തെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയപാഠങ്ങള്‍
text_fieldsജെ.എൻ.യുവിലെ ചരിത്രത്തിലാദ്യമായി യു.ജി.സി ഗസറ്റ് മുൻനിർത്തിയുള്ള ഭീമമായ സീറ്റ് വെട്ടിക്കുറക്കലിനും സംവരണ അട്ടിമറിക്കുംശേഷം വീണ്ടും ഒരു സ്റ്റുഡൻറ്സ് യൂനിയൻ ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷെത്തക്കാൾ പോളിങ് ശതമാനം കൂടിയ ഇത്തവണ ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് സംഘടനകള്‍ ചേർന്ന ഇടത് വിദ്യാർഥിസഖ്യമാണ് വിജയിച്ചത്. ഒറ്റക്ക് മത്സരിച്ച എ.ബി.വി.പി രണ്ടാം സ്ഥാനത്തായി. ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ബാപ്സ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻറ്സ് അസോസിയേഷൻ) എന്ന കീഴാള വിദ്യാർഥി പ്രസ്ഥാനം മൂന്നാമതെത്തി.
‘ബാപ്സ’യുടെ മുന്നേറ്റം
ഇടതു വിദ്യാർഥി സഖ്യത്തിെൻറ വൻവിജയത്തിനുപുറമെ, നാലു വർഷം മാത്രം പ്രായമുള്ള ദലിത് ബഹുജൻ വിദ്യാർഥികളുടെ മുൻകൈയില്‍ രൂപപ്പെട്ട ‘ബാപ്സ’ എ.ബി.വി.പിക്കു പിറകില്‍ കാമ്പസിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാർഥിസംഘടനയായി മാറിയതാണ് ഇൗ വർഷത്തെ തെരഞ്ഞെടുപ്പ് ഫലത്തിെൻറ സവിശേഷതകളിലൊന്ന്. ജെ.എൻ.യുവിെൻറ ചരിത്രത്തില്‍ ആദ്യമായി ഒരു ദലിത് ബഹുജൻ പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥി പ്രസ്ഥാനം വിദ്യാർഥി യൂനിയൻ കൗൺസിലർ സ്ഥാനം നേടുകയും ചെയ്തു. സ്കൂള്‍ ഓഫ് ആർട്സ് ആൻഡ് ഈസ്തെറ്റിക്സ് കൗൺസിലർ ആയി ‘ബാപ്സ’യുടെ സഞ്ജയ് കുമാർ വലിയ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
‘ബാപ്സ’ രൂപംകൊള്ളുന്നത് 2014 ഒക്ടോബറിലാണ്. യുനൈറ്റഡ് ദലിത് സ്റ്റുഡൻസ് ഫോറം (യു.ഡി.എസ്.എഫ്) എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിദ്യാർഥികള്‍ ചേർന്നാണ് ബാപ്സ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻറ്സ് അസോസിയേഷൻ)ക്ക് രൂപം നൽകിയത്. ബഹുജൻ വിദ്യാർഥി പ്രസ്ഥാനമായ യുനൈറ്റഡ് ഒ.ബി.സി ഫോറം, സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ, എം.എസ്.എഫ്, മുസ്ലിം വിദ്യാർഥികളുടെ കാമ്പസ്കൂട്ടായ്മയായ വൈ.എഫ്.ഡി.എ, ആദിവാസി വിദ്യാർഥികളുടെ ജെ.ടി.എസ്.എ തുടങ്ങി ഒട്ടനവധി സംഘടനകളോട് ഒത്തുചേർന്ന ‘ബ്രാഹ്മണ അധികാര വാഴ്ചക്കെതിരെ പിന്നാക്ക ഐക്യം’ എന്ന മുദ്രാവാക്യമായിരുന്നു ‘ബാപ്സ’ ഉയർത്തിയിരുന്നത്.
ഇടതു സംഘടനകൾ ഭരിച്ചിട്ടും...
ജെ.എൻ.യുവില്‍ അര നൂറ്റാണ്ടോളം ഇടതുപക്ഷ വിദ്യാർഥി സംഘടനകള്‍ ഭരിച്ചിട്ടും സംവരണം അടക്കം സാമൂഹികനീതിയുടെ കാര്യങ്ങള്‍ ജെ.എൻ.യുവില്‍ നിരന്തരം അട്ടിമറിക്കപ്പെടുന്നത് എന്തുകൊണ്ട്, ഇടതു വിദ്യാർഥിസംഘടനകളുടെ കൂടെ നിൽക്കുകയും ഈ സംഘടനകള്‍ ഞങ്ങളുടെ സഹയാത്രികർ എന്നവകാശപ്പെടുകയും ചെയ്യുന്ന അധ്യാപകർ എന്തുകൊണ്ട് സംവരണത്തിനെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നിത്യാദി ഗൗരവമായ ചോദ്യങ്ങളാണ് ‘ബാപ്സ’ ഉയർത്തുന്നത്.
എം.ഫില്‍, പിഎച്ച്.ഡി അഭിമുഖ പരീക്ഷയില്‍ വിവേചനം നടക്കുന്നു എന്ന പഠന റിപ്പോർട്ട് യൂനിവേഴ്സിറ്റി നിയമിച്ച അബ്ദുല്‍ നാഫി കമ്മിറ്റി ചൂണ്ടിക്കാട്ടുകയും അഭിമുഖപരീക്ഷക്കുള്ള മാർക്ക് മുപ്പത് മാർക്കില്‍ നിന്ന് പത്ത് മാർക്കിലേക്ക് കുറക്കണം എന്ന്കമ്മിറ്റി ശിപാർശ ചെയ്തപ്പോള്‍, ഈ കമ്മിറ്റി റിപ്പോർട്ടിനെതിരെനിന്ന പല അധ്യാപകരും ഇടതുപക്ഷത്തുനിന്നുള്ളവരായിരുന്നു. ഈ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അധ്യാപകർ നൽകിയ പ്രതികരണങ്ങള്‍ പരസ്യമായി പുറത്തുവിട്ട്, യുനൈറ്റഡ് ഒ.ബി.സി ഫോറം, ബാപ്സ തുടങ്ങിയ ബഹുജൻ സംഘടനകള്‍ ജെ.എൻ.യുവിെൻറ ഇടതുപക്ഷത്തിെൻറ കാപട്യം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. സാമൂഹികനീതിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളെ അതിതീക്ഷ്ണമായി ഉയർത്തിപ്പിടിച്ചാണ് ജെ.എൻ.യുവില്‍ മർദിത ഐക്യമുന്നണി രൂപംകൊള്ളുന്നതും സമരം നടത്തുന്നതും. ഈ തെരഞ്ഞെടുപ്പ് അത്തരം ചോദ്യങ്ങളെ കൂടുതല്‍ തീക്ഷ്ണമായി ഉയർത്താനുള്ള അവസരമായി ബാപ്സ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചു. ഇത് തെരഞ്ഞെടുപ്പുവിജയമായി മാറ്റാൻ ഇനിയും കുറെക്കൂടി ഗൃഹപാഠം ചെയ്യണം.
നജീബിെൻറ തിരോധാനം
രാജ്യത്തെ ഒരു സുപ്രധാന കലാലയത്തില്‍നിന്ന് നജീബ് അഹ്മദ് എന്ന മുസ്ലിം വിദ്യാർഥി എ.ബി.വി.പി വിദ്യാർഥികളുടെ മർദനത്തിനു വിധേയമായി കാണാതായിട്ട് രണ്ട് വർഷം ആകാറായി. നജീബിെൻറ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ നയിക്കുന്നതിൽ കഴിഞ്ഞ വർഷത്തെ ഇടതുപക്ഷ വിദ്യാർഥി യൂനിയൻ പരാജയപ്പെട്ടു. നജീബിെൻറ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കാമ്പസിനുപുറത്ത് ഇപ്പോള്‍ ചുക്കാൻപിടിച്ചുകൊണ്ടിരിക്കുന്നത് എസ്.ഐ.ഒ അടക്കമുള്ള മുസ്ലിം വിദ്യാർഥിസംഘടനകളാണ്. അവരെ വർഗീയവാദികളും തീവ്രവാദികളും ആക്കി മുദ്രകുത്തുകയാണ് എ.ബി.വി.പിയെപോലെ എസ്.എഫ്.ഐയും. തങ്ങളുടെതെന്ന് ഊറ്റംകൊള്ളുന്ന കാമ്പസില്‍നിന്ന് ഒരു വിദ്യാർഥി എ.ബി.വി.പി മർദനം കാരണം തിരോധാനം ചെയ്യപ്പെട്ടിട്ട് ദേശീയതലത്തില്‍ ഒരു കാമ്പയിൻ പോലും നടത്താൻ എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാർഥി സംഘടനകൾക്ക് കഴിഞ്ഞില്ല.
നജീബ് ആക്രമിക്കപ്പെട്ടശേഷം ഹോസ്റ്റല്‍ വാർഡൻ വിളിച്ചുകൂട്ടിയ യോഗത്തില്‍ നജീബിനെതിരെ ഉണ്ടായ അക്രമം മറച്ചുവെച്ച്, നജീബിനെ അക്രമകാരിയാക്കി ഒപ്പിട്ടത് ഐസ-എസ്.എഫ്.ഐ വിദ്യാർഥി യൂനിയെൻറ പ്രസിഡൻറ് മോഹിത് പാണ്ഡെ ആയിരുന്നു. നജീബിനെതിരെ സമർപ്പിക്കപ്പെട്ട ആ രേഖയില്‍ നജീബ് പ്രകോപനമില്ലാതെ എ.ബി.വി.പി പ്രവർത്തകനെ അടിച്ചുവെന്നും അതില്‍ നജീബ് കുറ്റം സമ്മതിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നജീബിെൻറ ഒപ്പ് മാത്രമില്ലാത്ത ആ രേഖയില്‍ നജീബിെൻറ റൂംമേറ്റ് ഒപ്പുവെച്ചിരുന്നു. ഐസയുടെ കൗൺസിലർ കൂടിയായ നജീബിെൻറ റൂംമേറ്റ് പ്രോക്ടർക്ക്് എഴുതി നൽകിയ പരാതിയിൽ നജീബ് അപകടകാരിയാണെന്നും അതിനാല്‍ ഹോസ്റ്റലില്നിന്നുതന്നെ പുറത്താക്കണമെന്നും പറയുന്നു. എ.ബി.വി.പി യുടെ കുപ്രചാരണങ്ങൾക്ക് ബലമേകുന്നതായിരുന്നു ഇത്തരം ഇടപെടലുകള്‍.
എ.ബി.വി.പിയുടെ വളർച്ച
കഴിഞ്ഞ 40 വർഷത്തോളം ജെ.എൻ.യുവിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളായിരുന്നു യൂനിയൻ ഭരിച്ചിരുന്നത്. ഈ കാമ്പസിൽ ഫാഷിസത്തിനെതിരായ ഇടത് പോരാട്ടം ശക്തമായിരുന്നുവെങ്കിൽ വളരെ ചുരുക്കം വോട്ടുമായി എ.ബി.വി.പി ദുർബല ശക്തിയായി മാറുമായിരുന്നു. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് എന്ന ചോദ്യത്തിെൻറ ഉത്തരം തേടേണ്ടത് ഇടതുപക്ഷ കാമ്പസ് എന്ന് അഭിമാനിച്ച ജെ.എൻ.യുവിെൻറ ജാതിഹിന്ദു ചരിത്രത്തില്‍ തന്നെയാണ്.
‘എ.ബി.വി.പി പേടി’ വളർത്തി പ്രത്യേകിച്ചും മുസ്ലിം, ദലിത്, പിന്നാക്ക വിദ്യാർഥികളുടെ വോട്ട് പെട്ടെന്ന് നേടിയെടുക്കാൻ കഴിയുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾക്ക് അറിയാം. അതുകൊണ്ടുതന്നെ എ.ബി.വി.പി നിലനിൽക്കേണ്ടത് അവരുടെ കൂടെ ആവശ്യമാണെന്ന മട്ടിലാണ് അവരുടെ പ്രവർത്തനങ്ങൾ. മാത്രമല്ല, ഇടതു സംഘടനകളിൽ നിന്നടക്കം എ.ബി.വി.പിയിലേക്ക് പലരും യാത്രയായിക്കൊണ്ടിരിക്കുന്നുണ്ട്.
എ.ബി.വി.പി യൂനിയൻ ഭരിക്കുന്ന ഡൽഹി സർവകലാശാലയില്‍ അടക്കം ഐസ, എസ്.എഫ്.ഐ എന്നീ വിദ്യാർഥി സംഘടനകള്‍ പരസ്പരം എതിർപക്ഷത്തുനിന്ന് മത്സരിക്കുമ്പോള്‍, ജെ.എൻ.യുവില്‍ മാത്രം ഇവർ ഒന്നിച്ചുനിൽക്കുന്നത് ഫാഷിസത്തിനെതിരെ ഇടതു ഐക്യം എന്ന അവസരവാദത്തെ വെളിച്ചത്തു കൊണ്ടുവരുന്നു. ഈ ഇടത്ഐക്യം ശരിക്കും നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് സാമൂഹികനീതിയുടെ രാഷ്ട്രീയം പറയുന്ന ദലിത്-ബഹുജൻ-മുസ്ലിം-പിന്നാക്ക വിദ്യാർഥിരാഷ്ട്രീയത്തെയാണ്. അതിനെ അതിജയിച്ചു കൊണ്ട് സാമൂഹികനീതിയുടെ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നു എന്നതിെൻറ ഉദാഹരണങ്ങളാണ് ബാപ്സയുടെ കൗൺസിലർ വിജയവും പിന്നാക്ക ന്യൂനപക്ഷ സംഘടനകളുടെ കാമ്പസിലേക്കുള്ള ശക്തമായകടന്നുവരവും അടക്കംപറയുന്നത്. അതിനാല്‍ വരുംകാലങ്ങളില്‍ സാമൂഹിക നീതിയുടെ രാഷ്ട്രീയം ജെ.എൻ.യുവില്‍ പുതിയ വഴികള്‍ തേടുമെന്ന് ഉറപ്പാണ്.
(ജെ.എൻ.യുവില്‍ കലാസൗന്ദര്യ ശാസ്ത്ര പഠന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.