നായകൻ
text_fieldsഒരു പൂച്ചെണ്ടുമേന്തി, പൊന്നിൻ വിലയുള്ള ആ വെങ്കല മെഡൽ കടിച്ചുപിടിച്ച് ഇളംചിരിയോടെ പോസ് ചെയ്ത ഫോേട്ടാക്ക് അയാൾ ഇങ്ങനെയൊരു അടിക്കുറിപ്പെഴുതി: ''ഇതിന് ഉപ്പുരുചിയാണ്; ഞാനോർക്കുന്നു, കഴിഞ്ഞ 21 വർഷത്തെ എെൻറ വിയർപ്പുതന്നെയാണിത്''. ആ ചിത്രവും അടിക്കുറിപ്പുമിപ്പോൾ ഒരു രാജ്യത്തിെൻറ അടയാളവാക്യമായി മാറിയിരിക്കുന്നു. മനോഹരമായൊരു അസ്ട്രോ ടർഫിൽ കുഞ്ഞുപാസുകളിലൂടെ ഇടംവലം മാറി ഒഴുകിക്കൊണ്ടിരിക്കുന്നൊരു ഹോക്കിബാളിനെ ഒാർമിപ്പിക്കുംവിധം നവസമൂഹമാധ്യമങ്ങളിൽ അതിങ്ങനെ തരംഗമായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനാളുകളുടെ 'പ്രചോദന വാക്യ'മായി അത് മാറിക്കഴിഞ്ഞു. യഥാർഥത്തിൽ 21 അല്ല; 41 വർഷമായി ഇൗ രാജ്യം കാത്തിരുന്നൊരു നിമിഷത്തിനാണ് പാറാട്ട് രവീന്ദ്രൻ ശ്രീജേഷ് നിമിത്തമായിരിക്കുന്നത്. 1980ൽ, മോസ്കോ ഒളിമ്പിക്സിനുശേഷം, ദേശീയ പുരുഷ ഹോക്കി ടീം സെമി ഫൈനൽ കണ്ടിട്ടില്ല. എന്നല്ല, പലപ്പോഴും ഒളിമ്പിക്സിന് യോഗ്യത പോലുംനേടിയിരുന്നില്ല. ശ്രീജേഷ് ഗോൾമുഖം കാത്തുതുടങ്ങിയേതാടെ ആ തലവിധിയൊക്കെ മാറി. ആ ഭാഗ്യശ്രീയുടെ തുടർച്ചയിലാണിപ്പോൾ ടോക്യോവിൽനിന്ന് വെങ്കലവുമായി മടങ്ങുന്നതും. പി.ആർ. ശ്രീജേഷ് എന്ന കിഴക്കമ്പലം സ്വദേശിയാണിപ്പോൾ രാജ്യത്തിെൻറ നായകൻ. അയാളിലൂടെ ദേശീയ കായികവിനോദത്തിന് പുതിയ മേൽവിലാസമുണ്ടാകുന്നു.
അഞ്ചുവർഷമായി ടീമിെൻറ നായകനാണ്. റിയോ ഒളിമ്പിക്സിന് തൊട്ടുമുന്നെയായിരുന്നു ആ നിയോഗം കൈവന്നത്. ആ നിമിഷം അയാളുടെ പ്രതികരണമിങ്ങനെ: ''സാധാരണ നായകന്മാർ മുന്നിൽനിന്ന് നയിക്കുന്നവരാണ്. പക്ഷേ, എെൻറ ജോലി ടീമിനെ പിന്നിൽനിന്ന് കാക്കലാണ്''. അതാണ് നായക സങ്കൽപമെങ്കിൽ ശ്രീജേഷ് അതിനുമുമ്പുതന്നെ 'നായക'പദവിയിലെത്തിയിട്ടുണ്ട്.
1998ലെ ഏഷ്യൻ ഗെയിംസ് സ്വർണത്തിനുശേഷം കാര്യമായ നേട്ടങ്ങളില്ലാതെ ഉഴലുകയായിരുന്നു ഇന്ത്യ. ആ മെഡൽ ദാഹത്തിന് വിരാമമായത് 2011ൽ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ്. ഫൈനലിൽ പാകിസ്താനായിരുന്നു എതിരാളി. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യയെ കിരീടം ചൂടിച്ചത് ശ്രീയുടെ രണ്ട് എണ്ണം പറഞ്ഞ സേവുകൾ. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ആവർത്തിച്ചു ശ്രീജേഷിെൻറ സേവിങ് മാജിക്. അന്നും എതിരാളികൾ പാകിസ്താൻ. തൊട്ടടുത്ത വർഷം ലോക ഹോക്കി ലീഗിലും ശ്രീജേഷ് മിന്നും പ്രകടനം പുറത്തെടുത്തു.അന്ന്, ലൂസേഴ്സ് ഫൈനലിലെ ഷൂട്ടൗട്ടിൽ ശ്രീജേഷിെൻറ മൂന്ന് സേവുകളായിരുന്നു മത്സരത്തിെൻറ ഹൈലൈറ്റ്. ഇതിനൊക്കെശേഷമാണ് ഒൗദ്യോഗികമായി നായകപദവിയിലെത്തുന്നത്. നായകനെന്ന നിലയിൽ ആദ്യ ടൂർണമെൻറ് 2016ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു. മൂന്നു കോൺഫെഡറേഷനുകളിൽനിന്നായി ആറു ടീമുകൾ. ലീഗ് മത്സരങ്ങളിൽ അഞ്ചിൽ രണ്ടു ജയവും ഒരു സമനിലയുമായി ടീം രണ്ടാം സ്ഥാനത്തെത്തി. ഫൈനലിൽ എതിർമുഖത്ത് ആസ്ട്രേലിയ. പ്രതീക്ഷിച്ചതുപോലെ മത്സരം ഷൂട്ടൗട്ടിേലക്ക് നീണ്ടു. പക്ഷേ, ഇത്തവണ ശ്രീജേഷ് രക്ഷകനായില്ല. എങ്കിലും, 36 വർഷത്തിനുശേഷം ഇതുപോലൊരു രാജ്യാന്തര ടൂർണമെൻറിൽനിന്ന് നെഞ്ചുവിരിച്ചുതന്നെ മടങ്ങാനായി. അന്ന് ശ്രീജേഷ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 'കിരീടം നഷ്ടമായെങ്കിലും ദശലക്ഷങ്ങളുടെ ഹൃദയം കീഴടക്കി. ഈ സംഘത്തിൽ അഭിമാനിക്കൂ'.
ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെന്നൊക്കെ പറയുമെങ്കിലും പാഠപുസ്തകങ്ങളിലും പി.എസ്.സി ഗൈഡുകളിലുമൊക്കെയാണ് മലയാളികൾ ഹോക്കിയെക്കുറിച്ച് അറിഞ്ഞിട്ടുള്ളത്. നല്ലൊരു അസ്ട്രോ ടർഫ് പോയിട്ട് മര്യാദക്കുള്ള ഒരു ഹോക്കി മൈതാനം പോലും നമുക്കില്ല. എന്നിട്ടും ഇന്ത്യൻ ഗോൾമുഖത്തിെൻറ കാവലാളായി ഉയർന്നെങ്കിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പരിശ്രമങ്ങളും ഊഹിക്കാവുന്നതിലും അപ്പുറമാവണം, അയാളുടെ പെനാൽറ്റി സേവുകളേക്കാൾ അത്ഭുതകരമായിരിക്കണം. ക്രിക്കറ്റ് പാഡോ ഫുട്ബാൾ ബൂേട്ടാ അണിയേണ്ടിയിരുന്നൊരാൾ, ഉടൽ മൊത്തം പൊതിഞ്ഞുകെട്ടി തലയിൽ വലിയൊരു ഹെൽമറ്റും ചൂടി കൈയിലൊരു സ്റ്റിക്കുമായി ഗോൾവലക്കുമുന്നിൽ നിലയുറപ്പിച്ചതിെൻറ രഹസ്യമെന്തായിരിക്കും? അതൊരു നിയോഗമായിരിക്കണം. അത്ലറ്റിക്സ് സ്വപ്നങ്ങളുമായി 13ാംവയസ്സിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് ഹോസ്റ്റലിലേക്ക് ചെന്നുകയറിയ ശ്രീജേഷിന് പിന്നീട് ഹോക്കി കമ്പം പിടിമുറുക്കിയത് അതുകൊണ്ടാകണമല്ലോ. അവിടെ അത്ലറ്റിക്സിനു പുറമെ, വോളിബാളിലും ഒരു കൈ നോക്കി. പിന്നീട്, ജയകുമാർ, രമേശ് കോലപ്പ എന്നീ പരിശീലകരാണ് അയാളെ ഹോക്കി സ്റ്റിക് പിടിക്കാൻ പഠിപ്പിച്ചത്. അതിൽപിന്നെ, തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
21വർഷത്തെ വിയർപ്പിെൻറ ചരിത്രം ശ്രീജേഷ് ഒാർമിപ്പിച്ചുവല്ലൊ. തിരുവനന്തപുരത്തുനിന്നാണ് ആ പ്രയാണത്തിെൻറ തുടക്കം. അണ്ടർ 14 ദേശീയ ഹോക്കി ടൂർണമെൻറ് നടക്കുകയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ. നല്ലൊരു പാഡുപോലുമില്ലാതെയാണ് അന്ന് ശ്രീജേഷ് കളത്തിലിറങ്ങിയത്. പക്ഷേ, പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഒാരോ കളിയിലും വ്യക്തമായിരുന്നു. ടൂർണമെൻറ് കാണാൻ ഗാലറിയിലൊരിടത്ത് അന്നത്തെ ജൂനിയർ ഇന്ത്യൻ ടീമിെൻറ പരിശീലകൻ ഹരീന്ദ്ര സിങ്ങുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല, നേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ആ ഡൽഹി യാത്രയിപ്പോൾ എത്തിനിൽക്കുന്നത് ടോക്യോവിലാണ്. ഇതിനിടെ, 230ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ േഗാൾവല കാത്തു. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരമേയുള്ളൂ.
2004ൽ ജൂനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. രണ്ടുവർഷത്തിനുശേഷം ശ്രീലങ്കയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിലൂടെ സീനിയർ ടീമിെൻറയും ഭാഗമായി. അന്ന് പ്രായം 20 തികഞ്ഞിട്ടില്ല. 2008ൽ, ഹൈദരാബദിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരാകുേമ്പാൾ ടീമിലുണ്ടായിരുന്നു. ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ ഏഷ്യാ കപ്പിൽ റണ്ണറപ്പായപ്പോഴും ഇതേ നേട്ടം ആവർത്തിച്ചു. 2014ലെയും 18ലെയും ചാമ്പ്യൻസ് ട്രോഫിയിലും ശ്രീ മികച്ച ഗോൾ കീപ്പറായി. 2016ൽ ഇന്ത്യയിലെ മികച്ച ഹോക്കി താരത്തിനുള്ള ധ്രുവഭത്ര അവാർഡും ലഭിച്ചു. 2015ൽ അർജുനയും 17ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. ഹോക്കി ഇന്ത്യ ലീഗിൽ ഉത്തർപ്രദേശ് വിസാർഡിെൻറ താരമാണ് ശ്രീജേഷ്.
1988ൽ രവീന്ദ്രെൻറയും ഉഷയുടെയും മകനായി ജനനം. യാതൊരു കായിക പാരമ്പര്യവുമില്ലാത്ത കർഷക കുടുംബമാണ്. കിഴക്കമ്പലത്തുതന്നെയായിരുന്നു എട്ടാം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം, ജി.വി. രാജയിൽ പ്രവേശനം ലഭിച്ചു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന രാജാക്കാട്ടുകാരി അനീഷ്യയാണ് ജീവിത സഖി. അനീഷ്യ ലോങ്ജംപ് താരമായിരുന്നു. ഇപ്പോൾ ആയുർവേദ ഡോക്ടറായി പ്രവർത്തിക്കുന്നു. ഏക മകൾ അനുശ്രീ. മറ്റു കായികതാരങ്ങളെപ്പോലെ റെയിൽവേയിലോ സർവിസസിലോ അല്ല ശ്രീജേഷിെൻറ േജാലി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കിഴക്കമ്പലത്ത് ശ്രീജേഷിെൻറ വീട് അന്വേഷിച്ച് അധികം നടക്കേണ്ടിവരില്ല. വീട്ടിലേക്കുള്ള വഴികാണിക്കാൻ ആറുവർഷം മുമ്പുതന്നെ സംസ്ഥാന സർക്കാർ അവിടെയൊരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് -ഒളിമ്പ്യൻ ശ്രീജേഷ് റോഡ്! ഇഞ്ചിയോണിലെ നേട്ടത്തിനു സമ്മാനമായി ലഭിച്ചതാണത്. കൂടുതൽ വലിയ സമ്മാനങ്ങൾ ഇന്ത്യയുടെ നായകനെ തേടിയെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.