ക്കുന്ന രീതിയിലാണ് തെറി പറയുന്നത്. മർദനങ്ങള്‍ തുടരുന്നു.
അന്ന് പോരാട്ടം സംഘടനയില്പെട്ട തലശ്ശേരിക്കാരനായ അരൂഷ് എന്ന ഒരു പയ്യനെ അറസ്റ്റ്ചെയ്തു കൊണ്ടുവന്നിരുന്നു. അയാളും ബിജു എന്നു പേരുള്ള ഒരു ആദിവാസി ബാലനുംകൂടി ''ആദിവാസി മർദനം അവസാനിപ്പിക്കുക'' എന്ന പോസ്റ്റര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒട്ടിച്ചിരുന്നു. ഇത്തരം സംഘടനകള്‍ ചുവന്ന മഷിയില്‍ ചെറുതായിട്ട് എഴുതിയ പോസ്റ്ററുകള്‍ ആണല്ലോ ഒട്ടിക്കുക. പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ആ കുട്ടികളെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുവന്നത്. അവരെ കൊണ്ടുവന്നു കെട്ടുമ്പോള്‍ ഞാന്‍ അവിടെ തറയില്‍ ഇരിക്കുകയാണ്. അരൂഷ് ജീപ്പില്‍നിന്ന് ഇറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു മുദ്രാവാക്യം വിളിച്ചു. ആ മുദ്രാവാക്യം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്നതുപോലെ ഒരു കൂട്ടം പൊലീസുകാര്‍ ഈ രണ്ടു കുട്ടികളെയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. അരൂഷിന് അതോടെ ബോധം പോയി. അപ്പോഴാണ് മർദനം നിര്‍ത്തിയത്. ബോധം കെട്ട അരൂഷിനെ എെൻറ അടുത്ത് ഈ തറയില്‍ കൊണ്ടുവന്നു കിടത്തി. പത്തു മിനിറ്റ് കഴിഞ്ഞ് ഒരു പൊലീസുകാരന് വന്നിട്ട് ഇവനെ ഇങ്ങനെ കിടത്തിയാല്‍ ശരിയാകില്ല എന്നു പറഞ്ഞ് എടുത്തുകൊണ്ടുപോയി. പിന്നെ ആശുപത്രിയില്‍ കൊണ്ടുപോയി രാത്രിയില്‍ തിരിച്ചു കൊണ്ടുവന്നു.
മറ്റൊരു ക്രൂരമായ മർദനമുറ മറക്കാന്‍ പറ്റില്ല. പൊലീസുകാര്‍ നമ്മുടെ രണ്ടു ചെവിയിലും കൈകൊണ്ട് അടിക്കും. പതുക്കെ ആണ് അടിക്കുക. അപ്പോള്‍ ചെവിയിലേക്ക് കാറ്റ് കയറും. അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് പിന്നെ ആഞ്ഞു ഒരൊറ്റ അടിയാണ്. ശരിക്കും ചെവിയില്‍ അല്ല വേദന ഉണ്ടാവുക. നെറുകന്‍ തലയില്‍നിന്ന് എന്തോ ഒന്നു പറന്നുപോകുന്നതുപോലെ തോന്നും. ഒരു സെക്കൻഡു നേരത്തേക്ക് നമ്മുടെ ബോധംപോകും. അങ്ങനെ ആഞ്ഞ് ഒരു അഞ്ചെട്ടടി എന്നെ അടിച്ചു. എനിക്കു എണ്ണാന്തന്നെ പറ്റിയില്ല. രണ്ടു പൊലീസുകാര്‍ പിടിച്ച് നിര്‍ത്തിയിട്ടാണ് ഈ പ്രയോഗങ്ങള്‍ മുഴുവനും. അതുകഴിഞ്ഞ് എന്നെ പഴയ സ്ഥലത്ത് ആ തറയില്കൊണ്ടിട്ടു. അപ്പോള്‍ വേദനകൊണ്ട് കിടക്കാനും ഇരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് ഞാന്‍. ഞാന്‍ ചെവിയില്‍ തൊട്ടുനോക്കിയപ്പോള്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ ചോരയൊക്കെ തുടച്ചുകളഞ്ഞു. ഞാന്‍ സ്വന്തമായി ഒരു പരീക്ഷണം നടത്തി, മൂക്ക് പൊത്തിയിട്ടു ശ്വാസം വിട്ടു നോക്കി. അപ്പോള്‍ എെൻറ ഒരു ചെവിയില്‍ കൂടി ആണ് ശ്വാസം പോകുന്നത്. ചെവിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട് എന്നു എനിക്കു മനസ്സിലായി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.