'ആദിവാസികൾക്ക് ഭൂമിക്കുമേലുള്ള പുരാതനമായ അവകാശം വിട്ടുകൊടുക്കണം'
text_fields2003ൽ മുത്തങ്ങ സമരത്തിനോട് അനുബന്ധിച്ച് അറസ്റ്റിലായി അതിക്രൂര പൊലീസ് പീഡനത്തിന് ഇരയായ, സുല്‍ത്താന്‍ ബത്തേരി ഡയറ്റ് അധ്യാപകന് കെ.കെ. സുരേന്ദ്രന്റെ ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. പതിനേഴ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായ പശ്ചാത്തലത്തിലാണ് ഈ അനുഭവം പറച്ചിൽ.
സ്റ്റേഷനിൽ എന്നെ അറിയുന്ന രണ്ടു മൂന്നു പൊലീസുകാരുണ്ടായിരുന്നു. വീട്ടിനടുത്തുള്ള ഒരു എസ്.ഐ എന്നെ മർദിക്കുന്നത് കണ്ടു ഇടപെട്ടു. അതോടെ മർദനത്തിന് 'ബ്രേക്ക് ' വന്നു. അകന്ന പരിചയമുള്ള ചില പൊലീസുകാര്‍ മർദിക്കുന്നവര് ഇല്ലാത്ത സമയത്ത് കുറച്ചു വെള്ളം തന്നു. എന്തു ചോദിച്ചാലും നിങ്ങള്‍ പറയുന്നതു മാത്രമേ പറയാവൂ മാറ്റിമാറ്റി പറയരുത് എന്ന് അവര്‍ എന്നോടു പറഞ്ഞു. എനിക്ക് അതിനു മാറ്റിപ്പറയാന്‍ ഒന്നുമില്ല എന്നു തിരിച്ചുപറഞ്ഞു. കൂടെ പഠിച്ചവരും അടുത്ത ബന്ധമുള്ള പൊലീസുകാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ, അവരൊന്നും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
രാത്രി അവര്‍ എന്നെ വിളിച്ച് എഴുന്നേൽപിച്ചു. ഞാന്‍ ഉറങ്ങുന്നതുപോലെ നടിച്ച് കിടക്കുകയായിരുന്നു. നടുവിെൻറയും ചെവിയുടെയും വേദന കാരണം ഉറക്കം വരുന്നുണ്ടായിരുന്നില്ല. മദ്യത്തിെൻറ മണം ആ മുറി മുഴുവനുമുണ്ടായിരുന്നു. ഇടക്ക് പൊലീസുകാര്‍ ബോളൊക്കെ തട്ടുന്നതുപോലെ കാല് കൊണ്ട് തട്ടി കടന്നുപോയി. അതിെൻറ ഇടയില്‍ ഒരു പൊലീസ് മറ്റൊരു പൊലീസിനോട് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ''പതിനായിരം ഉറുപ്പിക ശമ്പളം വാങ്ങിക്കുന്ന -----മോനാണ് സാറേ ഈ കിടക്കുന്നത്.'' കുറച്ചു കഴിഞ്ഞു എന്നെ ഒരാള്‍ വിളിച്ചുകൊണ്ടുപോയി. എന്നോടു പാൻറും ഷര്‍ട്ടും അഴിക്കാന്‍ പറഞ്ഞു. അതിനുശേഷം എന്നെ ലോക്കപ്പില്‍ ആക്കി. കുറച്ചു കഴിഞ്ഞു ഗീതാനന്ദനെയും ലോക്കപ്പിലാക്കി. ഗീതാനന്ദന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ ഗീതനോടു സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗീതനു തിരിച്ചൊന്നും പറയാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല ഞാന്‍ പറയുന്ന കാര്യങ്ങൾ കേള്‍ക്കാന്‍ പറ്റുന്നുണ്ടോ എന്ന കാര്യംതന്നെ സംശയമായിരുന്നു. ഒരു ഞരക്കം മാത്രം. എന്നെ ചെവിയില്‍ അടിക്കുമ്പോള്‍ തൊട്ടപ്പുറത്ത് ഗീതാനന്ദനെ ആയിരുന്നു അടിച്ചത് എന്നു അപ്പോഴാണ് മനസ്സിലായത്. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്നെ മാത്രം ലോക്കപ്പില്നിന്നുമിറക്കി. എന്നോടു പാൻറും ഷര്‍ട്ടും ഇട്ടോളാൻ പറഞ്ഞു. ഞാന്‍ വീണ്ടും വന്നു തറയില്‍ തന്നെ കിടന്നു. പിറ്റേദിവസം രാവിലെ ഗീതാനന്ദനെയും ജാനുവിനെയും കോടതിയില്‍ കൊണ്ടുപോയി. അരൂഷ് അടക്കമുള്ള ഞങ്ങള്‍ അഞ്ചുപേരെ ഉച്ചക്ക് മജിസ്ട്രേറ്റിെൻറ മുന്നില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. പൊലീസുകാര്‍ എന്നെ ഭീകരമായി മർദിച്ചിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞു. എനിക്കു തലക്കും ചെവിക്കുമെല്ലാം നല്ല വേദനയുണ്ട്, നടുവേദനയുണ്ട്, അടിയന്തരമായി ചികിത്സ കിട്ടണം എന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ എന്നെ കണ്ണൂര്‍ ജയിലിലേക്ക് അയക്കാം എന്നു മജിസ്ട്രേറ്റ് പറഞ്ഞു. വൈത്തിരി ജയിലിലേക്ക് അയക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.
അറസ്റ്റ് ചെയ്ത ജാനുവിനെയും ഗീതാനന്ദനെയും നേരെ സ്റ്റേഷനിലേക്കല്ല കൊണ്ടുവന്നത്. എസ്.ഐ വിശ്വംഭരെൻറ നേതൃത്വത്തിലുള്ള ഒരു സംഘം ഇവരെ ഈ പൊലീസ് വണ്ടിയിലിട്ടു റൗണ്ട് അടിക്കുകയായിരുന്നു. ആ വണ്ടിയിലിട്ട് അവരെ ഭീകരമായി മർദിച്ച ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്. അതുപോലെ ഇരുപതാം തീയതി മുതല്‍ ആദിവാസികളെ അറസ്റ്റ് ചെയ്തു വണ്ടിയിലിട്ട് മർദിച്ചു.
ഞങ്ങളെ റിമാന്‍ഡ് ചെയ്യാന്‍ കണ്ണൂര്‍ക്ക് കൊണ്ടുപോകാം. ഞങ്ങള്‍ ആകെ അഞ്ചു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും നല്ലൊരു 'ട്രീറ്റ്മെൻറ്' ആണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല. അതിെൻറ പിന്നില്‍ ഒരു കഥയുണ്ട്. എെൻറ വീടിെൻറ അടുത്ത് ഒരു ആദിവാസി പയ്യന് ഉണ്ട്. അവന് പൊലീസ് ടെസ്റ്റ് പാസായി വന്നു. പൊലീസ് പരിശീലനത്തിന് പോകും മുമ്പ് പതിനായിരം രൂപയുടെ ബോണ്ട് കൊടുക്കണം. ബോണ്ട് സർക്കാര്‍ ഉദ്യോഗസ്ഥനാണ് കൊടുക്കേണ്ടത്. ഞങ്ങളുടെ ആ പരിസരത്ത് സർക്കാര്‍ സര്‍വിസില്‍ ഞങ്ങള്‍ കുറച്ചു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് അവനെ അത്ര അടുത്ത പരിചയം ഇല്ല. പരിചയമുള്ള ഉദ്യോഗസ്ഥരുടെ അടുത്തു പോയിട്ടു അവരാരും ഒപ്പിട്ടു കൊടുക്കാന്‍ തയാറായില്ല. ഒരു ദിവസം രാവിലെ അവന് എെൻറ അടുത്തു വന്നു. നീ ചാടിപ്പോകുമോ എന്നു ചോദിച്ചു, ഞാന്‍ ബോണ്ട് ഒപ്പിട്ടു കൊടുത്തു. ജോലി കിട്ടിയാല്‍ ആരാ ചാടിപ്പോവുക എന്ന് അവനും ചോദിച്ചു. എന്നെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന അന്ന് രാവിലെ അവന് അവിടെ ഡ്യൂട്ടിക്ക് വന്നു. അപ്പോഴാണ് എന്നെ അറസ്റ്റ് ചെയ്ത കാര്യം അവന് അറിയുന്നത്. അതോടെ എന്നെ ജയിലിലേക്ക് കൊണ്ടുപോകാനുള്ള ഡ്യൂട്ടി അവന് ചോദിച്ചു വാങ്ങി. കൂട്ടത്തില്‍ എ.ആര് ക്യാമ്പില്‍ ഉള്ള പൊലീസുകാരും ഉണ്ട്. ബത്തേരിയില്‍നിന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്തത് മുതല്‍ വണ്ടിയിലുള്ള പൊലീസുകാര്‍ ഞങ്ങളെ കൈകാര്യം ചെയ്യാന്‍ നോക്കുകയാണ്. പക്ഷേ മർദിക്കുന്നത് അവന് തടഞ്ഞു. പറ്റില്ല എന്നു ശക്തമായി തന്നെ പറഞ്ഞു. കോഴിക്കോട്ടേക്കും വൈത്തിരിയിലേക്കും കൊണ്ടുപോയ മുഴുവന്‍ പേരെയും ശരിക്കും മർദിച്ചിട്ടാണ് കൊണ്ടുപോയത്. 23ന് വൈകുന്നേരത്തോട് കൂടിയാണ് ഞാന്‍ കണ്ണൂര്‍ ജയിലില്‍ എത്തുന്നത്. പത്താം ബ്ലോക്കില്‍ ആണ് എന്നെ പാര്‍പ്പിച്ചത്. ജയിലിലെ പല ബ്ലോക്കുകളിലും മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. പത്താം േബ്ലാക്ക് എന്നാല്‍ ഒറ്റ സെല്ലാണ്. മറ്റ് ബ്ലോക്കുകളില്‍ വലിയ ഹോളുകളില്‍ ആണ് ആളുകള്‍ കിടക്കുന്നത്. എന്നെയും അരൂഷിനെയും ആദിവാസികളുമായി ബന്ധപ്പെടാന്‍ പാടില്ല എന്ന രീതിയില്‍ ഒരു സെല്ലില്‍ അടച്ചു. അങ്ങനെ ഞാന്‍ പതിമൂന്നു ദിവസം ആ സെല്ലില്‍ കഴിഞ്ഞു.
എനിക്ക് അന്ന് നിവര്ന്നുനില്ക്കാന് പറ്റില്ലായിരുന്നു. ബ്ലോക്കിെൻറ മൂലക്ക് ഒരു കിണര്‍ ഉണ്ട്. അതിെൻറ കരയിലാണ് ആള്ക്കാര് അലക്കുക ഒക്കെ ചെയ്യുന്നത്. അടിവസ്ത്രം അലക്കേണ്ടതുകൊണ്ട് ഞാന്‍ ആ കിണറിെൻറ അരികിലേക്ക് പോയി. ചെറിയ ദൂരം ആണെങ്കിലും വളരെ സമയം എടുത്താണ് ഞാന്‍ അവിടെ എത്തുന്നത്. നനക്കാൻ തുടങ്ങുമ്പോള്‍ ഒരു വാര്ഡന് വന്ന് എന്നോടു വി.എസ്. അച്യുതാനന്ദന് എന്നെ കാണാന്‍ വേണ്ടി അവിടെ നില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു. പെട്ടെന്നു അങ്ങോട്ട് വരണം എന്നും പറഞ്ഞു. ഞാന്‍ വളരെ കഷ്ടപ്പെട്ടു നടന്നു. വി.എസ് അപ്പോള്‍ എന്താണ് എെൻറ രാഷ്ട്രീയം എന്ന് ചോദിച്ചു. വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ ഇടതുപക്ഷ പ്രവര്ത്തകന് ആയിരുന്നു എന്നും പിന്നെ പ്രകടമായ രാഷ്ട്രീയ പ്രവര്‍ത്തനം ഒന്നുമില്ല എന്നും പറഞ്ഞു. എന്നെ പൊലീസുകാര്‍ ഭീകരമായി മർദിച്ചു, ചെവിയൊക്കെ തകരാറാണ്, മതിയായ ചികിത്സ ഒന്നും കിട്ടുന്നില്ല എന്നും പറഞ്ഞു. അപ്പോള്‍ വി.എസ് പറഞ്ഞ വാചകം മറക്കാന്‍ പറ്റില്ല. നീട്ടിക്കുറുക്കിയ ശൈലിയിലാണ് അത് പറഞ്ഞത്. ''നിനക്കു ദിവാന് ആകണം അല്ലെടാ ------മോനേ... എന്നു പറഞ്ഞാണ് പണ്ട് എന്നെ മർദിച്ചത്. എന്നിട്ടും കുഴപ്പമൊന്നുമുണ്ടായില്ല. മാഷെ നിങ്ങളതുകൊണ്ട് മനോധൈര്യം കളയരുത്.'' ''എനിക്ക് കഴിയുന്നിടത്തൊക്കെ തെൻറ പ്രശ്നം ഉന്നയിച്ചിരിക്കും'' എന്നും പറഞ്ഞ് എെൻറ തോളത്തു ഒന്നു പിടിച്ചു.
അന്നത്തെ ജയിൽജീവിതം മറക്കാന്‍ പറ്റാത്തതാണ്. റിപ്പര്‍ ചാക്കോ, റിപ്പര്‍ ഉമ്മര്‍, കാക്ക രാജന്, വാഹന മോഷ്ടാക്കള്‍ തുടങ്ങിയവരാണ് പത്താം ബ്ലോക്കില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരും വ്യത്യസ്ത കേസുകളില്‍ പെട്ട് ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുന്നവരായിരുന്നു. അതില്‍ റിപ്പര്‍ ചാക്കോ വധശിക്ഷയില്‍നിന്നു മോചനം കൊടുത്ത ആളാണ്. അദ്ദേഹം പിന്നീട് ജയിലില്‍വെച്ച് തന്നെ മരിച്ചു. ഞാന്‍ നോക്കുമ്പോള്‍ ജയിലില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ആള് റിപ്പര്‍ ചാക്കോ ആയിരുന്നു. ചാക്കോ രാവിലെ രണ്ടു മൂന്നു മണിക്കൂര്‍ ജയിലിലെ ചെടികള്‍ക്ക് പരിചരണം കൊടുക്കും. ആളുകള്‍ വധശിക്ഷക്ക് മുറവിളി കൂട്ടുമ്പോള്‍ മനുഷ്യരുടെയും സമൂഹത്തിെൻറയും മാറ്റത്തിന് വധശിക്ഷ പരിഹാരമല്ല എന്നു എനിക്കു മനസ്സിലായത് റിപ്പര്‍ ചാക്കോയുടെ ജീവിതം കണ്ടപ്പോഴാണ്. ഒരുദിവസം ഉച്ചക്ക് കൂടെയുള്ള തടവുകാരോട് എന്തെങ്കിലും വായിക്കാന്‍ കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നു ഞാൻ പറഞ്ഞു. ആകെ ജയിലില്‍ പത്രമാണ് കിട്ടുക. ഒരു തടവുകാരന് ചാക്കോ ചേട്ടനെ പോയി കണ്ടാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ ചെല്ലുേമ്പാൾ തോര്‍ത്ത് മുണ്ട് ഉടുത്തു നല്ല കറുത്ത ഒരു മനുഷ്യന് സെല്ലിെൻറ തറയില്‍ പായ ഒന്നും വിരിക്കാതെ കിടക്കുന്നു. ഞാന്‍ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടു വന്ന മാഷാണ് എന്നു പറഞ്ഞപ്പോള്‍ ''ആ, മാഷെ പറ്റി ഞാന്‍ കേട്ടു...'' എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അദ്ദേഹം ആരാണെന്നോ കേസ് എന്താണ് എന്നോ അറിയില്ലായിരുന്നു. ഇവിടെ വന്നാല്‍ വീക്കിലി ഒക്കെ കിട്ടും എന്നു കേട്ടു എന്നു ഞാന്‍ പറഞ്ഞു. എനിക്കു കുറെ കേരളശബ്ദം, മാതൃഭൂമി തുടങ്ങിയ വീക്കിലികള്‍ എടുത്തുതന്നു. പിന്നെ ഞങ്ങള്‍ കുറെ സംസാരിച്ചു.
അതിനിടയില്‍ ജയില്‍ ആശുപത്രിയില്‍ ഒന്നു രണ്ടു തവണ ഞാന്‍ ഡോക്ടറെ കണ്ടു. ചെവിയുടേത് ഒരു വലിയ പ്രശ്നം തന്നെ ആയിരുന്നു. പിന്നെ ഊരയുടെ പ്രശ്നവുമുണ്ട്. ഞാനിതു ഡോക്ടറോട് പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ ജില്ല ഹോസ്പിറ്റലിലെ ഇ.എന്‍.ടി സ്പെഷലിസ്റ്റിനെ കാണിക്കാന്‍ എഴുതിത്തരാം എന്നു പറഞ്ഞു. പിറ്റേദിവസം കണ്ണൂര്‍ ജില്ല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അന്ന് ജില്ല ആശുപത്രിയില്‍ ബീന റാണി എന്ന ഡോക്ടര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഡോക്ടര്‍ എന്തുപറ്റി എന്നു ചോദിച്ചപ്പോള്‍ പൊലീസുകാര്‍ ഇടിച്ചതാണ് എന്നു പറഞ്ഞു. ചെവി പരിശോധിച്ചിട്ട് ചെവിക്ക് കാര്യമായ തകരാറ് വന്നിട്ടുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു. അവര്‍ ഒരു ഡ്രോപ്പ് തന്നു. ഞാന്‍ ജയിലിലേക്ക് തന്നെ തിരിച്ചു വന്നു. ഈ സമയത്ത് എെൻറ ചികിത്സക്ക് വേണ്ടി ഹൈകോടതിയില്‍ എെൻറ ഭാര്യയുടെ പേരിൽ റിട്ട് ഫയല്‍ ചെയ്തു. എെൻറ സുഹൃത്തുക്കള്‍ എല്ലാവരും കൂടെയാണ് ആ റിട്ട് കൊടുക്കുന്നത്. അഡ്വക്കറ്റ് കെ.സി. എല്‍ദോ എന്ന വക്കീലാണ് കേസ് എടുക്കുന്നത്. അദ്ദേഹം അന്ന് ഹൈകോടതിയിലെ താരതമ്യേന ജൂനിയറായ വക്കീല്‍ ആണ്. ചികിത്സയുടെ കാര്യം പറഞ്ഞപ്പോഴുള്ള മറുപടി ജയിലില്‍ ചികിത്സ കൊടുക്കുന്നുണ്ട്, ജില്ല ആശുപത്രിയില്‍ ചികിത്സിക്കുന്നുണ്ട് എന്നൊക്കെ ആയിരുന്നു. വേണമെങ്കില്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ കൊടുക്കും എന്നും പറഞ്ഞു. അപ്പോള്‍ എല്‍ദോ വക്കീല്‍ കോടതിയുടെ മുന്നില്‍ പറഞ്ഞ പോയൻറ് രസകരമായിരുന്നു. ഇതിലും വലിയ ജയിലില്‍നിന്നാണ് രാജന് പിള്ള എന്ന ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു പോയത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ ഒരു ഇ.എന്‍.ടി സ്പെഷലിസ്റ്റ് ജയിലില്‍ വന്നു എന്നെ പരിശോധിക്കാനും അദ്ദേഹത്തിെൻറ റിപ്പോര്‍ട്ടിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും കോടതി ഉത്തരവിറക്കി. ഇ.എന്‍.ടി സ്പെഷലിസ്റ്റായ ഒരു ഡോക്ടര്‍ രവീന്ദ്രന് എന്നെ പരിശോധിച്ചു ഹൈകോടതിക്ക് വിശദ റിപ്പോർട്ട് കൊടുത്തു. ഇ.എന്‍.ടി ഓപറേഷന് സൗകര്യമുള്ള ഒരു ആശുപത്രിയില്‍ എന്നെ അഡ്മിറ്റ് ചെയ്തു ചികിത്സിക്കണം എന്നാണ് അദ്ദേഹം റിപ്പോർട്ട്കൊടുത്തത്. അങ്ങനെ എന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. അപ്പോഴും ഞാന്‍ റിമാൻഡിലാണ്. രണ്ടു പൊലീസുകാര്‍ എനിക്കു കാവലായിട്ടുണ്ട്. ചെവിയിലെ ഇയര്‍ ഡ്രം പൊട്ടിയത് പേസ്റ്റ് ചെയ്തു. ജാമ്യം കിട്ടുമ്പോഴും ഞാന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒരു പത്തിരുപത് ദിവസത്തിലധികം അവിടെ കിടന്നു. ജാമ്യം കിട്ടിയതിന് ശേഷം കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍ ഒരാഴ്ചകൂടി ചികിത്സ ചെയ്തിട്ടാണ് ഞാന്‍ വയനാട്ടിലെ വീട്ടിലേക്ക് വരുന്നത്. എന്നെ അറസ്റ്റ് ചെയ്തതിെൻറ പിറ്റേദിവസം തന്നെ സ്വാഭാവികമായിട്ടും ഞാന്‍ സര്‍വിസില്‍നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റിെൻറ സ്ട്രിങ്ങറായിരുന്ന രാംദാസ് ആദിവാസി പക്ഷത്തുനിന്ന് റിപ്പോർട്ടുകൾ നൽകിയയാളാണ്. എന്നെ പെടുത്തിയത് പോലെ രാംദാസിനെയും പൊലീസുകാര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ രാംദാസ് ഒളിവില്‍ പോയി. ''നിന്നെയല്ല ഞങ്ങൾക്ക് കിട്ടേണ്ടത് രാംദാസിനെയാണ്'' എന്നാണ് പൊലീസുകാര്‍ എന്നോടു പറഞ്ഞത്. ഞാന്‍ പതിനാലും രാംദാസ് പതിനഞ്ചും പ്രതിയാണ്. രാംദാസ് പിന്നീട് ഒളിവിലുള്ളപ്പോള്തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തു. ഏഷ്യാനെറ്റ് തിരിച്ചുവന്ന രാംദാസിന് ജോലി കൊടുത്തില്ല.
ഠഠഠ
ആദിവാസി പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുള്ള, ആദിവാസി വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരാളാണ് ഞാന്‍ എന്ന് എെൻറ സുഹൃത്തുക്കള്‍ക്കും അടുത്ത് അറിയാവുന്ന ആള്‍ക്കാര്‍ക്കും അറിയാം. പക്ഷേ, ഞാന്‍ നക്സല്‍ തീവ്രവാദി ആണെന്ന പ്രചാരണം പൊലീസുകാര്‍ അഴിച്ചുവിട്ടു. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്തതുകൊണ്ടായിരിക്കും ആ രീതിയിലുള്ള പ്രചാരണം ഉണ്ടായത്. സർക്കാര്‍ ഉദ്യോഗമൊക്കെ ഉള്ള ഒരാള്‍ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പോകുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഞാന്‍ അതിനെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. അറസ്റ്റ് ചെയ്തു ബത്തേരി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഞാന്‍ എന്നെക്കുറിച്ച് ആലോചിച്ചു. എന്തായാലും ജോലി പോകും. കേസില്‍ പ്രതിയുമായി. കേസ് കുറെ കാലം നിലനിൽക്കും. പിന്നെ ഞാന്‍ മക്കളെ പറ്റി ആലോചിച്ചു. ഭാര്യയെ പറ്റി ആലോചിച്ചു. അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചു. അവര്‍ക്കൊക്കെ ഉണ്ടാകുന്ന വിഷമങ്ങളെ പറ്റി ആലോചിച്ചു. ഏതായാലും വന്നു ഭവിച്ച സ്ഥിതിക്ക് ഇതൊക്കെ അനുഭവിച്ചല്ലേ പറ്റൂ എന്ന ചിന്തയുണ്ടായി. അപ്പോള്‍ ഞാന്‍ ഇരിക്കുന്നതിെൻറ കുറച്ച് അപ്പുറത്തായിട്ടു കുറെ ആദിവാസി സ്ത്രീകള്‍ കൈയില്‍ കുട്ടികളുമായി ഇരിക്കുകയാണ്. ജാനുവും ഗീതാനന്ദനും അവരുടെ കൂടെയുണ്ട്. എെൻറ ചുറ്റും അതിഭീകരമായി മർദനമേറ്റ ഒരു ആദിവാസി സമൂഹം നിലനില്‍ക്കുന്നതായി തോന്നി. ഈ ജനത ഇത്ര കഠിനമായ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ഇവരിലൊരാളായി ഞാനും പിടിക്കപ്പെട്ടു. ഈ ഇരുത്തം ഒരു മോശം കാര്യമല്ല. ഇത്രയും ആളുകള്‍ ആദിവാസി കാര്യങ്ങൾ പറഞ്ഞു നടന്നിട്ട് ഇവരുടെ കൂടെ ഞാന്‍ മാത്രമല്ലേ ഇങ്ങനെ ഇരിക്കാനുള്ളൂ എന്ന ചിന്ത എനിക്കുണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്. എെൻറ ബന്ധുക്കളെക്കാൾ പീഡനം ഈ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരോട് ഒന്നിച്ചുനില്‍ക്കുക അത്ര മോശം കാര്യമല്ല. ഈ ചിന്തയോടെ ഒന്നും എന്നെ ബാധിക്കാതെ ആയി. അതുവരെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് എെൻറ പല അധ്യാപകരെയും പൊലീസ് പിടിച്ച് കൊണ്ടുപോയിട്ടുണ്ട്. അതിെൻറ ഇടയില്‍ എേൻറതൊന്നും അത്ര വലിയ കാര്യമല്ല എന്നു മനസ്സില്‍ തോന്നി. അതുകൊണ്ട് തന്നെ ഈ അറസ്റ്റോടുകൂടി പൊലീസിനോടുള്ള എെൻറ ഭയം പോയി. പിന്നീട് ഞാന്‍ പൊലീസുകാരെ ഭയപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരെ ആയിട്ട് എന്തെങ്കിലും ചെയ്യണം എന്ന ദൃഢനിശ്ചയം എനിക്കുണ്ടായത്. ആദിവാസി സമരത്തോട് അനുകൂല മനോഭാവം പുലര്‍ത്തി എന്ന കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ ആ സമരത്തില്‍ പങ്കെടുത്തിട്ടുപോലുമില്ല.
അതുകൊണ്ടാണ് ഞാന്‍ എനിക്കെതിരെയുള്ള ഈ പൊലീസ് മർദനത്തിനെതിരെ സിവില്‍ കേസും ക്രിമിനല്‍ കേസും കൊടുക്കാന്‍ തീരുമാനിച്ചത്. അത് വല്ലാത്ത അനുഭവമായിരുന്നു. 2003 മാര്‍ച്ചിലാണ് എനിക്കു ജാമ്യം കിട്ടുന്നത്. ഞാന്‍ സസ്പെന്‍ഷനിലാണ്. ഞാന്‍ ഒരു വക്കീലിനെ കണ്ട് ക്രിമിനല്‍ കംപ്ലൈൻറ് ഡ്രാഫ്റ്റ് ചെയ്യിച്ചു ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കൊടുത്തു. പക്ഷേ, അത് ഫയലില്‍ സ്വീകരിക്കണമെങ്കില്‍ കുറെ ചടങ്ങുകളുണ്ട്. വിചാരണ സമയത്തെപോലെ തന്നെ തെളിവുകളും സാക്ഷികളും എല്ലാം ഹാജരാക്കണം. അത് മുഴുവന്‍ കോടതി കേട്ടിട്ടുവേണം കോടതി കേസ് ഫയലില്‍ സ്വീകരിക്കാന്‍. അങ്ങനെ സാക്ഷികളെയൊക്കെ ഹാജരാക്കി കേസ് ഫയലില്‍ സ്വീകരിച്ചു. ഒരു ആറുമാസം തടവേ ഈ കേസിന് മാക്സിമം ശിക്ഷ ആയി വരുന്നുള്ളൂ. അങ്ങനെയുള്ള വകുപ്പുകളാണ് ഫ്രെയിം ചെയ്തിരിക്കുന്നത്. ഞാന്‍ ആറ് പൊലീസുകാര്‍ക്കെതിരെയാണ് കേസ് കൊടുത്തത്. എസ്.ഐ വിശ്വംഭരന്, സി.ഐ ദേവരാജന്‍, എ.എസ്.ഐ മത്തായി, ഹെഡ്കോൺസ്റ്റബിള്‍ വസന്തകുമാര്‍, പിന്നെ കോൺസ്റ്റബിള്‍മാരായ വർഗീസ്, രഘുനാഥന് എന്നിവരാണ് പ്രതികള്‍. 2003ലാണ് ഞാന്‍ കേസ് കൊടുക്കുന്നത്. പക്ഷേ, പ്രതികളായ പൊലീസുകാര്‍ ഹൈകോടതിയില്‍ പോയി 2008ലെ സുപ്രീംകോടതി ഓര്ഡര്വെച്ചു ഹൈകോടതിയില്‍നിന്ന് ഉത്തരവ് സമ്പാദിച്ചു. സര്‍ക്കാറിെൻറ അനുവാദമില്ലാതെ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ചെയ്തികൾക്കെതിരെ കേസ് നടത്താന്‍ കഴിയില്ല എന്നതായിരുന്നു ആ ഓര്‍ഡര്‍. സര്‍ക്കാറിെൻറ പെര്മിഷന് ഉണ്ടെങ്കില്‍ മാത്രമേ പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയൂ. അന്ന് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയാണ്. ഞാന്‍ വി.എസിനെ പോയി കണ്ടു സംസാരിച്ചു. വി.എസ് പരാതി ഫോര്‍വേഡ് ചെയ്തു. അന്നത്തെ ഡി.ജി.പി ഒരു കാരണവശാലും പെര്മിഷന് കൊടുക്കില്ല എന്നു പറഞ്ഞതായി ഞാന്‍ അറിഞ്ഞു. എന്നോടു വേണമെങ്കില്‍ മനുഷ്യാവകാശ കമീഷനിലോ മറ്റോ പോകാന്‍ ഡി.ജി.പി പറഞ്ഞതായി അറിഞ്ഞു. അങ്ങനെ ആ കേസ് പോയി.
ഹൈകോടതിയില്‍ പിന്നീട് ഞാന്‍ റിവ്യൂ പെറ്റീഷന് കൊടുത്തെങ്കിലും അനുവദിച്ചു കിട്ടിയില്ല. ആ കേസിന് പൈസയും പരിശ്രമവും നഷ്ടമായി. അതിനിടയില്‍ മനുഷ്യാവകാശ കമീഷനാണ് ഏറ്റവും രസകരമായ ഒരു കാര്യം ചെയ്തത്. ഞാന്‍ ജയിലില്‍നിന്നിറങ്ങുന്നതിന് മുമ്പേതന്നെ എനിക്കും ജാനുവിനും ഗീതാനന്ദനും ഒരു ഇൻററിം റിലീഫ് ആയി ഒരു ലക്ഷം രൂപ കൊടുക്കും എന്ന് മനുഷ്യാവകാശ കമീഷന് പ്രഖ്യാപിച്ചു. അത് വലിയ പത്രവാർത്ത ആയി. ഞാന്‍ ജയിലില്‍നിന്നുമിറങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എന്നെ കോഴിക്കോേട്ടക്ക് മനുഷ്യാവകാശ കമ്മിറ്റിയുടെ സിറ്റിങ്ങിലേക്ക് വിളിച്ച്, കാര്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്ന ഒരു ഡോ. എസ്. ബാലരാമനും ജഡ്ജിയുമാണ് അന്ന് ഉണ്ടായിരുന്നത്. അന്ന് മനുഷ്യാവകാശ കമീഷന് ചെയര്മാന് ഇല്ല. ബാലരാമന് സാര്‍, ''കുഴപ്പമില്ല സുരേന്ദ്രാ, എല്ലാം ശരിയാക്കാം'' എന്ന് എന്നെ വിളിച്ച് പറഞ്ഞു. പിന്നീടാണ് ഡോ. ബാലരാമനും അതിലെ ജഡ്ജിയും തമ്മില്‍ സംഘര്‍ഷമുണ്ടായി എന്ന് അറിയുന്നത്. പിന്നീട് ബാലരാമന് സാറിനെ തിരുവനന്തപുരത്ത് വെച്ചു കണ്ടപ്പോള്‍ ''ക്ഷമിക്കണം സുരേന്ദ്രാ... നിന്നെ സഹായിക്കാന്‍ പറ്റിയില്ല...'' എന്നു പറഞ്ഞു. അവരുടെ ഉള്ളിലെ പ്രശ്നങ്ങള്‍കൊണ്ടാണ് അല്ലാതെ എനിക്കു അര്ഹതയില്ലാത്തതുകൊണ്ടല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതങ്ങനെയും പോയി.
പിന്നെ ആകെയുള്ളത് സിവില്‍ കേസ് ആണ്. ബത്തേരി സബ് കോടതിയില്‍ പതിനഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്തു. കേസ് ഫയല്‍ ചെയ്തപ്പോള്‍ ആദ്യം നേരിട്ട കടമ്പ കോര്‍ട്ട് ഫീസ് അടയ്ക്കല്‍ ആയിരുന്നു. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ഒരു ലക്ഷത്തി നാൽപതിനായിരം രൂപ വേണം. അപ്പോള്‍ വക്കീല്‍ എല്‍ദോ എെൻറ വരുമാനംകൊണ്ട് കോര്‍ട്ട് ഫീസ് അടയ്ക്കേണ്ട കാര്യമില്ല എന്നു പറഞ്ഞു. കൈയില്‍ പൈസ ഉണ്ടെങ്കില്‍ മാത്രം അടച്ചാല്‍ മതി. അല്ലെങ്കില്‍ എനിക്ക് ഇണ്ടിജെൻറ് ഒ. പി ആയി കൊടുക്കാം. എല്‍ദോ വക്കീല്‍ പറഞ്ഞതിെൻറ അടിസ്ഥാനത്തില്‍ ഞാന്‍ ഇണ്ടിെജൻറ് ഒ.പി ആയിട്ട് കൊടുത്തു. അത് ഇണ്ടിെജൻറാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ കുറെ വര്‍ഷങ്ങള്‍ എടുത്തു. ഞാന്‍ ശമ്പളം വാങ്ങിക്കുന്ന ആളാണ് എന്നു പറഞ്ഞു തള്ളി. ഫീസ് അടയ്ക്കുകയാണെങ്കില്‍ കേസ് നടത്താം എന്നായി. ഞാന്‍ എല്‍ദോ വക്കീലിനെ വിളിച്ചപ്പോള്‍ കുഴപ്പമില്ല ഹൈകോടതിയില്‍ റിട്ട് കൊടുത്തോളാം എന്നു പറഞ്ഞു. കോടതി കേസ് തുടരാന്‍ അനുമതി നൽകി.
ജീവിതത്തില്‍ എനിക്കു വലിയ ഒരു കടപ്പാടുള്ള മനുഷ്യനാണ് കെ.സി. എല്‍ദോ. അദ്ദേഹം എന്നെ ചികിത്സക്കുവേണ്ടി, സര്‍വിസില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എല്ലാം ഓര്‍ഡര്‍ വാങ്ങിത്തന്നു. ഇണ്ടിെജൻറ് ഒ.പി ആയി ഈ കേസ് തുടരാനുള്ള ഓര്‍ഡറും അദ്ദേഹംതന്നെയാണ് വാങ്ങിത്തന്നത്. ഫോട്ടോസ്റ്റാറ്റുകളെടുക്കാനുള്ള ചാര്‍ജുകള്‍ മാത്രമേ അദ്ദേഹം വാങ്ങിയിട്ടുള്ളൂ. അത് വലിയ ഒരു അനുഗ്രഹം ആയിരുന്നു. അല്ലെങ്കില്‍ ആയിരക്കണക്കിന് രൂപ ഞാന്‍ അതിനുവേണ്ടി തന്നെ മുടക്കേണ്ടി വരുമായിരുന്നു. അതിനൊന്നുമുള്ള സാമ്പത്തികശേഷി എനിക്കില്ലതാനും. പിന്നെ എനിക്കു വലിയ കടപ്പാടുള്ള ഒരു മനുഷ്യന് ഡോ. വി.സി. രവീന്ദ്രന് ആണ്. അന്ന് അദ്ദേഹം ജയിലില്‍ വന്നു പരിശോധിച്ചു ആ റിപ്പോർട്ട് കൊടുത്തതിനാലാണ് എനിക്ക് ചികിത്സ കിട്ടിയത്. അദ്ദേഹത്തിെൻറ ആ റിപ്പോർട്ട് ഇല്ലെങ്കില്‍ എെൻറ ചെവി ഇപ്പോഴും ഒന്നിനും കൊള്ളാത്ത അവസ്ഥയിലായിപ്പോകുമായിരുന്നു. കേസില്‍ മെഡിക്കല്‍ എവിഡന്‍സ് കൊടുക്കാന്‍ വരാന്‍ പറ്റുമോ എന്നു ചോദിച്ചു. പതിനേഴ് വർഷം മുമ്പാണ് ഡോക്ടര്‍ എന്നെ കണ്ടു പരിശോധിക്കാന്‍ ജയിലില്‍ വന്നത്. അദ്ദേഹത്തിന് ഇപ്പോള്‍ നല്ല പ്രായവുമുണ്ട്. പയ്യന്നൂരില്‍നിന്ന് ഇങ്ങോട്ട് വരണം. പക്ഷേ, അദ്ദേഹം വന്നു തെളിവ് കൊടുത്തു. പൊലീസുകാരും ഭരണാധികാരികളും മാത്രമല്ല ഇതുപോലുള്ള മനുഷ്യരും ഈ സമൂഹത്തിലുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇതുപോലുള്ള മനുഷ്യരാണ് വലിയ കൈത്താങ്ങായത്.
എന്നെ സംബന്ധിച്ചു തൊഴില്‍നഷ്ടം ഉണ്ടായിട്ടില്ല. ആറുമാസം സസ്പെൻഡ് ചെയ്തതിന് ശേഷം എന്നെ തിരിച്ചെടുക്കണം എന്നു പറഞ്ഞു ഞാന്‍ അപ്പീല്‍ കൊടുത്തു. കേസ് അന്വേഷിക്കുന്ന ഏജന്‍സിയുടെ അനുമതി വേണം എന്നായിരുന്നു മറുപടി. അന്ന് കേസ് ക്രൈം ബ്രാഞ്ചില്‍നിന്നു സി.ബി.ഐ ഏറ്റെടുത്തു അന്വേഷിക്കുന്ന സമയമാണ്. സി.ബി.ഐയോട് ഡി.പി.ഐ ഓഫിസില്‍നിന്നും എഴുതി ചോദിച്ചപ്പോള്‍ എന്നെ സര്‍വിസില്‍ എടുക്കുന്നതില്‍ ഒരു തടസ്സവുമില്ല എന്നു പറഞ്ഞു. എനിക്കു വയനാട്ടില്‍ പോസ്റ്റിങ് തരില്ല എന്നു വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്ക് ഭയങ്കര വാശിയായിരുന്നു. വി.എസ് നേരിട്ടു വിളിച്ച് പറഞ്ഞിട്ടുപോലും അദ്ദേഹം സമ്മതിച്ചില്ല. എന്നെ കോട്ടയത്താണ് പോസ്റ്റ് ചെയ്തത്. ഹൈകോടതിയില്‍ റിട്ട് കൊടുത്തിട്ടാണ് കോട്ടയത്തുനിന്നു വയനാട്ടിലേക്ക് വരാന്‍ പറ്റിയത്. പിന്നീട് ഞാന്‍ ഇ.എന്‍.ടി, ചില ആയുര്‍വേദ ചികിത്സകള്‍ ഒക്കെ ചെയ്തെങ്കിലും അതൊന്നും ലക്ഷങ്ങള്‍ വേണ്ടിവന്നതായിരുന്നില്ല. പിന്നെ എനിക്കെതിരെ നടന്നിട്ടുള്ള അന്യായമായ അറസ്റ്റ്, പീഡനം, തടവ് എന്നിവക്കുള്ള നഷ്ടപരിഹാരം എന്ന നിലയിലാണ് ഈ അഞ്ചു ലക്ഷം രൂപ എന്ന തുക വിധി ആയത്.
ഭീമ കൊറേഗാവ് കേസില്‍ തെല്തുംബ്ദെയെപോലുള്ള ആളുകള്‍, പ്രഫസര്‍ ഹാനിബാബുവിനെപോലുള്ള ആളുകളൊക്കെ ജയിലില്‍ കിടക്കുകയാണ്. അവരൊക്കെ ദലിതരുടെ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. അതുകൊണ്ടാണ് ഈ മനുഷ്യരെ ജയിലിലിട്ടിരിക്കുന്നത്. എന്തോ ലഘുലേഖ വായിച്ചു എന്നു പറഞ്ഞു അലനെയും താഹയെയുംപോലുള്ള കുട്ടികളെ കേരളസർക്കാര്‍ ജയിലില്‍ അടച്ചു. സാമൂഹികപ്രതിബദ്ധത ഇല്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. സോഷ്യല്‍ കമ്മിറ്റ്മെൻറ് പുലര്‍ത്തുന്ന ആളുകളെ മുഴുവന്‍ ഭീകരവാദികളും നക്സലൈറ്റുകളും തീവ്രവാദികളും ആക്കിയിട്ട് അവര്‍ക്കെതിരെ കേസ് ചുമത്തുക, അവരെ പീഡിപ്പിക്കുക, അവര്‍ക്ക് ജയില്‍വാസം കൊടുക്കുക ഇങ്ങനെയുള്ള കാര്യങ്ങളാണ് ഈ പൊലീസും ഭരണാധികാരികളും കൂടെ ചെയ്യുന്നത്. ശരിക്കും മുത്തങ്ങ സമരത്തില്‍ ആദിവാസികളുടെ പക്ഷത്തുനിന്നും ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ജനാധിപത്യപരമായ അതിജീവനത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഏറ്റവും ശക്തമായ ഒരു മൂവ്മെൻറിനെ, ശക്തമായ പോരാട്ടത്തെ പൊലീസും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും കേരളത്തില്‍ വംശീയമായി വേട്ടയാടുകയായിരുന്നു. വേട്ടയാടി അവരെ നശിപ്പിച്ചു. അത് മാത്രമല്ല അതില്‍നിന്നും മുതലെടുത്ത ആളുകള്പോലുമുണ്ട്. ആദിവാസി ക്ഷേമസമിതിപോലുള്ള സംഘടനകളൊക്കെ അതിനു ശേഷമാണ് ഉണ്ടായത്.
ഗീതാനന്ദനും ജാനുവും അവരുടെ ജീവിതത്തില്‍ എല്ലാ ശക്തിയും ഈ സമരത്തിന് വേണ്ടിതന്നെയാണ് ഉപയോഗിച്ചത്. ഇപ്പോഴും ജാനുവിെൻറയും ഗീതാനന്ദെൻറയും പേരില്‍ കേസ് നടക്കുന്നു. അവര്‍ കൊലപാതക കേസില്‍ ഇപ്പോഴും പ്രതികളാണ്. ഇവര്‍ക്കൊക്കെ എന്തു ശിക്ഷയാണ് കിട്ടാന്‍ പോകുന്നതെന്ന് നമുക്കറിയില്ല. അതൊക്കെ ഇവരെ വല്ലാതെ വേട്ടയാടിയിട്ടുണ്ടാകാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ, എനിക്ക് ഇനിയും ആത്മവിശ്വാസമുണ്ട്. ഇവര്‍ അല്ലെങ്കില്‍ ഇവരെപ്പോലുള്ള പുതിയ ആളുകള്‍ ഉയര്‍ന്നുവന്നേ പറ്റൂ. ഒരു ജനതക്ക് അതിജീവിക്കാന്‍ ഇത്തരത്തിലുള്ള പോരാട്ടങ്ങളിലൂടെ മുന്നോട്ടുപോയേ പറ്റൂ. അക്രമരഹിതമായ, ജനാധിപത്യപരമായ സമരങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ ജനതക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം ഭൂമിതന്നെയാണ്. ഭൂമിയില്‍ ആദിവാസിക്കുള്ള പുരാതനമായ അവകാശം വിട്ടുകൊടുക്കാന്‍ പൊതുസമൂഹം തയാറാകണം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.