നിബന്ധനകളുടെ കുരുക്കിൽ യു.ജി.സി ഗവേഷണം
text_fieldsപൊതുസമൂഹത്തിലും അക്കാദമിക സമൂഹത്തിലും ഏറ്റവും കുറച്ച് ചർച്ച ചെയ്യപ്പെടുന്ന മേഖലയാണ് ഗവേഷണം. ഗവേഷകർ എന്നൊരു വിഭാഗം നിലനിൽക്കുന്നുണ്ടെന്ന പരിഗണന സർവകലാശാല അധികൃതരിൽപോലും പരിമിതമാണ്. എന്നാൽ, സമൂഹവികാസ പ്രക്രിയയിൽ വിജ്ഞാനോൽപാദനത്തിനും പ്രസരണത്തിനും വലിയ പ്രാധാന്യമാണുള്ളത്. പരിമിതമായ സാഹചര്യങ്ങളിൽ നമ്മുടെ സർവകലാശാലകളിലും റിസർച് െസൻററുകളിലും നടക്കുന്ന ഗവേഷണപ്രവർത്തനങ്ങൾ ഈ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ട്. ജീവവായു പോലെ ഗവേഷണത്തെ കൊണ്ടു നടക്കുന്ന ഗവേഷകരുടെ ആത്്മസമർപ്പണമാണ് ഇത് സാധ്യമാക്കുന്നത്.
കാൾ സാഗനെ മാതൃകയാക്കി ശാസ്ത്രലേഖകനാകുവാൻ കൊതിച്ച രോഹിത് വെമുലയെ പോലെയുള്ളവർക്ക് ജീവിക്കാനും പ്രവർത്തിക്കാനുമുള്ള സാഹചര്യം സർവകലാശാലകളിൽ ഇന്ന് നിലനിൽക്കുന്നില്ലയെന്നത് വാസ്തവം തന്നെ. എല്ലാ പരാധീനതകളോടും പടപൊരുതി, ആസന്നമായ അന്ധകാരത്തിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാൻ ചുവടുറപ്പിച്ച ഒരുവിഭാഗം ഗവേഷകർ സർവകലാശാലകളിൽ സജീവമാണെന്നത് ഫാഷിസ്റ്റ് വിപത്തിനെതിരായ പോരാട്ടമുഖങ്ങളിൽ നാം കണ്ടതാണ്. എന്നാലിന്ന് പിഎച്ച്.ഡി/എം.ഫിൽ പ്രവേശനം സ്വപ്നംകാണാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. ഗവേഷണത്തിെൻറ, സ്വതന്ത്രമായ വൈജ്ഞാനിക സപര്യയുടെ കടക്കൽ കത്തിവെക്കുന്ന നയങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി യു.ജി.സി െറഗുലേഷൻസ് എന്ന ചെല്ലപ്പേരിൽ എത്തുന്നു. ഗവേഷണം ഇല്ലാതാക്കുകയെന്നതാണ് ഈ െറഗുലേഷനുകളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ഗൈഡ്ഷിപ് പരിമിതപ്പെടുത്തുന്നു
എം.ഫിൽ/പിഎച്ച്.ഡി പ്രവേശനത്തിനുള്ള സാഹചര്യം പരമാവധി പരിമിതപ്പെടുത്തുകയാണ് 2016ൽ ഇതുമായി ബന്ധപ്പെട്ട് യു.ജി.സി പുറത്തിറക്കിയ വിജ്ഞാപനത്തിെൻറ പ്രധാന ലക്ഷ്യം. അന്നുവരെ ഒരു ഗവേഷക മാർഗദർശിക്ക് അഞ്ച് എം.ഫിൽ വിദ്യാർഥികളെയും പരമാവധി എട്ട് ഡോക്ടറൽ വിദ്യാർഥികളെയും സ്വീകരിക്കാമെന്നിരിക്കെ, 2016 െറഗുലേഷൻ നിലവിൽവരുന്നതോടെ പ്രഫസർക്ക് മൂന്ന് എം.ഫിൽ വിദ്യാർഥികൾക്കും എട്ട് പിഎച്ച്.ഡി വിദ്യാർഥികൾക്കും മാത്രമാണ് ഗൈഡ്ഷിപ് നൽകാൻ സാധിക്കുന്നത്. അസോസിയറ്റ് പ്രഫസറാകുമ്പോൾ ഇത് യഥാക്രമം രണ്ടും ആറും അസിസ്റ്റൻറ് പ്രഫസർക്കാകുമ്പോൾ ഒന്നും നാലും ആകുന്നു.
കൂടാതെ, ഗവേഷണ മാർഗദർശിയാകുവാനുള്ള യോഗ്യത െറഗുലർ അധ്യാപകർക്കുമാത്രമായി പരിമിതപ്പെടുത്തുന്നു. നിലവിൽ സർവിസിലുള്ള അധ്യാപകൻ വിരമിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വിരമിക്കുന്നതിന് അഞ്ചുവർഷം മുമ്പ് മുതൽ പുതിയ പിഎച്ച്.ഡി വിദ്യാർഥികളെ സ്വീകരിക്കരുത് എന്നും നിർദേശിക്കുന്നു. നമ്മുടെ സർവകലാശാലകളിലെ നല്ലൊരു പങ്ക് ഗൈഡുമാരും റിട്ടയർമെൻറിനോട് അടുത്തുനിൽക്കുന്നവരാണ്. പലർക്കും ഈയൊരു പ്രായത്തിലാണ് ഗൈഡ്ഷിപ് ലഭിക്കുന്നതും. അനുഭവസമ്പത്തിലും വൈജ്ഞാനിക അവഗാഹത്തിലും പ്രഗല്ഭരായ ഇവരെ ഇനിയാവശ്യമില്ല എന്നു പറയുന്നതിൽ യുക്തിയില്ല. മാത്രമല്ല, ദീർഘകാലത്തെ അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും തങ്ങളുടെ പഠനമേഖലയിൽ ഇവർ ആർജിച്ചെടുത്ത വിജ്ഞാനം പുതിയ തലമുറക്ക് പകർന്നുനൽകുവാനുള്ള സാഹചര്യം നിഷേധിക്കുന്നതിലൂടെയുണ്ടാകുന്ന ദേശീയ നഷ്ടം എത്ര വലുതാണ്!
സർവകലാശാലകളിൽ സ്ഥിരാധ്യാപക നിയമനം നടക്കുന്നില്ലായെന്നതും പ്രശ്നത്തിെൻറ വ്യാപ്തി വലുതാക്കുന്നു (ഉദാഹരണത്തിന്, മഹാത്്മാഗാന്ധി സർവകലാശാലയിൽ 2017 ജൂലൈയിലെ കണക്കുപ്രകാരം 42 സ്ഥിരാധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ 2010 മുതലിങ്ങോട്ട് 11 സ്ഥിരാധ്യാപകരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്). പുതിയ ഗൈഡുമാർ സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോഴാണ് നിലവിലുള്ളവരെ പോലും വിലക്കുന്നതെന്ന് ചുരുക്കം.
നെറ്റ് മാനദണ്ഡമല്ല
ഇടിവെട്ടിയവനെ പാമ്പു കടിക്കുന്നതു പോലെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പിഎച്ച്.ഡി പ്രവേശനത്തിനുള്ള മാനദണ്ഡമായി അവതരിപ്പിച്ചുകൊണ്ട് യു.ജി.സി പുതിയ വിജ്ഞാപനമിറക്കിയിരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സർവകലാശാലകളിലും റിസർച് സെൻററുകളിലും (േഗ്രഡ്-3 ഇൻസ്റ്റിറ്റ്യൂഷനുകളിൽ) ഇനി നെറ്റ് യോഗ്യതയുള്ളവർക്കു മാത്രം പിഎച്ച്.ഡി പ്രവേശനം നൽകിയാൽ മതിയെന്നാണ് നിർദേശം. അതോടൊപ്പം വർഷത്തിലൊരിക്കൽ മാത്രമേ നെറ്റ് പരീക്ഷ നടത്തുകയുള്ളൂവെന്നും ആദ്യത്തെ ആറു ശതമാനത്തിനു മാത്രമേ യോഗ്യത നൽകുകയുള്ളൂവെന്നും (ഇതുവരെ 15 ശതമാനമായിരുന്നു) പ്രഖ്യാപിച്ചിരിക്കുന്നു.
പിഎച്ച്.ഡി/എം.ഫിൽ പ്രവേശനത്തിെൻറ മാനദണ്ഡമാകാൻ നെറ്റ് യോഗ്യതക്ക് കഴിയില്ല. അസിസ്റ്റൻറ് പ്രഫസർ യോഗ്യത നേടുവാനാണ് നെറ്റ് പരീക്ഷ നടത്തിയിരുന്നത്. കൂടാതെ, ഉയർന്ന റാങ്കിലെത്തുന്നവർക്ക് യു.ജി.സി ജൂനിയർ റിസർച് ഫെലോഷിപ് നൽകുകയും ഇവർക്ക് പിഎച്ച്.ഡി പ്രവേശനത്തിന് കൂടുതൽ അവസരംനൽകുകയും ചെയ്തിരുന്നു.
ഗവേഷണത്തിനുള്ള യോഗ്യത അളക്കാനുള്ള പ്രാഥമിക മാനദണ്ഡമായി ഒബ്ജക്ടിവ് ചോദ്യാവലിയടങ്ങിയ നെറ്റിനെ കാണാനാകുമോയെന്നതും പരിഗണനാ വിഷയമാണ്. വിമർശനാത്്മക സമീപനം, ഗവേഷണ മേഖലയുടെ തിരഞ്ഞെടുപ്പും പ്രസക്തിയും അവഗാഹവും ഭാഷാമികവും തുടങ്ങിയ വിഷയങ്ങൾകൂടി പരിഗണിച്ചുള്ള പ്രവേശനമാണ് പിഎച്ച്.ഡി/എം.ഫിൽ പഠനത്തിന് കൂടുതൽ അഭികാമ്യമാകുക. ഇതൊന്നും പരിഗണിക്കാതെ നെറ്റ് നിർബന്ധിത യോഗ്യതയാക്കുന്നതിലെ ഗൂഢോദ്ദേശ്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഗവേഷണം പരിമിതപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്രസർക്കാർ ആദ്യം തീരുമാനിച്ചത് 2015ൽ നോൺ നെറ്റ് ഫെലോഷിപ് നിർത്തലാക്കാനായിരുന്നു. എന്നാൽ, അന്ന് ഡൽഹിയെ പിടിച്ചുകുലുക്കിയ വിദ്യാർഥിപ്രക്ഷോഭം ഉയർന്നുവന്നു. ഒക്കുപൈ യു.ജി.സി പോലെയുള്ള വീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ഗവേഷകസമൂഹം നോൺനെറ്റ് ഫോലോഷിപ് നിലനിർത്തി. എന്നാൽ, ഇനി നെറ്റില്ലാത്തവർ ഗവേഷണത്തിെൻറ പടിവാതിൽ കാണേെണ്ടന്ന നിലപാടിലൂടെ വീണ്ടും പുതിയ കശാപ്പുതന്ത്രം ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നു.
ഇനിമേൽ സ്വതന്ത്രമായ വിജ്ഞാനാന്വേഷണം ആവശ്യമിെല്ലന്ന ഫാഷിസ്റ്റ് ഗൂഢാലോചനയുടെ ഫലമാണ് ഗവേഷണത്തെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള യു.ജി.സി വിജ്ഞാപനങ്ങൾ. ഇനിമേൽ യു.ജി.സി പോലും ഉണ്ടാകിെല്ലന്നതാണ് വാസ്തവം. മറിച്ച് ഹീറ (Heera) എന്ന സ്വകാര്യ പരീക്ഷനടത്തിപ്പ് ഏജൻസിയും സ്വകാര്യ സർവകലാശാലകളുമാണ് ഉണ്ടാവുക.
ഹൈദരാബാദ് സർവകലാശാലയിലും ജെ.എൻ.യുവിലും കേരളത്തിലെ കാലടി സംസ്കൃത സർവകലാശാലയിലും സമൂഹത്തെയാകമാനം തൊട്ടുണർത്തിയ സ്പന്ദനങ്ങൾ സൃഷ്ടിച്ചത് ഗവേഷകവിഭാഗമാണ്. ഈ വിഭാഗത്തെ ഇല്ലാതാക്കുകയെന്ന ഭരണകൂട താൽപര്യത്തിെൻറ സൃഷ്ടിയാണ് കേന്ദ്രസർക്കാറിെൻറ മേൽ സൂചിപ്പിച്ച നടപടികൾ. വിലയ്ക്കെടുക്കപ്പെടുന്ന തലച്ചോറുകളെ നിരാകരിച്ച്, സ്വതന്ത്ര ധിഷണകളെ നിലനിർത്തുവാനുള്ള പോരാട്ടം അനിവാര്യമായിരിക്കുന്ന ഈ നാളുകളിൽ, ഗവേഷണത്തെ സംബന്ധിച്ച് യു.ജി.സി പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ചർച്ചചെയ്യേണ്ടതും പ്രതിരോധിക്കേണ്ടതും പൊതുസമൂഹത്തിെൻറ കൂടി ഉത്തരവാദിത്തമാണ്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
െജൻഡർ സ്റ്റഡീസ് വിഭാഗം
ഗവേഷകയാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.