Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ കൊലപാതകങ്ങള​ുടെ പുറംകാഴ്​ചക്കപ്പുറം

text_fields
bookmark_border
രാഷ്​ട്രീയ കൊലപാതകങ്ങള​ുടെ പുറംകാഴ്​ചക്കപ്പുറം
cancel
പൂർണ ശരികളായി സ്വയം കരുതുന്ന ഉത്തരമലബാറിലെ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട്​ പ്രദേശങ്ങളിലെ, കൊലപാതക രാഷ്​ട്ര ീയത്തി​​െൻറ പുറംകാഴ്​ചക്കപ്പുറത്തെ സങ്കീർണതകളിൽ ചിലത് പരിശോധിക്കുകയാണിവിടെ. കണ്ണൂരുമായി ബന്ധപ്പെട്ട ചുരുക ്കം ചില പഠനങ്ങളിലും ചർച്ചകളിലും രാഷ്​ട്രീയ കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട ചില വശങ്ങളുടെ പരിശോധനയാണിത്​. ആർ. എസ്​.എസിനെ ‘തിന്മ’യുടെ ആത്യന്തിക മാതൃകയായി കാണുന്ന മാർക്സിസ്​റ്റ്​ പാർട്ടിയും ‘ഇന്ത്യൻ ദേശീയത’യുടെ ‘ആജന്മശ ത്രു’വായി കമ്യൂണിസത്തെ കാണുന്ന ആർ.എസ്​.എസും ഇവ രണ്ടിനെയും ഒരേപോലെ ശ​ത്രുക്കളായി കാണുന്ന കോൺഗ്രസും തമ്മിൽ നില നിൽക്കുന്ന അമ്പതോളം വർഷത്തെ രാഷ്​ട്രീയ കൊലപാതകങ്ങളെ ആഴത്തിൽ പരിശോധിച്ചുള്ള നരവംശ-സാമൂഹിക പഠനങ്ങൾ വളരെ പരിമ ിതമാണ്. കണ്ണൂർ രാഷ്​ട്രീയത്തെ സംബന്ധിച്ച പഠനങ്ങളിൽ രുചി ചതുർവേദിയെ പോലുള്ള ഗവേഷകർ ജാതി പോലുള്ള ചില വശങ്ങൾ പ്ര തിപാദിക്കുന്നുണ്ട്. അടുത്തകാലത്ത് പുറത്തുവന്ന വിവരണാത്മകമായ ചില പഠനങ്ങൾ ഇൗ വശം നിഷേധിക്കുകയും ചെയ്യുന്നു. ജ ാതി മാത്രമല്ല, മറ്റു പലത​ും ഇൗ രാഷ്​ട്രീയ കൊലകളെ വലിയൊരളവിൽ വ്യത്യസ്തമാക്കുന്നത് കാണാം.

കണ്ണൂർ-കാസർകോട ്​ പ്രദേശങ്ങളിൽ തങ്ങളുടേതല്ലാത്ത രാഷ്​ട്രീയപ്രവർത്തകരെ ‘അപരൻ’, ‘അപകടകാരി’ എന്നിങ്ങനെയാണ് നിർവചിക്കുന്നത് ​. ‘അപരരെ’യും ‘ശത്രുക്കളെ’യും പൂർണമായും നശിപ്പിക്കേണ്ടതാണ് എന്ന ബോധത്തിൽനിന്നാണ് കുടിപ്പകയും കൊലപാതകങ്ങളും രാഷ്​ട്രീയപ്രവർത്തനമായിത്തന്നെ ഇവിടങ്ങളിൽ ഉയർന്നുവരുന്നത്. കൊലപാതക രാഷ്​ട്രീയത്തി​​െൻറ ഭാഗമായ പ്രധാന പാർട്ടികളുടെ -ആർ.എസ്​.എസ്, സി. പി.എം - പ്രധാന ജനസംഖ്യ സ്രോതസ്സ് തിയ്യ സമുദായമാണെന്നത്​ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതായത് രണ്ടു പാർട്ടികളും സാമ്പത്തികവും തൊഴിൽപരവും ജാതീയവും ഭൂമിശാസ്ത്രപരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരേ സമുദായത്തി​​െൻറ നിരന്തരമായ പിന്തുണക്കുവേണ്ടിയാണ്​ ശ്രമിക്കുന്ന​െതന്ന്​ കാണാം.

രുചി ചതുർവേദി തുടങ്ങിവെച്ച കണ്ണൂരിലെ ‘സൗഹൃദത്തി​​െൻറ രാഷ്​ട്രീയം’ കൂടുതലായി പരിശോധിക്കേണ്ടതാണ്. അവർ ഉപയോഗിച്ച ‘സ്നേഹം’ എന്ന ഭാവനയിൽനിന്ന് കുറച്ചുകൂടി ദൃഢവികാരമായ ‘ലോഹ്യം’ എന്ന കാറ്റഗറിയാണ് കണ്ണൂരി​​െൻറ കാര്യത്തിൽ കൂടുതൽ കരണീയമെന്നു തോന്നുന്നു. ജാതിബന്ധിതമായ ഒരു ജൈവികാവസ്ഥയിൽനിന്ന് ഉയർന്നുവന്ന പാർട്ടിഗ്രാമങ്ങളിൽ ഉരുത്തിരിയുന്ന ഒരു സാമൂഹികാവസ്ഥയാണ് ആൺ രാഷ്​ട്രീയ പ്രവർത്തകർ തമ്മിൽ ആഴത്തിലുള്ള ജൈവിക ലോഹ്യം (organic intimacy). ഭൂമിശാസ്ത്രപരമായും ജാതീയമായും തൊഴിൽപരമായും അടുത്തുനിൽക്കുന്നവർ തമ്മിലുണ്ടാവുന്ന ജൈവികമായ സ്നേഹബന്ധവും അതിൽനിന്നുയർന്നുവരുന്ന പുരുഷ ലോഹ്യവും അരനൂറ്റാണ്ടായി നടക്കുന്ന കണ്ണൂരിലെ കൊലപാതകങ്ങളുടെ തുടർച്ചയെ നിർണയിച്ച ശക്തമായ ഘടകമാണ്. പാർട്ടിഗ്രാമങ്ങളിലെ തിയ്യസമുദായ ജീവിതത്തി​​െൻറ ഉള്ളിൽ ഉരുത്തിരിയുന്ന ഇത്തരത്തിലുള്ള നിരവധി ജൈവികമായ ലോഹ്യങ്ങൾ ആദർശപരമായ ഒരു ബന്ധുത്വത്തെ (ideological kinship) ഉണ്ടാക്കിയെടുക്കുന്നു.

ഒരേ ഭാഷ, സംസ്കാരം, സാമൂഹികബന്ധങ്ങൾ, ജാതിജീവിതം എന്നീ കാര്യങ്ങളിൽ സമാനത പുലർത്തിയ കണ്ണൂരിലെ തിയ്യ സമുദായത്തിലെ പുരുഷ ജൈവികലോഹ്യത്തി​​െൻറ രാഷ്​ട്രീയമൂലധനത്തെ, പരസ്​പരം ശത്രുക്കളായി നോക്കിക്കാണുന്ന രണ്ട് പ്രധാന രാഷ്​ട്രീയ പാർട്ടികൾ തങ്ങളുടേതാക്കാൻ മത്സരിച്ചു തുടങ്ങിയതും ഉന്മൂലനം രാഷ്​ട്രീയപ്രവർത്തനമായി ഉരുത്തിരിഞ്ഞു വരുന്നതും ഒരേ സമയത്താണ്. ആഴത്തിലുള്ള ജൈവികമായ പുരുഷ ലോഹ്യങ്ങളുടെ കൂട്ടായ്മകൾ രണ്ടു സമാന്തര രാഷ്​ട്രീയജീവിതമായി പരിണമിച്ചപ്പോൾ സംഭവിച്ചത്, ചരിത്രപരമായി വളരെ അടുത്തുനിന്ന്​ ജീവിച്ചവരുടെ വൈകാരിക അകൽച്ചകൂടിയായിരുന്നു.

കണ്ണൂരിലെ മാർക്സിസ്​റ്റുകാരനും ആർ.എസ്​.എസുകാരനും ചില ഭാഗങ്ങളിൽ കോൺഗ്രസുകാരനും ജൈവികമായ ലോഹ്യങ്ങൾക്ക്​ രാഷ്​ട്രീയമാനം വന്നതോടെ, ചെറിയ ഭൂമിശാസ്ത്രമേഖലയിൽ ഒരേസമയം തൊട്ടടുത്തും എന്നാൽ, വളരെ അകലെയും നിൽക്കുന്ന പുരുഷ ലോഹ്യക്കൂട്ടായ്മകളായി മാറി. ഭൂമിശാസ്ത്രം, ജാതി, വർഗം, തൊഴിൽ എന്നീ നിലകളിലുണ്ടായിരുന്ന തികഞ്ഞ അടുപ്പം, 70കൾ മുതൽ ആർ.എസ്​.എസ് നടത്തിയ ഹിന്ദുത്വത്തി​​െൻറ ഗ്രാമവത്​കരണത്തിലൂടെ വിഭജിക്കപ്പെട്ടു.
ഇൗ വിഭജനത്തോടെ സ്വന്തം രാഷ്​ട്രീയത്തിൽ വിശ്വസിക്കാത്തവർ അപരനും ആജന്മശത്രുവുമായി മാറുകയായിരുന്നു ഈ പ്രദേശങ്ങളിൽ. മാത്രമല്ല, തൊട്ടടുത്തുള്ളവനെ ജാതിവഞ്ചകനായും ഭാവനയിൽ കൊണ്ടുവന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഇരകളിലെയും പ്രതികളിലെയും മഹാഭൂരിപക്ഷവും തിയ്യ പുരുഷന്മാരാവുന്നത്, ഇവിടെ കൊലപാതകം രാഷ്​ട്രീയ പകപോക്കലിൽനിന്ന്, ജാതിവഞ്ചകരോടുള്ള പുരുഷ ലോഹ്യക്കൂട്ടായ്മകളുടെ പകപോക്കൽ എന്ന രൂപത്തിലേക്കു മാറുന്നതോടുകൂടിയാണ്. കണ്ണൂർ കൊലകളിലെ ഇരകളുടെയും പ്രതികളുടെയും ജാതി തിരിച്ച കണക്കെടുത്താൽ ഈ നിഗമനത്തി​​െൻറ കൃത്യമായ കാരണം മനസ്സിലാക്കാം.

മിക്ക സംഭവങ്ങളിലും പ്രതികൾ ഇരകൾക്കോ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ പരിചയമുള്ളവരും എളുപ്പം തിരിച്ചറിയപ്പെടാൻ പറ്റുന്നവരുമാണ്. അവർ കൊലനടത്തുന്നത് മുഖം മറയ്​ക്കാതെയാണ്. മുഖം മറയ്​ക്കാതെ, ഇരകളെയും അവരുടെ കുടുംബത്തെയും തങ്ങളാണ് പ്രതികൾ എന്നറിയിച്ചുള്ള കൊലപാതകങ്ങൾ, താൻ കൊല്ലപ്പെടുന്നത് രാഷ്​ട്രീയത്തിനപ്പുറം ജൈവ-ലോഹ്യബന്ധങ്ങളെ തകർത്തതിനും അതിന് കാരണമായ ജാതിയെ വഞ്ചിച്ചതിനുമുള്ള പ്രതികാരമാണെന്ന് ഇരയെ അറിയിക്കുന്നതിന് വേണ്ടിത്തന്നെയാണ്. പലപ്പോഴും, പ്രതികൊല നടത്തുന്നത്​, അല്ലെങ്കിൽ ആസൂത്രണം ചെയ്യുന്നത് മുമ്പ്​ കൊല ചെയ്യപ്പെട്ടയാളുടെ ഏറ്റവും അടുത്ത ലോഹ്യക്കാരനെയോ അയാളുടെ ജൈവ ലോഹ്യക്കൂട്ടായ്മയിലെ മറ്റാരെയെങ്കിലുമോ ആണെന്നു കാണാം. താൻ കൊല്ലപ്പെട്ടാൽ അതി​​െൻറ രക്തപ്രതികാരം ഉറപ്പുവരുത്തുമെന്ന വിശ്വാസത്തെ ഉറപ്പിക്കാനും ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ട് ഇവിടെ. കൃപേഷി​​െൻറയും ശരത്തി​​െൻറയും കൊലപാതകങ്ങൾ നടന്ന കാസർകോട്ടെ കല്യോട്ട്​ ഭാഗത്തെ അവസ്ഥയും വ്യത്യസ്​തമ​െല്ലന്നാണ് മനസ്സിലാകുന്നത്. പാരമ്പര്യമായി കോൺഗ്രസ്​ ശക്തികേന്ദ്രമായ കല്യോട്ട്​ പ്രദേശത്ത്​ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് വിശാല യാദവ സമുദായത്തി​​െൻറ ഭാഗമായുള്ള മണിയാണി എന്ന സമുദായമാണ്. അതേസമയം, കാസർകോട്ട് മറ്റ് പലപ്രദേശത്തിലും യാദവ സമുദായവും തിയ്യ സമുദായത്തിലെ വലിയ വിഭാഗവും മാർക്സിസ്​റ്റ്​ പാർട്ടിയെ പിന്തുണക്കുന്നവരാണ്. കല്യോട്ട്​ നായർ-ക്രൈസ്​തവ സമുദായങ്ങളുടെ ശക്തമായ പിന്തുണയുള്ള കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നേതൃത്വത്തിലുള്ളത് തിയ്യ സമുദായത്തിലുള്ളവരാ​െണന്നു കാണാം.

കൊലപാതകത്തിന് നേതൃത്വം നൽകി എന്ന് സ്വയം സമ്മതിച്ച പീതാംബരനും കൊലചെയ്യപ്പെട്ട ശരത്തും മണിയാണി സമുദായക്കാരാണ്. തിയ്യ സമുദായത്തിൽനിന്നുള്ളവരുടെ പാർട്ടി നേതൃത്വം, തിയ്യ സമുദായക്കാരനും പാരമ്പര്യ സി.പി.എം വീട്ടിൽനിന്നുള്ള കൃപേഷിനെയും നേര​േത്ത പറഞ്ഞ ജാതിയിലധിഷ്​ഠിതമായ ജൈവ സൗഹൃദത്തിനെ വെല്ലുവിളിച്ച ‘വഞ്ചകരാ’യി, കണ്ണൂർ മോഡലിൽ മുദ്രകുത്തി കൊലപ്പെടുത്തിയതാണെന്ന് അനുമാനിക്കേണ്ടി വരും. ജാതിയും അതുമായി ബന്ധപ്പെട്ട മനോഭാവവും, ‘വഞ്ചന’ എന്ന വികാരവും ഉന്മൂലന രാഷ്​ട്രീയത്തി​​െൻറ ഭാഗമായി കാസർകോട്ടേക്കും ശക്തമായിട്ടുണ്ട് എന്നും കരുതേണ്ടിവരും. കണ്ണൂരിലെയും കാസർകോട്ടെയും സംഘർഷങ്ങൾ ജാതിക്കുള്ളിലെ സംഘർഷവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ആഴത്തിലുള്ള ഒരു സാമൂഹികാവസ്ഥയാണ്​. രണ്ടു പാർട്ടികളിലെയും സംസ്ഥാന നേതൃത്വം കത്തിതാഴെ വെക്കാൻ പറഞ്ഞാൽ ഒറ്റദിവസം കൊണ്ട് ഇല്ലാതാകുന്നതാണ് ഇൗ കൊലപാതകങ്ങൾ എന്ന വാദം, അതുകൊണ്ടുതന്നെ വളരെ ഉപരിപ്ലവമാ​െണന്ന് പറയേണ്ടിവരും.

കൊലപാതകം എന്ന അരങ്ങ്
മേൽസൂചിപ്പിച്ച സങ്കീർണതകളിൽനിന്നാണ് 1970കൾക്കു ശേഷവും സമൂഹമാധ്യമങ്ങളുടെ പ്രവേശനത്തിനു മു​മ്പുമായി നടന്ന കൊലപാതക പരമ്പരകൾ, മിക്കതും കാണികളെ ഉറപ്പുവരുത്തിയ പ്രദർശന അരങ്ങുകളായി മാറിയത്. ശരീരത്തെ വികൃതമാക്കുന്ന പ്രകടനാത്മകമായ കൊലപാതക പ്രക്രിയകൾ (murder spectacles) മേൽ സൂചിപ്പിച്ച തിയ്യ ജൈവ ലോഹ്യത്തി​​െൻറയും വൈകാരിക ബോധത്തിൽനിന്നും വഞ്ചിക്കപ്പെട്ടുവെന്ന ആകുലതകളിൽനിന്നുമുണ്ടാവുന്നതാണ്.

രക്തം തെറിപ്പിച്ചും അംഗങ്ങൾ ഛേദിച്ചും കൊന്നുകഴിഞ്ഞിട്ട് ശരീരത്തിൽ വീണ്ടും വീണ്ടും മുറിവുകളുണ്ടാക്കുന്നത്​ കൊലപാതകത്തെ ഒരു അരങ്ങായി കണക്കാക്കുന്നതു കൊണ്ടുകൂടിയാണ്​. കണ്ണൂരിലെ കൊലപാതകപരമ്പരകൾ തുടങ്ങുന്നതി​​െൻറ തൊട്ടുമുമ്പാണ്, 70കളിൽതന്നെ, ആഫ്രിക്കയിലെ റുവാണ്ടയിൽ അരങ്ങേറിയ ടുട്സി-ഹുട്ടു വംശക്കാർ കൊലപാതകങ്ങളെ ഇത്തരം അരങ്ങായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ അരങ്ങുകളിൽ മഴു, വടിവാൾ, കൊടുവാൾ, ബോംബ് തുടങ്ങിയവ ഉപയോഗിക്കുന്നത് കൊലപാതകത്തി​​െൻറ ദൃശ്യ-ശബ്​ദങ്ങൾക്ക് കാലങ്ങളോളം നിലനിർത്താൻ കഴിയുന്ന പ്രതികാരത്തി​​െൻറ ഓർമകളുടെ സാധ്യതയെ മുൻനിർത്തിതന്നെയാണ്. രക്തം തെറിപ്പിച്ചുള്ള കൊലപാതകങ്ങൾ തീർക്കുന്ന നിറത്തി​​െൻറയും പിടച്ചിലി​​െൻറയും ഇഞ്ചിഞ്ചായി മരിക്കുന്നതി​​െൻറയും ഉന്മാദാവസ്ഥയും അത് കാണികളിലുണ്ടാക്കുന്ന സംവേദനക്ഷമതയും പാരമ്പര്യ കൊലപാതകങ്ങൾക്ക് കുറവാണ്. നിറങ്ങളാലും കാഴ്ചകളാലും സമൃദ്ധമായ കണ്ണൂരിലെ ജൈവ-രാഷ്​ട്രീയബോധത്തി​​െൻറ തുടർച്ചതന്നെയാണ് നിറങ്ങളും ശബ്​ദവും കാഴ്ചകളും സമൃദ്ധമായ കൊലകളും മറുകൊലകളും.

സമൂഹമാധ്യമങ്ങളുടെ രംഗപ്രവേശനത്തിനുമുമ്പ്​ കൊലപാതകികൾ കാണികളെ ഉറപ്പുവരുത്തുന്ന രീതിയിലും പ്രത്യേകത കാണാം. കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, നഗര ജനക്കൂട്ടം, പാർട്ടിപ്രവർത്തകർ, യാത്രക്കാർ എന്നിങ്ങനെ കാണികളെ പലരീതിയിൽ ഉറപ്പുവരുത്തും. കാണികളെ ഉറപ്പുവരുത്തി കൊലപാതകങ്ങളെ പ്രദർശനാത്മകമാക്കുന്നതിലൂടെ (spectacularize), അതിജീവനത്തി​​െൻറയും ശക്തിയുടെയും ജാതി-രാഷ്​ട്രീയ തുടർച്ചയുടെയും ബഹുമാനത്തി​​െൻറയും (honour) ഒരു പ്രത്യേക തരത്തിലുള്ള ആഖ്യാനം കണ്ണൂരിലും കാസർകോട്ടും​ ശക്തമാകുന്നത് കാണാം. സമൂഹമാധ്യമങ്ങളുടെ പ്രവേശനത്തോടെ കാണികളെ ഉറപ്പുവരുത്തി കൊല്ലുക എന്നതിന് വലിയൊരു മാറ്റം വന്നു. മൊബൈൽ ഫോണുകൾക്ക്​ ഒപ്പിയെടുക്കാനുള്ള നിരവധി മുറിവുകൾ ഉണ്ടാക്കി സ്ഥലംവിടുന്ന കൊലയാളികൾക്കറിയാം, ലോകം മുഴുവൻ തങ്ങളുടെ പ്രതികാര സന്ദേശം മിനിറ്റുകൾക്കുള്ളിൽ എത്തുമെന്ന്.

ശരത്തി​​െൻറയും കൃപേഷി​​െൻറയും ശരീരത്തിൽ പീതാംബര​​െൻറ നേതൃത്വത്തിൽ ഏൽപ്പിച്ച നിരവധി വെട്ടുകൾ, വീട്, ജാതി, പാർട്ടിവിധേയത്വമുള്ള ജാതിബന്ധിതമായ ജൈവ-ലോഹ്യം എന്ന ഭാവനക്ക് പുറത്തുള്ള അഗാധമായ സൗഹൃദം തുടങ്ങിയവ പ്രാദേശിക നേതൃത്വം മനസ്സിലാക്കിയിട്ടുള്ളത് ‘വഞ്ചന’ എന്ന മനോഭാവം വെച്ചുതന്നെയാണെന്നു സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള മാറുന്ന സാമൂഹികപശ്ചാത്തലങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്​ട്രീയാഖ്യാനങ്ങൾ നേർക്കുനേർ പോരടിക്കുന്ന മാർക്സിസ്​റ്റ്​ പാർട്ടിയും ആർ.എസ്.എസും ഉത്തര മലബാറിൽ രൂപപ്പെടുത്തിയിട്ടില്ല. ഇത്തരം സങ്കീർണതകളെ പറ്റിയുള്ള ചർച്ചകൾ നടക്കാത്തിടത്തോളം കണ്ണൂരും കാസർകോട്ടും ജാതിബന്ധിതമായ ജൈവലോഹ്യം രാഷ്​ട്രീയവികാരമായി കൊണ്ടുനടക്കുന്ന അണികൾക്കും പ്രാദേശികനേതാക്കൾക്കും കൊലപാതകങ്ങൾക്ക് വിരാമമിടുക പ്രയാസമാണ്.

(ഡൽഹി സർവകലാശാല ചരിത്രവിഭാഗം അസി. പ്രഫസറാണ്​ ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionpolitical murders in keralamalayalam newsperiya murder
News Summary - political murders in kerala- opinion
Next Story