Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രവാചകാധ്യാപനങ്ങൾ...

പ്രവാചകാധ്യാപനങ്ങൾ കോവിഡ് കാലത്ത്

text_fields
bookmark_border
പ്രവാചകാധ്യാപനങ്ങൾ കോവിഡ് കാലത്ത്
cancel

'ആൾക്കൂട്ടത്തിൽ തനിയെ' മലയാളത്തിലെ പ്രശസ്തമായ ഒരു പുസ്തകത്തി​െൻറ ശീർഷകമാണ്. കോവിഡ് ലോകമെങ്ങുമുള്ള മനുഷ്യരെ ഇത്തരമൊരവസ്ഥയിൽ എത്തിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ വികാസം ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റിയ കാലത്താണ് സ്നേഹപൂർവം പരസ്പരം ഹസ്തദാനം നടത്താനും ആലിംഗനം ചെയ്യാനും സാധ്യമാകാത്ത സാഹചര്യം വന്നിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നാണ് പുതുനിയമം. അതിനാൽ ഏകാന്തതയും വിരസതയും അനുഭവിക്കുന്നവരാണ് പലരും. അതിനാൽ ശാരീരിക അകലം മതി, സാമൂഹികമായ അടുപ്പമാണ് വേണ്ടതെന്ന തിരുത്ത് വന്നുകഴിഞ്ഞു.

സമൂഹത്തി​െൻറ സകലതലങ്ങളിലുള്ളവരെയും സ്നേഹപൂർവം പരസ്പരം ചേർത്തുനിർത്താൻ സാധിക്കേണ്ടതുണ്ട്. അതിരുകളില്ലാതെ മനസ്സ് വിശാലമാകുമ്പോഴേ ഇത് സാധ്യമാവൂ. അതാണ് പ്രവാചകൻ മുഹമ്മദ്​ നബി ആവശ്യപ്പെടുന്നത്. പടപ്പുകൾക്ക് ഇടമില്ലാത്ത മനസ്സുകളെ പടച്ചവൻ പരിഗണിക്കില്ലെന്നാണല്ലോ അദ്ദേഹം പഠിപ്പിച്ചത്. ദൈവത്തോടുള്ള പ്രാർഥനയിലെ മനസ്സാന്നിധ്യത്തിന് കുറവ് സംഭവിച്ചാലും സാമൂഹികതക്ക് ഭംഗംവരരുതെന്ന പ്രവാചകാധ്യാപനം മറക്കാവതല്ല. ഒരാൾ പ്രവാചകനോട് ചോദിച്ചു: ''വീട്ടിൽ തനിച്ച് പ്രാർഥന നിർവഹിക്കുമ്പോഴാണ് ഏകാഗ്രതയും മനസ്സാന്നിധ്യവും ലഭിക്കുന്നത്. അതിനാൽ ഞാൻ വീട്ടിൽ തനിച്ച് പ്രാർഥന നടത്തട്ടേ?'' ''അരുത്, ആരാധനാലയത്തിൽ സംഘടിതമായി പ്രാർഥന നിർവഹിക്കുന്നതിന് ഇരുപത്തേഴിരട്ടി പ്രതിഫലമുണ്ട്''-പ്രവാചകൻ അറിയിച്ചു.

മുഴുവൻ മനുഷ്യരെയും സഹോദരന്മാരായി കണ്ട് അവർക്കുവേണ്ടി സ്വന്തത്തോട് കലഹിക്കാനും സ്വന്തം താൽപര്യങ്ങളെ നിയന്ത്രിക്കാനും അദ്ദേഹം അനുയായികളെ നിരന്തരം ഉദ്ബോധിപ്പിച്ചു. ഇവ്വിധം മനുഷ്യനെ വ്യക്തിവൃത്തത്തിൽനിന്ന് സാമൂഹികതയിലേക്കു നയിക്കുന്നത് കാരുണ്യവികാരമാണല്ലോ. അതിനാലാണ് പ്രവാചകൻ പറഞ്ഞത്: ''ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോടു മാത്രമേ ഉപരിലോകത്തുള്ളവൻ കരുണ കാണിക്കുകയുള്ളൂ. കരുണ കാണിക്കാത്തവർക്ക് കാരുണ്യം കിട്ടുകയില്ല.''

അതിനാലാണ്​ഇസ്​ലാമിലെ ഏറ്റവും ശ്രേഷ്ഠ അനുഷ്ഠാനമായ നമസ്കാരം ആയിരക്കണക്കിനാളുകൾക്ക് നേതൃത്വം നൽകി നിർവഹിക്കുമ്പോൾ ഒരു കുട്ടി നിർത്താതെ കരയുകയാണെങ്കിൽ നമസ്കാരം ചുരുക്കണമെന്ന് നിർദേശിച്ചത്. അതോ, കുട്ടി കരഞ്ഞു കരഞ്ഞ് തളരുമെന്ന ഭയം കാരണമായല്ല, അതി​െൻറ മാതാവി​െൻറ മനസ്സ് വേദനിക്കുമെന്നതിനാലാണ്.

വിദ്യാർഥികളും വയോജനങ്ങളും

പാഠശാലകളിൽനിന്നും കളിക്കളങ്ങളിൽനിന്നും വിട്ടുനിൽക്കേണ്ടിവരുന്ന വിദ്യാർഥികളനുഭവിക്കുന്ന ഒറ്റപ്പെടലിനെ തുടർന്നുള്ള മാനസികാഘാതം വളരെ വലുതാണ്; അപ്രകാരം പുറത്തിറങ്ങാൻ അനുവാദമില്ലാതെ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടിവരുന്ന വയോജനങ്ങൾ അനുഭവിക്കുന്ന ഏകാന്തതയും. പ്രവാചകാധ്യാപനങ്ങളുടെ പ്രയോഗവത്കരണത്തിലൂടെ ഒട്ടൊക്കെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നങ്ങൾ. പ്രവാചകൻ പറയുന്നു: ''കുട്ടികളോട് കരുണ കാണിക്കാത്തവരും മുതിർന്നവരെ ആദരിക്കാത്തവരും നമ്മിൽപെട്ടവരല്ല.'' ''നിങ്ങൾ കുട്ടികളെ സ്നേഹിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുക. അവരോട് വാഗ്ദാനം ചെയ്താൽ പാലിക്കുക.''

ശൈശവം കവർന്നെടുത്ത പ്രീപ്രൈമറി വിദ്യാലയങ്ങളുടെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടതിനാൽ കൊച്ചുകുട്ടികൾക്ക് ശൈശവം തിരിച്ചുകിട്ടിയ കാലമാണിത്. എന്നാൽ, അത് അവർക്ക് അനുഭവിക്കാൻ സാധ്യമാകണമെങ്കിൽ പ്രവാചകൻ പറഞ്ഞപോലെ ''കൊച്ചുകുട്ടികളോടൊപ്പമാകുമ്പോൾ കുട്ടികളെപ്പോലെ പെരുമാറണം.''

ഇങ്ങനെ കുട്ടികളോടും വിദ്യാർഥി യുവജനങ്ങളോടും ചേർന്നുനിന്ന് അവരുടെ ഒറ്റപ്പെടലും വിരസതയും അവസാനിപ്പിക്കാൻ സഹായകമാകുന്ന നിർദേശമാണ് മുഹമ്മദ് നബി നൽകുന്നത്. അദ്ദേഹം പറയുന്നു: ''സ്വന്തം മക്കളുമായി നിരന്തര ബന്ധം വേണം. അങ്ങനെ അവരെ സൽപെരുമാറ്റം ശീലിപ്പിക്കുക.''

വൃദ്ധരായ മാതാപിതാക്കളെ സ്നേഹിക്കാനും സേവിക്കാനും പ്രവാചകൻ അനേകം തവണ ആവശ്യപ്പെട്ടു: ''മാതാപിതാക്കൾ നിങ്ങൾക്ക്​ സ്വർഗത്തിലേക്കുള്ള വാതിലാണ്, നരകത്തിലേക്കും. അവരുടെ അഭീഷ്​ടമനുസരിച്ച് സേവിച്ചാൽ മരണശേഷം സ്വർഗം ലഭിക്കും. ക്രൂരത കാണിച്ച് വെറുപ്പിച്ചാൽ നരകവും.'' ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണെന്നും ദൈവപ്രീതി മാതാപിതാക്കളുടെ പ്രീതിയിലാണെന്നും മുഹമ്മദ് നബി പഠിപ്പിച്ചു.

സാമ്പത്തിക അച്ചടക്കം

ഇസ്​ലാം പിശുക്കിനെയെന്നപോലെ ധൂർത്തും ദുർവ്യയവും ആർഭാടവും ആഡംബരവും ശക്തമായി വിലക്കുന്നു. അതൊന്നും തീരുമാനിക്കുന്നത് വ്യക്തിയുടെ സാമ്പത്തികസ്ഥിതിയല്ലെന്നും സമൂഹത്തി​െൻറ സാമ്പത്തികനിലവാരമാ​െണന്നും പഠിപ്പിക്കുന്നു. കോവിഡ് നാട്ടിലെ വ്യവസായ, വ്യാപാരസ്ഥാപനങ്ങളെയും നിർമാണപ്രവർത്തനങ്ങളെയും വളരെയേറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞു. വേതനത്തിലും വലിയ ഇടിവ് സംഭവിച്ചു. അതിനാൽ ഏറെപ്പേരും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാതലങ്ങളിൽപെട്ടവരും പാലിക്കാൻ ബാധ്യസ്ഥമായ പ്രവാചകാധ്യാപനങ്ങൾ ഇന്ന് മുമ്പെന്നത്തേക്കാളുമേറെ പ്രസക്തമാണ്.

നമസ്കാരത്തിന് അംഗശുദ്ധി വരുത്തുമ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽനിന്നാണെങ്കിൽപോലും വെള്ളം പാഴാക്കരുതെന്ന് പ്രവാചകൻ വിലക്കി. അനുചരൻ സഅ്​ദ് അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കെ അതുവഴി വന്ന പ്രവാചകൻ ചോദിച്ചു: ''ഇതെന്ത് ദുർവ്യയമാണ് സഅ്​ദേ?''

''വുദുവിലും അമിതവ്യയമുണ്ടോ?''-അദ്ദേഹം അന്വേഷിച്ചു.

''ഉണ്ട്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽനിന്നായാലും'' -പ്രവാചകൻ പ്രതിവചിച്ചു. ധൂർത്ത് സംഭവിച്ചേക്കാവുന്ന എല്ലാറ്റിനെയും പ്രവാചകൻ ശക്തമായി വിലക്കി.

സമ്പത്ത് പാഴാക്കുന്നത് ദൈവത്തിന് വളരെയേറെ വെറുപ്പ​ുള്ള കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്തു. പ്രവാചകൻ പറയുന്നു: ''നിങ്ങൾ കണ്ടതും കേട്ടതുമൊക്കെ പറയുന്നതും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നതും ധനം പാഴാക്കുന്നതും ദൈവം വെറുക്കുന്നു.''

ഒരു തുള്ളി വെള്ളമോ ഒരു വറ്റോ ഒരു ധാന്യമണിയോ പാഴാക്കുന്നത് പ്രവാചകൻ ശക്തമായി വിലക്കി. സമൂഹത്തെ പിശുക്കിനെക്കാളേറെ സ്വാധീനിക്കുക ധൂർത്തും ദുർവ്യയവുമാണല്ലോ. അതിനാൽ അദ്ദേഹം അക്കാര്യം അടിക്കടി ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നു.

പാവങ്ങളെ ചേർത്തുനിർത്തുക

സാമ്പത്തിക കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ കഷ്​ടപ്പെടുന്നവരെ സഹായിക്കാൻ സമൂഹം ബാധ്യസ്ഥമാണെന്ന പ്രവാചകവചനം പിന്തുടരുന്ന സമൂഹത്തി​െൻറ നിർമിതിക്കാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്. പ്രവാചകൻ പറയുന്നു: ''മനുഷ്യാ, മിച്ചമുള്ളത് ചെലവഴിക്കുന്നത് നിനക്ക് നന്മയാണ് വരുത്തുക. ചെലവഴിക്കാതിരിക്കുന്നത് ദോഷവും'' (മുസ്​ലിം). ''ദാനം ധനത്തിലൊരു കുറവും വരുത്തുകയില്ല.'' ''മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ കൈ നന്നായി തുറന്നുവെക്കുന്നവനാണ്'' (ബുഖാരി).

പിശുക്കന്മാർ പണംകൊണ്ട് സന്തോഷിക്കുന്നതിനു പകരം പണമുണ്ടാക്കുന്നതുകൊണ്ട് സന്തോഷിക്കുന്നു. അവരുടെ പണം അവർക്കോ മറ്റുള്ളവർക്കോ ഒട്ടും ഉപകരിക്കുകയില്ല. അവർ കോടിപതികളായിരിക്കും. മരണംവരെ അത് കെട്ടിപ്പൂട്ടിവെക്കും. മരണത്തോടെ അവർ ആരുമല്ലാതാകുന്നു. ജീവിതകാലത്തുതന്നെ അത്തരക്കാരെ ആരും പരിഗണിക്കുകയില്ല. മരണശേഷം പറയുകയും വേണ്ട. ചരിത്രത്തിൽ എന്നും എവിടെയും ഇടംനേടുക ഉദാരമതികളാണ്.

ഒരാളുടെ യഥാർഥ ധനം ഏതെന്ന ചോദ്യം ഏറെ പ്രധാനമാണ്. അതിന് പ്രവാചകൻ നൽകുന്ന മറുപടി വളരെയേറെ പ്രസക്തവും. മുഹമ്മദ് നബി അരുൾ ചെയ്യുന്നു: ''മനുഷ്യൻ എെൻറ സ്വത്ത്, എ​െൻറ സ്വത്ത് എന്നു പറയുന്നു. യഥാർഥത്തിൽ മൂന്നെണ്ണം മാത്രമാണ് അയാളുടെ സ്വത്ത്. തിന്നുതീർത്തത്, ധരിച്ചു ദ്രവിച്ചത്​, ദാനം നൽകി സുരക്ഷിതമാക്കിയത്. അതല്ലാത്തതെല്ലാം മറ്റുള്ളവർക്കായി വിട്ടേച്ച് അയാൾ വിടപറയും'' (ത്വബ്റാനി).

പ്രവാചക പത്നി ആയിശ ഒരാടിനെ അറുത്ത് ദാനംചെയ്തു. അപ്പോൾ പ്രവാചകൻ ചോദിച്ചു: ''ബാക്കി എന്തുണ്ട്?'' ആയിശ പറഞ്ഞു: ''അതി​െൻറ ചുമലല്ലാതെ ഒന്നുമില്ല.'' അപ്പോൾ അദ്ദേഹം അരുൾ ചെയ്തു: ''ചുമലല്ലാത്തതെല്ലാം ബാക്കിയായിരിക്കുന്നു'' (തിർമുദി).

കഷ്​ടപ്പെടുന്നവരെ കാണുമ്പോൾ പ്രവാചകൻ ഏറെ പ്രയാസപ്പെടുമായിരുന്നു. അവരുടെ ദുരിതമകറ്റാൻ ആവുന്നതൊക്കെ ചെയ്യുമായിരുന്നു. ജാബിർ പറയുന്നു: ''ഞങ്ങൾ നട്ടുച്ചക്ക്​ പ്രവാചക​െൻറ കൂടെയായിരുന്നു. അപ്പോൾ ചെരിപ്പ്​ ധരിക്കാതെ കീറിപ്പറിഞ്ഞ വസ്ത്രമുടുത്ത ഒരു സംഘം അവിടെയെത്തി.

അവർ മുദർ ഗോത്രക്കാരായിരുന്നു. അവരുടെ കഷ്​ടപ്പാട് കണ്ടപ്പോൾ പ്രവാചക​െൻറ മുഖം വിവർണമായി. ദുഃഖം പ്രകടമായി. അവിടെയുള്ളവരോടൊന്നിച്ച് നമസ്കാരം നിർവഹിച്ചശേഷം പ്രവാചകൻ ദാനധർമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. പിന്നീട് എല്ലാവരോടും പണവും ഗോതമ്പും വസ്ത്രവും ഈത്തപ്പഴവും ദാനംചെയ്യാൻ ആവശ്യപ്പെട്ടു. അവസാനം ഇത്രത്തോളം പറഞ്ഞു: ''കാരക്കയുടെ ഒരു ചീളെങ്കിലും.'' ഇതുകേട്ട് ഒരാൾ തനിക്ക് വഹിക്കാവുന്നതിലധികം വലിയ ചുമടുമായി വന്നു. തുടർന്ന് മറ്റുള്ളവരും അതാവർത്തിച്ചു. അതോടെ പ്രവാചകൻ അത്യധികം സന്തുഷ്​ടനായി. പ്രവാചകൻ പറയുന്നു: ''അയൽക്കാരൻ അരികെ പട്ടിണി കിടക്കുകയും അതേക്കുറിച്ച് അറിയുകയും ചെയ്തിട്ടും വയറു നിറക്കുന്നവൻ എന്നിൽ വിശ്വസിക്കുന്നവനല്ല'' (ത്വബ്റാനി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProphetPandemicCovid periodGreat lessons
Next Story