മുത്തേ, നീയില്ലാതെ വയ്യ...
text_fieldsമനുഷ്യകുലത്തില്‍ പിറന്ന ആര്‍ക്കും മുഹമ്മദ് നബിയെ അറിഞ്ഞോര്‍മിക്കുമ്പോള്‍ മിഴിയില്‍ ചുടുകണ്ണീര്‍ ഊറുന്ന കാലമാണിത്. എന്തെന്നാല്‍ ഒരു വശത്ത് കരാറെടുത്തപോലെ ചില ശക്തികള്‍ റസൂലിനെ അവഹേളിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍. മറുവശത്ത് ഐ.എസ് പോലുള്ള ഭീകരവാദികള്‍ ഇസ്ലാമിന്‍െറ പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന നിഷ്ഠുരതകള്‍. ലോകനാശത്തെ സൂചിപ്പിച്ചുകൊണ്ട് താന്‍ പതിനഞ്ച് നൂറ്റാണ്ടേ ഖബറില്‍ കിടക്കൂ എന്ന് നബി ചൊല്ലിയതായുള്ള കേള്‍വി സത്യപ്പെടുത്താനുള്ള പുറപ്പാടുകളാണോ ഇതെല്ലാം! എന്നാലും നിരാശഭരിതമായ പ്രവര്‍ത്തനരാഹിത്യത്തിന് ആരും തന്നെ കീഴടങ്ങിക്കൂടാ. കാരണം നാളെ അന്ത്യദിനമാണെങ്കിലും ഇന്ന് കൈയിലിരിക്കുന്ന ചെടിത്തയ്യ് നടണമെന്നാണല്ളോ പ്രവാചകവചനം.
അങ്ങനെ ജീവിതോന്മുഖരായിത്തീരുന്നവര്‍ക്ക് റസൂലിനെ ഓര്‍ക്കാതിരിക്കാന്‍ ഒക്കാത്തതിനാല്‍ ഈ നബിദിനത്തിലും ആ പാവനസ്മരണകളിലേക്ക് നമുക്ക് ആണ്ടിറങ്ങാം. മറ്റ് ലോകനേതാക്കളില്‍നിന്ന് നബി തിരുമേനിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം മനുഷ്യജീവിതത്തിന് വേണ്ട തത്ത്വങ്ങള്‍ സ്വയം ജീവിച്ച് കാണിച്ചു എന്നതാണല്ളോ. ഭാഷ വെറും ആശയവിനിമയോപാധിക്കുപരി വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിപ്പിടിക്കുന്ന ഉടമ്പടിയാണെന്ന് വിളംബരപ്പെടുത്താനായിരുന്നു ചെറുപ്പം മുതലെ റസൂല്‍ സ്വയം അല്‍അമീനായി നിഷ്ഠപ്പെടുത്തിയത്. എല്ലാം ഒത്തൊരുമയോടെ നിര്‍വഹിക്കപ്പെടേണ്ടതാണെന്ന് കാണിക്കാന്‍ കഅ്ബാ പുനരുദ്ധാരണവേളയില്‍ പിതൃവ്യന്‍ ഹംസ കൊണ്ടുവന്ന വിരിപ്പില്‍ കറുത്തശില വെച്ച് സകല ഗോത്രമുഖ്യരെക്കൊണ്ടും വിരിപ്പിന്‍െറ വക്ക് അദ്ദേഹം പിടിപ്പിച്ചു. മനുഷ്യസമത്വം ഉദ്ഘോഷിക്കാനായി ഭാര്യാസഹോദരപുത്രന്‍ തനിക്ക് സമ്മാനിച്ച സയ്ദെന്ന അടിമയെ യുദ്ധനായകനോളം ഉയര്‍ത്തി.
വര്‍ണവിവേചനമെന്ന മഹാമാരിയെ പരിഹസിച്ചുകൊണ്ട് കറുകറുത്ത ബിലാലിനെയും വെളുവെളുത്ത അബൂബക്കറിനെയും തന്‍െറ ഇരുപുറവും കൊണ്ടുനടന്നു. ഏത് മനുഷ്യമഹാസംഭവത്തിനും തത്തുല്യമാണ് മറ്റ് ജീവിവര്‍ഗവ്യവഹാരങ്ങളെന്ന് തെളിയിക്കാന്‍ മക്കാവിജയാഘോഷത്തിനിടയിലും പെറ്റുകിടക്കുന്ന പട്ടിക്കും മക്കള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി. നിയമം കണ്ണ് കാണാത്തതാകരുതെന്ന സന്ദേശമായിരുന്നു വഴിപിഴച്ച സ്ത്രീക്ക് പ്രസവത്തിനും മുലയൂട്ടലിനും കുഞ്ഞിനെ വളര്‍ത്തലിനുമായി ശിക്ഷ മാറ്റി മാറ്റി വെച്ചുകൊണ്ട് നബി തിരുമേനി നല്‍കിയത്. മക്കാവിജയ സമയത്ത് ഖുറൈശികള്‍ക്ക് അദ്ദേഹം നല്‍കിയ പൊതുമാപ്പോളം ശത്രുത അര്‍ഥരഹിതമാണെന്ന തത്വം ഭൂലോകത്ത് വിളംബരപ്പെട്ടിട്ടില്ല. സ്വര്‍ഗം ഉമ്മയുടെ കാല്‍ക്കീഴിലാണെന്ന റസൂലിന്‍െറ പ്രഖ്യാപനം ഭാവിവിമോചനത്തിന്‍െറ സ്ത്രൈണസ്വരൂപത്തെക്കുറിച്ചുള്ള പ്രവചനം തന്നെയാണ്. അറേബ്യയുടെ ഭരണാധികാരം മുഴുവന്‍ കാല്‍ക്കീഴില്‍ എത്തിയിട്ടും കട്ടവീട്ടിലെ കയറ്റുകട്ടിലില്‍ ശയിച്ചു കൊണ്ട് അദ്ദേഹം സമ്പന്നനാകേണ്ടത് മാനസികമായിട്ടാണെന്ന പാഠം ഭാവിമര്‍ത്യന് അരുളിച്ചെയ്തു.
ഇങ്ങനെ എത്രയോ തത്ത്വോന്മീലനച്ചെയ്തികള്‍ പ്രവാചകന്‍െറ ജീവിതത്തില്‍ കണ്ടെടുക്കാമെങ്കിലും കാരുണ്യത്തിന്‍െറ ദൈവദൂതനായി അദ്ദേഹത്തെ ഉയര്‍ത്തിയ മഹോന്നത ഗുണപ്രസരണത്തിനാണ് ഏറ്റവും പ്രാധാന്യം. വൈകാരികമായ പരിക്കുകളും ആശയപരമായ പരിക്കുകളും വ്യക്തികള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കുമെന്നാണല്ളോ മനശ്ശാസ്ത്രസിദ്ധാന്തം. എന്നാല്‍, സകല മനശ്ശാസ്ത്ര സിദ്ധാന്തങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അദ്ഭുതകരമായ കാരുണ്യവര്‍ഷത്തിന്‍െറ ദൃഷ്ടാന്തം മുഹമ്മദ് നബിയുടെ ജീവിതത്തില്‍ കാണാം. ഏതൊരു രാഷ്ട്രതന്ത്രജ്ഞനാകട്ടെ, തത്ത്വചിന്തകനാകട്ടെ, കലാപ്രതിഭക്കാകട്ടെ ഒരിക്കലും സ്മരിക്കാന്‍ പോലുമാകാത്തത്!
പിതാമഹനായ അബ്ദുല്‍ മുത്തലിബിന്‍െറ വിയോഗശേഷം പിതൃവ്യനായ അബൂത്വാലിബായിരുന്നല്ളോ മുഹമ്മദ് നബിയെ സംരക്ഷിച്ചുപോന്നത്. യുവത്വത്തിലേക്ക് കടന്ന റസൂലിന് പിതൃവ്യപുത്രി ഉമ്മുഹാനിയെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അബൂത്വാലിബ് തരിമ്പും സമ്മതിച്ചില്ല. കൃത്യമായും വൈകാരികമായി പരിക്കേല്‍പിച്ച നടപടി- പിന്നീട് മരണം വരെ അബൂത്വാലിബ് എന്ന പിതൃവ്യന്‍ ജ്യേഷ്ഠപുത്രന്‍െറ മതത്തെ സ്വീകരിച്ചില്ല. കണിശമായും ആശയപരമായി പരിക്കേല്‍പിച്ച നിലപാട്- എന്നിട്ടും അബൂത്വാലിബിന്‍െറ അവസാനകാലത്ത് പുത്രനിര്‍വിശേഷമായ സ്നേഹത്തോടെ അദ്ദേഹത്തെ പരിചരിക്കുക മാത്രമല്ല നബി തിരുമേനി ചെയ്തത്. പടച്ച തമ്പുരാനുപോലും വിങ്ങിപ്പൊട്ടും വിധം, ദൈവദൂതസ്പര്‍ശമേറ്റ ശരീരം നരകത്തില്‍ പോകില്ളെന്ന ബോധ്യത്തില്‍, ആ അവിശ്വാസിയെ ആപാദചൂഡം തടവിക്കൊണ്ടിരിക്കുകയും ചെയ്തു. പ്രവാചകന്‍െറ ഈയൊരൊറ്റ പെരുമാറ്റം പോരെ, പ്രപഞ്ചപ്പൊരുള്‍ നന്മയുടേതാണെന്നും അത് മര്‍ത്യനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടാന്‍.
കരുണാവാരിധിയായി ഭാരതദേശത്ത് പ്രകീര്‍ത്തിക്കപ്പെടുന്ന അവതാരപുരുഷനാണല്ളോ സാക്ഷാല്‍ ശ്രീകൃഷ്ണന്‍. കരുണയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല സ്വഭാവവിശേഷങ്ങളിലും കേശവനും റസൂലും തമ്മിലുള്ള സാമ്യത്തെ ഓഷോ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. ഗീത ആന്‍ഡ് ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള അദ്ഭുതകരമായ സാമ്യങ്ങള്‍ ഡോക്ടര്‍ മുഹമ്മദ് ഖാന്‍ ഡുറാനിയും രേഖപ്പെടുത്തുന്നു. ശ്രീകൃഷ്ണസ്നേഹം ഇന്ത്യയുടെ സൈക്കില്‍ നിരന്തരം ഇരമ്പുന്നതിനാലായിരിക്കാം സമാനഗുണവാനായ മുഹമ്മദ് നബിയിലേക്ക് ശരിയായ സനാതന ഹിന്ദുക്കളെല്ലാം ആകര്‍ഷിക്കപ്പെട്ടത്. മഹാത്മ ഗാന്ധി പ്രവാചകന്‍െറ കടുത്ത ആരാധകനായിരുന്നു. ശിഷ്യനായ വിവേകാനന്ദന്‍ നബിമാഹാത്മ്യം പലയിടങ്ങളിലും രേഖപ്പെടുത്തിയപ്പോള്‍ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസര്‍ മുസ്ലിമായി ജീവിച്ചുകൊണ്ട് ഈശ്വരസാക്ഷാത്കാരത്തിന് പരിശ്രമിച്ചു.
പുരുഷാകൃതി പൂണ്ട ദൈവമോ
നരദിവ്യാകൃതി പൂണ്ട ധര്‍മമോ
പരമേശപവിത്ര പുത്രനോ
കരുണാവാന്‍ നബിമുത്തുരത്നമോ.
എന്ന അനുകമ്പാദശകത്തിലെ ഏഴാം പദ്യത്തില്‍ ശ്രീരാമനും ശ്രീബുദ്ധനും യേശുക്രിസ്തുവും ഭംഗ്യന്തരേണ സൂചിപ്പിക്കപ്പെടുമ്പോള്‍ മുത്തുറസൂലിനെ മാത്രമാണ് പേരെടുത്ത് പറഞ്ഞ് ശ്രീനാരായണ ഗുരു വാഴ്ത്തുന്നത്. എന്തിന്, ഭാരതസ്നേഹത്തിന്‍െറ പേരില്‍ സംഘത്തില്‍ ചേര്‍ന്നിരുന്ന പഴയ ആര്‍.എസ്എസുകാര്‍ പോലും മുഹമ്മദ് നബിയെ നബിഭഗവാനെന്നാണ് ആദരവോടെ വിളിച്ചിരുന്നത്. ഇതില്‍നിന്ന് വ്യതിചലിച്ചാണ് പാശ്ചാത്യമായ നബിനിന്ദാപാതകങ്ങളെ ന്യായീകരിക്കാനും ഹിന്ദു എന്ന വാക്കിന്‍െറ വിപരീതപദമായി മുസ്ലിം എന്ന വാക്കിനെ പ്രതിഷ്ഠിക്കാനും ഇന്ത്യയില്‍ ഇന്ന് ചിലര്‍ കോപ്പുകൂട്ടുന്നത്. അവര്‍ക്ക് ഊര്‍ജം പകരാനെന്നോണം ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ ഭീകരവാദപ്രസ്ഥാനങ്ങള്‍ തങ്ങളുടെ ഇസ്ലാം വികൃതവത്കരണപദ്ധതികള്‍ക്ക് ആക്കവും കൂട്ടുന്നു.
ഇങ്ങനെയുള്ള അവസ്ഥയില്‍ മുഹമ്മദ് നബിയുടെ യഥാര്‍ഥ ജീവിതവും വ്യക്തിത്വവും ഹൃദയാവര്‍ജകമാംവിധം പ്രചരിപ്പിക്കേണ്ടത് ഒരു ആണ്ട് നേര്‍ച്ചയുടെ പ്രശ്നം മാത്രമല്ല. ബോധപൂര്‍വം ചെയ്യേണ്ട രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ്. അതുകൊണ്ടാണ് ഈ ലേഖകന്‍ കൃഷ്ണനെയും നബിയെയും ഒരുപോലെ കണ്ടിരുന്ന തന്‍െറ അമ്മയുടെ സുകൃതവാക്കുകളാല്‍ ആവേശഭരിതനായി പ്രവാചകന്‍െറ ജീവിതം ചിത്രീകരിക്കുന്ന ദൈവത്തിന്‍െറ പുസ്തകം എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചത്. അതില്‍ റസൂലിന്‍െറ വ്യക്തിത്വം അങ്ങേയറ്റം ശ്രേഷ്ഠവും ഉദാത്തവുമായി ആവിഷ്കരിച്ച് ഒരേസമയം നബിനിന്ദക്കാര്‍ക്കും ഭീകരവാദികള്‍ക്കും കര്‍ക്കശമായ സന്ദേശം നല്‍കിയത്.
സര്‍ഗാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനം അത്യന്തം അനുഭൂതിദായകമാണെന്ന സത്യം നോവല്‍ രചനാവേളയില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍മുമ്പ് ഒരു യാത്രയില്‍ ഇറാഖ്, ജോര്‍ഡന്‍, ഫലസ്തീന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അവസരം- നബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആ ജീവിതം ഭാവനചെയ്ത് നോവല്‍ രചനക്ക് വേണ്ട മൂഡുണ്ടാക്കുകയായിരുന്നു ഞാന്‍. ബഗ്ദാദില്‍നിന്ന് ജോര്‍ഡനിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ സമീപത്തായി ഒരു കാര്‍ബോംബ് പൊട്ടിച്ചിതറി. ഏറ്റവും ഭയാനകമായ അന്തരീക്ഷം. ദൈവത്തിന്‍െറ പുസ്തകം പൂര്‍ത്തിയാകില്ളേ എന്ന നൈരാശ്യത്തോടൊപ്പം മരണാനന്തരാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഉള്ളില്‍ പൊള്ളി. പൊടുന്നനെ അബൂത്വാലിബിനോട് ചെയ്തപോലെ എന്നേയും തൊട്ടുഴിഞ്ഞ് സ്വര്‍ഗാര്‍ഹനാക്കുന്ന റസൂലിന്‍െറ ചിത്രം മനസ്സിലുയിര്‍ത്ത് ഞാന്‍ പ്രസന്നനും ശാന്തനുമായി. ഇങ്ങനെ ഏറ്റവും കാരുണ്യം കിനിയേണ്ട അവസ്ഥകളില്‍ സങ്കല്‍പിക്കപ്പെടാവുന്ന ആത്മീയ ശിരസ്സുകള്‍ എത്ര വിരളം.
മുത്തേ, നീയില്ലാതെ വയ്യ, ഈ ലോകത്തിന് പുലരാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.