മാധ്യമങ്ങളിലെ വ്യക്തി: ശ്രീവിഷാദം
text_fieldsഹോക്കിയിൽ ഗോൾകീപ്പർമാരെക്കുറിച്ച് പണ്ടുമുതലേ പറഞ്ഞുകേൾക്കാറുള്ളൊരു കാര്യമുണ്ട്: കളിക്കളത്തിൽ മുഴുവൻ സമയത്തും അദൃശ്യനായിരിക്കുമവർ; വല്ല അബദ്ധവും സംഭവിക്കുമ്പോൾ മാത്രം ചർച്ചാവിഷയമാവും. പിന്നീട് അവർ അറിയപ്പെടുന്നതും ആ അബദ്ധങ്ങളുടെ പേരിലാകും. കളിക്കളത്തിനകത്തെ കാര്യമാണിപ്പറഞ്ഞതെങ്കിലും, നമ്മുടെ നാട്ടിൽ ഈ ഫിലോസഫി ടർഫിനു പുറത്തും ബാധകം.
സംശയമുള്ളവർക്ക് പി.ആർ. ശ്രീജേഷിനോട് ചോദിക്കാം. ദേശീയ കായിക വിനോദത്തിന്റെ ഖ്യാതി തിരിച്ചുപിടിച്ച ഇതിഹാസ താരമെന്നൊക്കെയാണ് വിശേഷണമെങ്കിലും കളത്തിനുപുറത്ത് എക്കാലവും അവഗണനയാണ്. വർഷങ്ങൾക്കുശേഷം ഒളിമ്പിക്സ് മെഡലും ഏഷ്യൻ ഗെയിംസ് പട്ടവുമെല്ലാം രാജ്യത്തെത്തിച്ച ആളാണ്.
പറഞ്ഞിട്ടെന്തുകാര്യം; നാട്ടിൽ പുല്ലുവിലയാണ്. ആർക്കാണെങ്കിലും നിരാശതോന്നുന്ന ഈ ഘട്ടത്തിൽ നാലു വാക്കു പറയാതെ തരമില്ല. അത്രയേ ശ്രീജേഷും പറഞ്ഞുള്ളൂ. അധികാരികൾ കണ്ണുതുറക്കട്ടെ. പലകാരണങ്ങളാൽ ചരിത്രം സൃഷ്ടിച്ച ഗെയിംസ് ആദ്യമായി നൂറിൽ കൂടുതൽ മെഡലുകൾ നമ്മുടെ രാജ്യം വാരിക്കൂട്ടിയ കായിക മേളയുമായി. അക്കൂട്ടത്തിലൊന്ന് ഹോക്കിയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ ഫൈനലിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപിച്ച് സ്വർണം നേടുമ്പോൾ വല കാത്തത് ശ്രീജേഷ് തന്നെ. അല്ലെങ്കിലും കുറച്ചുകാലമായി ആ സ്ഥാനത്ത് ശ്രീജേഷിന് പകരക്കാരില്ല. അങ്ങനെ പുതുചരിത്രവുമായി നാടണഞ്ഞ ശ്രീജേഷിനെ അധികാരികൾ കണ്ടഭാവം നടിച്ചില്ല.
ശ്രീയുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു പഞ്ചായത്തുമെംബർപോലും കിഴക്കമ്പലത്തെ വീട്ടിലെത്തിയില്ല. മറ്റു സംസ്ഥാനങ്ങളിലൊക്കെ ആഘോഷം പൊടിപൊടിക്കുമ്പോഴാണ് ഈ അവഗണന. ഹോക്കി ടീമിലെ എല്ലാവർക്കും ഒഡിഷ സർക്കാർ അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്; സ്വർണ മെഡൽ ജേതാക്കൾക്ക് ഹരിയാന സർക്കാർ മൂന്നുകോടിയാണ് നൽകുന്നത്.
ഓരോ സംസ്ഥാനങ്ങളും മത്സരിച്ച് സമ്മാനങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ് മെഡൽ ജേതാക്കളായ 12 മലയാളി താരങ്ങളിവിടെ ആകാശം നോക്കിനിൽക്കുന്നത്. അപ്പോൾപിന്നെ, ആരെങ്കിലുമൊന്ന് വാ തുറക്കേണ്ടേ. കൂട്ടത്തിൽ സീനിയറായ ശ്രീജേഷ് തന്നെ ആ ദൗത്യം ഏറ്റെടുത്തു. സർക്കാർ പ്രതിനിധികളാരും തങ്ങളെ ബന്ധപ്പെടാത്തതിലുള്ള അമർഷവും നിരാശയും പ്രകടിപ്പിക്കാൻ ഒരു മടിയും കാണിച്ചില്ല.
സംഭവം മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതാണ് പ്രശ്നമെന്ന് മന്ത്രിയുടെ മറുപടി കൂടി വന്നതോടെ രംഗം കൊഴുത്തു. ഇതാദ്യമല്ല ശ്രീജേഷിന്റെ പ്രതിഷേധം. അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനംചെയ്തവരെ പ്രത്യേകം പരിഗണിക്കമെന്നും അവർക്ക് സർക്കാർ ജോലി നൽകണമെന്നും മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പ്യനായതിന്റെ പേരിൽ സർക്കാർ ജോലി കിട്ടിയ ആളാണ്. ആ നേട്ടം എല്ലാ രാജ്യാന്തര മേളകൾക്കും വേണമെന്ന വാദം പുതിയ പശ്ചാത്തലത്തിലും ആവർത്തിച്ചു.
പഴയ ട്വിറ്ററായ എക്സിൽ സജീവമാണ്. അവിടെയാണ് പലപ്പോഴും വികാരവും വിഷാദവും സന്തോഷവും ചിന്തകളുമെല്ലാം പങ്കുവെക്കാറുള്ളത്. ‘‘ഇതിന് ഉപ്പുരുചിയാണ്; ഞാനോർക്കുന്നു, കഴിഞ്ഞ 21 വർഷത്തെ എന്റെ വിയർപ്പുതന്നെയാണിത്’’. ഒരു പൂച്ചെണ്ടുമേന്തി, പൊന്നിൻ വിലയുള്ള ആ വെങ്കല മെഡൽ കടിച്ചുപിടിച്ച് ഇളംചിരിയോടെ പോസ് ചെയ്ത ഫോട്ടോക്ക് അയാൾ കൊടുത്ത അടിക്കുറിപ്പായിരുന്നു അത്.
ആ ചിത്രവും അടിക്കുറിപ്പും വൈറലാകാൻ അധികനേരം വേണ്ടിവന്നില്ല. ലക്ഷക്കണക്കിനാളുകളുടെ ‘പ്രചോദന വാക്യ’മായി അതുമാറി. യഥാർഥത്തിൽ 21 അല്ല; 41 വർഷമായി രാജ്യം കാത്തിരുന്നൊരു നിമിഷത്തെ യാഥാർഥ്യമാക്കിയപ്പോഴായിരുന്നു ആ ട്വീറ്റ്. 1980ൽ, മോസ്കോ ഒളിമ്പിക്സിനുശേഷം, ദേശീയ പുരുഷ ഹോക്കി ടീം സെമി ഫൈനൽ കണ്ടിട്ടില്ല. എന്നല്ല, പലപ്പോഴും ഒളിമ്പിക്സിന് യോഗ്യത പോലും നേടിയിരുന്നില്ല.
ശ്രീജേഷ് ഗോൾമുഖം കാത്തുതുടങ്ങിയതോടെ ആ തലവിധിയൊക്കെ മാറി. ആ ഭാഗ്യശ്രീയുടെ തുടർച്ചയിലാണ് ടോക്യോവിൽനിന്ന് വെങ്കലവുമായി മടങ്ങിയത്. അതിനുശേഷം, ഏഷ്യൻ ചാമ്പ്യൻ ട്രോഫി കിരീടം; അതും കഴിഞ്ഞാണ് ഏഷ്യൻ ഗെയിംസ് സ്വർണം.
ദേശീയ കായികവിനോദത്തിന് പുതിയ മേൽവിലാസമുണ്ടാക്കിയവരുടെ മുൻനിരയിലാണ് കായികവിശാരദർ സ്ഥാനം കൽപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ആ പ്രയാണത്തിന്റെ തുടക്കം. അണ്ടർ 14 ദേശീയ ഹോക്കി ടൂർണമെൻറ് നടക്കുകയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ.
നല്ലൊരു പാഡുപോലുമില്ലാതെയാണ് അന്ന് ശ്രീജേഷ് കളത്തിലിറങ്ങിയത്. പക്ഷേ, പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഓരോ കളിയിലും വ്യക്തമായിരുന്നു. ടൂർണമെൻറ് കാണാൻ ഗാലറിയിലൊരിടത്ത് അന്നത്തെ ജൂനിയർ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഹരീന്ദ്ര സിങ്ങുമുണ്ടായിരുന്നു.
അദ്ദേഹത്തിന് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല, നേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. 230ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ ഗോൾവല കാത്തു. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരമേയുള്ളൂ. 2004ൽ ജൂനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
രണ്ടുവർഷത്തിനുശേഷം ശ്രീലങ്കയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിലൂടെ സീനിയർ ടീമിന്റെയും ഭാഗമായി. അന്ന് പ്രായം 20 തികഞ്ഞിട്ടില്ല. 2008ൽ, ഹൈദരാബദിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരാകുമ്പോൾ ടീമിലുണ്ടായിരുന്നു. ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
2013ൽ ഏഷ്യാ കപ്പിൽ റണ്ണറപ്പായപ്പോഴും ഇതേ നേട്ടം ആവർത്തിച്ചു. 2014ലെയും ’18ലെയും ചാമ്പ്യൻസ് ട്രോഫിയിലും ശ്രീ മികച്ച ഗോൾകീപ്പറായി. 2016ൽ ഇന്ത്യയിലെ മികച്ച ഹോക്കി താരത്തിനുള്ള ധ്രുവഭത്ര അവാർഡും ലഭിച്ചു. 2015ൽ അർജുനയും ’17ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
റിയോ ഒളിമ്പിക്സിന് തൊട്ടുമുന്നെയായിരുന്നു ആ നിയോഗം കൈവന്നത്. ആ നിമിഷം അയാളുടെ പ്രതികരണമിങ്ങനെ: ‘‘സാധാരണ നായകന്മാർ മുന്നിൽനിന്ന് നയിക്കുന്നവരാണ്. പക്ഷേ, എന്റെ ജോലി ടീമിനെ പിന്നിൽനിന്ന് കാക്കലാണ്’’. പിന്നീട് നായക പദവിയിൽനിന്ന് മാറിയെങ്കിലും പിന്നിൽനിന്ന് നയിക്കുന്ന ദൗത്യം ഇപ്പോഴും തുടരുന്നു.
പാറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്നാണ് പൂർണനാമധേയം.1988ൽ രവീന്ദ്രന്റെയും ഉഷയുടെയും മകനായി ജനനം. ഒരു കായിക പാരമ്പര്യവുമില്ലാത്ത കർഷക കുടുംബമാണ്. കിഴക്കമ്പലത്തുതന്നെയായിരുന്നു എട്ടാം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം, ജി.വി. രാജയിൽ പ്രവേശനം ലഭിച്ചു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന രാജാക്കാട്ടുകാരി അനീഷ്യയാണ് ജീവിത സഖി. ലോങ്ജംപ് താരമായിരുന്ന അനീഷ്യ ഇപ്പോൾ ആയുർവേദ ഡോക്ടറാണ്. രണ്ട് മക്കൾ.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്. കിഴക്കമ്പലത്ത് ശ്രീജേഷിന്റെ വീട് അന്വേഷിച്ച് അധികം നടക്കേണ്ടിവരില്ല. വീട്ടിലേക്കുള്ള വഴികാണിക്കാൻ എട്ടുവർഷം മുമ്പുതന്നെ സംസ്ഥാന സർക്കാർ അവിടെയൊരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് -ഒളിമ്പ്യൻ ശ്രീജേഷ് റോഡ്! ഇഞ്ചിയോൻ ഏഷ്യൻ ഗെയിംസിലെ നേട്ടത്തിനു സമ്മാനമായി ലഭിച്ചതാണത്. അന്ന് ലഭിച്ച പരിഗണനയൊന്നും ഇപ്പോഴില്ലെന്നതാണ് ശ്രീയുടെ വിഷാദത്തിന്റെ കാരണം. അധികാരികൾ അത് കണ്ടറിയുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.