രാഷ്ട്രീയ രാമൻ വീണ്ടും
text_fieldsഅയോധ്യ സംഘർഷഭരിതമാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം, കഴിഞ്ഞ 26 വർഷങ്ങൾക്കിടയിൽ ഇത്രത് തോളം പോന്ന ഒരവസ്ഥ അയോധ്യയിൽ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. വിശ്വഹിന്ദു പരിഷതിെൻറ നേതൃത്വത്തിൽ സംഘ്പരിവാർ പ്രസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നു ലക്ഷത്തോളം പേർ പെങ്കടുക്കുന്ന ഹിന്ദുധർമസഭ ഞായറാഴ്ച അയോധ്യയിൽ നടക്കുകയാണ്. രാമക്ഷേത്രം നിർമിക്കാൻ വൈകുന്നതിൽ അമർഷം കൊള്ളുന്നവർ, ഇനിയും അതിനു വൈകരുതെന്ന സമ്മർദം മുറുക്കുന്നതിെൻറ ഭാഗമാണ് ഇൗ സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ, വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആരവം കേൾക്കുന്നതിനിടയിൽ, കാവിയുടെ കാറ്റ് വീശുന്നത് ബി.ജെ.പിക്ക് സാധ്യതകളുടെ സന്തോഷം നൽകുന്ന കാര്യം. എന്നാൽ, അയോധ്യയിൽ ന്യൂനപക്ഷങ്ങൾ വീണ്ടുമൊരിക്കൽക്കൂടി ഭയപ്പാടിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഏറെപ്പേർ അവിടം വിട്ടുപോകുന്നുവെന്ന വിവരങ്ങളും വരുന്നുണ്ട്.
ഒൗദ്യോഗികമായി അത് ബന്ധപ്പെട്ടവർ നിഷേധിക്കുന്നു. ന്യൂനപക്ഷ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പൊലീസ് ജാഗ്രത പാലിക്കുന്നുെവന്നും വിശദീകരണമുണ്ട്. എന്നാൽ, കാൽനൂറ്റാണ്ടു മുമ്പുണ്ടായ നടുക്കം ഇന്നും പേറുന്നവരാണ് അയോധ്യയിലെ ന്യൂനപക്ഷങ്ങൾ. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന പശ്ചാത്തലം ഭയപ്പാട് കൂട്ടുന്നു. അതിനർഥം, രണ്ടോ മൂന്നോ ലക്ഷം വരുന്നവർ വീണ്ടുമൊരിക്കൽ കൂടി നിയമസംവിധാനങ്ങൾ കാറ്റിൽപറത്തി ഏതെങ്കിലും വിധത്തിൽ കൈയൂക്ക് കാട്ടുമെന്നല്ല. എന്നാൽ, ഭയക്കേണ്ട ചിലതിെൻറ തുടക്കമാണോ ധർമസഭയെന്നാണ് സംശയം. സംഘ്പരിവാറിനൊപ്പം ശിവസേനയും അമ്പലം പണിയാനുള്ള സമ്മർദം മുറുക്കി അയോധ്യയിലെത്തുകയാണ്.
അതെ. രാഷ്ട്രീയ രാമൻ വീണ്ടും കളത്തിൽ. ഏതാനും ആഴ്ചകളായി ക്ഷേത്ര നിർമാണത്തെക്കുറിച്ച് പറയുന്നത് ഉന്മാദം മുറ്റിനിൽക്കുന്ന ‘കർസേവകർ’ മാത്രമല്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരാണ്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിൽ പുതിയ രാമക്ഷേത്രം ഉയരുകതന്നെ ചെയ്യുമെന്ന് പറയുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനിർമാണത്തിന് സാധ്യമായത് ചെയ്യുമെന്ന് പറയുന്നത് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഇനിയും കാത്തിരിക്കാതെ ക്ഷേത്ര നിർമാണത്തിന് നിയമനിർമാണം കൊണ്ടുവരണമെന്ന് അവരെല്ലാവരെയും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ളവർ ഉദ്ബോധിപ്പിക്കുന്നു. ബാബരി മസ്ജിദ് തകർത്ത ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നതോ, നിയമസംവിധാനങ്ങളെ മാനിക്കണമെന്നതോ ഇന്ന് ബി.ജെ.പിയും സംഘ്പരിവാറും അവഗണിക്കുന്നു. സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കുമെന്ന മുൻകാല പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അയോധ്യ കേസിെൻറ വാദം ജനുവരിയിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചതിനുശേഷം നിരാശയും അമർഷവും അണികളിലേക്ക് കൈമാറാൻ ശ്രമിക്കുന്ന സംഘ്പരിവാറിനെയാണ് കാണുന്നത്.
കേസിെൻറ തീർപ്പിനല്ല, നിയമനിർമാണത്തിലൂടെ ക്ഷേത്രനിർമാണം സാധ്യമാക്കാനുള്ള ബദൽ വഴികളിലേക്കാണ് അവർ കണ്ണയക്കുന്നത്. ചുരുങ്ങിയ പക്ഷം, രാമക്ഷേത്ര നിർമാണത്തിന് പ്രതിബദ്ധമാണ്, അതിന് ആഞ്ഞു ശ്രമിക്കുന്നുവെന്ന് സ്വന്തം വോട്ടുബാങ്കിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഘ്പരിവാർ സമ്മർദം ശക്തമാക്കുന്നതിനിടയിൽ, കോടതി വിധിക്ക് ഇനിയും കാത്തിരിക്കാതെ ക്ഷേത്രനിർമാണത്തിനു പാകത്തിൽ പാർലമെൻറിൽ നിയമനിർമാണം നടത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് സർക്കാർ അനൗപചാരികമായി പറഞ്ഞുവെക്കുന്നു. ഡിസംബർ 11ന് പാർലമെൻറിെൻറ ശീതകാല സമ്മേളനം തുടങ്ങുകയാണ്. സമ്മേളനത്തിൽ രാമക്ഷേത്ര ബിൽ പാർലമെൻറിൽ അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം യു.പിയിലെ ബി.ജെ.പി എം.പി രവീന്ദ്ര കുശവാഹ വാർത്താലേഖകരോട് വെളിപ്പെടുത്തിയത്.
ചുരുങ്ങിയപക്ഷം ശിവസേന കൂടി ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ഒപ്പമുള്ളതുകൊണ്ട് ലോക്സഭയിൽ ഏതൊരു ബഹളത്തിനുമിടയിൽ അത്തരമൊരു ബിൽ പാസാക്കാൻ സർക്കാറിന് സാധിക്കും. ലോക്സഭയിൽ ഒറ്റക്കുതന്നെ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുണ്ട്. രാജ്യസഭയിൽ എത്തുേമ്പാഴാണ് പ്രശ്നം. പ്രതിപക്ഷത്തിന് മേധാവിത്വമുള്ള രാജ്യസഭയിൽ രാമക്ഷേത്ര ബിൽ പാസാവില്ല. അങ്ങനെ വരുന്ന സന്ദർഭത്തിൽ ഒാർഡിനൻസ് എന്ന മാർഗം സർക്കാറിന് മുന്നിലുണ്ടെന്നും രവീന്ദ്ര കുശവാഹ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിെൻറ താൽപര്യം എന്തായിരുന്നാലും, ഒാർഡിനൻസ് സർക്കാറിനു മുന്നിലുള്ള ഒരു മാർഗമാണെന്ന് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വർ അഭിപ്രായപ്പെട്ടത് അടുത്തയിടെയാണ്.
ഒാർഡിനൻസിന് ആറു മാസമാണ് കാലാവധി. അതു വേണമെങ്കിൽ നീട്ടുകയും ചെയ്യാം. എന്നാൽ, പാർലമെൻറിൽ രാമക്ഷേത്ര ബിൽ പാസാകാത്ത കാലത്തോളം ബി.ജെ.പിക്ക് അത് ശാശ്വത പോംവഴിയല്ല. മതനിരേപക്ഷ ഇന്ത്യയുടെ അന്തഃസത്തക്കും ഭരണഘടനക്കും വിരുദ്ധമായ ഇത്തരമൊരു കുറുക്കുവഴി കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമാണ്. ഫലത്തിൽ അത് അസാധുവായിപ്പോകാനാണ് എല്ലാ സാധ്യതയും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയാണെങ്കിലും, ഭരിക്കുന്ന സർക്കാറിന് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ അവഗണിച്ച് നിയമനിർമാണവുമായി മുന്നോട്ടു പോകാൻ വലിയ പരിമിതികളുണ്ട്. എന്നിട്ടും രാമക്ഷേത്ര ബിൽ എന്ന ആശയം ബി.ജെ.പി കൈവിടുന്നില്ല എന്നതാണ് ശ്രദ്ധേയം. അത്തരമൊരു ബിൽ ലോക്സഭയിൽ കൊണ്ടുവരുേമ്പാൾ, അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും രണ്ടു ചേരിയായി തിരിയാതെ നിവൃത്തിയില്ല. ബി.ജെ.പിയും ശിവസേനയും ഒരു വശത്തും, മറ്റു മിക്കവാറും പാർട്ടികൾ മറുവശത്തുമായി നിൽക്കും.
സുപ്രീംകോടതിയുടെ തീർപ്പിന് കാത്തിരിക്കണമെന്ന സമ്മർദം സർക്കാറിലുണ്ടാവും. എന്നാൽ, ബില്ലിനെ എതിർക്കുന്നവർ ആര്, അനുകൂലിക്കുന്നവർ ആര് എന്ന വ്യക്തമായ ചിത്രം പാർലമെൻറിലൂടെ പുറത്തുവരും. അത്തരമൊരു സാഹചര്യത്തിനു വേണ്ടിയാണ് ഒാർഡിനൻസ്, ബിൽ എന്നിങ്ങനെ ബി.ജെ.പി ആവർത്തിക്കുന്നതിെൻറ കാരണമെന്നു വേണം കരുതാൻ. രാമനും ഹിന്ദുക്കൾക്കും വേണ്ടി നിൽക്കുന്ന പാർട്ടിയായി തങ്ങളെ ഉയർത്തിക്കാട്ടാൻ അതുവഴി ബി.ജെ.പി ശ്രമിക്കും. അതിനുമപ്പുറം, കോൺഗ്രസും മറ്റും രാമക്ഷേത്രത്തിനും ഹിന്ദുക്കൾക്കും എതിരാണെന്ന് വരുത്തും. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ ക്ഷേത്രദർശനം നടത്തുകയും ഗോസംരക്ഷണത്തെക്കുറിച്ച് പറയുകയും ചെയ്യുന്ന കോൺഗ്രസുകാരുടെ മൃദുഹിന്ദുത്വം തട്ടിപ്പാണെന്ന് പ്രചരിപ്പിക്കും. ഇൗ ലക്ഷ്യത്തോടെയാണ് പാസാക്കാൻ കഴിയാത്ത രാമക്ഷേത്ര ബില്ലുമായി ബി.ജെ.പി ശീതകാല സമ്മേളനത്തിലേക്ക് വരുക. അതിനുമപ്പുറം, ക്ഷേത്രനിർമാണത്തിെൻറ ഗൂഢനീക്കങ്ങൾക്ക് സംഘ്പരിവാർ ചരടുവലിക്കുന്നുണ്ടോ എന്ന് ഇൗ ഘട്ടത്തിൽ വ്യക്തമല്ല. പള്ളി പൊളിക്കാനെന്നു പറഞ്ഞല്ല 1992 ഡിസംബറിൽ കർസേവകർ അയോധ്യയിലേക്ക് ഒഴുകിയത്. അവരുടെ അജണ്ടയുടെ ഉൗടുവഴികൾ തിരിച്ചറിയാൻ പൊതുസമൂഹത്തിന് എളുപ്പം കഴിഞ്ഞെന്നു വരില്ല. ബാബരി മസ്ജിദ് പൊളിക്കുന്നതു കണ്ടു നിൽക്കേണ്ടി വരുക മാത്രമല്ല, അതേ മണ്ണിൽ താൽക്കാലികമായെങ്കിലും കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന് സംരക്ഷണം കൊടുക്കാൻ ഇന്ത്യൻ ഭരണ, നീതി സംവിധാനം നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് കഴിഞ്ഞ 26 വർഷമായി കണ്ടു വരുന്നത്. ആ മതവിദ്വേഷ രാഷ്ട്രീയം ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്. ബാബരി മസ്ജിദ് നിലനിന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് ജില്ലയുടെ പേരു പോലും തുടച്ചുനീക്കിയിരിക്കുന്നു.
യു.പിയുടെ രാഷ്ട്രീയത്തിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും കോൺഗ്രസും ഒന്നിച്ചുനിന്ന് ബി.ജെ.പിയെ എതിർക്കുമെന്ന പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർഥ്യമാവുമെന്ന് ഇനിയും വ്യക്തമല്ല. അതിനും മുേമ്പ, ഇൗ പാർട്ടികൾക്കെല്ലാമുള്ളിലുള്ള ഹിന്ദുക്കളിലേക്കും നാനാജാതികളിലേക്കും വീണ്ടുമൊരിക്കൽക്കൂടി വർഗീയത സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുേമ്പ ഉൗർജിതമാക്കുന്നത്. രാമക്ഷേത്ര ഉന്മാദം മുതൽ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റം വരെ പല കാര്യങ്ങളാണ് യു.പിയിൽ നടക്കുന്നത്. പൊലീസ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളിലൂടെ യോഗി സർക്കാർ രാഷ്ട്രീയ എതിരാളികളുടെ ശക്തിസ്രോതസ്സുകൾ വരെ തകർക്കുന്ന ചിത്രം മറ്റൊരു വശത്ത്. ഇനി കാശിയും മഥുരയുമെന്നാണ് ബാബരി പൊളിച്ച കാലത്ത് സംഘ്പരിവാർ മുന്നോട്ടുവെച്ച വീരസ്യം. രാമക്ഷേത്ര നിർമാണ ചർച്ചക്ക് തീപിടിപ്പിച്ചതിനൊപ്പം കാശിയിൽ ചില കർസേവകർ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാൻവാപി മസ്ജിദും നൂറ്റാണ്ടുകളായി തൊട്ടുരുമ്മി നിൽക്കുന്നുവെങ്കിൽ അതിലൂടെ സൗഹാർദം ഉയർത്തിക്കാട്ടാനല്ല, മതസ്പർധ ആളിക്കത്തിക്കാനാണ് സംഘ്പരിവാർ പദ്ധതി. ഇപ്പോൾ രണ്ടിനുമടുത്ത കെട്ടിടങ്ങളും മറ്റും യോഗിസർക്കാർ പൊളിച്ചു നീക്കുകയാണ്.
നഗര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിെൻറയും സൗന്ദര്യവത്കരിക്കുന്നതിെൻറയും ഭാഗമെന്ന വിശദീകരണത്തോടെയാണിത്. എന്നാൽ, തൊണ്ണൂറുകളുടെ തുടക്കത്തിൽ ബാബരി മസ്ജിദിന് ചുറ്റുമുള്ള കെട്ടിടങ്ങൾ ഇതേ വിശദീകരണത്തോടെ അന്നത്തെ ബി.ജെ.പി സർക്കാർ പൊളിച്ചുനീക്കിയതുമായി ഇതിനുള്ള സാമ്യം ആശങ്കയോടെ ചർച്ച ചെയ്യപ്പെടുന്നു. ബാബരി മസ്ജിദിനോടും രാം ഛബൂത്രയോടും ചേർന്ന 2.77 ഏക്കർ ഭൂമി കല്യാൺസിങ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അയോധ്യയുടെ സൗന്ദര്യം കൂട്ടാനാണെന്ന് സർക്കാർ വിശദീകരിക്കുേമ്പാൾ, രാമക്ഷേത്ര നിർമാണത്തിനാണ് ഇതെല്ലാമെന്ന് വിശ്വഹിന്ദു പരിഷത്തും മറ്റും പറഞ്ഞു. ഒടുവിൽ സർക്കാർ വിശദീകരണത്തേക്കാൾ, വി.എച്ച്.പിയുടെ വാക്കുകളാണ് നടപ്പായത്.
മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പു ചൂടുപിടിക്കുേമ്പാൾ തന്നെ കാവിയജണ്ടയുടെ ചർച്ചകൾ ബി.ജെ.പി സജീവമാക്കുന്നതും വ്യക്തമായ ലക്ഷ്യത്തോടെ തന്നെ. രണ്ടിടത്തെയും തിരിച്ചടി മറികടക്കാൻ അതുകൊണ്ടു കഴിയുമെങ്കിൽ കഴിയെട്ട എന്നതാണ് അടവ്. പക്ഷേ, ലോക്സഭതെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിെൻറ സാഹചര്യങ്ങൾ തീവ്രമായിരിക്കും. കാരണം, അതൊഴിച്ച്. മോദിസർക്കാറിെൻറ ആവനാഴി ശൂന്യമാണ്. ഇതല്ലാതെ മറ്റൊരു മാർഗം ഭരണത്തിെൻറ രണ്ടാമൂഴത്തിലേക്ക് അവർക്കു മുന്നിലില്ല. ഭരണം പരാജയത്തോടുള്ള അമർഷം മറികടക്കാൻ കാവിക്കാറ്റ് അല്ലാതെ വേറെ വഴിയില്ല. അത് ചെലവാക്കാൻ ബി.ജെ.പിക്ക് കഴിയാൻ പറ്റുന്ന വിധം ഇന്ത്യയുടെ ജനാധിപത്യ മതേതരബോധം ഇനിയും ദുർബലമായി നിൽക്കുന്നുവോ എന്നാണ് ഇനിയുള്ള മാസങ്ങൾ തെളിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.