യാത്രക്കുരുക്കിൽ പ്രവാസികൾ
text_fieldsഅപേക്ഷയാണ്, അള്ളുവെക്കരുത്
ഗർഭിണികൾ, തുടർചികിത്സ തേടേണ്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിലന്വേഷണത്തിനെത്തി കുടുങ്ങിപ്പോയവർ, വിദ്യാർഥികൾ തുടങ്ങിയവരാണ് അടിയന്തരമായി നാട്ടിലെത്താൻ കാത്തിരിക്കുന്നത്. വാടകക്കും മറ്റും പണം കണ്ടെത്തൽ അസാധ്യമായ ഇവരുടെ ഒടുവിലത്തെ രക്ഷാപേടകമായിരുന്നു ചാർേട്ടഡ് വിമാനം.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങൾക്ക് കാത്തിരുന്നാൽ ചിലപ്പോൾ ശവപ്പെട്ടിയിലാകും മടക്കം എന്നു ഭയക്കേണ്ട അവസ്ഥയിൽ രോഗികളും വയോധികരും വീട്ടമ്മമാരുമൊക്കെ കൂടുതൽ പണം നൽകിയാണെങ്കിലും ചാർട്ടഡ് വിമാനത്തിൽ പോകാൻ തയാറായിരുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈ ദുബൈയും സന്നദ്ധത അറിയിച്ചിരുന്നു. സമയമായില്ല എന്നായിരുന്നു ഡൽഹിയിൽനിന്ന് മറുപടി.
ഒടുവിൽ അമിത നിരക്കിൽ വിമാനം പറന്നുയർന്നപ്പോൾ അടുപ്പക്കാരെ കയറ്റിയയക്കാനായിരുന്നു തിടുക്കം. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നവരെ വരെ കയറ്റിവിട്ടു. ഇതിനകം ചാർേട്ടഡ് വിമാനങ്ങളിൽ ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എത്തിച്ചുകഴിഞ്ഞു. എന്നിട്ടും മടങ്ങാൻ ഏറ്റവുമധികം പേർ രജിസ്റ്റർ ചെയ്ത കേരളത്തിലേക്കുള്ള വിമാനത്തിന് തടസ്സം മാത്രം.
വിസ കാലാവധി കഴിഞ്ഞവർക്കും മടങ്ങി വരാമെന്ന് യു.എ.ഇ; അനുമതിയില്ലെന്ന് ഇന്ത്യ
വിസ കാലാവധി കഴിഞ്ഞ റസിഡൻറ് വിസക്കാർക്ക് മടങ്ങിയെത്താമെന്ന യു.എ.ഇ സർക്കാരിെൻറ നിർദേശം ഇന്ത്യൻ പ്രവാസികൾക്ക് ഗുണം ചെയ്യില്ല. വിസ കാലാവധി കഴിഞ്ഞവർക്ക് വിദേശ യാത്രക്ക് അനുമതി നൽകേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്. മൂന്ന് മാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവർക്ക് യാത്ര അനുമതി നൽകിയാൽ മതി എന്നാണ് ജൂൺ ഒന്നിന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുെടയോ ഒാഫർ ലെറ്റർ ഉള്ളവരാണെങ്കിൽ പോലും ഒരു മാസത്തെ വിസ കാലാവധി നിർബന്ധമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാണിച്ചു. മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസയുള്ളവർക്ക് ഡിസംബർ 31 വരെ യു.എ.ഇയിൽ തങ്ങാമെന്ന് അറിയിച്ചിരുന്നു. കാലാവധി അവസാനിച്ച റസിഡൻറ് വിസക്കാർക്ക് മടങ്ങി വരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ ഒാൺലൈൻ വഴി അപേക്ഷിച്ചത്.
പുതിയ വിസ അനുവദിക്കുന്നത് യു.എ.ഇ നിർത്തിവെച്ചിരിക്കുന്നതിനാൽ പഴയ വിസയിൽ ഇവിടെ എത്താമെന്ന മോഹമാണ് ഇതോടെ പൊലിയുന്നത്. അതേസമയം, വിഷയം സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
പ്രവാസി മടക്കം: കേരളം തടസ്സമുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന മലയാളികളിൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിദേശമന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി.
രണ്ടാംഘട്ടത്തിൽ ജൂണിൽ ദിവസം 12 വിമാനം ഉണ്ടാകുമെന്ന് അറിയിച്ചതിനും പൂർണസമ്മതം നൽകി. ജൂണിൽ 360 വിമാനം േവണ്ടതിൽ 10ാം തീയതിവരെ 36 വിമാനം മാത്രമാണ് െഷഡ്യൂൾ ചെയ്തത്. കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. വന്ദേ ഭാരത് മിഷനിൽ എത്ര വിമാനത്തിന് അനുമതി വേണമെന്ന് സംസ്ഥാനം ആരാഞ്ഞിട്ടുണ്ട്്. വിവരം കിട്ടിയാൽ അനുമതി നൽകും.
വന്ദേ ഭാരത് മിഷനിൽപെടാത്ത 40 ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതിൽ ജൂൺ രണ്ടുവരെ 14 എണ്ണം മാത്രമാണ് ഷെഡ്യൂൾ ചെയ്തത്. 26 എണ്ണം ഷെഡ്യൂൾ ചെയ്യാനുണ്ട്. അത് പൂർത്തിയായാൽ ഇനിയും അനുമതിക്ക് കേരളം തയാറാണ്. ചില സ്വകാര്യകമ്പനികൾ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ അനുമതി ചോദിച്ചതിനും നൽകി.
അബൂദബിയിലെ സംഘടന ചോദിച്ച 40 ചാർേട്ടഡ് വിമാനങ്ങൾക്കും അനുമതി നൽകി. വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരാൻ തൊഴിലുടമകളോ ഗ്രൂപ്പോ സംഘടനകേളാ വിമാനം ചാർട്ടർ ചെയ്യുന്നതിനും തടസ്സമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിദേശ പ്രഫഷനലുകൾക്ക് സന്ദർശനാനുമതി
എൻജിനീയറിങ്, ബിസിനസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിദേശത്തുനിന്നുള്ള വിദഗ്ധർക്ക് ഇന്ത്യ സന്ദർശിക്കാൻ അനുമതി. കോവിഡ് ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് പ്രഫഷനലുകൾക്ക് രാജ്യത്തേക്ക് വരാൻ കേന്ദ്രം അനുമതി നൽകുന്നത്. എന്നാൽ, വരുന്നവർ പുതിയ ബിസിനസ് വിസ അല്ലെങ്കിൽ തൊഴിൽ വിസ എടുക്കണം.
പല തവണ വന്നുപോകാവുന്ന ദീർഘകാല വിസ കൈവശമുള്ളവരും വിദേശകാര്യ ഓഫിസുകളുമായി ബന്ധപ്പെട്ട് രേഖകൾ പുതുക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സോഫ്റ്റ്വെയർ, ഐ.ടി അടക്കം വിദേശകമ്പനികളുടെ ഇന്ത്യൻ യൂനിറ്റുകൾ സന്ദർശിക്കേണ്ടിവരുന്ന പ്രഫഷനലുകൾ, വിദേശ യന്ത്രസാമഗ്രികൾ രാജ്യത്ത് സ്ഥാപിച്ചു നൽകുന്നതിനായി പ്രത്യേക ക്ഷണം സ്വീകരിച്ച് വരുന്ന സാങ്കേതിക വിദഗ്ധർ, ആരോഗ്യമേഖലയിലെ വിദേശ വിദഗ്ധർ തുടങ്ങിയവർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നു
അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ 159 യാത്രക്കാരുമായി കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്ന് ബുധനാഴ്ച്ച വൈകുന്നേരം 6.30ന് പറന്നുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ‘സാങ്കേതികത്വത്തിെൻറ’ പേരില്‍ 36 മണിക്കൂര്‍ വൈകി കോഴിക്കോട്ടേക്ക് തിരിച്ചത്. അതേസമയം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 19 യാത്രക്കാർക്ക് നാട്ടിലേക്ക് തിരിക്കാനായില്ല.
വിമാനത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഉൾപെടുന്നു. യു.എ.ഇയില്‍ കെ.എം.സി.സി നടത്തുന്ന 30 സര്‍വീസുകളില്‍ ആദ്യത്തേതാണിത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലെത്തി ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവർ വിമാനത്തിലുണ്ട്. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർേട്ടഡ് വിമാനമാണിത്.
വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് രണ്ട് മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, രാത്രിയായിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഒമ്പത് മണിയോടെ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.