ജനസംഖ്യ കണക്കും വർഗീയ രാഷ്ട്രീയവും
text_fieldsഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടം മുന്നോട്ടുവെച്ച ജനസംഖ്യ നിയന്ത്രണ നിയമത്തിെൻറ കരട് പലതരം ചർച്ചകൾക്കും വഴിമരുന്നിട്ടിരിക്കുന്നു. രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ഉദ്യോഗങ്ങൾ നേടുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമെല്ലാം തടസ്സം സൃഷ്ടിക്കുന്നവയാണ് നിർദിഷ്ട നിയമത്തിലെ നിർദേശങ്ങൾ. ഇന്ത്യയിലെ 12 സംസ്ഥാനങ്ങൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവ്വിധത്തിൽ നിയമങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് .1992ൽ രാജസ്ഥാനിൽ നിന്നാരംഭിച്ച് 2017ൽ അസമിലെത്തിനിൽക്കുമ്പോൾ ഛത്തിസ്ഗഢ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങൾ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നിയമങ്ങളിൽനിന്ന് പിൻവലിഞ്ഞിരിക്കുന്നു. ജനസംഖ്യയിൽ േലാകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ അതിൽനിന്ന് രക്ഷിച്ചെടുക്കാം എന്ന് ലക്ഷ്യമിട്ടാണ് കൊണ്ടുപിടിച്ച ഈ നിയമനിർമാണമെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കരായ ജനങ്ങൾ അധികമുണ്ടാകാനിടയില്ല. മറിച്ച്, വ്യക്തമായ ചില വർഗീയ രാഷ്ട്രീയ താൽപര്യങ്ങളാണ് ഇത്തരമൊരു ചർച്ചകളിലേക്ക് നയിക്കുന്നതുതന്നെ.
മതേതരത്വത്തിെൻറ ഇരകളാണ് രാജ്യത്തെ ഹിന്ദുക്കളെന്നും മതേതരത്വ പ്രീണനത്തിെൻറ ഗുണഭോക്താക്കളാണ് മുസ്ലിംകളെന്നുമുള്ള ബോധപൂർവമായ പ്രചാരണം കുറച്ചുകാലമായി നടക്കുന്നുണ്ട് . ഹിന്ദു ജനസംഖ്യ ഗണ്യമായ രീതിയിൽ കുറയുകയാണെന്നും മുസ്ലിംകൾ ക്രമാതീതമായ രീതിയിൽ വർധിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിെൻറ രാഷ്ട്രീയാധികാരം കൈവശപ്പെടുത്തുമെന്നുമുള്ള യുക്തിയോ തെളിവുകളോ ഇല്ലാത്ത പ്രചാരണം ഉത്തരേന്ത്യൻ വിദ്വേഷ പ്രസംഗകരിൽ നിന്നാരംഭിച്ച് ഇന്ന് കേരളത്തിലെ വാട്ട്സ്ആപ് ഫാമിലി ഗ്രൂപ്പുകളിൽ വരെ പാറിനടക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് (ജനസംഖ്യ കണക്കെടുപ്പ് )നടക്കുന്നത് 1951 ലാണ് . അതുകൊണ്ടുതന്നെ, രാജ്യത്തെ ജനസംഖ്യ പെരുപ്പത്തെ വർത്തമാന കാലത്തിൽ താരതമ്യപ്പെടുത്താനുപയോഗിക്കുന്ന അടിസ്ഥാന വർഷവും 1951 തന്നെയാണ്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒന്നാം പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് രണ്ടു വർഷത്തിനകംതന്നെ ജനസംഖ്യ നിയന്ത്രണം ലക്ഷ്യമിട്ട് ദേശീയ കുടുംബാസൂത്രണ പരിപാടി (NFPP)നടപ്പിലാക്കി. ആദ്യ സെൻസസിൽ ഹിന്ദു ജനസംഖ്യ 84.1ശതമാനവും മുസ്ലിം ജനസംഖ്യ 9.8 ശതമാനവും ആയിരുന്നു. ജമ്മു-കശ്മീരിനെ ഒഴിച്ചുനിർത്തിയായിരുന്നു ആദ്യ സെൻസസ് എന്ന പ്രത്യേകത കൂടി അതിനുണ്ട്. 1961ൽ രാജ്യം രണ്ടാം സെൻസസിലേക്ക് കടന്നപ്പോൾ തെളിഞ്ഞുവന്ന ചിത്രം ജനസംഖ്യ നിയന്ത്രണ നടപടികൾ പത്തുവർഷത്തിനുള്ളിൽ വേണ്ടത്ര ഫലപ്രാപ്തി കൈവരിച്ചില്ല എന്ന നിലയിലായിരുന്നു. എന്നാൽ, എഴുപതുകളിൽ രാജ്യത്ത് നടപ്പിലാക്കപ്പെട്ട മാതൃ -ശിശു സംരക്ഷണ പരിപാടികളും ജനസംഖ്യ ബോധവത്കരണ പരിപാടികളും അടിയന്തരാവസ്ഥ കാലത്ത് ബലാൽക്കാരമായി നടപ്പിലാക്കപ്പെട്ട നിർബന്ധിത വന്ധ്യംകരണ നടപടികളും കൂടിച്ചേർന്ന് ജനസംഖ്യ പെരുപ്പത്തിൽ ചെറിയ തോതിലെ പിന്നോട്ടടി പ്രകടമായി. ഈ കാലഘട്ടത്തിലാണ് ദേശീയ കുടുംബാസൂത്രണ പരിപാടി (NFPP) ദേശീയ കുടുംബക്ഷേമ പരിപാടി (NFWP)യായി രൂപാന്തരപ്പെടുന്നത്. തൊണ്ണൂറുകളിൽ രാജ്യം നടപ്പാക്കിയ ജനസംഖ്യ നിയന്ത്രണ പരിപാടികളുടെ ഭാഗമായി ദേശീയ കുടുംബാരോഗ്യ സർവേയിലൂടെ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് വികേന്ദ്രീകൃത രീതിയിൽ നടപ്പാക്കിയതിലൂടെ ഈ രംഗത്ത് വലിയ ചുവടുവെപ്പുകൾ നടത്താൻ രാജ്യത്തിന് സാധിച്ചു. രണ്ടായിരാമാണ്ടിലാണ് രാജ്യത്താദ്യമായി ഒരു ജനസംഖ്യ നയം രൂപവത്കരിച്ച് 2045 ഓടെ ജനസംഖ്യാ സ്ഥിരത ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് .
രാജ്യത്ത് വർഗീയ രാഷ്ട്രീയം ചുവടുറപ്പിച്ച ശേഷമാണ് ജനസംഖ്യാഭാരത്തിെൻറ ഉത്തരവാദിത്തം ഒരു പ്രത്യേക സമുദായത്തിനുമേൽ കെട്ടിയേൽപിച്ച് വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി ആരംഭിച്ചത്. ജനസംഖ്യയിലും ഒരു രാഷ്ട്രീയമുണ്ടെന്നും അത് വിദ്വേഷത്തിേൻറതും അപരവത്കരണത്തിേൻറതുമാണെന്നും വർത്തമാന കാല ഇന്ത്യ നമുക്ക് കാണിച്ചുതരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയിൽ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെയായ ഇരകൾക്കുവേണ്ടി ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് അന്നവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നൽകിയ മറുപടി മാധ്യമങ്ങളിൽ വന്നിരുന്നു. അതിലെ ഒരു വാചകം ഇങ്ങനെയായിരുന്നു ''ഞാനെന്താണ് ചെയ്യേണ്ടത്? അവർക്കുവേണ്ടി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്നാണോ? അതിനർഥം തുറന്ന സന്താനോൽപാദന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നല്ലേ?'' പരിഹാസം കലർത്തി മോദി ഒന്നുകൂടി പറഞ്ഞുവെച്ചു ''ഹം പാഞ്ച്, ഹാമാരെ പച്ചീസ്.' മുസ്ലിം പുരുഷനും നാലു ഭാര്യമാരും അവർക്കെല്ലാം ചേർന്ന് ഇരുപത്തഞ്ച് കുട്ടികളും! ഇതായിരുന്നു മോദി ആ പറച്ചിലിലൂടെ പറഞ്ഞുവെച്ചത്.
ഇത്തരം പ്രചാരത്തിെൻറയും ആഖ്യാനങ്ങളുടെയും ബലത്തിൽ സൃഷ്ടിച്ചെടുത്ത ഒരു ധ്രുവീകരണ രാഷ്ട്രീയ ചുറ്റുപാടിൽ മോദിയുടെ രഥം ഗുജറാത്തിൽനിന്ന് ചെങ്കോട്ടയിൽ എത്തിയതോടെ സംഘ്പരിവാറിെൻറ മന്ത്രിമാരും പാർലമെൻറംഗങ്ങളും മുതൽ ഫേസ്ബുക്ക് കർസേവ നടത്തുന്നവർവരെ ജനസംഖ്യ വർധനവിെൻറയും ജലക്ഷാമത്തിെൻറയും മുതൽ കൊറോണയുടെ വരെ ഉത്തരവാദിത്തം ഈ സമുദായത്തിെൻറ സാന്നിധ്യവും വളർച്ചയും മൂലമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1951ലെ 84.1 ശതമാനത്തിൽ നിന്നും 79.8 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ മുസ്ലിം ജനസംഖ്യ 9.8 ശതമാനത്തിൽനിന്ന് 14.2 ശതമാനത്തിലേക്ക് വളർന്നിട്ടുണ്ട്. പേക്ഷ, 2001 നും 2011 നും ഇടയിലെ പത്തുവർഷത്തിനുള്ളിൽ ഹിന്ദു ജനസംഖ്യ വളർച്ച നിരക്ക് 19.92 ശതമാനത്തിൽനിന്ന് 16.76 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ അതിനേക്കാൾ കൂടിയ നിരക്കിലായിരുന്ന മുസ്ലിം ജനസംഖ്യയുടെ വളർച്ച നിരക്ക് 29.52 ശതമാനത്തിൽനിന്ന് 24.60 ശതമാനത്തിലേക്ക് താഴ്ന്ന കാര്യം ഇവരാരും പറയുന്നില്ല, അതുപറഞ്ഞാൽ പിന്നെ വിദ്വേഷ പ്രചാരണം ഏശില്ലല്ലോ. 2021ൽ ഹിന്ദു ജനസംഖ്യയിലെ വളർച്ച നിരക്ക് മേൽസൂചിപ്പിച്ച 16.76 ശതമാനത്തിൽനിന്ന് 15.7 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും മുസ്ലിം ജനസംഖ്യ വളർച്ച നിരക്ക് 24.60 ശതമാനത്തിൽനിന്ന് കുത്തനെ 18.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നുമാണ് അനുമാനിക്കപ്പെടുന്നത്.
രാജ്യത്തെ ജനസംഖ്യ വളർച്ച സ്ഥിരത കൈവരിക്കാൻ നാം 2100 വരെ കാത്തിരിക്കേണ്ടതുണ്ട് എന്നാണ് പ്രശസ്ത ജനസംഖ്യ ശാസ്ത്രജ്ഞനും ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ ഡയറക്ടറുമായ ഡോ. പി.എൻ. മരിഭട്ടിെൻറ അഭിപ്രായം. അന്ന് ഇന്ത്യയിലെ മൊത്തം ജനസംഖ്യ 170 കോടിയിൽ എത്തുമെന്നും അതിൽ 127 കോടി ജനങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗക്കാരായ ഹിന്ദുക്കളായിരിക്കുമെന്നും മുസ്ലിം ജനസംഖ്യ 32 കോടിയിലെത്തിനിൽക്കുമെന്നും അദ്ദേഹം കണക്കുകളെ അടിസ്ഥാനമാക്കി സമർഥിക്കുന്നു. അതായത്, 2001ലെ 13.5 ശതമാനമെന്ന മുസ്ലിം ജനസംഖ്യ 99 വർഷത്തിനുള്ളിൽ കേവലം 5.5 ശതമാനം വർധിച്ച് 19 ശതമാനത്തിൽ എത്തിനിൽക്കുമെന്നാണ് വിലയിരുത്തൽ. സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ പിന്തള്ളി മുസ്ലിംകൾ ജനസംഖ്യ വർധനവിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുമെന്ന തീവ്ര ഹിന്ദുത്വ പ്രചാരണം അടിസ്ഥാന രഹിതവും കണക്കുകളുടെ പിൻബലമില്ലാത്തതും സത്യാനന്തര കാലത്തെ വ്യാജ പ്രചാരണങ്ങളിൽ ഒന്നു മാത്രവുമാണ്.
ബഹുഭാര്യത്വമാണ് മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ പെറ്റുപെരുകുന്നതിന് പ്രധാന ഹേതുവായി പ്രചരിപ്പിക്കപ്പെടുന്നത്. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏക ഔദ്യോഗിക പഠനം 1974ലെ കമ്മിറ്റി ഓൺ ദ സ്റ്റാറ്റസ് ഓഫ് വിമൻ ഇന്ത്യ നടത്തിയതാണ്. 1931 മുതൽ 1961 വരെയുള്ള ജനസംഖ്യ കണക്കെടുപ്പിനെ ആധാരമാക്കി തയാറാക്കിയ പഠനറിപ്പോർട്ടിൽ ഹിന്ദുക്കളിലെ വിവിധ ജാതി വിഭാഗങ്ങൾക്കിടയിലെ ബഹുഭാര്യത്വത്തിന്റെ ശതമാനം 5.06 ശതമാനമാണെങ്കിൽ അതിനേക്കാളും കുറഞ്ഞ തോതിൽ മാത്രമേ മുസ്ലിംകൾക്കിടയിൽ (4.26) ബഹുഭാര്യത്വം ഇന്ത്യയിൽ നിലനിൽക്കുന്നുള്ളൂ. ഈ പഠനത്തിന് മുേമ്പാ അതിനുശേഷമോ ബഹുഭാര്യത്വത്തെ സംബന്ധിച്ച് ആധികാരികമായ കണക്കുകളോ പഠനങ്ങളോ റിപ്പോർട്ടുകളോ ലഭ്യമല്ലെന്നിരിക്കെ ഈ വിഷയത്തിൽ മുസ്ലിംകളെ ആക്രമിക്കുന്നതിൽ എന്തർഥം?
വർഗീയശക്തികൾ ആരോപിക്കുംവിധത്തിൽ ഇന്ത്യയിൽ കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി പ്രീണനത്തിലൂടെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യം നേടിയെടുത്തിരുന്നുവെങ്കിൽ അവരുടെ സ്ഥിതി ഇത്രമേൽ ദയനീയമാകുമായിരുന്നോ എന്ന് ആലോചിക്കേണ്ടി വരും. കേന്ദ്ര സുരക്ഷ സേനകളിൽ മുസ്ലിം പ്രാതിനിധ്യം ആറു ശതമാനത്തിൽ നിൽക്കുമ്പോൾ ഹിന്ദുക്കളിലെ സവർണ വിഭാഗത്തിനു മാത്രം 42 ശതമാനത്തിന്റെ പ്രാതിനിധ്യമുണ്ട് . സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം ഐ.പി.എസ് ഓഫിസർമാരിൽ നാലു ശതമാനവും ഐ.എ.എസ് ഓഫിസർമാരിൽ മൂന്നു ശതമാനവും ഐ.എഫ്.എസുകാരിൽ രണ്ടു ശതമാനവും പ്രാതിനിധ്യം മാത്രമേ മുസ്ലിംകൾക്കുള്ളൂ. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവേയിൽ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം കേവലം 4.5 ശതമാനത്തിൽ നിൽക്കുമ്പോൾ ദേശീയ പ്രാധാന്യമുള്ള ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് പോലുള്ള സ്ഥാപനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം 2.19 ശതമാനം മാത്രമാണ്. പക്ഷേ, പൊതുവിഭാഗത്തിൽനിന്നും മാറ്റിനിർത്തപ്പെട്ട മുസ്ലിം ജനവിഭാഗം ജീവസന്ധാരണത്തിനായി സ്വന്തം വഴി തെരഞ്ഞെടുത്തപ്പോൾ നഗരങ്ങളിൽ സ്വയം തൊഴിൽ ചെയ്യുന്ന 33 ശതമാനം ഹിന്ദുക്കളെ മറികടന്ന് 50 ശതമാനത്തിന്റെ നേട്ടം സ്വായത്തമാക്കി.
ഹിന്ദു ജനസംഖ്യയുടെ വളർച്ച നിലക്കുകയും മുസ്ലിം ജനസംഖ്യ ഓരോ നൂറു വർഷം കൂടുമ്പോഴും 10 ശതമാനത്തിന്റെ തോതിൽ വർധിക്കുകയും ചെയ്യുന്നതായി വാദത്തിനുവേണ്ടി സങ്കൽപിച്ചാൽപോലും ഇന്ത്യയിലെ ഇപ്പോഴത്തെ ഹിന്ദു ജനസംഖ്യയെ മറികടക്കാൻ ഏറ്റവും ചുരുങ്ങിയത് 600 വർഷമെങ്കിലും വേണ്ടിവരും! ഇക്കാര്യം വർഗീയ വിദ്വേഷ പ്രചാരണങ്ങൾ പടച്ചുവിടുന്നവർക്ക് അറിയാഞ്ഞിട്ടല്ല.
സ്വന്തം പരാജയങ്ങൾ മറച്ചുവെക്കുവാനും അണികളെ സഹജീവികൾക്കെതിരെ തിരിച്ചുവിടുവാനും ഏതുതരം കുതന്ത്രങ്ങളും പ്രയോഗിക്കുന്നവർ ഒരു സമുദായത്തെ ഭൂമിയുടെ ഭാരമെന്ന് വരുത്തിത്തീർക്കാൻ ഒരു നുണ നൂറു തവണ ആവർത്തിച്ച് സ്ഥാപിച്ചെടുക്കുന്നുവെന്നു മാത്രം. ഈ ചതിപ്രയോഗത്തിൽ സമൂഹം അകപ്പെടുന്നതുമൂലം സംഭവിക്കുന്ന കെടുതിയാണ് ജനസംഖ്യ വിസ്ഫോടനത്തേക്കാൾ ഭീകരമെന്നും മറക്കാതിരിക്കുക.
(കണ്ണൂർ ബാറിൽ അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.