പുതുപുതു തന്ത്രങ്ങൾ
text_fieldsപാർലമെൻറിലേക്കായാലും പഞ്ചായത്തിലേക്കായാലും ഇനിയങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും പഴയ ചാണക്യതന്ത്രം മതിയാകില്ല. കൗടില്യെൻറ കാലമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. പാർട്ടി കമ്മിറ്റികൂടി തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കുക; പിന്നെയൊരു പ്രകടന പത്രിക തയാറാക്കുക; ആളും തരവും ജാതിയുെമല്ലാം നോക്കി ലക്ഷണമൊത്ത സ്ഥാനാർഥികളെ താഴെതട്ടിൽ പ്രത്യേകം കമ്മിറ്റി ചേർന്ന് കണ്ടെത്തുക; വാഹന ജാഥ, ഗൃഹസന്ദർശനം, പോസ്റ്ററൊട്ടിക്കൽ തുടങ്ങിയ പരിപാടികളിലൂടെയുള്ള വോട്ടുപ്രചാരണം നടത്തുക.
ഇത്തരം ചട്ടപ്പടി ചെപ്പടിവിദ്യകളാണ് ഇനിയും നിങ്ങളുടെ കൈയിലെങ്കിൽ കാത്തുവെച്ച സീറ്റ് മറ്റാരെങ്കിലും കൊണ്ടുപോകുമെന്നത് നൂറു തരം. ആർടിഫിഷ്യൽ ഇൻറലിജൻസിെൻറ ഇൗ യുഗത്തിൽ സർവം തീരുമാനിക്കുന്നത് അൽഗോരിതങ്ങളാണ്. ആ സൂത്രവാക്യങ്ങളെ നിയന്ത്രിക്കാനറിയുന്ന മികച്ചൊരു ബുദ്ധികേന്ദ്രം ഇല്ലെങ്കിൽ പിന്നെ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യമിപ്പോൾ നമ്മുടെ രാഷ്ട്രീയക്കാർക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ പ്രശാന്ത് കിഷോറിനെപ്പോലുള്ള തന്ത്രജ്ഞരുടെ പിന്നാലെ പായുന്നത്. തന്ത്രജ്ഞരുടെ നിലപാടോ പ്രത്യയശാസ്ത്രമോ ഒന്നും പ്രശ്നമല്ല; രാശിയാണ് പ്രധാനം. തന്ത്രം മെനഞ്ഞ മിക്കയിടത്തും വിജയം കൊയ്തിട്ടുള്ള പ്രശാന്ത് കിഷോറിന് അത് വേണ്ടുവോളമുണ്ട്. അതിനാൽ, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോദ ഏതുമാകെട്ട, താരം ഒരാൾ മാത്രം: പ്രശാന്ത് കിഷോർ എന്ന പി.കെ. മോദിയിൽനിന്ന് തുടങ്ങിയ കരിയർ ഇപ്പോൾ എത്തിനിൽക്കുന്നത് രാഹുൽ ഗാന്ധിക്കടുത്താണ്.
വംഗനാട്ടിൽ മമതയുടെയും തമിഴകത്ത് സ്റ്റാലിെൻറയും ചരിത്ര വിജയങ്ങളോടെ താരപദവി പിന്നെയും കുത്തനെ ഉയർന്നുനിൽക്കെ പി.കെയുടെ അടുത്ത രാഷ്ട്രീയ അസൈൻറ്മെൻറ് എവിടെ, ആർക്കുവേണ്ടിയായിരിക്കുമെന്നാണ് പണ്ഡിറ്റുകളും നിരീക്ഷകരുമൊക്കെ ചർച്ച ചെയ്തത്. ഒരു മാധ്യമപ്രവർത്തക ഇക്കാര്യം നേരിട്ട് ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു: ''ഇൗ പരിപാടി ഞാൻ അവസാനിപ്പിക്കുന്നു''. ഇതുകേട്ടപ്പോൾ പലരും നിനച്ചത് സർവം ത്യജിച്ച് ടിയാൻ നാളെ മുതൽ സന്യാസത്തിന് പോകുന്നുവെന്നാണ്. പക്ഷേ, ആ വാചകത്തിെൻറ അർഥം മറ്റൊന്നായിരുന്നുവെന്ന് ഇപ്പോൾ അവരൊക്കെയും തിരിച്ചറിയുന്നു. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് എന്ന കുപ്പായമൂരിവെച്ച് സമ്പൂർണ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് തീരുമാനം. ലക്ഷ്യവും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു: 2024ഒാടെ കാവിപ്പടയുടെ പടയോട്ടം എന്നന്നേക്കുമായി അവസാനിപ്പിക്കുക. അതിനായി ചിതറിക്കിടന്നുറങ്ങുന്ന പ്രതിപക്ഷത്തെ ഉണർത്തിയെടുത്ത് ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുക. അതിെൻറ ആദ്യഘട്ട സംസാരങ്ങളാണ് ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം പോയി കണ്ടത് ശരദ് പവാറിനെയായിരുന്നു. കാര്യമായ ചലനങ്ങളൊന്നുമില്ലെങ്കിലും 'രാഷ്ട്ര മഞ്ച്' എന്ന പ്രസ്ഥാനത്തിൽ ചെറുതല്ലാത്തൊരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. എന്തൊക്കെയാണെങ്കിലും മോദിവിരുദ്ധ പക്ഷത്തിെൻറ കൂട്ടായ്മയാണല്ലോ. ആ സംഘത്തിലൊന്നു പിടിച്ചാലോ എന്നാലോചിക്കാനാണ് മൂന്നുതവണ പവാർജിയുമായി ചർച്ച നടത്തിയത്. പവാറും പച്ചക്കൊടി കാണിച്ചതോടെ കാര്യങ്ങൾക്കൊക്കെ അനക്കംവെച്ചിട്ടുണ്ട്. രാഷ്ട്ര മഞ്ചിെൻറ ഡൽഹി ചർച്ചയിൽ കോൺഗ്രസില്ല എന്നതായിരുന്നു കാര്യമായ പോരായ്മ. രാഹുലിനെയും പ്രിയങ്കയെയും നേരിട്ടും സോണിയയെ ഒാൺലൈനിലും കണ്ടു സംസാരിച്ച് ആ പരിഭവവും തീർത്തിരിക്കയാണ് പി.കെ. ആ സംസാരമാണിപ്പോൾ പ്രശാന്ത് കോൺഗ്രസിലേക്ക് പോകുന്നു എന്ന തരത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നത്. പി.കെ പാർട്ടിയിൽ ചേർന്നാലും ഇല്ലെങ്കിലും ഒരുകാര്യമുറപ്പാണ്: അടുത്ത വർഷം പഞ്ചാബിൽ അമരീന്ദറിെൻറ വിജയത്തിനായി ഒപ്പമുണ്ടാകും.
ഗുജറാത്ത് കലാപത്തിെൻറയും വംശീയാക്രമണങ്ങളുടെയും കളങ്കങ്ങൾ മായ്ച്ചുകളഞ്ഞ് മോദിയെ 'പുണ്യപുരുഷനാ'ക്കി എന്നതാണല്ലോ പി.കെയുടെ ഖ്യാതി. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും രണ്ടു വർഷത്തിനുശേഷം നടന്ന പാർലെമൻറ് തെരഞ്ഞെടുപ്പിലും മോദിജിയെ വെളുപ്പിച്ചെടുക്കുക എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഗുജറാത്തിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിനായി പ്രത്യേകമായ ഒരുക്കങ്ങൾ തന്നെ നടത്തി. വേഷത്തിലടക്കം മാറ്റം വരുത്തി പുതിയൊരു മോദിയെ അവതരിപ്പിച്ചു. സൗമ്യനും സദാ പുഞ്ചിരിക്കുന്നവനുമൊക്കെയായ മോദി! ത്രീ ഡി റാലി, ചായ് പേ ചർച്ച തുടങ്ങിയ പരിപാടികളിലൂടെ യുവജനങ്ങളുടെ വികസന നായകനുമാക്കി. 2012ൽ, ഒബാമ നടത്തിയ ഇതുപോലുള്ള ചില െപാടിക്കൈകൾ മധ്യവർഗ ഇന്ത്യക്കാർ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടെന്നതല്ലാതെ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യയിൽ മുമ്പ് നടന്നിട്ടില്ല. ഇതൊക്കെ കണ്ടപ്പോൾ ആളുകൾ ശരിക്കും ഞെട്ടി; ആത്മാർഥമായും അവർ വിശ്വസിച്ചു, നാളെയുടെ വികസന നായകൻ മോദിതന്നെ! അങ്ങനെയാണ് മോദി രാജിെൻറ തുടക്കം. രസകരമായ കാര്യം, മോദിയും പി.കെയും പരിചയപ്പെട്ട കഥയാണ്. യു.എന്നിൽ െപാതുജനാരോഗ്യ വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു അക്കാലത്ത് പി.കെ. ഗുജറാത്ത് അടക്കം ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് പി.കെ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഗുജറാത്തിെൻറ കാര്യം അതിദയനീയം എന്നാണ് തീസിസിെൻറ രത്നച്ചുരുക്കം. സംഗതി വാർത്തയായതോടെ കാര്യങ്ങൾ ഒന്നു ഒതുക്കിത്തരണമെന്നാവശ്യപ്പെട്ട് മോദി പി.കെയെ വിളിക്കുകയായിരുന്നുവത്രെ. മുഖ്യമന്ത്രിയെന്ന നിലയിൽ ദയനീയ പരാജയമായിരുന്ന ഒരാളെയാണ് അഞ്ചുവർഷങ്ങൾക്കിപ്പുറം പി.കെ വലിയ വികസന നായകനാക്കി അവതരിപ്പിച്ചത്.
മോദിയെ പ്രധാനമന്ത്രി കസേരയിലിരുത്തിയശേഷം നേരെ ബിഹാറിലേക്ക് തിരിച്ചു. മോദിയുമായുണ്ടായ ചില്ലറ അഭിപ്രായ വ്യത്യസമാണ് ഇൗ മടക്കത്തിന് കാരണമെന്ന് സംസാരമുണ്ടായിരുന്നു. ഏതായാലും, ബിഹാറിൽ നിതീഷിന് മുഖ്യമന്ത്രിപദം സമ്മാനിച്ചാണ് പി.കെ ഡൽഹിക്ക് മടങ്ങിയത്. അവിടെ കെജ്രിവാളും കൂട്ടരും കാത്തിരിക്കുന്നുണ്ടായിരുന്നു. ആ ദൗത്യവും വിജയിച്ചു. അതിനുശേഷം, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ കോൺഗ്രസിെൻറ കാര്യസ്ഥനായി. വീണ്ടും ഡൽഹിയിൽ ആപ്പിനുവേണ്ടി. അതുംകഴിഞ്ഞാണ് ദീദിക്കും സ്റ്റാലിനുംവേണ്ടി കളത്തിലിറങ്ങിയത്. ഇതിനിടെ, ആകെ പരാജയപ്പെട്ടത് യു.പിയിൽ മാത്രമാണ്. 2017ൽ കോൺഗ്രസിനുവേണ്ടി രംഗത്തെത്തിയ പി.കെക്ക് രണ്ടക്കം തികയ്ക്കാനായില്ല. അങ്ങനെയാണ് ആ ചോദ്യം ആദ്യമായി ഉയർന്നത്: 'ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ അമിത് ഷായോ അതോ പ്രശാന്ത് കിഷോറോ?'. യു.പിയിൽ അമിത് ഷാ വിജയിച്ചുവെന്നത് നേര്. പക്ഷേ, ബംഗാളിൽ പി.കെയുടെ മധുരപ്രതികാരമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മമതക്കെതിരെ കാര്യമായ മുന്നേറ്റം ബി.ജെ.പിക്കുണ്ടായിരുന്നു. തൃണമൂൽ പാളയത്തിലെ പലരെയും കാവിപ്പട സ്വന്തം ചാക്കിലാക്കുകയും ചെയ്തു. എന്നിട്ടും, പി.കെയുടെ സ്ട്രാറ്റജിയിൽ താമര വാടി. ഇൗ ആത്മവിശ്വാസത്തിലാണ് മോദിക്കെതിരെ വിപുലമായൊരു പടനീക്കത്തിനൊരുങ്ങുന്നത്.
ബിഹാറിലെ റോഹ്താസ് ജില്ലയിലെ കോണാർ ഗ്രാമത്തിൽ 1977ൽ ജനനം. പിതാവ് ശ്രീകാന്ത് പാണ്ഡെ ഡോക്ടറായിരുന്നു. പ്രശാന്ത് പ്രൈമറി സ്കൂൾ വിദ്യാർഥിയായിരിക്കെ കുടുംബം തൊട്ടടുത്ത നഗരമായ ബക്സറിലേക്ക് മാറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എൻജിനീയറിങ് പഠനത്തിനായി ഹൈദരാബാദിലേക്ക് പോയി; പിന്നെ ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് ഹെൽത്തിലും ബിരുദം നേടി. യു.എന്നിന് കീഴിൽ പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. പിന്നീട് പ്രവർത്തന കേന്ദ്രം ഡൽഹിയിലെ ഇന്ത്യൻ ആസ്ഥാനത്തേക്കും അതിനുശേഷം ന്യൂയോർക്കിലേക്കും മാറ്റി. ഇതൊക്കെ കഴിഞ്ഞാണ് ഗുജറാത്ത് വഴി ഇന്ത്യൻ രാഷ്ട്രീയത്തിലെത്തിയിരിക്കുന്നത്. പി.കെയുടെ ഇനിയുള്ള വഴികൾ നിർണയിക്കുക ഇന്ദ്രപ്രസ്ഥത്തിൽ നടക്കാനിരിക്കുന്ന ചർച്ചകളും ചാക്കിട്ടുപിടിത്തങ്ങളുമാണ്. അതിനായി കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.