വേനൽച്ചൂടിനെ നേരിടാൻ തയാറെടുക്കാം
text_fieldsവേനൽക്കാലത്തിെൻറ ആരംഭത്തിൽതന്നെ കേരളം കടുത്ത വരൾച്ചയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. രാത്രിയും പകലും ഒരുപോലെ ചുട്ടുപൊള്ളുന്നു. ജലാശയങ്ങൾ വറ്റിവരളുന്നു. പല ജില്ലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വേനൽമഴ ലഭിച്ചില്ലെങ്കിൽ കൊടിയ ദുരിതകാലമായിരിക്കും സംസ്ഥാനത്തെ കാത്തിരിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് കേരളം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത ഉഷ്ണം അനുഭവിക്കുന്ന പ്രദേശമായി നമ്മുടെ നാട് മാറിയിരിക്കുന്നു. 2016ൽ ഇൗ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും കടുത്ത വേനൽച്ചൂടാണ് കേരളം അനുഭവിച്ചത്. നഗരവത്കരണം, വ്യാപകമായ വൃക്ഷ നശീകരണം, ഇടിച്ചുനിരത്തിയ കുന്നുകൾ, മണ്ണിട്ട് മൂടിയ ജലാശയങ്ങളും നീർച്ചോലകളും എന്നിവയൊക്കെ കാലാവസ്ഥ വ്യതിയാനങ്ങൾക്കും കൊടുംചൂടിനും കാരണമായിട്ടുണ്ട്. പൊള്ളുന്ന വെയിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും വിളനാശത്തിനും കാരണമാകുന്നതോടൊപ്പംതന്നെ പുതിയ പകർച്ചവ്യാധികൾക്കും അതിഗുരുതരമായ സൂര്യാതപം പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കാം.
പ്രശ്നസാധ്യത കൂടിയവർ
ചൂടിെൻറ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത് വയോജനങ്ങൾ, കുട്ടികൾ, ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്നമുള്ളവർ, ദീർഘകാല രോഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയാണ്. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന നിർമാണത്തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, റോഡ് പണിക്കാർ തുടങ്ങിയവർക്കും കനത്ത വേനൽച്ചൂടിെൻറ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അമിത ചൂടിനെ തുടർന്ന് ഉണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം ക്ഷീണവും തളർച്ചയുമാണ്. നിർജലീകരണവും അതോടൊപ്പമുള്ള ലവണ നഷ്ടവുമാണ് ക്ഷീണമുണ്ടാക്കുന്നത്. സൂര്യാതപത്തെ തുടർന്ന് ചർമത്തിലും പല അസ്വസ്ഥതകളുണ്ടാകാം. ചർമത്തിന് ചുവപ്പ് നിറം ഉണ്ടാകുക, വേദന, പുകച്ചിൽ, നീര്, കുമിളകൾ ഉണ്ടാകുക തുടങ്ങിയവയൊക്കെ സൂര്യാതപമേറ്റതിെൻറ ലക്ഷണങ്ങളാണ്. ചൂടിനെ തുടർന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുകയും എന്നാൽ, ലവണങ്ങളുടെ കുറവ് നികത്താതിരിക്കുകയും ചെയ്യുേമ്പാൾ കൈകാലുകളിലെ പേശികൾ കോച്ചിവലിച്ച് അമിതവേദന ഉണ്ടാകാൻ ഇടയുണ്ട്. ഹീറ്റ് ക്രാംപ്സ് എന്ന ഇൗ പ്രശ്നം നിർമാണ തൊഴിലാളികളിലും കായികപരിശീലനം നടത്തുന്നവരിലും അടച്ചിട്ട വാഹനങ്ങളിൽ ഏറെനേരം ഇരിക്കേണ്ടി വരുന്നവരിലും സാധാരണയാണ്.
എന്താണ് സൂര്യാതപം?
കൊടുംവേനലിൽ ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ അത്യാഹിതമാണ് സൂര്യാതപം. ഒരുകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഇൗ പ്രശ്നം വേനൽ കനത്തതോടെ കേരളത്തിലും റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. കഠിനമായ ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുേമ്പാൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നതാണ് സൂര്യാതപത്തിന് കാരണം. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുേമ്പാഴാണ് ഹൃദയം, കരൾ, തലച്ചോർ, വൃക്കകൾ, ശ്വാസകോശം എന്നീ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നത്. സൂര്യാതപം മൂലമുള്ള മരണകാരണവും ഇതുതന്നെയാണ്.
കൊടുംവെയിലത്ത് ബോധരഹിതനായി തൊലിയെല്ലാം കരിവാളിച്ച് ഒരാൾ കിടക്കുകയാണെങ്കിൽ സൂര്യാതപമെന്ന് സംശയിക്കാം. തലച്ചോറിെൻറ പ്രവർത്തന മാന്ദ്യമാണ് സൂര്യാതപത്തിെൻറ പ്രധാന ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയ അസ്വസ്ഥതകളിൽ ആരംഭിച്ച് പിന്നീട് ഗാഢമായ അബോധാവസ്ഥക്കും അപസ്മാര ചേഷ്ടകൾക്കും കാരണമാകാം. വൃദ്ധജനങ്ങളിൽ താപാഘാതത്തെ തുടർന്ന് ചർമം ഉണങ്ങി വരണ്ടിരിക്കും. എന്നാൽ, തുറസ്സായ സ്ഥലങ്ങളിൽ അത്യധ്വാനത്തെ തുടർന്ന് സൂര്യാതപം ഉണ്ടായവരിൽ ശരീരം വിയർത്ത് നനഞ്ഞിരിക്കും. സൂര്യാതപമേറ്റ വ്യക്തിക്ക് ഉടൻ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണസാധ്യത 60^75 ശതമാനം വരെയാകാം.
സൂര്യാതപത്തിൽനിന്ന് രക്ഷെപ്പട്ടവർക്കുപോലും പിന്നീട് ഒാർമക്കുറവ്, നാഡിഞരമ്പുകളുടെ തളർച്ച, വൃക്കതകരാറുകൾ എന്നിവ ഉണ്ടാകാനിടയുണ്ട്. സൂര്യാതപമേറ്റ വ്യക്തിയെ ഉടൻതന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റണം. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ദേഹം തണുത്ത വെള്ളംകൊണ്ട് തുടർച്ചയായി തുടക്കണം. വെള്ളത്തിൽ മുക്കിയ കട്ടിയുള്ള കോട്ടൺ ഷീറ്റുകൊണ്ട് ദേഹം പൊതിയാവുന്നതാണ്. െഎസ് കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നതും ശരീര താപനില കുറക്കാൻ സഹായിക്കും. ശക്തിയായി വീശുകയും ഫാൻകൊണ്ട് ശരീരം തണുപ്പിക്കുകയും ചെയ്യാവുന്നതാണ്. കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത് രക്തക്കുഴലുകൾ വികസിക്കാനും താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കും. സൂര്യാതപമേറ്റയാളെ എത്രയുംവേഗം ആംബുലൻസിൽ തീവ്രപരിചരണ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കണം.
ആശുപത്രികൾ സുസജ്ജമാകണം
ഹൃദയാഘാതം പോലെയും സ്ട്രോക്ക് പോലെയും അടിയന്തര തീവ്രപരിചരണം ലഭ്യമാക്കേണ്ട അത്യാഹിതമാണ് സൂര്യാതപം പോലെയുള്ള അമിത ചൂടിെൻറ പ്രശ്നങ്ങൾ. താലൂക്കുതലം മുതലുള്ള ആശുപത്രികളിൽ സൂര്യാതപമേറ്റവർക്ക് ആവശ്യമായ തീവ്രപരിചരണം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. പെെട്ടന്ന് ശരീരം തണുപ്പിക്കാൻ ആവശ്യമായ െഎസ് ടബ്ബുകൾ, െഎസ് പാക്ക്, കൂളിങ് ബ്ലാങ്കറ്റുകൾ എന്നിവ ലഭ്യമാക്കണം. രോഗിക്ക് ആവശ്യമായി വരാവുന്ന െഎ.വി ഫ്ലൂയിഡ്, മരുന്നുകൾ, രക്തഘടകങ്ങളായ പ്ലേറ്റ്ലറ്റുകൾ, പ്ലാസ്മ എന്നിവയൊക്കെ സംഭരിച്ചുവെക്കേണ്ടതുണ്ട്. നമുക്ക് ഇപ്പോഴും താരതമ്യേന അപരിചിതമാണ് സൂര്യാതപം പോലെയുള്ള ചൂടിെൻറ പ്രശ്നങ്ങൾ.
പൊതുജനങ്ങൾക്കും നിർമാണ തൊഴിലാളികൾക്കും കാർഷിക മേഖലയിലുള്ളവർക്കും സൂര്യാതപത്തെക്കുറിച്ചും നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ആവശ്യമായ അവബോ
ധം നൽകണം. ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും സൂര്യാതപത്തിെൻറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രായോഗിക പരിശീലനം നൽകണം.
വേനൽച്ചൂടിനെ നേരിടാം
- ദിവസവും രണ്ട് ലിറ്റർ വെള്ളെമങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കണം.
- പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മാംസാഹാരം മിതമാക്കണം.
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള വെയിൽ നേരിട്ട് ഏൽക്കാതിരിക്കുക. വെയിലത്ത് ഇറങ്ങുേമ്പാൾ കുട ഉപയോഗിക്കണം.
- നട്ടുച്ച നേരത്തുള്ള ജാഥകൾ, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കണം.
- കാർ വെയിലത്ത് പാർക്ക് ചെയ്ത് ഗ്ലാസുമിട്ട് അതിനുള്ളിൽ ഇരിക്കരുത്. കുട്ടികളെയും പ്രായമേറിയവരെയും കാറിലിരുത്തി പുറത്ത് പോകരുത്.
- നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്.
- പ്രായമേറിയവർ, കുട്ടികൾ, മറ്റു ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം.
(കൊല്ലം ഗവ. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.