സർവലോകങ്ങളുടെയും പ്രവാചകൻ
text_fieldsലോകപ്രശസ്ത ചിന്തകനും ചരിത്രാന്വേഷകനുമായ മൈക്കൽ ഹാർട്ട്, ലോകത്തെ ആഴത്തിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത നൂറു മഹാത്മാക്കളെ കണ്ടെത്തിയതിൽ ഒന്നാം സ്ഥാനത്താണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ പരിഗണിച്ചിട്ടുള്ളത്. അതിനൊരു പ്രധാന കാരണം, സ്വന്തം പ്രബോധനങ്ങൾക്കനുസരിച്ച് ലോകവ്യവസ്ഥയെ പുനഃക്രമീകരിക്കാൻ കഴിഞ്ഞ ചരിത്രപുരുഷനാണ് മുഹമ്മദ് നബി എന്നതാണ്. അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നതിനുമുമ്പുതന്നെ ഇസ്ലാമിനെ ദൈവം സമ്പൂർണമാക്കി എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഖുസ്രൊ, ഹിറാക്ലിയസ് തുടങ്ങിയ സാമ്രാട്ടുകളെ തെൻറ നൂതന സന്ദേശത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇസ്ലാമിന്റെ ലോകപ്രചാരണത്തിന് തുടക്കം കുറിച്ചത് നബിതിരുമേനിതന്നെയായിരുന്നു. ഒന്നര നൂറ്റാണ്ടുകാലം കൊണ്ട് പടിഞ്ഞാറ് സ്പെയിനിനും കിഴക്ക് ഇന്ത്യ, തുർക്കിസ്താൻ, ചൈന തുടങ്ങിയ രാഷ്ട്രങ്ങൾക്കിടയിലും ഇസ്ലാമിന്റെ പുതിയ സന്ദേശങ്ങൾക്ക് വ്യാപനമുണ്ടായി. പീന്നീട് ലോകം മുഴുവൻ വ്യാപിച്ചു.
'അൽ അമീൻ' ആയിരുന്നു മുഹമ്മദ് നബി. പ്രവാചകത്വ ലബ്ധിക്കുേശഷം ആദ്യ പ്രബോധന പ്രസംഗത്തിൽ തന്നെ കേൾക്കാനായി ഒത്തുകൂടിയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സമൂഹത്തോട് നബി തിരുമേനി ചോദിച്ചു:
'ഈ കാണുന്ന സഫാ മലയുടെ പിന്നിൽനിന്ന് ഒരു സൈന്യം ഇപ്പോൾ നിങ്ങളെ ആക്രമിക്കാൻ വരുന്നുവെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
അവിടെ കൂടിയവർ ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു:
'' മുഹമ്മദേ, നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ എന്തിന് അവിശ്വസിക്കണം, നിങ്ങൾ അൽഅമീൻ (വിശ്വസ്തൻ) ആണ്''.
ഈ വിശ്വസ്തതയും നീതിബോധവും കാരുണ്യവും ആത്മാർഥതയും സത്യസന്ധതയുമാണ് അന്ത്യപ്രവാചകനിലൂടെ ഇസ്ലാമിന്റെ പുതുസന്ദേശം ലോകത്തുടനീളം അതിവേഗം പ്രചരിക്കുന്നതിന് പ്രധാന കാരണമായത്. നബിചര്യയും അദ്ദേഹത്തിന്റെ ഹദീസുകളും അതിന് മാർഗദർശകങ്ങളായി. എന്നാൽ, അന്ത്യപ്രവാചകനിലൂടെ ലോകത്തിനു കൈവന്ന വിശുദ്ധ ഖുർആന്റെ ദൈവിക സന്ദേശങ്ങൾ തന്നെയാണ് ഇസ്ലാമിക വ്യവസ്ഥയുടെ അടിത്തറ.
വാളിനാലല്ല, നീതിയുടെ വാക്കിനാലും വിശ്വാസത്താലുമാണ് ഇസ്ലാം ലോകത്തു പ്രചരിച്ചത് എന്ന് മാനവ ചരിത്രം ആഴത്തിൽ പഠിച്ചവർക്കറിയാം. അശരണർക്കും ദരിദ്രർക്കും നിന്ദിതർക്കും അടിമകൾക്കും തിരസ്കൃതർക്കും കൂടി സാമൂഹിക വിമോചനം നൽകുവാനാണ് ഇസ്ലാം ആവിർഭവിച്ചത് എന്ന് കാലത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്തുവാൻ അന്ത്യപ്രവാചകന് കഴിഞ്ഞതാണ് ആ ജീവിതത്തിന്റെ ചരിത്രവിജയം.
ആദ്യമായി തന്റെ രാഷ്ട്രം സ്ഥാപിതമായതിന്റെ വിളംബരമായി 'ബിലാൽ' എന്ന അടിമയെക്കൊണ്ട് ബാങ്ക് വിളിപ്പിച്ചത് അന്ത്യപ്രവാചകന്റെ നീതിബോധത്തിന് ഉത്തമോദാഹരണമാണ്. അടിമകളുടെ കൂടി വിമോചനത്തിന്റെ ഒരു വ്യവസ്ഥാവിളംബരമായിരുന്നു അത് (ലോകത്തെമ്പാടും അടിമവ്യവസ്ഥ വ്യാപകമായി നിലനിന്ന കാലത്തായിരുന്നു ഇത് എന്നോർക്കണം).
മറ്റൊരു മഹാത്മാവിന്റെ ജീവിതത്തിനും ചെന്നെത്താൻ കഴിയാത്ത വിധത്തിലുള്ള ഔന്നത്യത്തിന്റെയും ശക്തിയുടെയും പാഠപുസ്തകമായിരുന്നു അന്ത്യപ്രവാചകന്റെ ജീവിതം. പ്രപഞ്ചത്തിന്റെ അടിസ്ഥാന ചൈതന്യവുമായി ആദ്യം മുതൽ അവസാനം വരെ സമ്പർക്കം സ്ഥാപിച്ച മഹദ് ജീവിതമായിരുന്നു അത്. ഏകനായ ദൈവത്തിന്റെ ദൂതൻ മാത്രമാണ് താൻ എന്ന് അദ്ദേഹം എന്നും പ്രഖ്യാപിച്ചു. മുഹമ്മദ് നബിയിലൂടെ കൈവന്ന ദൈവസന്ദേശം വ്യാജമായിരുന്നുവെങ്കിൽ ഈ ദീർഘകാലത്തെ പ്രായോഗികാനുഭവങ്ങൾക്കുള്ളിൽ അത് വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ, പതിനാലു നൂറ്റാണ്ട് കഴിഞ്ഞിട്ടും ലോകത്ത് കോടാനുകോടി മാനവരാശികൾക്കിടയിൽ അന്ത്യപ്രവാചകനിലൂടെ കൈവന്ന വിശുദ്ധ സന്ദേശങ്ങൾ സത്യത്തിന്റെയും സന്മാർഗത്തിന്റെയും ദൃഷ്ടാന്തമായി തുടരുക തന്നെയാണ്.
അതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ സമാനതകളില്ലാത്ത ചരിത്രപുരുഷനായി ഇന്നും ലോകത്ത് നിലനിർത്തുന്നത്.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രവാചകനല്ല, ലോക മാനവരാശിയുടെയും ജീവരാശിയുടെയും പ്രവാചകനായിരുന്നു മുഹമ്മദ് നബി തിരുമേനി.
വിശുദ്ധ ഖുർആൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:
''നിന്നെ ഞാൻ അയച്ചിട്ടില്ല, സർവ ലോകത്തിനും അനുഗ്രഹമായല്ലാതെ...
മുഴുവൻ മനുഷ്യർക്കും വേണ്ടിയല്ലാതെ''.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.