പവാർ പ്ലേ
text_fieldsഅധികാരം മനുഷ്യെന ദുഷിപ്പിക്കും; പരമാധികാരം പരമമായി ദുഷിപ്പിക്കും. രാഷ്ട്രീയത ്തിലെ ഈ ‘കറപ്ഷൻ തിയറി’യുടെ ഉപജ്ഞാതാവ് ആരെന്ന് ഏതെങ്കിലും പരീക്ഷക്ക് ചോദ്യം വന ്നാൽ, പുറത്തുനിന്നുള്ള വാട്സ്ആപ് സന്ദേശങ്ങൾപോലും രക്ഷിക്കില്ല. അത്രക്കുണ്ട് ‘ഉപ ജ്ഞാതാക്കളുടെ’ എണ്ണം. നമ്മുടെ രാജ്യത്തെ ഓരോ ദേശത്തും ഓരോരുത്തരാണ് ഈ സിദ്ധാന്തത്ത ിെൻറ പ്രചാരകരും പ്രയോക്താക്കളും. മറാത്തദേശത്ത് അത് പവാർ കുടുംബത്തിനവകാശപ്പെട്ടതാണെങ്കിലും, അക്കൂട്ടത്തിലാര് എന്ന കാര്യം തർക്ക വിഷയം തന്നെ. അജിത് പവാർ എന്ന ദാദയോ അതോ അദ്ദേഹത്തിെൻറ ചിറ്റപ്പൻ സാക്ഷാൽ ശരദ് പവാറോ? ഓരോ സന്ദർഭത്തിലും അത് മാറിമറിഞ്ഞിരിക്കുമെന്നതിനാൽ അക്കാര്യത്തിൽ ഒരു തീർപ്പ് അസാധ്യമാണെങ്കിലും ഇതെഴുതുന്ന നിമിഷം അര മാർക്കെങ്കിലും കൂടുതൽ അജിത്തിനുതന്നെ കൊടുക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു സ്വപ്നം കണ്ടുണർന്ന പാവം ഉദ്ധവിന് എട്ടിെൻറ പണി കൊടുത്ത് ഉപമുഖ്യമന്ത്രി പദം കൈയിലൊതുക്കിയ ദാദ തന്നെ ഈ നിമിഷം മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നത്. കാരണം, ‘നാഷനൽ കറപ്ഷൻ പാർട്ടി’യുടെ പ്രഖ്യാപിത നയമായ ‘കമഴ്ന്നു കിടന്നാൽ കാൽപണം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിെൻറ പുതിയ വിപണി തുറന്നിരിക്കയല്ലേ ടിയാൻ. പക്ഷേ, ഗവർണർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുേമ്പാഴും പഴയ ഉശിരൊന്നും കാണാനില്ലായിരുന്നു; ഒരു തണുപ്പൻ ഭാവം. അതങ്ങനെയേ വരൂ. ഏത് ദാദയാണെങ്കിലും മുതുകിൽ കോടികളുടെ അഴിമതി ഭാരമുള്ളപ്പോൾ നെഞ്ചുവിരിച്ചു നിൽക്കാനാകില്ല. കുള്ളനെപ്പോലെ ആരുമൊന്ന് കുനിഞ്ഞുപോകും. പക്ഷേ, ജനങ്ങൾ ഇതൊക്കെ കണ്ട് സ്വയം തലകുനിച്ചു പോയത് സ്വന്തം തലവിധിയോർത്തായിരിക്കണം.
മഹാനാടകം തുടരുകതന്നെയാണ്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വാഭാവികമായും ബി.ജെ.പി-ശിവസേന സഖ്യം ഫഡ്നാവിസിെൻറ നേതൃത്വത്തിൽ അധികാരത്തിൽ തുടരുമെന്നുതന്നെയാണ് എല്ലാവരും ധരിച്ചത്. അതിനിടയിലാണ് ഉദ്ധവ് ഉടക്കിട്ടത്. അദ്ദേഹം 50:50 ഫോർമുല മുന്നോട്ടുവെച്ചു. അതായത്, രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം ഉദ്ധവിന് കിട്ടണമെന്ന്. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് അതൊക്കെ അംഗീകരിക്കാനാകുമോ? അതോടെ സഖ്യം പൊളിഞ്ഞു. പിന്നെ പതിവുപോെല പുതിയ സഖ്യചർച്ചകളായി. ഇതിനിടെ, അമിത് ഷാ പഴയ ചാക്കുമായി മുംബൈയിൽ വിമാനമിറങ്ങുന്നുവെന്ന ശ്രുതികൂടി പരന്നതോടെ രംഗം ചൂടുപിടിച്ചു. പക്ഷേ, ആ ചാക്കിൽ ആരും വീണില്ല. പകരം, കോൺഗ്രസിെൻറ പിന്തുണയോടെ ശിവസേന-എൻ.സി.പി സഖ്യം രൂപംകൊള്ളുകയും ചെയ്തു. അവർ ഒരു പൊതുമിനിമം പരിപാടിയും തയാറാക്കി. അതനുസരിച്ച്, ഉദ്ധവ് അഞ്ചു വർഷം മുഖ്യമന്ത്രിയാകും. എൻ.സി.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും കിട്ടും. ‘‘കണ്ടോ, രണ്ടര വർഷം ചോദിച്ച് വിലപേശിയ ആളിന് ഇപ്പോൾ അഞ്ചു വർഷം തികച്ച് ലഭിക്കാൻ പോകുന്നു. അമിത് ഷായെക്കാൾ വലിയ ചാണക്യനാണയാൾ’’- ഉദ്ധവിനെക്കുറിച്ചുള്ള ഈ വാഴ്ത്തുപാട്ട് കേട്ടാണ് മുംബൈ നഗരം കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്നത്. മാധ്യമങ്ങളും അതു തന്നെ പകർത്തി. നേരം വെളുത്തേപ്പാൾ കഥയാകെ മാറിയിരിക്കുന്നു. മഹാനഗരം ഉണരുംമുമ്പ് എണീറ്റ സ്പീക്കർ പല്ലുതേക്കുന്നതിനുമുമ്പ് ഫഡ്നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്ത ട്വീറ്റുകളായിരുന്നു എങ്ങും. ഉപമുഖ്യമന്ത്രിയായി അജിത് പവാറുമുണ്ടായിരുന്നു ചടങ്ങിന്.
രാജ്യത്തിനും പാർട്ടിക്കും സാമ്പത്തിക മാന്ദ്യമാണ്. കർണാടകയിലേതുപോലെ ചാക്കുകെട്ടിൽ പണമിറക്കാൻ പാങ്ങില്ല. പക്ഷേ, പഴയ കുതിരക്കച്ചവടം നടക്കുകയും വേണം. ആലോചിച്ചപ്പോൾ ഒറ്റ മാർഗമേയുള്ളൂ: പത്തെഴുപതിനായിരം കോടിയുടെ അഴിമതി ഭാരവും പേറി നടക്കുന്ന അജിത് പവാറിനെ എൻഫോഴ്സ്മെൻറ് റെയ്ഡിെൻറ കാര്യമൊന്ന് ഓർമിപ്പിക്കുക. സംഗതി വിജയിച്ചു. അഞ്ചു പൈസ ചെലവില്ലാതെ ടിയാൻ ഇരുട്ടിവെളുക്കും മുെമ്പ മറുചേരിയിലെത്തി; കൂടെ കുറച്ചു എം.എൽ.എമാരുമുണ്ടെന്ന് കേൾക്കുന്നു. ഏതായാലും സാമ്പത്തിക മാന്ദ്യകാലത്തെ ഈ ചാക്കിട്ടുപിടിത്തത്തെ കുതിരക്കച്ചവടം എന്ന് വിശേഷിപ്പിക്കുന്നത് നീതികേടാകും.
സംഗതി ശരിയാണ്. കുറച്ച് അഴിമതി ആരോപണങ്ങളൊക്കെ നേരിടുന്ന നേതാവാണ് നമ്മുടെ ദാദ. കോർപറേറ്റീവ് ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു എഫ്.ഐ.ആർ ലഭിച്ചത് ഈയടുത്ത ദിവസമാണ്. വെറും ആയിരം കോടിയുടെ കാര്യമാണത്. അതിന് മുമ്പ്, 35,000 കോടിയുടെ അഴിമതിക്കേസിൽ ഉൾപ്പെട്ട ആളിന് ഇത് നിസ്സാരമായി തോന്നുന്നതിൽ തെറ്റു പറയേണ്ട കാര്യമുണ്ടോ? 1999-2009 കാലത്ത് മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്ന കാലത്താണ് മേൽപറഞ്ഞ 35,000 കോടിയുടെ അഴിമതി നടന്നുവെന്ന് ശത്രുക്കൾ പറഞ്ഞുപരത്തുന്നത്. സ്ഥിരമായി വരൾച്ച അനുഭവപ്പെടുന്ന മഹാരാഷ്ട്രയിൽ കർഷകരുടെ ദുരിതമോർത്ത് ചില ജലസേചന പദ്ധതികൾ തുടങ്ങിയതിനെയാണ് ആളുകൾ അഴിമതി എന്നൊക്കെ പറയുന്നത്. വികസനവിരോധികളായ ആ ആൾക്കൂട്ടത്തിെൻറ ആക്രോശത്തെ അവഗണിക്കാം. അതുപോലെയാണോ അന്ന് കാബിനറ്റിനെ നയിച്ചിരുന്ന പൃഥ്വീരാജ് ചവാെൻറ കാര്യം. അണക്കെട്ടുകളും കനാലുകളും നിർമിച്ചതിെൻറ കണക്ക് ചവാൻ ആവശ്യപ്പെട്ടപ്പോൾ ചങ്കുപൊട്ടിപ്പോയി. ഉടൻ രാജിവെച്ചു. അതാണ് ദാദയുടെ രാഷ്ട്രീയ ധാർമികത. പക്ഷേ, നിർമിച്ച അണക്കെട്ടുകൾകൊണ്ടൊന്നും മറാത്തക്കാരുടെ ദാഹം മാറിയില്ല. അതും പറഞ്ഞ് അവർ തെരുവിലിറങ്ങിയപ്പോൾ അദ്ദേഹം നയം വ്യക്തമാക്കി: ‘‘ അണക്കെട്ടിൽ വെള്ളം നിറഞ്ഞൊഴുകാൻ ഇനി ഞാൻ അതിലേക്ക് മൂത്രമൊഴിക്കണോ?’’. ദാദയുടെ കാവ്യഭാഷയുടെ പൊരുൾ ജനങ്ങൾക്ക് മനസ്സിലാകാത്തതുകൊണ്ടായിരിക്കാം, അവർ അത് വലിയ കോലാഹലമാക്കി. അന്നത്തെ ആ രാജി പവാർ കുടുംബത്തിലെ ചേരിപ്പോരിെൻറ കൂടി തുടക്കമായിരുന്നു. അതിെൻറയൊരു ആൻറി ക്ലൈമാക്സ്കൂടിയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അന്ന് ദാദയുടെ രാജി ശരദ് പവാർ സ്വീകരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പവാറിെൻറ മകൾ സുപ്രിയയുടെ രാഷ്ട്രീയ ജീവിതത്തിന് ആക്കം കൂടുന്നതും അന്നു മുതലാണ്. അതോടെ, പാർട്ടിയിൽ ദാദയുടെ സ്ഥാനം ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അണികൾക്കിടയിൽ അങ്ങനെയല്ല. ജനങ്ങൾക്കിടയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവാണ്. അതിനാൽ, വല്യേട്ടൻ താൻതന്നെയെന്ന് ഇടയ്ക്കിടക്ക് ഇതുപോലെ തെളിയിച്ചുകൊണ്ടിരിക്കും.
1959 ജൂലൈ 22ന് ജനനം. ബോളിവുഡ് നിർമാതാവായ ആനന്ദ്റാവുവിെൻറ മകൻ. അവസരങ്ങളുണ്ടായിട്ടും ആ വഴി തെരഞ്ഞെടുക്കാതെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചിറ്റപ്പനോടൊപ്പം ചെലവഴിക്കാൻ ചെറുപ്പത്തിൽ പുണെയിൽനിന്ന് മുംബൈയിലേക്ക് വണ്ടി കയറുകയായിരുന്നു. ഇക്കണോമിക്സ് ബിരുദധാരിയാണ്. 1982ൽ, പഞ്ചസാര സഹകരണ സംഘത്തിെൻറ പ്രാദേശിക ഘടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമുതൽ രാഷ്ട്രീയത്തിലുണ്ട്. 1991ൽ, പുണെ ജില്ലാ കോർപറേറ്റീവ് ബാങ്ക് ചെയർമാൻ. ആ സമയത്തുതന്നെ ബാരാമതിയിൽനിന്ന് ലോക്സഭയിലേക്ക്. ചിറ്റപ്പനെ പ്രതിരോധ മന്ത്രിയാക്കാൻ വേണ്ടി, ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തതുമുതൽ നിയമസഭയിലുണ്ട്. 20 വർഷം മുമ്പ്, എൻ.സി.പി രൂപവത്കരിച്ചപ്പോൾ മുതൽ ശരദ് പവാറിനൊപ്പമുണ്ട്. കൃഷി, ജലസേചന വകുപ്പുകളാണ് ഏറ്റവും കൂടുതൽ കാലം കൈകാര്യം ചെയ്തത്. 2010 മുതൽ നാലു വർഷം ഉപമുഖ്യമന്ത്രി പദവിയും അലങ്കരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.