അക്രമകാലത്ത് നിഷ്പക്ഷമാകരുത്
text_fieldsഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനുമെതിരെ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രത്യക്ഷത്തിൽ അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിനെ ഓർമിപ്പിക്കുന്ന ഒന്നാണ്. എന്നാൽ, രണ്ടും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. സെൻസർമാർ ഇൻഫർമേഷൻ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. അവർ പത്രപ്രവർത്തകരായി അൽപകാലമെങ്കിലും ജോലിചെയ്തവരോ ചെയ്യാനുള്ള യോഗ്യത നേടിയവരോ ആയിരുന്നു. ചാനലുകൾക്കെതിരെ സർക്കാർ ഉപയോഗിക്കുന്ന നിയമം നടപ്പാക്കാനുള്ള അധികാരം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പത്രപ്രവർത്തനത്തെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. എങ്കിലും, നമ്മുടെ സംവിധാനത്തിൽ പ്രധാനമന്ത്രിയും പ്രസിഡൻറും പോലും വിമർശനത്തിന് അതീതരല്ലെന്ന് അവർ അറിയേണ്ടതാണ്. ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിച്ചതിനാണ് നടപടിയെന്ന് പ്രഖ്യാപിക്കുകവഴി അധികാരം ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലല്ല, അതിെൻറ പിന്നിലെ ചാലകശക്തിയായ ആർ.എസ്.എസിൽ നിക്ഷിപ്തമായിരിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ ചാനലുകളുടെ ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടുകൾ ഒരു വിഭാഗത്തിന് അനുകൂലമായിരുന്നു എന്നതാണ് നടപടിയെ ന്യായീകരിക്കാൻ സർക്കാർ പറയുന്ന മറ്റൊരു കാരണം. മാധ്യമങ്ങൾക്ക് നിഷ്പക്ഷത പാലിക്കാൻ ബാധ്യതയുണ്ടെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. വിവരങ്ങൾ ശേഖരിച്ചു വിതരണം ചെയ്യുന്ന ജോലി മാത്രമല്ല മാധ്യമങ്ങൾ ചെയ്യുന്നത്. പൊതുജനാഭിപ്രായം സ്വരൂപിക്കുകയെന്ന ദൗത്യവും അവർ നിറവേറ്റുന്നുണ്ട്. ആ ദൗത്യം അവർ ഭംഗിയായി നിർവഹിച്ചതിെൻറ ഫലമായി സമൂഹത്തിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ചില ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷംപിടിക്കാതെ ആ കർത്തവ്യം നിർവഹിക്കാനാവില്ല. അതേസമയം, വസ്തുതകളെ മാനിക്കാനുള്ള ചുമതല അവർക്ക് എപ്പോഴുമുണ്ട്.
വിലക്കിെൻറ അടിസ്ഥാനലക്ഷ്യം ഏകപക്ഷീയ ആക്രമണത്തിനു സംഘട്ടനത്തിെൻറ സ്വഭാവം നൽകാനാവണം. ചാനലുകൾക്കെതിരായ നടപടി ഡൽഹിയിൽ നടന്ന ഏകപക്ഷീയ ആക്രമണം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമായിരുന്നെന്നു വരുത്തിത്തീർക്കാനായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതൊരു കൂട്ടക്കൊലയായിരുന്നു. ഭരണകക്ഷി നേതാക്കൾ സർക്കാർ നയത്തെ എതിർക്കുന്നവരെ വെടിവെച്ചുകൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നാം കണ്ടത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് ന്യായമായും അനുമാനിക്കാം. അത്തരം അക്രമത്തിനു മുന്നിൽ നിഷ്പക്ഷത പാലിക്കുന്നവർ ആക്രമികളെ സഹായിക്കുകയാണ് ചെയ്യുന്നത്. എല്ലാവിധ അഭിപ്രായവ്യത്യാസങ്ങളും അവഗണിച്ച് ഇരകൾക്കൊപ്പം നിൽക്കുകയാണ് അത്തരം സന്ദർഭങ്ങളിൽ മാനവികതക്ക് വില കൽപിക്കുന്ന ഏതു മാധ്യമവും മാധ്യമപ്രവർത്തകനും ചെയ്യേണ്ടത്.
ഒരു ചാനൽ ബി.ജെ.പി എം.പിയായ രാജീവ് ചന്ദ്രശേഖറിെൻറ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതായതുകൊണ്ടാകണം വിലക്ക് 12 മണിക്കൂറിൽ പിൻ വലിച്ചത്. മാപ്പെഴുതി വാങ്ങിയ ശേഷമാണ് ആ ചാനലിെൻറ വിലക്ക് നീക്കിയതെന്ന് പറയപ്പെടുന്നു. തുടർന്ന്, മാപ്പ് കൂടാതെ തന്നെ, മീഡിയവണിനെതിരായ നടപടിയും പിൻവലിച്ചത് വിവരം കോടതിയിലെത്തുമ്പോൾ നിലനിൽക്കില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകണം. പൗരത്വപ്പട്ടികക്കെതിരായ ജനവികാരം മറികടക്കാൻ കഴിയാത്ത സർക്കാർ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനൊപ്പം തങ്ങൾക്ക് സഹായകമല്ലാത്ത നിലപാടുകളെടുക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടികളെടുക്കാൻ ഇനിയും മുതിർന്നേക്കും. അതിനെ എതിർത്തു തോൽപിക്കാൻ മാധ്യമങ്ങൾക്കും ജനങ്ങൾക്കുമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.