പ്ലാസ്റ്റിക്കിനെ അറിഞ്ഞ് മലിനീകരണം ചെറുക്കാം
text_fieldsആധുനിക മനുഷ്യ ജീവിതം എളുപ്പവും മനോഹരവുമാക്കുന്നതിൽ പ്ലാസ്റ്റിക് വലിയ പങ്ക് വഹിക്കുന്നു എന്നത് വസ്തുതയാണ്. പ്ലാസ്റ്റിക് മലിനീകരണം ഇന്നൊരു ആഗോള പ്രശ്നമാണ്. കടലും കരയും ഒന്നാകെ പ്ലാസ്റ്റിക് കെടുതി അനുഭവിക്കുന്നുണ്ട്. ഒരു കോടി ടൺ പ്ലാസ്റ്റിക്കാണ് ഒരു വർഷം കടലിലെത്തുന്നത്. എല്ലാത്തരം പ്ലാസ്റ്റിക്കും പൂർണമായി നശിക്കാൻ ചുരുങ്ങിയത് ആയിരം വർഷമെങ്കിലും വേണം.
അതുകൊണ്ടുതന്നെ ഈ നില തുടർന്നാൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് കടലിലുണ്ടാവും എന്നാണ് കണക്കുകൾ പറയുന്നത്. ഇത് സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തകർക്കും. സമുദ്രജല പ്രവാഹത്തെ സ്വാധീനിക്കും. ഗുരുതര പ്രത്യാഘാതം കടലിലും കരയിലും സംഭവിക്കും. പരിപൂർണമായ പ്ലാസ്റ്റിക് നിരോധനം അസാധ്യമാണെന്ന് മനസ്സിലാക്കി ബുദ്ധിപൂർവമായ ഉപയോഗം വഴി മാത്രമെ ഈ പ്രതിസന്ധി കുറക്കാൻ കഴിയൂ.
എന്താണ് പ്ലാസ്റ്റിക്
ലഘു തന്മാത്രകൾ ചേർന്നുണ്ടാകുന്ന മാക്രോ തന്മാത്രകളാണ് പോളിമറുകൾ. ഇതിലെ ഒരു പ്രധാന വിഭാഗമാണ് പ്ലാസ്റ്റിക്കുകൾ. ആറു തരം പ്ലാസ്റ്റിക്കുകളാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
- കുപ്പിവെള്ള ബോട്ടിൽ നിർമിക്കാനുപയോഗിക്കുന്ന പോളി എഥിലീൻ ടെറി താലേറ്റ് (PET) ആണ് ഒന്നാമത്തേത്. ഇവ രാസപരമായി പോളിസ്റ്ററുകളാണ്. വസ്ത്രങ്ങൾ നിർമിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഇവയെ എളുപ്പം തിരിച്ചറിയാനായി 1 എന്ന കോഡ് നമ്പർ ഈ ഉൽപന്നങ്ങളുടെ പുറത്ത് നൽകുന്നു.
ഒരു ത്രികോണത്തിനുള്ളിൽ നൽകുന്ന ഈ അടയാളങ്ങൾ റീ സൈക്ലിങ് കോഡുകൾ എന്നറിയപ്പെടുന്നു. ഉപയോഗശേഷം പുനഃചംക്രമണ കേന്ദ്രത്തിലെത്തുന്ന ബോട്ടിലുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കുന്ന കമ്പനികൾ ധാരാളമുണ്ട്. അതിനാൽ തന്നെ കാലിയായ പെറ്റ് ബോട്ടിലുകൾ മൂല്യമുള്ളവയാണ്.
- HDPE അഥവാ ഹൈ ഡെൻസിറ്റി പോളി എഫിലീൻ ആണ് മറ്റൊരു പ്ലാസ്റ്റിക്. ചെറു ബോട്ടിലുകൾ, പാട്ടകൾ, ക്ലീനിങ് മെറ്റീരിയൽസ് പാക്ക് ചെയ്യാനുപയോഗിക്കുന്ന ബോട്ടിലുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമിക്കാൻ ഇവ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ടാങ്കുകളും ഇതുകൊണ്ട് നിർമിക്കുന്നു. 2 എന്ന കോഡാണ് ഇവയെ തിരിച്ചറിയാനുള്ള അടയാളം.
- PVC അഥവാ പോളി വിനൈൽ ക്ലോറൈഡും നാം ധാരാളമായി ഉപയോഗിക്കുന്നു. പൈപ്പുകൾ, കേബിളുകൾ തുടങ്ങിയവ നിർമിക്കാനുപയോഗിക്കുന്നു. 40 മില്യൻ ടൺ പി.വി.സി യാണ് ഒരു വർഷം ഉൽപാദിപ്പിക്കപ്പെടുന്നത് . 3 ആണ് കോഡ്.
- LDPE അഥവാ ലോ ഡെൻസിറ്റി പോളി എഥിലീൻ ആണ് മറ്റൊന്ന്. കാരി ബാഗുകൾ, പാൽ കവറുകൾ, ബിസ്കറ്റ് പോലുള്ള ഭക്ഷണസാധനങ്ങളുടെ പാക്ക്, മറ്റു പാക്കേജിങ് മെറ്റീരിയലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു. ഇവയുടെ പുനഃചംക്രമണ സാധ്യതകൾ മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ്. കോഡ് 4 ആണ്.
- PP അഥവാ പോളി പ്രൊപിലിൻ ആണ് മറ്റൊരിനം. കസേരകൾ, ഡെസ്കുകൾ, ബെഞ്ചുകൾ എന്നിവയും ബോട്ടിലുകൾ, ലഞ്ച് ബോക്സ് തുടങ്ങിയവയും PP ഉപയോഗിച്ച് നിർമിച്ച് വരുന്നു. മെഡിക്കൽ , ലബോറട്ടറി ഉപകരണങ്ങളും ഇതുപയോഗിച്ച് നിർമിക്കാറുണ്ട്. ഘടനാ ശക്തി കൂടിയതാണിത്. 5 ആണ് കോഡ്.
- PS അഥവാ പോളി സ്റ്റൈറിൻ സ്പോഞ്ചുകൾ, തെർമോകോൾ, ഡിസ്പോസിബിൾ പ്ലേറ്റ്, മഗ്, പേന, ലാബ് ഉൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. കോഡ് 6.
ഈ ആറു വിഭാഗവും പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയാണ്. പ്ലാസ്റ്റിക് മാലിന്യം ചെറുക്കാൻ ആദ്യം അവലംബിക്കേണ്ട മാർഗം ഉപയോഗം കുറക്കുക എന്നതാണ് ( Reduce). രണ്ടാമതായി ഇവ പുനരുപയോഗിക്കുക എന്നതാണ് (Reuse). മൂന്നാമതായി ഇവയെ പുനഃചംക്രമണം (Recycle) ചെയ്യുക എന്നതാണ്.
പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ പുനഃചംക്രമണ കേന്ദ്രത്തിലെത്തുന്നതോടെ അവ വീണ്ടും അസംസ്കൃത വസ്തുക്കളായി മാറുകയാണ്. ആയതിനാൽ ഈ പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കാൻ ഈ മൂന്ന് മാർഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് നമുക്ക് തീരുമാനമെടുക്കാം.
(ഫാറൂഖ് കോളജ് കെമിസ്ട്രി വിഭാഗത്തിൽ അസി.പ്രഫസറാണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.