കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം; ഇ.ഡിക്ക് ഇത്രയേറെ അധികാരമുണ്ടോ?
text_fieldsകള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഏതാണ്ടെല്ലാ ദിവസവും പത്രങ്ങളുടെ തലക്കെട്ടാണ്. എന്താണ് ഈ നിയമം? എങ്ങനെയാണ് അത് ദുരുപയോഗം ചെയ്യപ്പെടുന്നത് തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ട്.
1998 ജൂണിലെ യു.എൻ പൊതുസമ്മേളനത്തിലുണ്ടായ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി അംഗരാഷ്ട്രങ്ങളെല്ലാം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം രൂപവത്കരിക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് 2002ൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ഇന്ത്യയിലുണ്ടായത്.
നിയമപ്രകാരം അന്വേഷണ അധികാരം ഇ.ഡിക്കാണ്. എന്നാൽ, കള്ളപ്പണമിടപാട് നടന്നുവെന്ന അറിവിന്റെ അടിസ്ഥാനത്തിൽ നേരിട്ട് നടപടിയെടുക്കാൻ ഇ.ഡിക്ക് അധികാരമില്ല.
ഇന്ത്യൻ ശിക്ഷാ നിയമം, നാർക്കോട്ടിക് നിയമം, സ്ഫോടകവസ്തു നിയമം, യു.എ.പി.എ, ആയുധ നിയമം, വന്യജീവി സംരക്ഷണ നിയമം, അഴിമതി നിരോധന നിയമം, കസ്റ്റംസ് നിയമം, വിവരസാങ്കേതിക നിയമം, പരിസ്ഥിതി നിയമങ്ങൾ, കമ്പനി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റം ആരോപിച്ച് സംസ്ഥാന പൊലീസോ സി.ബി.ഐയോ എൻ.ഐ.എയോ എക്സൈസ്- ഫോറസ്റ്റ്-കസ്റ്റംസ് അധികൃതരോ ഇതര പ്രത്യേക അന്വേഷണ ഏജൻസികളോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനേ ഇ.ഡിക്ക് അധികാരമുള്ളൂ.
മേൽ പറഞ്ഞതുപോലുള്ള കുറ്റകൃത്യം മുഖേന ലഭിച്ച പണമോ സമ്പത്തോ നേരിട്ടോ അല്ലാതെയോ കൈവശം വെക്കലും ഒളിപ്പിച്ച് വെക്കലും ആ സമ്പത്തുപയോഗിച്ച് സ്വന്തമാക്കിയ സ്വത്തുക്കൾ കളങ്കരഹിതമാണെന്ന് അവകാശപ്പെടുന്നതുമൊക്കെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാവുന്നത്.
ഉദാഹരണത്തിന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 പ്രകാരം വഞ്ചനക്കുറ്റം ആരോപിച്ച് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ വഞ്ചന നടത്തിയതിനെക്കുറിച്ചല്ല അതുമുഖേന സമ്പാദിച്ച സ്വത്തുക്കൾ ആര് കൈവശം വെക്കുന്നു, ആര് ഒളിപ്പിച്ച് വെക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. അഴിമതിക്കേസുകളിലുൾപ്പെടെ ഇ.ഡിയുടെ അന്വേഷണ രൂപം ഇതാണ്. അങ്ങനെ നോക്കുമ്പോൾ ഇ.ഡിക്ക് വളരെ പരിമിതമായ അധികാരമേയുള്ളു എന്ന് തോന്നും. അതായത്, ഇ.ഡിക്ക് നേരിട്ട് കേസെടുക്കാനുള്ള അധികാരമില്ല.
അമിതാധികാരം വരുന്ന വഴി
എവിടെയാണ് ഇ.ഡിയുടെ അമിതാധികാരം നിലനിൽക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ഒന്നാമതായി പ്രത്യേക വിഭാഗം അന്വേഷണ ഏജൻസികൾക്ക് പ്രത്യേക കേസുകൾ അന്വേഷിക്കാനാണ് നിയമം അനുവാദം നൽകിയിരിക്കുന്നത്.
ഉദാഹരണത്തിന് അഴിമതിക്കേസുകളെ സംബന്ധിച്ച് വിജിലൻസ് അല്ലെങ്കിൽ സി.ബി.ഐ, മയക്കുമരുന്ന് കേസുകളെ സംബന്ധിച്ച് എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, രാജ്യ സുരക്ഷാ കേസുകളെ സംബന്ധിച്ച് എൻ.ഐ.എ, ഇന്ത്യൻ ശിക്ഷാ നിയമത്തെ സംബന്ധിച്ച് സംസ്ഥാന പൊലീസ്... എന്നിങ്ങനെ.
എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം മേൽ പറഞ്ഞ എല്ലാ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളിലും ഇ.ഡിയുടെ ഇടപെടലിന് സാധ്യതയുണ്ട്. അതിനുള്ള ഏക നിബന്ധന ആ കുറ്റകൃത്യം 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഷെഡ്യൂളിൽ ഉണ്ടായിരിക്കണം എന്നതാണ്.
2022 ജൂലൈ 27ന് വിജയ് മദൻലാൽ ചൗധരി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമം ഇ.ഡിക്ക് നൽകിയ അമിതാധികാരത്തെക്കുറിച്ചും അതുമൂലം ഉണ്ടായേക്കാവുന്ന ദോഷപരിണിത ഫലത്തെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇ.ഡിയുടെ
അധികാരങ്ങളെ സ്ഥിരീകരിച്ചുകൊണ്ടുള്ള വിജയ് മദൻലാൽ ചൗധരി കേസിന്റെ വിധിയുടെ മേൽ പുനഃപരിശോധന നടത്താൻ സുപ്രീംകോടതിയിൽ ഹരജി നിലനിൽക്കുന്ന സാഹചര്യത്തിൽ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരം ഒരു ഇ.സി.ഐ.ആർ (ഇക്കണോമിക് ക്രൈം ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഇ.ഡിക്ക് രണ്ടുതരം അധികാരമുണ്ട്. കുറ്റക്കാർക്കെതിരെ പ്രത്യേക കോടതിയിൽ പരാതി നൽകി 10 വർഷം വരെ കഠിനതടവ് വാങ്ങിക്കൊടുക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടത്താനും കുറ്റകൃത്യത്തിൽനിന്ന് സമ്പാദിച്ച സ്വത്തുവഹകൾ കണ്ടുകെട്ടാനുമുള്ള അധികാരങ്ങൾ.
ഇത്തരം കേസുകളിൽ മേൽപറഞ്ഞ തരത്തിലുള്ള അധികാരങ്ങൾ കൊടുക്കുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളുടെമേലും കുറ്റാരോപിതരുടെമേലും കടുത്ത സമ്മർദം ഉണ്ടാക്കിയേക്കാവുന്ന വകുപ്പുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽതന്നെ നിലനിൽക്കുന്നുണ്ട്. അതിലൂടെ ലഭിക്കുന്ന അമിതാധികാരം ഇ.ഡി ഓഫിസർമാരുടെ താൽപര്യവും നിർദേശവും മറികടന്ന് മൊഴികൊടുക്കാൻ സാധിക്കാത്ത സാഹചര്യം സാക്ഷികൾക്കും കുറ്റാരോപിതർക്കും ഉണ്ടാക്കുന്നു.
സത്യം എന്തായിരുന്നാലും ഇ.ഡി ഉദ്യോഗസ്ഥന്റെ ബോധ്യം അതല്ല എങ്കിൽ അതിനു വിരുദ്ധമായി പറയാൻ സാധിക്കില്ല എന്നുവന്നാൽ അന്വേഷണത്തിലും വിചാരണയിലും ഉണ്ടാകാൻ ഇടയുള്ള തെറ്റുകൾ ചിലപ്പോഴെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടാൻ കാരണമായേക്കാം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 45 പ്രകാരം ഒരാളെ പ്രതി ചേർത്താൽ അയാൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ ആ പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് ന്യായമായ കാരണങ്ങളാൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ബോധ്യമുണ്ടാകണം.
സാധാരണ ഗതിയിൽ ഒരു കൊലപാതകക്കേസിൽ പോലും കുറ്റാരോപിതരുടെ ജാമ്യാപേക്ഷ കേൾക്കുമ്പോൾ പരിഗണിക്കപ്പെടുന്നത് അന്വേഷണത്തിൽ പ്രതിയുടെ കസ്റ്റഡി ഇനിയും ആവശ്യമുണ്ടോ, പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെത്തേണ്ട തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ചുകഴിഞ്ഞോ, പ്രതി സാക്ഷികളെ സ്വാധീനിക്കുമോ, തെളിവുകൾ നശിപ്പിക്കുമോ, പുറത്തിറങ്ങിയാൽ ഇത്തരം കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചേക്കുമോ, പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ്.
അവ പരിഗണിച്ച് പ്രതിക്ക് ജാമ്യം നൽകാൻ കോടതികൾക്ക് അധികാരമുണ്ട്. അതായത്, പരിഗണനയിൽ ഇരിക്കുന്ന കേസിലെ കുറ്റകൃത്യം പ്രതി ചെയ്തിട്ടില്ല എന്ന് ന്യായമായ കാരണങ്ങളുടെ മേൽ ബോധ്യപ്പെടേണ്ട ആവശ്യം അത്തരം കേസുകളിൽ കോടതികൾക്കില്ല.
ഇവിടെ കാണുന്ന പ്രശ്നം ജാമ്യം കൊടുക്കുമ്പോൾതന്നെ ഈ പ്രതി കുറ്റകൃത്യം ചെയ്തിട്ടില്ല എന്ന് ഇ.ഡി കേസിൽ കോടതിക്ക് ന്യായമായ കാരണങ്ങളാൽ ബോധ്യപ്പെട്ടു എന്ന് പറഞ്ഞാൽ അതിനർഥം വിചാരണ കഴിഞ്ഞാലും പ്രതി ശിക്ഷിക്കപ്പെടാനുള്ള സാധ്യത വിരളമാണ് എന്ന ബോധ്യമാണ് കോടതിക്ക് ഉണ്ടാകുന്നത്.
ഇത് ഒരു കടുത്ത നിബന്ധനയാണ് എന്നതുകൊണ്ടുതന്നെ ജാമ്യസാധ്യത വളരെ വിരളമാണ്. പ്രതിയാക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള പൂർണ അധികാരം മൊഴി രേഖപ്പെടുത്തുന്ന ഇ.ഡി ഉദ്യോഗസ്ഥർക്കാണുതാനും.
അടുത്ത പ്രശ്നം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 24 ആണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 3, 4 വകുപ്പുകളിൽ പ്രതിയായി വിചാരണക്കായി കോടതിയിൽ ഒരാളെ കൊണ്ടുവന്നാൽ താൻ കുറ്റകൃത്യം ചെയ്തിട്ടില്ല എന്ന് തെളിവുകൾ ഹാജരാക്കി അയാൾ തെളിയിക്കേണ്ടിവരും.
സാധാരണ ഗതിയിൽ കൊലപാതകം ഉൾപ്പെടെയുള്ള മറ്റു കേസുകളിൽ അന്വേഷണ ഏജൻസികൾ പ്രോസിക്യൂട്ട് ചെയ്യുമ്പോൾ ആ പ്രതി കൊലപാതകം നടത്തിയെന്ന് സംശയത്തിന് അതീതമായി തെളിയിക്കാനുള്ള എല്ലാ തെളിവുകളും പൊലീസ് അല്ലെങ്കിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അത്തരം തെളിവുകളിലോ മൊഴികളിലോ ഉണ്ടായേക്കാവുന്ന ചെറിയ അപാകതകൾപോലും പ്രതിക്ക് അനുകൂലമായേക്കാം.
അതായത്, ഇ.ഡിക്കുമുന്നിൽ മൊഴി പറയാൻ പോകുന്ന ഏതൊരാളെയും സംബന്ധിച്ച് അയാൾ പ്രതിയായാൽ ശിക്ഷിക്കപ്പെടുമെന്ന ഭീതി ഉണ്ടായിരിക്കും. പ്രതിയാക്കണമോ പ്രോസിക്യൂട്ട് ചെയ്യണമോ എന്ന് തീരുമാനിക്കുന്നത് ഇ.ഡി ഉദ്യോഗസ്ഥരാണ്.
ഇ.ഡി ഉദ്യോഗസ്ഥർക്ക് മൊഴിയെടുക്കാൻ അധികാരം നൽകുന്ന വകുപ്പ് 50 പ്രകാരം ആ മൊഴി ജുഡീഷ്യൽ മൊഴിയായി കണക്കാക്കപ്പെടുന്നു. തെറ്റായി മൊഴി നൽകിയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 193, 228 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാം. അതായത് ഇ.ഡിയുടെ മുമ്പാകെ മൊഴി നൽകിക്കഴിഞ്ഞാൽ പിന്നീട് കോടതിയിൽ മാറ്റിപ്പറയാൻ സാധിക്കില്ല.
അങ്ങനെ മൊഴി കൊടുക്കാൻ എത്തുന്ന ഒരു വ്യക്തി വകുപ്പ് 45 പ്രകാരം പ്രതിയായാൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്ന ബോധ്യത്തോടെയും വകുപ്പ് 24 പ്രകാരം ശിക്ഷിക്കപ്പെടും എന്ന ഉറപ്പോടെയുമാണ് ഇ.ഡിയുടെ മുന്നിലെത്തുന്നത്.
ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമുള്ള മൊഴിയല്ല നൽകുന്നതെങ്കിൽ പ്രതിയാക്കപ്പെടുമെന്ന ഒരു വാക്ക് കേട്ടുകഴിഞ്ഞാൽ വകുപ്പ് 45നെക്കുറിച്ചും വകുപ്പ് 24നെ ക്കുറിച്ചും ബോധ്യമുള്ള ഒരാൾ ഇ.ഡി ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാൻ സാധ്യതയില്ല. ഈ സാഹചര്യമാണ് ഇതിലെ അപകടവും. ഈ അപകടമാണ് വിജയ് മദൻലാൽ ചൗധരി കേസ് പുനഃപരിശോധന നടത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനവും.
പ്രതിപക്ഷ നേതാക്കൾ മാത്രമല്ല പ്രതികൾ
ഇ.ഡി ഇതുവരെ എടുത്ത കേസുകളിൽ 10 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാർക്ക് എതിരെയുള്ളത്. ബാക്കി സാധാരണക്കാരായ കച്ചവടക്കാർക്കും വ്യവസായികൾക്കും വ്യക്തികൾക്കും എതിരായ കേസുകളാണ്.
അതിൽത്തന്നെ ചിലതൊക്കെ അന്വേഷണ ഏജൻസികൾ ചമച്ച കേസുകളും ആയേക്കാം. ആരുടെയെങ്കിലുമൊക്കെ പ്രേരണ കൊണ്ട് പൊലീസോ എക്സൈസോ കസ്റ്റംസോ എൻ.ഐ.എയോ ഫോറസ്റ്റ് ഉദ്യോഗസ്ഥരോ കള്ളക്കേസിൽ ഒരാളെ അകപ്പെടുത്തിയാൽ അവർക്കും ഇതേ സാഹചര്യം തന്നെ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.