കഥാന്ത്യം കാരാഗൃഹം
text_fieldsകാലങ്ങളായി നമ്മുടെ നാട്ടിൽ ഇടതും വലതും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സർക്കസുണ്ടല്ലോ അതുതന്നെയാണ് അയൽരാജ്യമായ ബംഗ്ലാദേശിെൻറയും തലവിധി. കഴിഞ്ഞ 27 വർഷത്തിനിടെ രണ്ടു വനിതകൾ അവിടെ ഇടവിട്ട് ഭരിച്ചുകൊണ്ടിരിക്കുന്നു. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ ഖാലിദ സിയയും അവാമി ലീഗിെൻറ ശൈഖ് ഹസീനയുമാണ് ആ ഉരുക്കു വനിതകൾ. ആ നാട്ടിൽ അവർ ഉരുക്കുവനിതകളല്ല, പരസ്പരം ‘േപാരാടുന്ന ബീവി’മാരാണ്. രാജ്യം പിച്ചവെച്ച് തുടങ്ങുന്ന സമയത്ത് രൂപപ്പെട്ട അനിശ്ചിതത്വങ്ങൾക്കും സങ്കീർണതകൾക്കുമിടയിൽ യാദൃച്ഛികമെന്നോണം രാഷ്ട്രീയ ഗോദയിലെത്തിയ രണ്ടുപേർ. ആദ്യത്തെയാൾ ബംഗ്ലാദേശിെൻറ ‘വിലപിക്കുന്ന വിധവ’യാണ്; മുൻ പ്രസിഡൻറ് സിയാഉൽ റഹ്മാെൻറ ഭാര്യ. ഭർത്താവിെൻറ വധത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ആ ‘കേൻറാൺമെൻറ് വനിത’യെ പാർട്ടിയുടെ അമരസ്ഥാനത്തെത്തിച്ചത്. രണ്ടാമത്തെയാൾ, രാഷ്ട്രപിതാവ് മുജീബുർറഹ്മാെൻറ മകളാണ്. സമാന്തര രാഷ്ട്രീയ പാതകളെന്ന് വേണെമങ്കിൽ ഇവരുടെ ജീവിതത്തെ വിശേഷിപ്പിക്കാം. ’80കളിൽ തുടങ്ങിയ പോരാട്ടമാണ്. ആ പോരാട്ടം ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നു. ആരോപണങ്ങൾക്കും അധികാര പ്രയോഗങ്ങൾക്കുമൊടുവിൽ ഇപ്പോൾ ആദ്യത്തെയാൾ കാരാഗൃഹത്തിലെത്തിയിരിക്കുന്നു. ഭർത്താവിെൻറ പേരിലുള്ള അനാഥാലയത്തിലേക്ക് വന്ന വിദേശ സംഭാവന തട്ടിയെടുത്തുവെന്ന കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു രാഷ്ട്രീയ യുഗാന്ത്യം തന്നെയാണ് ഇൗ വിധിയിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് കിഴക്കുനിന്നുള്ള വർത്തമാനങ്ങൾ.
‘യുദ്ധഭൂമിയിൽ നിങ്ങൾ ഒരിക്കൽ മാത്രമേ കൊല്ലപ്പെടുകയുള്ളൂ; പക്ഷേ, രാഷ്ട്രീയത്തിൽ പലതവണ കൊല്ലപ്പെടാം’ എന്ന് വിൻസ്റ്റൺ ചർച്ചിൽ എഴുതിയത് ഖാലിദ സിയയുടെ കാര്യത്തിൽ പൂർണമായും ശരിയാണ്. രാഷ്ട്രീയത്തിൽ പലതവണ മരണം രുചിച്ചിട്ടുണ്ട് അവർ. സിയാവുർറഹ്മാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട 70കളുടെ ഒടുക്കത്തിൽ വെറും ‘പ്രഥമ വനിത’ മാത്രമായിരുന്നു അവർ. ’81ൽ ഭർത്താവിെൻറ കൊലപാതകം പാർട്ടിയിൽ സൃഷ്ടിച്ച വിടവാണ് അവരെ ബി.എൻ.പിയിലെത്തിച്ചത്. എച്ച്.എം ഇർഷാദിെൻറ നേതൃത്വത്തിലുള്ള പട്ടാളത്തിെൻറ കിരാത ഭരണകാലം കൂടിയായിരുന്നു അത്. പട്ടാളഭരണത്തിെനതിരെ പൊരുതാൻ പാർട്ടിയെ സജ്ജമാക്കിയതോടെയാണ് ഖാലിദയുടെ നേതൃപാടവം തിരിച്ചറിയപ്പെട്ടത്. അതോടെ, ‘ദേശനേത്രി’ എന്നായി അവരുടെ വിളിപ്പേര്. ഇൗ കാലത്ത് ഇർഷാദിനെതിരെ പോരാടാൻ ഹസീനയുടെ കീഴിൽ അവാമി ലീഗുമുണ്ടായിരുന്നു. എട്ടു വർഷം നീണ്ട സൈനിക ഭരണത്തിനെതിരെ ഒറ്റക്കെട്ടായാണ് ഇരുകൂട്ടരും പോരാടിയതെന്ന് പറയാമെങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം അന്നു തന്നെ ചേരിതിരിഞ്ഞ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഇർഷാദിെൻറ സഹായിയാണ് ഹസീനയെന്നും ബംഗ്ലാദേശിനേക്കാൾ ഇന്ത്യയോടാണ് അവർക്ക് പ്രിയമെന്നും ഖാലിദ ആരോപിച്ചിട്ടുണ്ട്. തെൻറ പിതാവിെൻറ ഘാതകരെ സംരക്ഷിച്ചത് ഖാലിദയുടെ ഭർത്താവാണെന്ന് ഹസീനയും തിരിച്ചടിച്ചു. ഇൗ പെൺപോര് മൂർച്ഛിക്കുന്നതിനിടയിലും ഇർഷാദിന് പുറത്തേക്ക് വഴികാണിച്ച പ്രക്ഷോഭത്തിൽ ഇരുവരും കൈകോർത്തു. ആ രാഷ്ട്രീയ ഒൗചിത്യത്തിെൻറ ഫലമാണ് ഇന്നത്തെ ബംഗ്ലാദേശ്; അതിന് എന്തൊക്കെ കുറവുകളുണ്ടെങ്കിലും.
എട്ടു വർഷത്തെ പട്ടാള ഭരണത്തെ നാടുകടത്തിയ ബഹുജന പ്രക്ഷോഭം രാഷ്ട്രീയമായി ഗുണം ചെയ്തത് ബി.എൻ.പിക്കായിരുന്നു. അങ്ങനെ 1991ൽ, നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുകയും ഖാലിദ സിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. പല അർഥത്തിലും ചരിത്രത്തിൽ ഇടംപിടിച്ചതാണ് ആ അധികാരാരോഹണം. രാജ്യത്തെ ആദ്യ വനിത പ്രധാനമന്തി, ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തുനിന്നുള്ള രണ്ടാമത്തെ രാഷ്ട്ര നേതാവ് തുടങ്ങിയ സ്വാഭാവിക അംഗീകാരങ്ങൾക്കപ്പുറം ബംഗ്ലാദേശിെൻറ പാർലമെൻററി സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കായി; പ്രസിഡൻഷ്യൽ രീതിയിൽനിന്ന് പാർലമെൻററി സംവിധാനത്തിലേക്കുള്ള മാറ്റം. അതിനായി ഭരണഘടന ഭേദഗതി ചെയ്തു. പക്ഷേ, 1996ൽ പാർട്ടിക്ക് കാലിടറി. അവാമി ലീഗ് അധികാരത്തിലെത്തി; ഹസീന പ്രധാനമന്ത്രിയുമായി. ഹസീനയെ താഴെയിറക്കാൻ പഴയ രാഷ്ട്രീയ എതിരാളി ഇർഷാദിെൻറ പാർട്ടിയുമായിവരെ സഖ്യത്തിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2001ലെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി കൂടി ഉൾപ്പെട്ട ആ സഖ്യം വിജയിക്കുകയും ഖാലിദ രണ്ടാമതും പ്രധാനമന്ത്രി കസേരയിലെത്തുകയും ചെയ്തു. ആ സർക്കാറിെൻറ കാലാവധി തീർന്നതോടെ രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണു പോയത്. ഭരണഘടനാനുസൃതമായ കാവൽസർക്കാറിന് കലാപത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്നതോടെ, 2007ൽ രാജ്യം മറ്റൊരു അടിയന്തരാവസ്ഥക്കും പട്ടാളഭരണത്തിനും സാക്ഷ്യംവഹിച്ചു. കാവൽ സർക്കാറിനെ നയിച്ച ഫക്രുദ്ദീൻ അഹമ്മദ് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കിയതും ഇതേകാലത്താണ്. അഴിമതിക്കേസിൽ ഹസീനയും ഖാലിദയുമെല്ലാം അകത്തായി. ഖാലിദ സിയ ഏകദേശം ഒരു വർഷമാണ് ജയിലിൽ കിടന്നത്. ഒപ്പം, മകൻ താരീഖുമുണ്ടായിരുന്നു. രണ്ടാമത്തെ മകൻ അറഫാത്തും കേസിൽ കുടുങ്ങി. ഇതിനിടെ പാർട്ടിയിൽ ആഭ്യന്തര കലാപവുമുണ്ടായി. ഇത് 2008ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പിന്നെ ഹസീന പ്രധാനമന്ത്രിയാവുക സ്വാഭാവികം മാത്രം. ഇൗ തെരഞ്ഞെടുപ്പിനുശേഷം ഖാലിദ സിയക്ക് ശനിദശയാണ്. ‘പെൺപോരിൽ’ എപ്പോഴും ഹസീനക്കാണ് വിജയം. 2014ലെ തെരഞ്ഞെടുപ്പ് ബി.എൻ.പി ബഹിഷ്കരിക്കുവോളമായി ആ തകർച്ച. ആ തകർച്ചയുടെ മറ്റൊരു തുടർച്ച തന്നെയാണ് ഇപ്പോഴത്തെ കോടതിവിധിയും.
1945 ആഗസ്റ്റിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ധിനാജ്പുരിലെ വ്യാപാരി കുടുംബത്തിൽ ജനനം. താൻ ആഗസ്റ്റ് 15നാണ് ജനിച്ചതെന്ന് അവർ പറയാറുണ്ട്. അത് ഹസീനയുമായുള്ള പോരാട്ടത്തിെൻറ ഭാഗമായിട്ടാണ്. കാരണം, മുജീബ് റഹ്മാൻ കൊല്ലപ്പെട്ടത് ആഗസ്റ്റ് 15നാണല്ലോ. പക്ഷേ, പാസ്പോർട്ടിൽ കാണുന്നത് മറ്റൊരു തീയതിയാണ്. 1960ലാണ് സിയാഉൽ റഹ്മാനുമായുള്ള വിവാഹം. അന്ന് അദ്ദേഹം ആർമി ഒാഫിസർ മാത്രമാണ്. പിന്നീട് ഏതോ ചരിത്രസന്ദർഭത്തിലാണ് ഇരുവരും കിഴക്കൻ പാകിസ്താെൻറ മുഖ്യധാരയിലേക്ക് വന്നതും ആ രാജ്യത്തിെൻറ മുഖമായി മാറിയതും. ഫോർബ്സ് മാസികയുടെ ‘ഉരുക്കുവനിത’കളുടെ പട്ടികയിൽ പലതവണ ഇടംപിടിച്ചിട്ടുണ്ട്. ആ ഉരുക്കുവനിത ഇപ്പോൾ കാരാഗൃഹത്തിലാണ്. ജയിൽവാസവും പ്രവാസവും അവർക്ക് പുതിയ അനുഭവമൊന്നുമല്ല. പക്ഷേ, ഇവിെട കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. ഡിസംബറിൽ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്നു. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ എതിരാളികൾക്ക് തൂക്കുകയർ ഒരുക്കിയതുമെല്ലാം ഹസീനക്കെതിരായ ജനവികാരം ഇളക്കിവിട്ടിട്ടുണ്ട്. എന്തുകൊണ്ടും ബി.എൻ.പിക്ക് അനുകൂല സാഹചര്യം. അവിടെയാണ് പതിനഞ്ച് വർഷം മുമ്പത്തെ ഒരു കേസ് കുത്തിപ്പൊക്കി ഖാലിദയെ അകത്താക്കിയിരിക്കുന്നത്. ഇൗ ശിക്ഷ ഒരു പോരാട്ടത്തിെൻറ ഒടുക്കമാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.