പിന്നോട്ട്, വലത്തോട്ട്
text_fieldsജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടി തീരുമാനങ്ങളുടെയും കോൺഗ്രസ് രേഖകളുടെയും പരാജയത്തിെൻറ തത്ത്വവത്കരണത്തിൽ മുഴുകിയും തർക്കിച്ചും ലക്ഷ്യവും ഉത്തരവാദിത്തവും മറക്കുന്ന ഇന്ത്യൻ മാർക്സിസ്റ്റുകളുടെ സിദ്ധാന്തത്തെയും പ്രയോഗത്തെയും പറ്റി പ്രസിദ്ധ മാർക്സിസ്റ്റ് ചരിത്രകാരൻ ബിപൻ ചന്ദ്ര സുദീർഘമായും ആധികാരികമായും വിശകലനം ചെയ്തിട്ടുണ്ട്. മോദി ഭരണത്തിൽ രാജ്യം നേരിടുന്ന ഗുരുതരമായ വിപത്തിനെതിരെ ഫലപ്രദമായ രാഷ്ട്രീയ അടവുനയം രൂപപ്പെടുത്തുന്നതിൽ ഇടതു പാർട്ടികൾ നേരിടുന്ന പ്രതിസന്ധി ഒരിക്കൽക്കൂടി അത് ഓർമിപ്പിക്കുന്നു.
മോദി സർക്കാറിനെതിരെ കൂട്ടായ പ്രതിപക്ഷ സമരമാണ് മുഖ്യമെന്ന് കഴിഞ്ഞ കോൺഗ്രസിൽ തീരുമാനിച്ച സി.പി.എം ആ സാഹചര്യം ഗുരുതരമായി മൂർച്ഛിച്ചിട്ടും പഴയ പ്രമേയത്തിലെ കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച നിലപാടിെൻറ പേരിൽ പിളർപ്പോളമെത്തുന്നു. തെറ്റായ സിദ്ധാന്തവും പ്രയോഗവും ഇന്ത്യയിലെ ഇടതുപാർട്ടികളെ എങ്ങനെ പിന്നോട്ടു നടത്തുന്നുവെന്നും വലതുപക്ഷവത്കരണത്തിലേക്ക് നയിക്കുന്നുവെന്നും ബിപൻ ചന്ദ്ര ചൂണ്ടിക്കാട്ടിയതിനെ സി.പി.എം നേതൃത്വം ശരിവെക്കുന്നു.
ബൂർഷ്വാ ജനാധിപത്യത്തെ ബൂർഷ്വാ സർവാധിപത്യമാക്കി മാറ്റാൻ നോക്കുന്നതാണ് വലതുപക്ഷ രാഷ്ട്രീയം. ബൂർഷ്വാ ജനാധിപത്യത്തിനകത്ത് തൊഴിലാളിവർഗ ജനാധിപത്യത്തിെൻറ സ്ഥാനം ഉറപ്പിക്കാൻ കമ്യൂണിസ്റ്റുകാർ നടത്തേണ്ട സമരമാണ് പാർലമെൻററി പ്രവർത്തനം. പാർട്ടിപ്രവർത്തനവും പാർട്ടിയും അതിലേക്ക് ചുരുങ്ങുകയോ കീഴ്പ്പെടുകയോ പാടില്ല. തൊഴിലാളി^കർഷക^ബഹുജനങ്ങളെ സംഘടിപ്പിച്ച്, ജനകീയ പ്രശ്നങ്ങളേറ്റെടുത്ത് രാജ്യത്താകെ നടത്തേണ്ട വിശാലമായ സമരങ്ങളും പാർലമെൻറിതര പ്രവർത്തനവുമാണ് കമ്യൂണിസ്റ്റുകാരുടെ കർമപരിപാടി.
ഇതാണ് ദേശീയ പ്രസ്ഥാനത്തിനകത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റ് പാർട്ടി ആദ്യം ഉയർത്തിപ്പിടിച്ചിരുന്നത്. പിന്നീട് ജനങ്ങളുടെ ജനാധിപത്യം സമൂഹത്തിൽ ഉറപ്പുവരുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിന് സ്വീകരിക്കേണ്ട പ്രധാന അടവുനയം സംബന്ധിച്ചാണ് സി.പി.ഐ പിളർന്നത്. നെഹ്റു നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാറിനോട് സഹകരിച്ചും ബൂർഷ്വാസിയുടെ ഭരണത്തിലെ പങ്കാളിത്തത്തോടെയും ജനകീയ ജനാധിപത്യം സ്ഥാപിക്കാനാകുമെന്നതായിരുന്നു ഔദ്യോഗിക നയം. ഭരണവർഗങ്ങൾക്ക് മേധാവിത്വമുള്ള ബൂർഷ്വാ ജനാധിപത്യത്തെ തകർത്തുകൊേണ്ട അതു സാധിക്കൂവെന്ന ന്യൂനപക്ഷനയവും തമ്മിലുള്ള ഏറ്റുമുട്ടലിൽനിന്നാണ് സി.പി.എം പിറന്നത്.
53 വർഷങ്ങൾക്കുശേഷം രണ്ടു പാർട്ടികളും ഇടതുപക്ഷ മുന്നണിയിൽ ഇപ്പോൾ ഒന്നിച്ചുപ്രവർത്തിക്കുന്നു. സോഷ്യലിസ്റ്റ് ലക്ഷ്യം സംബന്ധിച്ച ഇരുപരിപാടികളും വർഷങ്ങളായി പുറത്തെടുക്കാതെ. ഇന്ത്യൻ വിപ്ലവത്തിലേക്കുള്ള രണ്ട് അടവുനയപാതകളുടെയും വിരുദ്ധദിശകളിലേക്ക് നോക്കാതെയും.
എന്നിട്ടും, സി.പി.എം നേതൃത്വത്തിൽ കോൺഗ്രസ് ബന്ധത്തിെൻറ പേരിൽ ഭിന്നിപ്പുതുടരുന്നു! ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന മോദിയുടെ നികുതി ഭീകരതയെപ്പോലും എതിർത്തു തോൽപിക്കാൻ ഒറ്റക്കോ ഇടതു പാർട്ടികൾക്കു കൂട്ടായോ സാധ്യമല്ലെന്ന് അതേസമയം, അവർ സമ്മതിക്കുകയും ചെയ്യുന്നു.
കോൺഗ്രസിെൻറ തകർച്ച
കോൺഗ്രസിെൻറ ഭരണകുത്തക തകർന്നുകഴിഞ്ഞെന്നും തൂക്കുപാർലമെൻറിെൻറ കാലമായെന്നും വിലയിരുത്തിയത് സി.പി.എം ആണ്. ആ സ്ഥിതി വളർത്തിയെടുക്കുന്നതിൽ ജലന്ധർ കോൺഗ്രസ് നിർണായകമായി. ജനറൽ സെക്രട്ടറി ഇ.എം.എസ് മുന്നോട്ടുവെച്ച സാമ്പത്തിക ഘടകങ്ങളും നിയമഭേദഗതികളടക്കമുള്ള ഭരണഘടനാമാറ്റങ്ങളും ഉൾപ്പെട്ട സ്വേച്ഛാധിപത്യത്തിനെതിരായ വിശാല മുന്നണി. ഇടതുപക്ഷ ഐക്യം, ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരണം എന്നിവ സംബന്ധിച്ച നിർദേശങ്ങളും അതിൽ നിർണായക പങ്കുവഹിച്ചു. ഒരുലക്ഷം അംഗത്വത്തിൽ കുരുങ്ങിക്കിടന്നിരുന്ന സി.പി.എമ്മിനെ ബഹുജന വിപ്ലവ പാർട്ടിയാക്കി ദേശീയതലത്തിൽ വളർത്താനും തുടർന്ന് സാൽക്കിയാ പ്ലീനം സംഘടനാതലത്തിൽ തീരുമാനിച്ചു. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരാകുന്നതിലേക്കെത്തിച്ച പുതിയ തലമുറയെ നേതൃത്വത്തിലേക്കുയർത്തിയതടക്കമുള്ള നടപടികൾ ഇതിെൻറ തുടർച്ചയായിരുന്നു.
കോൺഗ്രസിെൻറ ഭരണകുത്തക തകർന്നതോടെ 89ൽ വി.പി. സിങ്ങിെൻറ ദേശീയമുന്നണി സർക്കാറും 96–98ൽ ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിെൻറയും ഐക്യമുന്നണി സർക്കാറുകളും ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയിൽ അധികാരത്തിൽ വന്നു.
വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ സർക്കാർ ആദ്യമായി അധികാരത്തിൽ വന്നത് 1998ലാണ്. അതിനുശേഷം കഴിഞ്ഞ 16 വർഷങ്ങൾക്കിടയിൽ കേന്ദ്ര സർക്കാറിെൻറ നേതൃത്വം ബി.ജെ.പിയും കോൺഗ്രസും മാറിമാറിയാണ് കൈകാര്യം ചെയ്തത്.
ദേശീയ രാഷ്ട്രീയം രണ്ട് ബൂർഷ്വാ പാർട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിൽ ചാഞ്ചാടുകയാണെന്ന് ഇതു വ്യക്തമാക്കുന്നു.
ഈ കാലയളവിൽ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്ന മാർക്സിയൻ ബദൽ പിറകോട്ടടിച്ചെന്നുകൂടിയാണ് ഇതിനർഥം. പാർട്ടികൾ പരാജയപ്പെടുമ്പോഴും സ്വേച്ഛാധിപത്യത്തിന് കളമൊരുക്കുന്ന കുത്തക–ഭൂപ്രഭു വർഗങ്ങൾ (ഇപ്പോൾ ആഗോള കോർപറേറ്റുകളും വിദേശ മൂലധനവും) പരാജയപ്പെടുന്നില്ല. അത് കോൺഗ്രസിനെ കേന്ദ്രീകരിച്ചോ ഹിന്ദുത്വ വർഗീയതയുടെ പ്രതിനിധിയായ ബി.ജെ.പിയെ കേന്ദ്രീകരിച്ചോ നിയന്ത്രണം നിലനിർത്തും.
എന്നാൽ, തൂക്കുപാർലമെൻറിേൻറതായ ദേശീയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ നിർണായകമായി ഇടപെട്ട ഇടതുപാർട്ടികൾക്ക് എന്തുകൊണ്ട് മൂന്നാം ബദൽ ശക്തിയായി മാറാൻ കഴിഞ്ഞില്ല. സംഘടനാപരമായി വളരാനും സ്വന്തം രാഷ്ട്രീയ ലക്ഷ്യത്തിനുപിന്നിൽ ഭൂരിപക്ഷം ജനങ്ങളെയും അണിനിരത്താനും ആയില്ല. ഈ സത്യത്തെ അഭിസംബോധനചെയ്യാനും തിരുത്താനും ഇടതുപാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല.
‘നമ്മുടെ കൈയിൽ ഇപ്പോഴുള്ള ശക്തമായ ആയുധമാണ് ബംഗാളിലെ സർക്കാർ’ എന്ന് അഭിമാനത്തോടെ ജലന്ധർ പാർട്ടി കോൺഗ്രസ് അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാറിൽനിന്ന് വേറിട്ട് ഭൂപരിഷ്കരണമടക്കമുള്ള ബദൽനയങ്ങൾ നടപ്പാക്കിയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കും മെച്ചപ്പെട്ട കേന്ദ്ര^സംസ്ഥാന ബന്ധങ്ങൾക്കും ജനപക്ഷ ആസൂത്രണ^വികസന നയങ്ങൾക്കും വേണ്ടി കേന്ദ്ര സർക്കാറുമായി നീണ്ട പോരാട്ടം നടത്തി. ജനപക്ഷ ഇടപെടലുകൾക്ക് പിൻബലം നൽകി. അങ്ങനെയാണ് ഇടതു പാർട്ടികളുടെ പ്രശസ്തിയും സ്വാധീനവും വിശ്വാസ്യതയും ദേശീയതലത്തിൽ ഉയർന്നത്.
വിവിധ ജാതികളിലും മതങ്ങളിലുമുള്ള ദലിതരും പിന്നാക്കക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ വർഗാടിസ്ഥാനത്തിലുള്ള സംഘടനാരൂപങ്ങളിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇടതുപക്ഷ പാർട്ടികൾക്കേ കഴിയൂ. അത് ഇല്ലാതാകുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോഴാണ് സ്വത്വബോധത്തിെൻറയും ജാതിബോധത്തിെൻറയും മതവികാരത്തിെൻറയും നേതൃത്വത്തിലേക്കവർ അണിചേരുന്നത്. പിന്നാക്കക്കാരും ദരിദ്രരും ജാതിയുടെയും മതത്തിെൻറയും സ്വത്വത്തിെൻറയും പേരിൽ വിഭജിക്കപ്പെടുന്നത്. അധികാര രാഷ്ട്രീയത്തിെൻറ വിഹിതം കിട്ടാൻ ബൂർഷ്വാ പാർട്ടികളുടെ ആശ്രിതരാവുന്നത്.
സോഷ്യലിസത്തിന് ആഗോളതലത്തിലേറ്റ തിരിച്ചടിയോടെ സോഷ്യലിസ്റ്റ് ലക്ഷ്യമെന്ന പരിേപ്രക്ഷ്യം നഷ്ടപ്പെട്ടു. അതിലൂന്നിയുള്ള വർഗരാഷ്ട്രീയ പ്രചാരണവും സാന്നിധ്യവും ഇടത് സ്വാധീനമേഖലകളിൽപോലും ദുർബലമായി. വോട്ടുബാങ്ക് രാഷ്ട്രീയം പ്രബലമായി.
ബംഗാൾ നൽകുന്ന പാഠം
നവ ഉദാരീകരണത്തിന് പശ്ചിമബംഗാളിലെ ഇടതു സർക്കാർപോലും കീഴടങ്ങി. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം തുടരുന്നതിൽനിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി ദേശീയതലത്തിൽ കെട്ടിപ്പടുക്കുന്നതിൽനിന്ന് സി.പി.എം പിറകോട്ടുപോയി. പാർലമെൻറിലെ 65 അംഗ പിൻബലത്തിൽ ‘കിങ്മേക്കർ’ ആകാനുള്ള അവസരം കൈവന്നതോടെ പാർലമെൻററി വൃത്തത്തിൽ ഇടതു രാഷ്ട്രീയം കറങ്ങാൻ തുടങ്ങി. ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ സമരങ്ങളെ നയിക്കുക, സ്വേച്ഛാധിപത്യത്തിനെതിരായ സമരം വളർത്തി ഭാവിമുന്നേറ്റത്തിന് വഴിയൊരുക്കുക എന്ന ചരിത്രപരമായ കടമയിൽനിന്ന് പിന്നോട്ടുപോയി.
ഇതോടെ, വിഭാഗീയതയിലേക്കും ഫെഡറലിസത്തിലേക്കും പാർട്ടി കൂപ്പുകുത്തി. ‘ബംഗാളിലെ സർക്കാർ നടപ്പാക്കുന്ന ഞങ്ങളുടെ നയങ്ങൾ ഡൽഹിയിലിരിക്കുന്ന സി.പി.എം നേതാക്കൾ അംഗീകരിക്കാത്തതെന്താണെ’ന്ന് മൻമോഹൻ സിങ് അന്ന് ചോദിച്ചു. നന്ദിഗ്രാമിലും സിംഗൂരിലും അതിെൻറ മാറ്റൊലിയുണ്ടായപ്പോൾ ബുദ്ധദേവിെൻറ സർക്കാറിനെ പശ്ചിമ ബംഗാളിൽ ജനങ്ങൾ ശിക്ഷിച്ചു. അതിൽനിന്ന് ജാമ്യംനേടി പുറത്തുവരാൻ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇനിയും കഴിഞ്ഞിട്ടില്ല.
പുതിയ ദേശീയ^സാർവദേശീയ സാഹചര്യത്തിൽ ശരിയായ ഒരു ഇടതുപക്ഷ ബദൽ സർക്കാർ കേരളത്തിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ബംഗാൾ പാർട്ടി പുലർത്തിയ ഫെഡറലിസം സി.പി.എം കേരളഘടകം ഏറ്റെടുത്തിരിക്കുകയാണ്. പണമുതലാളിത്തത്തിെൻറ ഒരു കംഗാരു ഭരണമാണ് ഇവിടെ നടക്കുന്നത്. മന്ത്രിസഭയെയും നിയമസഭയെയും ഇടതുമുന്നണിയെയും ഒരുപോലെ പണമുതലാളിത്ത താൽപര്യങ്ങൾ ഷണ്ഡീകരിക്കുന്നു. ഡൽഹിയിൽ മോദിക്കെതിരെ എന്നപോലെ ഇവിടെ മുഖ്യമന്ത്രിക്കെതിരെ ചോദ്യം ചോദിക്കാനും എഴുതാനും വിമർശിക്കാനും മാധ്യമങ്ങൾ ഭയപ്പെടുന്നു. മോദി ഭരണം രാജ്യത്ത് സൃഷ്ടിച്ച ഭയത്തിെൻറ അന്തരീക്ഷം കേരളത്തിലും വ്യാപിക്കുകയാണ്.
ഈ സർക്കാറിനെ നയിക്കുന്ന ഇടതുപക്ഷ നേതാക്കൾ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശരിയായ അടവു^രാഷ്ട്രീയനയം രൂപപ്പെടുത്തി പോരാടുമെന്ന് ജനങ്ങൾ എങ്ങനെ വിശ്വസിക്കും. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുഫലത്തിൽ തോറ്റ ഇടതു സ്ഥാനാർഥിയുടെ വോട്ടിെൻറ ഭൂരിപക്ഷത്തിലും പഞ്ചാബിലെ കപുർത്തല ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ചരിത്രഭൂരിപക്ഷത്തിലും ആ ചോദ്യത്തിെൻറ മറുപടിയുണ്ട്.
ഗ്രീക് കവി കോൺസ്റ്റൈൻറൻ പി. കവാഫിയുടെ ‘വെയ്റ്റിങ് ഫോർ ദ ബാർബേറിയൻസ്’ എന്ന കവിതയിെല രണ്ടുവരി ഉദ്ധരിച്ചാണ് ഈ ലേഖനം തുടങ്ങിയത്. കവാഫിയുടെ കവിത ഓർത്തുകൊണ്ട് സച്ചിദാനന്ദൻ എഴുതിയ ‘മുട്ടാളന്മാർ’ എന്ന പ്രതികരണത്തിലെ ചില വരികൾ ഉദ്ധരിച്ച് ഇത് അവസാനിപ്പിക്കട്ടെ:
‘‘ഒടുവിൽ അവർ കിണറുകളിൽ വിഷം കലക്കാനും
കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും
ചിന്തകളുടെ പേരിൽ മനുഷ്യരെ എയ്തുവീഴ്ത്താനും
തുടങ്ങിയപ്പോഴാണ്
നമുക്കു മനസ്സിലായത്
അവർ നമുക്കിടയിൽ, നമുക്കുള്ളിൽ,
തന്നെയായിരുന്നു എന്ന്.
ഇപ്പോൾ നാം അങ്ങോട്ടുമിങ്ങോട്ടും നോക്കി
സംശയത്തോടെ ചോദിക്കുന്നു:
‘‘നീയാണോ മുട്ടാളൻ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.