അരുണാചല്‍ പ്രദേശിന്‍െറ രാഷ്ട്രീയ ഫലിതങ്ങള്‍
text_fields2013 നവംബറില്‍ അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇട്ടനഗറില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യപ്രകാരം ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ‘സാര്‍വത്രിക ആരോഗ്യ പരിരക്ഷ’ എന്ന ലക്ഷ്യത്തിലേക്കുള്ള കാര്യപരിപാടികള്‍ തയാറാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരെ സജ്ജമാക്കാനുള്ള പരിശീലന പരിപാടിയായിരുന്നു അത്.
പരിശീലനത്തിന് എല്ലാ ജില്ലകളില്‍നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. 1987ല്‍ പൂര്‍ണ സംസ്ഥാനപദവി ലഭിച്ച അരുണാചലില്‍ 20 ജില്ലകളാണുള്ളത്. ചതുരശ്ര കിലോമീറ്ററില്‍ 42 മുതല്‍ ഒന്നു വരെയാണ് ജനസാന്ദ്രത ഓരോ ജില്ലയിലും. അതേ, ഒന്ന് തന്നെ; അപ്പര്‍ ദിബാങ് വാലി ജില്ലയില്‍. സംസ്ഥാനത്ത് മൊത്തം 60 അസംബ്ളി മണ്ഡലങ്ങളാണുള്ളത്.
അന്ന് വളരെ ദൂരെയുള്ള ദിബാങ് വാലി ജില്ലയിലെ അനിനിയില്‍നിന്ന് പരിശീലനത്തിന് വന്ന (അഞ്ചുദിവസം മുമ്പ് പുറപ്പെട്ടതാണത്രേ) ഹരിയെന്ന ഒരു മലയാളി അക്കൗണ്ടന്‍റ് പറഞ്ഞ കാര്യങ്ങള്‍ കൗതുകകരമായിരുന്നു. അരുണാചലിലെ അസംബ്ളി മണ്ഡലങ്ങള്‍ എന്ന് പറഞ്ഞാല്‍ ജനസംഖ്യയിലും വോട്ടര്‍മാരുടെ എണ്ണത്തിലും നമ്മുടെ പഞ്ചായത്തുകള്‍പോലെയാണ് (വിസ്തീര്‍ണം വളരെ വലുതാണെങ്കിലും). പല മണ്ഡലങ്ങളിലും വെറും 1000-1500 വോട്ടുകള്‍ നേടിയാല്‍ എം.എല്‍.എ ആകാം.
രാഷ്ട്രീയക്കാര്‍ക്ക് വളരെ വളക്കൂറുള്ള മണ്ണാണ് ഇവിടം. പ്രത്യേക പരിഗണനയുള്ള സംസ്ഥാനമെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് അകമഴിഞ്ഞ സാമ്പത്തിക പിന്തുണ. പിന്നെ എം.എല്‍.എ ഫണ്ട്, സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതികള്‍ എന്നിങ്ങനെ നല്ല കോളാണ്. കോണ്‍ഗ്രസ്, അരുണാചല്‍ കോണ്‍ഗ്രസ്, ബി.ജെ.പി എന്നൊക്കെ പറയുന്നെന്നേയുള്ളൂ. അങ്ങനെ പ്രത്യേകിച്ചൊരു സ്ഥിരതാവളങ്ങള്‍ പലര്‍ക്കും ഇല്ല. എവിടെ മെച്ചമുണ്ടോ, അങ്ങോട്ട് പോകും.
അരുണാചലിന്‍െറ മുഖ്യമന്ത്രിയായി ഏറ്റവും അധികകാലം കസേരയില്‍ ഇരുന്ന (1980-1999) കോണ്‍ഗ്രസുകാരന്‍ ഗെഗോങ് അപാങ് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറുള്ളപ്പോള്‍ 2003ല്‍ ഒരുകൂട്ടം എം.എല്‍.എമാരുമായി അങ്ങോട്ടു ചേക്കേറിയ ആളാണ്. പേരിനു ഒരു എം.എല്‍.എ പോലുമില്ലാതിരുന്നിട്ടും ബി.ജെ.പി അന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചത് അങ്ങനെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍, 2004ല്‍ ബി.ജെ.പി എം.എല്‍.എമാരോടൊപ്പം ഗെഗോങ് അപാങ് കോണ്‍ഗ്രസില്‍ തിരിച്ചത്തെി. അതിന്‍െറ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടത്.
2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ 42ലും കോണ്‍ഗ്രസാണ് ജയിച്ചത്. 11 ഇടത്തു എതിര്‍സ്ഥാനാര്‍ഥികള്‍പോലും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ വോട്ടു നേടിയ സ്ഥാനാര്‍ഥിക്കു കിട്ടിയതാകട്ടെ, 18,000 വോട്ടുകള്‍. 2016 ന്‍െറ തുടക്കത്തില്‍ കോണ്‍ഗ്രസില്‍നിന്ന് 30 എം.എല്‍.എമാര്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്കു മാറിയെങ്കിലും 2016 പകുതിയായപ്പോയേക്കും അവര്‍ തിരിച്ചു കോണ്‍ഗ്രസില്‍ എത്തി. സെപ്റ്റംബര്‍ ആയപ്പോയേക്കും വീണ്ടും അവര്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക്.
ഇതിനിടയില്‍, സ്പീക്കര്‍ നിശ്ചയിച്ച തീയതിക്കുമുമ്പ് നിയമസഭ വിളിച്ചുകൂട്ടാന്‍, രാഷ്ട്രീയക്കളികളുടെ ഭാഗമായി, ഗവര്‍ണര്‍ സ്വയം തീരുമാനിക്കുന്നു. ഇതിനെ എതിര്‍ത്ത് കോടതിയില്‍ പോകുന്ന സര്‍ക്കാര്‍ അസംബ്ളിമന്ദിരം പൂട്ടിയിടുന്നു. അസംബ്ളി മന്ദിരത്തിനു പുറത്ത് ഒരു ഹോട്ടലില്‍ ചില എം.എല്‍.എമാര്‍ നിയമസഭ സമ്മേളനം കൂടുന്നു. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നു. കോടതി ഇടപെടുന്നു. രാഷ്ട്രപതിഭരണം പിന്‍വലിക്കുന്നു. കുറെ കഴിഞ്ഞ് രാഷ്ട്രപതി ഗവര്‍ണറെതന്നെ പുറത്താക്കുന്നു. ഇതിനിടയില്‍ ഒരു മുന്‍ മുഖ്യമന്ത്രിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെുന്നു. ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െറ മൂന്നാം ഭാര്യ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിക്കുന്നു.
അവിടെനിന്നാണ്, 2016 അവസാനം ബി.ജെ.പി സ്വന്തമായി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ മത്സരിച്ചിട്ടും 11 ഇടത്തുമാത്രം ജയിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ഓര്‍ക്കണം. പിന്നെങ്ങനെ ഒറ്റക്ക് സര്‍ക്കാറുണ്ടാക്കുമെന്നായിരിക്കും? സെപ്റ്റംബറില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ എത്തിയ പഴയ കോണ്‍ഗ്രസുകാരുള്‍പ്പെടെ 44ല്‍ 33 പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഇത് സാധ്യമായത്. അങ്ങനെ വീണ്ടും അരുണാചലില്‍ താമര വിരിഞ്ഞു. ആര്, എന്ന്, ഏതു പാര്‍ട്ടിയില്‍ ഒക്കെ ആയിരുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ക്കുതന്നെ പ്രയാസമായിരിക്കും പറയാന്‍.
ഹരി പറഞ്ഞ മറ്റൊരു കാര്യത്തിലേക്കു വരാം. തെരഞ്ഞെടുപ്പിനു മുമ്പ് ജയിക്കാന്‍ ‘തീരുമാനിച്ച’ സ്ഥാനാര്‍ഥി തന്‍െറ മണ്ഡലത്തിലെ അഞ്ഞൂറോ ആയിരമോ കുടുംബങ്ങളോട് സംസാരിക്കുന്നു. എന്താണ് ഏറ്റവും പ്രധാന ആവശ്യം. ചിലര്‍ക്ക് ബൈക്ക് വേണം, ചിലര്‍ക്ക് വീട് നന്നാക്കാന്‍ കുറച്ചു പണം, ചിലര്‍ക്ക് ഒരു ജോലി. എം.എല്‍. എക്ക് നിസ്സാരമാണ് കാര്യങ്ങള്‍. അടുത്ത അഞ്ചുവര്‍ഷം വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ മുന്നില്‍ ഇവയൊന്നും ഒരു വിഷയമേ അല്ലല്ളോ.
കൊടുക്കല്‍ വാങ്ങല്‍ സുഗമമായി നടക്കുന്നു. ചില ഇടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്കു മത്സരത്തില്‍ നിന്ന് പിന്മാറാനും ഇത്തരം മാര്‍ഗങ്ങളില്‍ വഴിയൊരുങ്ങും. അതുകൊണ്ടാണല്ളോ 11 ഇടങ്ങളില്‍ മത്സരംപോലും ഇല്ലാതെ ആളുകള്‍ വിജയിച്ചുവരുന്നത്. അതുകൊണ്ടുതന്നെയാണല്ളോ ഒരു ഉളുപ്പുമില്ലാതെ മാസാമാസം പാര്‍ട്ടി മാറുന്നതും. ഏതായാലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉദയ സൂര്യന്‍െറ നാട്ടില്‍ ജനാധിപത്യത്തിന്‍െറ വിചിത്ര കാഴ്ചകള്‍ ഇനിയും വിരിഞ്ഞുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.