നുണക്കഥകൾക്കു പിന്നിലെരാഷ്ട്രീയ താൽപര്യങ്ങൾ
text_fieldsവലിയതോതിൽ വോട്ടുകൾ സൃഷ്ടിക്കുമെന്ന് ബി.ജെ.പി വിശ്വസിച്ച, രാമക്ഷേത്രനിർമാണം ഒരു ഫലവും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഗുജറാത്തിൽ പയറ്റിയ പഴയവാക്കുകൾ മോദി ഇന്ത്യയിലെങ്ങും പറഞ്ഞ് പരത്തുകയാണ്. ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്റെ ഉത്തരവാദി മുസ്ലിംകളാണെന്ന ആർ.എസ്.എസ് പ്രചാരണവും മോദി ഏറ്റെടുക്കുന്നു
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പ്രകോപനമൊന്നുമില്ലാതെയൊരു പ്രഖ്യാപനം നടത്തി. എല്ലാ ഹിന്ദു സഹോദരിമാരും സ്വന്തം താലിമാല സംരക്ഷിച്ചുകൊള്ളണമെന്നായിരുന്നു അത്. കോൺഗ്രസ് അധികാരത്തിൽവന്നാൽ അത് പറിച്ചെടുത്ത് മുസ്ലിംകൾക്ക് കൊടുക്കും. ഇത് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്ന കാര്യം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് നടത്തിയ പ്രഖ്യാപനം അദ്ദേഹം ഓർമപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പ്രകൃതി വിഭവങ്ങൾക്കുമേൽ ന്യൂനപക്ഷങ്ങൾ- ദുർബല വിഭാഗങ്ങൾക്ക് പങ്കുകൊടുക്കണമെന്നും അന്ന് മൻമോഹൻസിങ് പറഞ്ഞിരുന്നു. ഇതിനെ ഇന്ത്യയിലെ സമ്പത്ത് മുസ്ലിംകൾക്ക് കൊടുക്കുമെന്നാണ് മോദി വ്യാഖ്യാനിച്ചത്.
ഇത്തരം പ്രസ്താവനകൾക്ക് പ്രേരണ എന്താണെന്ന് പരിശോധിക്കുമ്പോൾ, ആദ്യഘട്ട പോളിങ്ങിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമില്ലെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മൾ എത്തുന്നത്. ഇന്ത്യയിൽ ഒരിടത്തും മോദി പ്രഭാവം ആഞ്ഞടിക്കുന്നില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുമുണ്ട്.
ഇതിനൊപ്പം ലോകത്തെ വലിയ കോർപറേറ്റ് മേധാവി ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റിവെച്ചതും ചേർത്തുവെക്കണം. ഈ സാഹചര്യം ബി.ജെ.പി- സംഘ്പരിവാർ ശക്തികളെ വേട്ടയാടിയെന്നാണ് മനസ്സിലാക്കേണ്ടത്. രണ്ടുതരത്തിലാണ് ഇതിനോടുള്ള പ്രതികരണം ഇവർ നടത്തിയത്.
തെരഞ്ഞെടുപ്പ് നടന്ന മേഖലകളിലെ ബൂത്തുകളിൽ വ്യാപകമായി ആർ.എസ്.എസ് അക്രമം അഴിച്ചുവിട്ടെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. എന്ത് ചെയ്തിട്ടായാലും ഇന്ത്യയിൽ അധികാരം നിലനിർത്താൻ സംഘ്പരിവാർ ശ്രമിക്കുന്നതായി ഇതിൽനിന്ന് വ്യക്തമായി.
വലിയതോതിൽ വോട്ടുകൾ സൃഷ്ടിക്കുമെന്ന് ബി.ജെ.പി വിശ്വസിച്ച, രാമക്ഷേത്രനിർമാണം ഒരു ഫലവും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഗുജറാത്തിൽ പയറ്റിയ പഴയവാക്കുകൾ മോദി ഇന്ത്യയിലെങ്ങും പറഞ്ഞ് പരത്തുകയാണ്. ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്റെ ഉത്തരവാദി മുസ്ലിംകളാണെന്ന ആർ.എസ്.എസ് പ്രചാരണവും മോദി ഏറ്റെടുക്കുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ തന്നെ സർക്കാർ പുറത്തുവിട്ട കുടുംബ-ആരോഗ്യ സർവേയിൽ ഇതിന് ഉപോദ്ബലകമായ തെളിവൊന്നും ഇല്ലെന്ന് നാം ഒാർക്കണം. ഹിന്ദു സമുദായത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ആർ.എസ്.എസ് നെയ്തെടുത്ത നുണക്കഥയാണ് മുസ്ലിം ജനസംഖ്യ വർധന.
ഇതിനൊപ്പം മറ്റൊരു സംഭവവികാസം കൂടി ഉണ്ടാകുന്നുണ്ട്. ഞങ്ങൾ സംവരണം ഒഴിവാക്കില്ലെന്നും മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽനിന്ന് ഒഴിവാക്കാൻ അനുവദിക്കില്ലെന്നും അമിത്ഷാ പ്രഖ്യാപിക്കുകയുണ്ടായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പരാജയഭീതി സംഘ്പരിവാറിനെ പിടികൂടിയിരിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാൾ വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഇത് ആ പദവിയുടെ അവഹേളനമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. മോദി നുണ പറയുന്നതായി വ്യാപക വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത് നുണപറച്ചിലിന് അപ്പുറം ഒരു രാഷ്ട്രീയം ഉൾക്കൊള്ളുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്. അത് ജാതി സെൻസസുമായി ബന്ധപ്പെട്ട കാര്യമാണ്.
ഇന്ത്യയിൽ ജാതിയുടെ അടിസ്ഥാനത്തിൽ കണക്കുകൾ ശേഖരിക്കണമെന്ന ആവശ്യം ദേശീയമായി ഉയർന്നുവരുകയും ബി.ജെ.പി ഇതര സർക്കാറുകൾ പല സ്ഥലങ്ങളിലും അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വത്തും അധികാരവും പദവിയും ചില പ്രത്യേക ജാതികളിൽ മാത്രം കേന്ദ്രീകരിക്കുകയും ബഹുഭൂരിപക്ഷവും നിത്യദരിദ്രരോ അവകാശങ്ങൾ ഇല്ലാത്തവരോ ആയി ജീവിക്കേണ്ട സ്ഥിതിവിശേഷമുണ്ട്.
ഇതിന് പരിഹാരം കാണണമെങ്കിൽ ഓരോ വിഭാഗവും കൈവശംവെച്ചിരിക്കുന്ന സ്വത്തിന്റെയും ഉദ്യോഗങ്ങളുടെയും ജനപ്രതിനിധികളുടെ എണ്ണവുമടക്കം സൂക്ഷ്മമായി ശേഖരിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന വസ്തുതാപരമായ വിവരങ്ങളുെട അടിസ്ഥാനത്തിൽ പുതിയ നയം രൂപവത്കരിക്കേണ്ടതുമുണ്ട്. എന്നാൽ,
ജാതി സെൻസസ് നടപ്പിലാക്കുന്നതിന് തങ്ങൾ എതിരാണെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അത് ആത്മാർഥത നിറഞ്ഞതാണോയെന്നത് മറ്റൊരു കാര്യം.
കോൺഗ്രസ് അധികാരത്തിൽവന്നാൽ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന മോദിയുെട പ്രഖ്യാപനം, യഥാർഥത്തിൽ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നത് ജാതി സെൻസസിനെയും അതിന്റെ തുടർനടപടികളെയുമാണ്. അതായത് സ്വത്തുകൾ പിടിച്ചെടുത്ത് മുസ്ലിംകൾക്ക് വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് ഉള്ളിൽ സ്ഥിതി ചെയ്യുന്ന താൽപര്യം സ്വത്തിന്റെയോ അധികാരത്തിന്റെയോ പുനർവിതരണം നടക്കരുതെന്നതാണ്.
ഈ വസ്തുത മനസ്സിലാക്കുമ്പോഴാണ് മോദിയുടെ പ്രഖ്യാപനം നുണ മാത്രമല്ലെന്ന് തിരിച്ചറിയപ്പെടുന്നത്. സവർണാധിപത്യം അതുപോലെ നിലനിർത്താനും പ്രാതിനിധ്യമില്ലാത്ത ജനവിഭാഗം ഒരിക്കലും ഭരണപങ്കാളിത്തം ലഭ്യമാകാത്ത ഇന്ത്യയെയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നതെന്ന് നാം മനസ്സിലാക്കണം. ഈ രാഷ്ട്രീയത്തെയാണ് യാഥാർഥ്യബോധത്തോടെ നാം അഭിസംബോധന ചെയ്യേണ്ടത്.
എല്ലാവർക്കും പ്രാതിനിധ്യമുള്ള സർക്കാറും എല്ലാവർക്കും മാന്യമായി ജീവിക്കാനുമുള്ള സ്ഥിതിയും എല്ലാവിഭാഗങ്ങൾക്കും തുല്യഅവസരവും ഉറപ്പിക്കേണ്ടതുണ്ട്. അത്തരത്തിലൊരു വീക്ഷണത്തിലൂടെ മാത്രമേ, ബി.ജെ.പി- സംഘ്പരിവാർ ശക്തികളെ പരാജയപ്പെടുത്താൻ കഴിയൂ. അതുകൊണ്ടാണ് മോദിയുടേത് വെറും മുസ്ലിം വിദ്വേഷമോ നുണപറച്ചിലോ മാത്രമല്ലെന്നും അത് ഇന്ത്യയെ സവർണ ഹിന്ദുവിന്റെ മാത്രം അധികാരകേന്ദ്രമായി നിലനിർത്താനുള്ള രാഷ്ട്രീയമാണെന്ന് നാം തിരിച്ചറിയേണ്ടത്.
അതുകൊണ്ട് ഈ പ്രഖ്യാപനത്തിനെതിരെ മുസ്ലിംകൾ മാത്രമല്ല, ദലിതരും പിന്നാക്ക ജനവിഭാഗവും അണിനിരക്കുകയാണ് ചെയ്യേണ്ട ദൗത്യം. ഇന്ത്യയെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന രാഷ്ട്രമാക്കി മാറ്റാൻ ഇതല്ലാതെ മറ്റൊരുവഴി നമ്മുക്ക് മുന്നിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.