പൂക്കോട്ടൂർ: സ്വാതന്ത്ര്യസമരചരിത്രത്തിലെ ചോരവീണ ഒരധ്യായം
text_fieldsബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡൻസി അണ്ടർ സെക്രട്ടറിയായിരുന്ന ജി.ആർ. എഫ് ടോട്ടൻഹാം 'മാപ്പിള റബല്യൻ' എന്ന പുസ്തകത്തിൽ 'പൂക്കോട്ടൂർ ബാറ്റ്ൽ' എന്നാണ് പൂക്കോട്ടൂർ ഏറ്റുമുട്ടലിന് പേരിട്ടിരിക്കുന്നത് (പേജ് 48). ബ്രിട്ടീഷ് ചരിത്രമെഴുത്തുകാർക്കുപോലും അത് ഒരു യുദ്ധമാണെന്ന് സമ്മതിക്കേണ്ടിവന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കേരളത്തിെൻറ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നാട്ടുകാർ ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടിയ ഏക സംഭവവും അതുതന്നെ. 1921 ആഗസ്റ്റ് 26 നാണ് ചരിത്രപ്രസിദ്ധമായ ആ പോരാട്ടം നടന്നത്. 1921ലെ ഖിലാഫത്ത് പ്രക്ഷോഭങ്ങളുടെ മുഴുവൻ ദിശ നിർണയിച്ചത് ആറുമാസം നീണ്ട ഈ യുദ്ധമായിരുന്നു. പൂക്കോട്ടൂർ യുദ്ധത്തിെൻറ വാർഷികാനുസ്മരണത്തെ, ഭീകരവാഴ്ചകൾക്കെതിരെയുള്ള ഏതു ജനകീയ പോരാട്ടത്തിെൻറയും ജയപരാജയങ്ങളെക്കുറിച്ച പാഠപുസ്തകമായാണ് സമീപിക്കേണ്ടത്.
കേരളത്തിൽ നിലനിന്ന കഠിനമായ ജാതിവ്യവസ്ഥയുടെയും ജന്മിവാഴ്ചയുടെയും അനന്തരഫലമായാണ് ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഖിലാഫത്ത് പ്രക്ഷോഭം സായുധപോരാട്ടത്തിലേക്ക് വഴിമാറിയത്. കുടിയാന്മാരായ മാപ്പിളമാരും തൊഴിലാളികളായ ദലിത് വിഭാഗക്കാരും മേൽജാതിക്കാരിൽനിന്നും അധികാരികളിൽനിന്നും അനുഭവിച്ച കൊടിയ പീഡനങ്ങൾ ഉണ്ടാക്കിയ സാമൂഹികസമ്മർദങ്ങളുടെ പൊട്ടിത്തെറിയായിരുന്നു അത്. ക്ഷമയും അഹിംസയുംകൊണ്ട് മാത്രം ഏതു സാമൂഹികാസമത്വവും പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ച കോൺഗ്രസ് നേതാക്കളുടെ കൈപ്പിടിയിൽനിന്ന് പ്രക്ഷോഭം പ്രാദേശിക കൂട്ടായ്മകളിലേക്ക് വഴുതിവീണു. മാപ്പിളമാരുടെ വിശ്വാസദാർഢ്യവും ധീരതയും ആ പോരാട്ടത്തിന് ശക്തി പകർന്നു. ആലിമുസ്ലിയാരെയും ചെമ്പ്രശ്ശേരി തങ്ങളെയും പോലുള്ള മതപണ്ഡിതർ നേതൃത്വമേറ്റെടുത്ത ഈ പ്രക്ഷോഭത്തിെൻറ ശത്രുപക്ഷത്ത് സ്വാഭാവികമായും അധിനിവേശകരായ ബ്രിട്ടീഷുകാരും അധികാരികളായ ജന്മിമാരുമായി മാറി. ഈ യാഥാർഥ്യമാണ് പിൽക്കാലത്ത് ഖിലാഫത്ത് സമരത്തെ 'ഹിന്ദുവിരുദ്ധകലാപ'മായും 'മാപ്പിള മതഭ്രാന്താ'യും മുദ്രയടിക്കാൻ നിമിത്തമാക്കിയത്. അങ്ങനെ എഴുതിവെച്ചവരൊക്കെയും അറിഞ്ഞോ അറിയാതെയോ, സവർണ ഹിന്ദുത്വത്തിനും ബ്രിട്ടീഷ് കൗശലത്തിനും വെള്ളതേക്കുകയായിരുന്നു.
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽ നടന്ന പട്ടാള വെടിവെപ്പോടുകൂടിയാണ് ബ്രിട്ടീഷ്, ജന്മിവിരുദ്ധ ചെറുത്തുനിൽപായി ഏറനാട്ടിലെ ഖിലാഫത്ത് പ്രക്ഷോഭം ആളിപ്പടർന്നത്. ഈ പോരാട്ടത്തെ ചെറുക്കാനായി ഏറനാട്, വള്ളുവനാട് ഭാഗങ്ങളിൽ നൂറുകണക്കിന് പട്ടാളക്കാരെ വിന്യസിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. അതിനുവേണ്ടി കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് മാർച്ചുചെയ്യുന്ന വൻ ബ്രിട്ടീഷ് സേനയെ എതിരിടാൻ പൂക്കോട്ടൂരിലെ മാപ്പിളനേതാക്കളും പോരാളികളും തീരുമാനിച്ചു. പാലങ്ങൾ തകർത്തും റോഡുകളിൽ മരങ്ങൾ മുറിച്ചിട്ടും കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്കുള്ള പട്ടാളവണ്ടികളുടെ വഴി അവർ തടസ്സപ്പെടുത്തി. ഇവയൊക്കെ ശ്രമകരമായി മറികടന്ന് മലപ്പുറത്തേക്കു നീങ്ങിയ ഇരുപതോളം ബ്രിട്ടീഷ് പട്ടാളവാഹനങ്ങൾ പൂക്കോട്ടൂരിൽ എത്തിയപ്പോൾ റോഡിനിരുവശവുമുള്ള വയലുകളിലും ഒളിസ്ഥലങ്ങളിലും പതിയിരുന്ന മാപ്പിള സേനാനികൾ അവരോട് ഏറ്റുമുട്ടി. പട്ടാളം യന്ത്രത്തോക്കുകൾ സ്ഥാപിച്ച് ക്രൂരമായ വെടിവെപ്പാരംഭിച്ചു. ബ്രിട്ടീഷ് പട്ടാളവുമായി നേർക്കുനേർ നടന്ന ഈ സായുധ സംഘട്ടനത്തിൽ പരിമിതമായ കൈതോക്കുകളും വാളുകളും കത്തികളും കൈയിലേന്തി പോരാടിയ ഇരുനൂറിലധികം മാപ്പിളമാർ രക്തസാക്ഷികളായി. ഔദ്യോഗിക രേഖകൾ പ്രകാരം പതിനഞ്ചോളം പേരാണ് ബ്രിട്ടീഷ് പക്ഷത്ത് മരണപ്പെട്ടതെങ്കിലും പട്ടാളക്കാരുടെ മൃതദേഹങ്ങൾ ഒന്നിലധികം ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു എന്ന് പല ചരിത്രമെഴുത്തുകാരോടും ദൃക്സാക്ഷികൾ വിവരിച്ചിട്ടുണ്ട്. യുദ്ധനേതാക്കളായ പറഞ്ചേരി കുഞ്ഞറമുട്ടി, വടക്കെവീട്ടിൽ മമ്മതു എന്നിവരും ഈ യുദ്ധത്തിൽ വീരമൃത്യു വരിച്ചു. പോരാട്ടത്തിെൻറ ഒരു ഘട്ടത്തിൽ മാപ്പിളസ്ത്രീകളടക്കം പടയാളികളെ സഹായിക്കാൻ നിരത്തിലിറങ്ങി എന്നും പറയപ്പെടുന്നുണ്ട്.
പലരും കുറ്റപ്പെടുത്തുന്നതുപോലെ പൂക്കോട്ടൂർ പോരാട്ടം ഒരു എടുത്തുചാട്ടമായിരുന്നില്ല. ആഗസ്റ്റ് 24ന് പൂക്കോട്ടൂരിനടുത്ത അറവങ്കരയിലെ കാരാട്ട് മൊയ്തീൻകുട്ടി ഹാജിയുടെ വീട്ടിൽ കൃത്യമായ കൂടിയാലോചനകളും ആസൂത്രണങ്ങളും നടന്നിരുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സാന്നിധ്യത്തിലായിരുന്നു ആ യോഗം. ആധുനിക ആയുധങ്ങൾ ഇല്ലാതെ ബ്രിട്ടീഷ്പട്ടാളത്തെ തടയരുതെന്നും കൈകൊണ്ട് തിര നിറക്കുന്ന തോക്കുകളുമായി പട്ടാളത്തെ നേരിടാനാവില്ലെന്നും കുഞ്ഞഹമ്മദ് ഹാജി ആ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കിട്ടാവുന്നത്ര തോക്കുകളടക്കം ഏതാനുംപേരെ അയച്ചുതരാമെന്നും ഹാജി ഉറപ്പുനൽകി. 12 തോക്കുകളും അത് പ്രവർത്തിപ്പിക്കാനറിയുന്ന മുൻ പട്ടാളക്കാരായ പള്ളിക്കുത്ത് നീലാണ്ടൻ, ചക്കിപ്പറമ്പൻ ഏനിക്കുട്ടി തുടങ്ങിയ 12 പേരെയും 25നു രാത്രിതന്നെ കുഞ്ഞഹമ്മദ് ഹാജി പൂക്കോട്ടൂരിലെത്തിച്ചു. യുദ്ധം നടക്കുമ്പോൾ, നാട്ടുകാരായ കമ്പനിപ്പട്ടാളത്തെ കഴിയുന്നത്ര ഒഴിവാക്കി വെള്ളക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കണമെന്നായിരുന്നു തീരുമാനം. ഡോർസെറ്റ് റെജിമെൻറ്സിലെ 100 പട്ടാളക്കാരും 70 ശിപായികളുമാണ് മലപ്പുറത്തേക്ക് വരുന്നതെന്നാണ് മാപ്പിളനേതാക്കൾക്ക് ചാരന്മാർവഴി കിട്ടിയ വിവരം. പാടത്ത് നെൽവയലുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മാപ്പിളമാർ നേരിട്ട് യുദ്ധം തുടങ്ങാതെ മുന്നിലെ പട്ടാളവണ്ടിക്കുനേരെ വെടിവെച്ച് അവരുടെ സഞ്ചാരം തടയണം. അതോടെ പട്ടാളം ചുറ്റും വെടിവെക്കും. പട്ടാളക്കാരുടെ കൈയിലുള്ള തിരകൾ തീരുന്നതുവരെ ഒളിഞ്ഞിരുന്ന് പ്രകോപനമുണ്ടാക്കി വെടിവെക്കുവാൻ അനുവദിക്കുക, അതിന് വൈക്കോൽ രൂപങ്ങളും മൺകലങ്ങളും മുന്നിൽവെച്ച് മറ സൃഷ്ടിക്കുക, അതിനിടയിൽ ചാവേറുകളായി പാഞ്ഞുചെന്ന് ആക്രമിക്കുക, തിരകൾ മുഴുവൻ തീർന്നാൽ നേരിട്ട് യുദ്ധംചെയ്ത് തോൽപ്പിക്കുക എന്നിങ്ങനെയായിരുന്നു യുദ്ധതന്ത്രം.
1921 ആഗസ്റ്റ് 25 വ്യാഴാഴ്ച രാത്രിതന്നെ യുദ്ധത്തിന് തയാറായി 500ലധികം മാപ്പിളമാർ പൂക്കോട്ടൂർ പള്ളിയിലെത്തി. അവരിൽ പലരും ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് സർക്കാറിനുവേണ്ടി പട്ടാളസേവനം നടത്തിയവരാണ്. പട്ടാളത്തിൽനിന്ന് പിരിഞ്ഞ കുറെ ഹിന്ദുക്കളും മാപ്പിളമാരോടൊപ്പം ചേരാൻ സന്നദ്ധരായി പള്ളിക്കു പുറത്ത് കൂടിനിന്നിരുന്നു. പൂക്കോട്ടൂർ ഖാദി പുതിയകത്ത് മുഹമ്മദ് മുസ്ലിയാർ ഇസ്ലാമിലെ യുദ്ധമുറകളും നിയമങ്ങളും ശഹീദുകൾക്ക് ലഭിക്കുന്ന സ്വർഗപ്രാപ്തിയും വിവരിച്ച് ഒരു പ്രസംഗം നടത്തി. അതു കേട്ട് പള്ളിക്കു പുറത്തുണ്ടായിരുന്ന ചില ഹിന്ദുക്കൾ ഇസ്ലാംമതം സ്വീകരിക്കാൻപോലും തയാറായതായി 'ആംഗ്ലോ മാപ്പിള യുദ്ധം' എന്ന വിഖ്യാതഗ്രന്ഥത്തിെൻറ കർത്താവ് എ.കെ കോടൂർ പ്രസ്താവിക്കുന്നു. എന്നാൽ, അങ്ങനെ ഇസ്ലാം സ്വീകരിക്കേണ്ടതില്ലെന്ന് മലപ്പുറം കുഞ്ഞിത്തങ്ങൾ അഭിപ്രായപ്പെട്ടു. 1921ലെ മാപ്പിളപ്പോരാട്ടങ്ങൾ മതപരിവർത്തനത്തിനു വേണ്ടിയായിരുന്നെന്ന് വ്യാജചരിത്രം രചിക്കുന്നവർ ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
ആളപായവും അനന്തരഫലങ്ങളും കണക്കിലെടുത്താൽ മാപ്പിളമാർ തീർത്തും പരാജയപ്പെട്ട പോരാട്ടം തന്നെയായിരുന്നു പൂക്കോട്ടൂർയുദ്ധം എന്നതിൽ സംശയമില്ല. നേരേത്ത സർക്കാർസംവിധാനങ്ങൾ നിശ്ചലമാവുകയും പൊലീസുകാർ പേടിച്ച് പിൻവാങ്ങുകയുംചെയ്ത ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ പൂക്കോട്ടൂർ യുദ്ധത്തോടെ പട്ടാളത്തിെൻറ തേർവാഴ്ചയാണ് ഉണ്ടായത്. അതോടൊപ്പം, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്ത് നടപ്പാക്കിയ സമാന്തര ഭരണസംവിധാനം കഴിവതും തകർക്കാൻ രാജപക്ഷക്കാരെന്ന് അറിയപ്പെട്ട പ്രാദേശികപ്രമാണിമാർ ശ്രമിച്ചു. അവർ നിയോഗിച്ച ഗുണ്ടസംഘങ്ങൾ ഖിലാഫത്തുകാരെന്ന പേരിൽ നാട്ടിൽ നടത്തിയ കൊള്ളകളും കലാപങ്ങളുമെല്ലാം, ധർമയുദ്ധം എന്ന നിലക്ക് ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തെ ഉൾക്കൊണ്ട ഖിലാഫത്ത് വളൻറിയർമാരുടെ തലയിൽ ചാർത്തുകയായിരുന്നു അന്നത്തെ പൊലീസും പട്ടാളവും. അതേ പൊലീസും പട്ടാളവും എഴുതിവെച്ച ഔദ്യോഗികകുറിപ്പുകളെ ആശ്രയിച്ച് പുതിയ ലിബറൽ ചരിത്രമെഴുത്തുകാരും സംഘ്പരിവാർ ചരിത്രനിർമാതാക്കളും മാപ്പിളപ്പോരാട്ടങ്ങളെ മുസ്ലിംവിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്ന സമകാലിക സന്ദർഭത്തിൽ ഈ പോരാട്ടങ്ങളുടെ യഥാർഥ ചരിത്രം അനാവരണംചെയ്യപ്പെടേണ്ടതുണ്ട്.
പൂക്കോട്ടൂരിൽ മാപ്പിളമാർ ആയുധമെടുത്തത് ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ ആശയത്തിന് വിരുദ്ധമാണെന്നാണ് ചില ചരിത്രമെഴുത്തുകാർ അവലോകനം ചെയ്തത്. പൂക്കോട്ടൂർ യുദ്ധത്തിെൻറ ഉത്തരവാദിത്തം, വടക്കുവീട്ടിൽ മമ്മതുവിനായിരുന്നെന്ന് 1922 മേയ് 24ന് പൊലീസ് സൂപ്രണ്ടിന് നൽകിയ മൊഴിയിൽ പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് കാരാട്ട് മൊയ്തീൻ കുട്ടി ഹാജി സമ്മതിക്കുന്നുണ്ട്. ഖിലാഫത്ത് കമ്മിറ്റി യോഗം ചേർന്ന് അധികാരപ്പെടുത്തിയതായിരുന്നു മമ്മദിനെ. മലപ്പുറത്തെ കീഴ്പ്പെടുത്താനെത്തുന്ന സർവായുധസജ്ജരായ ബ്രിട്ടീഷ് ഭടന്മാരെ നേരിടാൻ സഹനവും അഹിംസയും കൊണ്ട് കാര്യമില്ലെന്ന് മാപ്പിളമാർ കരുതി. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബ്രിട്ടീഷ് പട്ടാളക്കാരിൽനിന്നും ജന്മി അധികാരികളിൽ നിന്നും തങ്ങൾ നേരിട്ട ദുരനുഭവങ്ങളാണ് അവരെ ആ തിരിച്ചറിവിലേക്ക് നയിച്ചത്. ചെറുത്തുനിന്നാലും സഹിച്ചാലും കൊല്ലപ്പെടും എന്നഘട്ടത്തിലെത്തുമ്പോൾ ഏതു സമൂഹവും സ്വീകരിച്ചുപോകുന്ന ഏക പോംവഴിതന്നെയാണ് അത്. അതുതന്നെയാണ്, ഏതു കാലത്തെയും മർദകരായ അധികാരികൾക്കും പീഡിതസമൂഹത്തിനും ഇത്തരം പോരാട്ടചരിത്രങ്ങളിൽനിന്നുള്ള സാമൂഹികപാഠവും.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.