നാടണഞ്ഞു, ശ്വാസം നേരെ വീണു
text_fieldsഏറെ കാത്തിരിപ്പിനൊടുവിലാണ് അവർ തിരിച്ചെത്തിയത്. ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി അത്. വ്യാഴാഴ്ച രാത്രി കൊച്ചി, കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരിൽ ചിലർ ‘മാധ്യമ’ത്തോട് യാത്രാനുഭവം പങ്കിടുന്നു...
‘ഒരു മാസം വേണമെങ്കിലും ക്വാറൻറീനില്‍ കഴിയാം’
മലപ്പുറം: ‘‘ദുബൈ വിമാനത്താവളത്തിൽനിന്ന് വിമാനം പറക്കുന്നതുവരെ മനസ്സിന് ഒരു സമാധാനവുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ ഇതാ നാട്ടിലെത്തിയിരിക്കുന്നു. ഇനി ഒരാഴ്ചയല്ല ഒരു മാസം വരെ ക്വാറൻറീനില്‍ കഴിയാം.’’ പറയുന്നത് ചേളാരി കാക്കഞ്ചേരിയിലെ മുഹമ്മദ് സാലി. വെള്ളിയാഴ്ച പുലർച്ച 3.30ഓടെയാണ് സാലി അടങ്ങുന്ന 37 പേര് കാളികാവിലെ കോവിഡ് കെയര്‍ സെൻററായ അല്‍സഫ ആശുപത്രിയില്‍ എത്തിയത്. യാത്രയില്‍ കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടായില്ല. സർക്കാർ സംവിധാനങ്ങൾ മികച്ചതായിരുന്നു.
ബര്‍ദുബൈയിലെ ഐ.ടി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാലി ജനുവരിയില്‍ നാട്ടിലെത്തി കുടുംബത്തോടൊപ്പം രണ്ട് മാസത്തോളം ചെലവഴിച്ച് തിരിച്ച് ദുബൈയിലെത്തിയതായിരുന്നു. മാര്‍ച്ച് 11ന് ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതി. അപ്പോഴേക്കും കോവിഡ് ഭീഷണി പടർന്നു. അതോടെ കമ്പനി പിരിച്ചുവിടൽ നോട്ടീസ് നല്കി. ജോലി പോയതോടെ താമസ സൗകര്യവും നഷ്ടമായി. പരിചയക്കാരെൻറ മുറിയിലാണ് പിന്നീട് കഴിഞ്ഞത്.
എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു പിന്നീടുള്ള ചിന്ത. 12 വര്‍ഷം യു.എ.ഇയിലും ആറു വര്‍ഷം ഖത്തറിലും ജോലി ചെയ്തിട്ടുണ്ട് സാലി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. വീടെന്ന സ്വപ്നം മാത്രം പൂര്‍ത്തീകരിച്ചു. ബാങ്ക് വായ്പയും മറ്റ് കടബാധ്യതയുമുണ്ട്. ഭാര്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ക്വാറൻറീൻ കഴിഞ്ഞ് തൽക്കാലം നാട്ടിലൊരു ജോലി നോക്കാമെന്നാണ് സാലിയുടെ പ്രതീക്ഷ.
ആശ്വാസം, വീടെത്തിയല്ലോ
(ഹിമേഷ് കാരാട്ടേൽ)
എടപ്പാൾ: വെള്ളിയാഴ്ച പുലർച്ച 1.30ഓടെ പേരമകളുടെ മക്കളായ അഭിരാമിയുടെയും അഭിനവിെൻറയും കൈപിടിച്ച് ചേളാരിയിലെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് 73കാരിയായ സരോജിനിയുടെ മുഖം ഒന്ന് അയഞ്ഞത്. എടപ്പാൾ പൊറൂക്കര സ്വദേശിയായ സരോജിനിയുടെ ആദ്യ ദുബൈ സന്ദർശനമാണ് ലോക്ഡൗണിൽ കുടുങ്ങിയത്. ജനുവരി അവസാനം പേരമകളുടെ അടുത്തെത്തി. രണ്ടു മാസം അവിടെ ചെലവഴിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര. വിഷുവിന് മുമ്പ് നാട്ടിലെത്തണമെന്ന് കരുതി ഏപ്രിൽ എട്ടിന് റിട്ടേൺ ടിക്കറ്റും എടുത്തു. പക്ഷേ കോവിഡ് എല്ലാം തകിടം മറിച്ചു. പേടിപ്പിക്കുന്ന വാർത്തകൾ വരുേമ്പാൾ നാട്ടിൽനിന്ന് മകളുടെയും ബന്ധുക്കളുടെയും ഫോൺ വിളി പ്രവാഹമായിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തൊന്നും കോവിഡ് സ്ഥിരീകരിക്കാത്തത് മാത്രമായിരുന്നു ഏക ആശ്വാസം.
പ്രായം പരിഗണിച്ച് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് പോകാമെന്ന് അധികൃതർ അറിയിച്ചതോടെയാണ് നെഞ്ചിടിപ്പ് മാറിയത്. പ്രീ പെയ്ഡ് ടാക്സിയിലാണ് പുലർച്ചയോടെ ചേളാരിയിലുള്ള മകളുടെ വീട്ടിലെത്തിയത്.
ഹാവൂ!! ടെൻഷനൊഴിഞ്ഞു
(നഹീമ പൂന്തോട്ടത്തിൽ)
കൊച്ചി: ‘‘നേരേത്ത രണ്ടുതവണ അബോർഷൻ ആയതാണ്. അതുകൊണ്ട് ഇത്തവണ നല്ലോണം സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതാ. ഇതിപ്പോ രണ്ടുമാസം കഴിഞ്ഞു. അബൂദാബീൽ കുടുങ്ങിയിട്ടും രണ്ട് മാസമായി. മുമ്പത്തെ രണ്ട് അനുഭവം ഉള്ളതോണ്ട് സെർവിക്കൽ സ്റ്റിച്ച് െപട്ടെന്ന് ചെയ്യണമെന്നാ ഡോക്ടറുടെ നിർദേശം. ആകെ ടെൻഷനടിച്ചിരിക്കുമ്പോഴാ വിമാനം വരുന്നെന്ന് കേട്ടത്. ഇവിടെ വന്നിറങ്ങിയപ്പഴാ സമാധാനായേ’’ -കൊച്ചിയിൽ വിമാനമിറങ്ങി കളമശ്ശേരി എസ്.സി.എം.എസ് ഹോസ്റ്റലിലെ ക്വാറൻറീൻ മുറിയിലിരുന്ന് അനുഭവം പറയുമ്പോൾ കണ്ണൂർ എളയാവൂർ സ്വദേശി ഹെന്ന ജമീലിെൻറ സ്വരത്തിൽ നാട്ടിലെത്തിയതിെൻറ ആശ്വാസം ഏറെയായിരുന്നു.
കണ്ണൂരിലേക്ക് 12ന് വിമാനമുണ്ടെങ്കിലും അതുവരെ കാത്തിരിക്കാനാവില്ല. അതുകൊണ്ടാണ് ആദ്യവിമാനത്തിൽ പുറപ്പെട്ടത്. അബൂദബിയിൽ സ്റ്റോർ കീപ്പറായ ഭർത്താവ് കണ്ണൂർ കാഞ്ഞിരോട് തലമുണ്ട റോഡ് സ്വദേശി റിയാസിെൻറ അടുത്തേക്ക് സന്ദർശകവിസയിൽ പോയതാണ് ഈ 20കാരി. അബൂദബിയിൽ ചികിത്സക്കുള്ള െചലവ് താങ്ങാനാവില്ല. മാത്രവുമല്ല ഗർഭം അലസൽ ഒഴിവാക്കാനുള്ള സെർവിക്കൽ സ്റ്റിച്ച് ചെയ്തുകഴിഞ്ഞാൽ പിന്നെ ഏറെനാൾ വിശ്രമവും വേണ്ടിവരും. അതുകൊണ്ടാണ് ഏറെ പണിപ്പെട്ട് റിയാസും ഹെന്നയും ആദ്യവിമാനത്തിൽതന്നെ സീറ്റുറപ്പിച്ചത്.
എന്നാൽ, കൊച്ചിയിൽ ക്വാറൻറീനിൽ തങ്ങേണ്ടിവരുമെന്ന് ഇരുവരും പ്രതീക്ഷിച്ചില്ല. വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് ടാക്സി ഉണ്ടാവുമെന്നാണ് അറിയിച്ചത്. ഇറങ്ങിയപ്പോൾ ഇല്ലെന്ന് അറിഞ്ഞു. ഇതേതുടർന്ന് ഒരു ദിവസം തൽക്കാലത്തേക്ക് എസ്.സി.എം.എസ് ഹോസ്റ്റലിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഡോ. എം.കെ.മുനീർ എം.എൽ.എ വ്യാഴാഴ്ച രാത്രി തന്നെ േഫാണിലൂടെയും മറ്റും ബന്ധപ്പെട്ട് സൗകര്യം ഒരുക്കിയിരുന്നു. വെള്ളിയാഴ്ച തന്നെ മടങ്ങാനുള്ള ശ്രമം രാത്രിയോടെ ഫലം കണ്ടു. മൂനീറിെൻറ ഇടപെടലിലാണ് നോമ്പുതുറക്ക് ശേഷം ആംബുലൻസിൽ കണ്ണൂരിലേക്ക് തിരിക്കാനായതും.
യാത്ര, വിമാനത്താവളം, ക്വാറൻറീൻ ഹോസ്റ്റൽ എന്നിവിടങ്ങളിലെ സൗകര്യങ്ങളെപ്പറ്റി ഇരുവർക്കും നല്ലതേ പറയാനുള്ളു.
750 കി. മീ.; മറക്കാനാവാത്ത ഓട്ടം
കോട്ടയം: അനിശ്ചിതത്വവും ആശങ്കകളും നിറഞ്ഞ 750 കി.മീ. പിന്നിട്ട് ചെന്നൈയിൽനിന്ന് സൈജുവിെൻറ മാരുതി-800 ഓടിയെത്തിയത് വീടിെൻറ സ്നേഹത്തണലിലേക്ക്. മറക്കാനാവാത്ത, 18 മണിക്കൂർ നീണ്ട യാത്രയുടെ ഓർമകളിലാണ് ഫർണിച്ചർ ബിസിനസുകാരനായ സൈജുവും ഭാര്യ ഷീനയും .
മാർച്ച് രണ്ടിനാണ് സംക്രാന്തി സ്വദേശി സൈജു റഷീദും ഷീനയും രണ്ട് കുട്ടികളുമായി ട്രെയിനിൽ ചെന്നൈയിെല സഹോദരെൻറ അടുത്തെത്തിയത്. 17ന് തിരിച്ചുവരാനായിരുന്നു തീരുമാനം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ശരിക്കും കുടുങ്ങി. പത്തുമാസവും എട്ടുവയസ്സുമുള്ള രണ്ട് കുട്ടികളെയുംകൊണ്ട് അവിടെ നിൽക്കാനാവില്ലെന്ന് തോന്നിയപ്പോഴാണ് മടങ്ങാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച പുലർച്ച നാലിന് സഹോദരെൻറ മാരുതി- 800 കാറിൽ യാത്ര പുറപ്പെട്ടു. വൈകീട്ട് 5.30ന് കുമളി ചെക്പോസ്റ്റിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് സൈജു പറയുന്നു. തമിഴ്നാട്ടിലെവിടെയും സ്ത്രീകൾക്കോ കുട്ടികൾക്കോ ഇറങ്ങിനിൽക്കാനോ ടോയ്ലറ്റിൽ പോകാനോ ഇടമുണ്ടായിരുന്നില്ല. കുമളിയിലെത്തിയപ്പോൾ കൃത്യമായ നിർദേശങ്ങളുമായി ഉദ്യോഗസ്ഥർ കൂടെ. ആറു ഘട്ടങ്ങളിലെ പരിശോധന കഴിഞ്ഞാണ് ക്ലിയറൻസ് ലഭിച്ചത്. രാത്രി പത്തുമണിയോടെ സംക്രാന്തിയിലെത്തി. മാതാപിതാക്കൾ അവശ്യസാധനങ്ങളെല്ലാം ഒരുക്കിവെച്ച് സൈജുവിനും കുടുംബത്തിനുമായി വീടൊഴിഞ്ഞിരുന്നു. ഇനി 28 ദിവസം കരുതലിലേക്ക്.
കരഞ്ഞണഞ്ഞു, അമ്മതൻ മടിത്തട്ടിൽ
കോട്ടയം: ‘‘വീട്ടിൽ അമ്മയുടെ അരികിലെത്തിയ ആശ്വാസം പറഞ്ഞറിയിക്കാനാവുന്നില്ല. എന്നും അമ്മയെ വിളിച്ച് ദുബൈയിലേക്ക് വരാൻ പറഞ്ഞ് കരയുകയായിരുന്നു പതിവ്. മേയ് പത്ത് കഴിഞ്ഞാൽ യാത്രക്ക് ഡോക്ടർമാർ അനുവാദം തരില്ല. അതിനുമുമ്പ് വരാൻ കഴിഞ്ഞില്ലെങ്കിൽ പ്രസവസമയം സഹായത്തിനാരുമില്ലാതെ ഒറ്റപ്പെട്ടുപോയേനെ’’ -ടാനിയയുടെ വാക്കുകളിൽ ആശ്വാസം, സന്തോഷം.
എട്ടുമാസം ഗർഭിണിയായ ടാനിയ സാറ അലക്സാണ്ടർ വ്യാഴാഴ്ച കരിപ്പൂരിലാണ് വിമാനം ഇറങ്ങിയത്. കോട്ടയം മഴുക്കാട്ട് വീട്ടിൽ അലക്സാണ്ടറിെൻറയും ബേക്കർ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ലില്ലി അലക്സാണ്ടറിെൻറയും മകളാണ്. ഭർത്താവ് നിജോ സാമുവൽ വർഗീസിനൊപ്പം ദുബൈയിലായിരുന്നു. മാർച്ച് 20ന് ഇരുവരും മടങ്ങാനിരിക്കുേമ്പാഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതും വിമാനസർവിസ് നിർത്തിയതും. എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്യുേമ്പാഴും ആദ്യവിമാനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ടാനിയയുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കോട്ടയത്തുനിന്ന് ആംബുലൻസ് അയച്ചു. വെള്ളിയാഴ്ച രാവിലെ 10.45 നാണ് വീട്ടിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.