തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കക്ഷിരാഷ്്ട്രീയം ഭീഷണി
text_fieldsഒന്നാം ലോകയുദ്ധത്തെ തുടർന്നാണ് തൊഴിലാളി പ്രസ്ഥാനം ഇന്ത്യയിൽ പിറവികൊണ്ടത്. കോളനികളിലെ തൊഴിലാളികൾക്കെതിരെയുള്ള വിവേചനം, ദേശീയ പ്രസ്ഥാനത്തിെൻറ വളർച്ച, റഷ്യൻ വിപ്ലവത്തിെൻറ വിജയം എന്നിവയുടെ പ്രചോദനഫലമായിട്ടായിരുന്നു ഇത്. തുടർന്ന് തടസ്സങ്ങളും പ്രതിബന്ധങ്ങളും മറികടന്ന് രാജ്യത്തിെൻറ രാഷ്ട്രീയ-ഭരണസംവിധാനങ്ങൾ നിർണയിക്കുംവിധം ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനം വളർന്നു. മുതലാളിമാരുടെ (വ്യവസായിക മുതലാളിമാരും ഭൂപ്രഭുക്കളും ഭരണകൂടവും) ഒാരോ തീരുമാനത്തിലും തൊഴിലാളികളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം വന്നു. ഇതേത്തുടർന്ന് തങ്ങളുടെ വിജയത്തിനാധാരമായി തൊഴിൽ സംഘടനകളെ കൈപ്പിടിയിലൊതുക്കാൻ പറ്റിയ മാർഗം മുതലാളിവർഗം ആരായുകയും അവരതിൽ വിജയിക്കുകയും ചെയ്തു. തൊഴിൽ സംഘടനകളുടെ കൂട്ടായ വിലപേശൽ എന്ന ആത്യന്തികലക്ഷ്യത്തെ തുരങ്കംവെക്കാൻ ഇക്കൂട്ടരെ ഭിന്നിപ്പിക്കാതെ തരമില്ലെന്ന മുതലാളിയുടെ കൗശലം വിജയിക്കുകയായിരുന്നു. അധികാരഭ്രമമുള്ള ഏതാനും തൊഴിലാളി നേതാക്കളെ സുന്ദരവാഗ്ദാനങ്ങൾ നൽകി അടർത്തിയെടുത്ത് കക്ഷിരാഷ്ട്രീയത്തിെൻറ പിന്നാമ്പുറങ്ങളിൽ ബന്ധിക്കുകയും ഒാരോ രാഷ്ട്രീയകക്ഷിക്കും ഒാരോ തൊഴിൽസംഘടനയെന്ന നില വന്നുചേരുകയും ചെയ്തതോടെ ഒന്നിച്ചുനിന്നിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ നുറുങ്ങുകളായി ഭിന്നിച്ചു. ആശുപത്രികളും വിദ്യാലയങ്ങളുമൊഴിച്ച് പറയത്തക്ക വ്യവസായസ്ഥാപനങ്ങളൊന്നുമില്ലാത്ത കേരളത്തിൽ മാത്രം അറുനൂറിൽപരം അംഗീകൃത തൊഴിലാളി സംഘടനകളുണ്ട്.
തൊഴിൽകേന്ദ്രങ്ങളിലെത്തുന്ന തൊഴിലാളികൾ, മുതലാളിമാരുടെ വേഷം കെട്ടിയാടുന്നതിനാൽ ജനങ്ങൾക്ക് അവർ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അവരോട് അവഗണനയും അവജ്ഞയും കാണിക്കുന്നുവെന്നാണ് അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. സത്യസന്ധമായും കൃത്യനിഷ്ഠയോടെയും ആത്മാർഥമായി ജോലി ചെയ്യുകയെന്നതാണ് തൊഴിലാളിയിലധിഷ്ഠിതമായ കർമമെന്നും ആ കർമം ധാർമികമായി നിറവേറ്റുകയെന്നതാണ് അവരുടെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനനുസൃതമായ മാറ്റങ്ങളുണ്ടാകാൻ തൊഴിൽകേന്ദ്രങ്ങൾക്ക് അദ്ദേഹം നിർദേശം നൽകി. തൊഴിൽമേഖലയിൽ വലിയൊരു മാറ്റമുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ പര്യാപ്തമാകുമെന്ന് ജനം ധരിച്ചെങ്കിലും കൂടുതൽ മെച്ചപ്പെട്ട പരിഗണനകളൊന്നും ഉണ്ടായിട്ടില്ല. പ്രതിപക്ഷ സംഘടനകൾ ഇൗ നിർദേശങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുകയും ചെയ്തു. കൃത്യനിഷ്ഠയോടെ സമയബന്ധിതമായി തൊഴിൽകേന്ദ്രങ്ങളിലെത്തുന്ന തൊഴിലാളികൾ എത്രവരുമെന്ന് നോക്കിയാൽ നിരാശയാകും ഫലം.
തൊഴിൽ സംഘടനകളുടെ നേതൃസ്ഥാനത്തുനിന്ന് ഘോരഘോരം പ്രസംഗിക്കുന്നവരും സമരങ്ങളുടെ മുന്നിൽ നിൽക്കുന്നവരും തൊഴിൽശാലയിലെത്തിയാൽ രൂപവും ഭാവവും മാറിമറയുന്നതിന് കാരണം, അവരിൽ അന്തർലീനമായ മുതലാളിത്ത മനോഭാവമാണ്. ബയോമെട്രിക് സംവിധാനങ്ങളും പഞ്ചിങ്ങുകളുമെല്ലാമുള്ള തൊഴിൽകേന്ദ്രങ്ങളിൽപോലും കൃത്യനിഷ്ഠയോടെ ജോലി നടക്കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
ഭരണകൂടത്തിനു കീഴിൽ വിവിധങ്ങളായ വകുപ്പുകളും ഒാരോ വകുപ്പുകൾക്കു കീഴിലും വ്യത്യസ്തങ്ങളായ സംവിധാനങ്ങളുമുണ്ട്. അതിൽ മർമപ്രധാനമായവയാണ് വ്യത്യസ്തങ്ങളായ തൊഴിൽകേന്ദ്രങ്ങൾ. സർക്കാർ പാരിതോഷികം (ശമ്പളം) നൽകി തൊഴിൽകേന്ദ്രങ്ങളിൽ നിയമിക്കുന്ന വ്യക്തികളാണ് തൊഴിലാളികൾ. സർക്കാറിനുവേണ്ടി ജനങ്ങെള സേവിക്കുകയെന്നതാണ് ഇൗ തൊഴിലാളികളുടെ ഉത്തരവാദിത്തം. എന്നാൽ, തനിക്ക് ലഭിച്ച തൊഴിൽ ഒരു പദവിയായി കാണുകയും അതിൽ അഭിമാനിക്കുകയും ജനങ്ങളോട് ഗർവ് കാണിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം തൊഴിലാളികളും. തെൻറ ഒൗദാര്യമുണ്ടെങ്കിലേ ജനങ്ങളുടെ ആനുകൂല്യങ്ങൾ ലഭ്യമാകൂവെന്ന മിഥ്യാധാരണയാണ് ഇവരുടെ മനോഭാവം. ഇത്തരം തൊഴിലാളികളുടെ കൂട്ടായ്മയായ തൊഴിൽ സംഘടനക്ക് എത്ര പ്രസക്തിയുണ്ടാവും? തെൻറ സംരക്ഷണത്തിനും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും ത്രാണിയുള്ള തൊഴിൽ സംഘടന എന്നതിലുപരി തൊഴിൽ സംഘടനകളുടെ കക്ഷിരാഷ്ട്രീയം നോക്കി സംഘടനകളിൽ അംഗത്വമെടുക്കുന്ന തൊഴിലാളികളാണിന്ന് രാജ്യത്ത് മുഴുക്കെ. ഇത്തരം തൊഴിൽ സംഘടനകളുടെ നേതൃത്വം, തൊഴിൽ മേഖലക്കകത്തുള്ളവരേക്കാൾ തൊഴിലിെൻറ മഹത്ത്വമോ സംഘടനയുടെ ലക്ഷ്യമോ ഉൽപാദനത്തിെൻറ ഗൗരവമോ തൊഴിൽ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയോ പക്വതയോ അറിവോ കുറഞ്ഞ രാഷ്ട്രീയ നേതാക്കളിലാവും. ഇങ്ങനെ വരുേമ്പാൾ തൊഴിലാളികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനോ തീരുമാനങ്ങളെടുക്കാനോ പരിമിതികളുണ്ടാവുകയും നേതാവ് പറയുംപ്രകാരം പ്രവർത്തിക്കേണ്ട ഗതികേടുണ്ടാവുകയും ചെയ്യുന്നു. ഇവിടെ തൊഴിലാളിയുടെ ക്ഷേമത്തേക്കാൾ കക്ഷിരാഷ്ട്രീയ താൽപര്യത്തിന് പ്രാധാന്യം വരുന്നു. ഇടുക്കിയിലെ തോട്ടംതൊഴിലാളികളായ വനിതാ കൂട്ടായ്മ ‘പൊമ്പിളൈ ഒരുമൈ’ സമരം ചെയ്തപ്പോൾ സഹായവുമായെത്തിയ രാഷ്ട്രീയക്കാരെ മുഴുവൻ പറഞ്ഞുവിട്ട സംഭവത്തിന് ഏറെ പഴക്കമില്ല. ആ സമരസഖാക്കളെയാണ് ഒരു മന്ത്രി തെറിയഭിഷേകം നടത്തിയത്. കക്ഷിരാഷ്ട്രീയം ജനായത്ത ഭരണത്തിന് ഭീഷണിയാകുന്നുവെന്നല്ലേ ഇതിൽനിന്ന് അനുമാനിക്കേണ്ടത്?
ഇന്ത്യയിൽ ഒാരോ തൊഴിൽ മേഖലയിലും ആവശ്യത്തിൽ കൂടുതൽ തൊഴിൽ സംഘടനകളുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് തൊഴിലാളിക്ക് ദോഷമുണ്ടാക്കുന്നു. ഒരേ ആവശ്യത്തിനുവേണ്ടി ഒന്നിച്ചുനിൽക്കേണ്ടതിന് പകരം രാഷ്ട്രീയത്തിെൻറ മറപറ്റി വിഘടിച്ചുനിൽക്കുകയും ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തേക്കാളുപരി തങ്ങളുടെ സംഘടനയുടെ ശക്തി തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് നേതൃത്വം കൈക്കൊള്ളുന്നത്. തൊഴിൽ സംഘടനകൾ വർധിക്കുന്നത് സംഘടനയുടെ യഥാർഥ ലക്ഷ്യം മാറി, പരസ്പര വടംവലിക്ക് കാരണമാകുന്നു.
നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം വീെണ്ടടുക്കാനും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാനുമാണ് സംഘടിതരായി നിലകൊള്ളേണ്ടതെന്നറിയാത്ത വലിയൊരു ശതമാനം തൊഴിലാളികളുണ്ട് നമ്മുടെ നാട്ടിൽ. പിന്നിൽ കക്ഷിരാഷ്ട്രീയത്തിെൻറ ശക്തിയുണ്ടെന്നതാണ് ഇത്തരക്കാരെ വർധിതവീര്യരാക്കുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും മിന്നൽപണിമുടക്കുകളും സംഘട്ടനങ്ങളും നടത്തുന്ന ഇക്കൂട്ടരെ തൊഴിലാളി നേതൃത്വമായാലും രാഷ്ട്രീയ നേതൃത്വമായാലും നിലക്കുനിർത്തേണ്ടതുണ്ട്. തെറ്റുചെയ്തവരെ സംരക്ഷിക്കലല്ല; ശിക്ഷിക്കലാണ് കരണീയം. അസംഘടിതരായി, ട്രേഡ് യൂനിയൻ സംവിധാനത്തിെൻറ പുറത്ത് ഏകദേശം 76 ശതമാനം തൊഴിലാളികളുണ്ട്. ഇത്തരക്കാരുടെ ക്ഷേമത്തിന് മുന്നിട്ടിറങ്ങേണ്ടത് തൊഴിൽ സംഘടനകളാണ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവർക്ക് നീതി ലഭിക്കാനും മുന്നിട്ടിറങ്ങേണ്ടതും ഇൗ സംഘടനകളാണ്. അവിടെ രാഷ്ട്രീയനിറത്തിന് പ്രാധാന്യമുണ്ടാകരുത്. ജനങ്ങൾക്കൊപ്പം നിൽക്കുേമ്പാഴാണ് ജനപിന്തുണയുണ്ടാവുക. സർവിസ് ചാർജുകളിൽ ഭീമമായ വർധന വരുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വൻകിട ധനകാര്യ സ്ഥാപനത്തിനെതിരെ സന്ധിയില്ലാസമരം ഏറ്റെടുക്കേണ്ടത് തൊഴിലാളി സംഘടനകളാണ്. തൊഴിലാളി സംഘടനകൾ എന്നും ജനപക്ഷത്തായിരിക്കണം. കക്ഷിരാഷ്ട്രീയം ജനായത്ത ഭരണത്തിന് ഭീഷണിയായിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.