ജലസംരക്ഷണം പദ്ധതിപ്രഖ്യാപനത്തിൽ മതിയോ?
text_fieldsവെള്ളത്തെ ഒാർത്ത് ആശങ്കപ്പെടേണ്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. പെയ്യുന്ന മഴവെള്ളം കരുതിവെച്ചില്ലെങ്കിൽ നിരാശപ്പെടേണ്ടി വരും. അതിന് കാടും തണ്ണീർത്തടങ്ങളും സംരക്ഷിക്കപ്പെടണം. 2005 മുതൽ 2015 വരെ ‘ജലം ജീവിതത്തിന്’ എന്ന സന്ദേശവുമായാണ്െഎക്യരാഷ്ട്ര സഭ അന്തർദേശീയ കാമ്പയിൻ നടത്തിയത്. 2018 മുതൽ 28 വരെ നീളുന്ന ദശകത്തിൻറ കാമ്പയിൻ സന്ദേശം ‘സുസ്ഥിര വികസനത്തിന് ജലം’ എന്നതാണ്. 1970കളിൽ ‘സേവ് സൈലൻറ്വാലി’ മുദ്രാവാക്യമാണ് കേരളത്തിൽ നദികളുടെ സംരക്ഷണമെന്ന സന്ദേശത്തിന് തുടക്കമിട്ടത്. ചാലിയാർ, ഭാരതപ്പുഴ, പമ്പ, കരമനയാർ, പെരിയാർ തുടങ്ങിയ നദികൾക്ക് വേണ്ടി എത്രയോ പോരാട്ടങ്ങൾ. എന്നാൽ, ഇന്നിപ്പോൾ കുളങ്ങളും കിണറുകളും നികത്തപ്പെടുന്നു. പുഴകളിൽ വെള്ളമില്ല. മഴക്കാലത്തുമാത്രം വെള്ളമൊഴുകുന്ന അരുവികൾ ഏറെ. ഒഴുകുന്ന പുഴകളിലെ വെള്ളത്തിൽ കുളിക്കാൻപോലും കഴിയാത്ത തരത്തിൽ മാലിന്യം. 15 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള മഞ്ചേശ്വരംപുഴ തുടങ്ങി 244 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന പെരിയാർവരെയുള്ള 44 നദികളും അനേകം തോടുകളും അരുവികളും കേരളത്തിനുണ്ട്. ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകി കാവേരിയിൽ ചേരുന്നു. നമ്മൾ നദികൾ എന്ന് വിളിക്കുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ നദികളുടെ പട്ടികയിലൊന്നും ഇവയെ ഉൾപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ എല്ലാ നദികളിലൂടെയും ഒഴുകുന്ന വെള്ളത്തിെൻറ അളവ് എടുത്താൽ ഗോദാവരിയുടെ 30 ശതമാനം കവിയില്ല. മഴയാണ് കേരളത്തിലെ നദികളുടെ സ്രോതസ്സ്. അപ്പോൾ പെയ്യുന്ന മഴ മുഴുവനായും കടലിലേക്ക് ഒഴുകിപ്പോകാതെ സംരക്ഷിക്കപ്പെടണം.
മഴവെള്ള കൊയ്ത്താണ് ഇനിയുള്ള രക്ഷ. തൃശൂർ ജില്ലയിൽനിന്നു തുടങ്ങിയ മഴവെള്ള കൊയ്ത്ത് ഫലപ്രദമായി നടത്താൻ കഴിയണം. കെട്ടിടത്തിന് മുകളിൽ വീഴുന്ന വെള്ളം സംഭരിക്കുക മാത്രമല്ല, കിണറിലേക്കും കുളങ്ങളിലേക്കും മഴെവള്ളം ഒഴുക്കി വിട്ടും റീചാർജ് ചെയ്യാം. തൃശൂർ ജില്ലയിൽ ഇത് ഫലപ്രദമായി നടക്കുന്നുവെന്നാണ് പദ്ധതിക്ക് തുടക്കമിട്ട അന്നത്തെ ജില്ല കലക്ടർ വി.കെ. ബേബി പറയുന്നത്. പല പഞ്ചായത്തുകളിലും വാർഷിക പദ്ധതിയിൽ ഇതിനായി ഫണ്ട് വകയിരുത്തുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ‘ജലസുഭിക്ഷ’ എന്ന പേരിൽ പദ്ധതി കൊണ്ടുവരാനും മാർഗരേഖ തയാറായിട്ടുണ്ട്. ഇത്തവണ ഹരിത കേരള മിഷനിലും ജലസുരക്ഷക്ക് മുൻഗണന നൽകുന്നുണ്ട്. 5493 കുളങ്ങൾ നവീകരിക്കുകയും 3315 കുളങ്ങൾ നിർമിക്കുകയും ചെയ്തതായി നിയമസഭ മറുപടിയിൽ പറയുന്നു. 7024 കിലോമീറ്റർ തോടും 1481 കിലോമീറ്റർ കനാലും നവീകരിച്ചു. 2004ൽ കുടുംബശ്രീ നടത്തിയ പഠനമനുസരിച്ച് സംസ്ഥാനത്ത് 35763 സ്വകാര്യ കുളങ്ങളും 6848 പഞ്ചായത്ത് കുളങ്ങളുമുണ്ട്. അമ്പലങ്ങളുടേതും പള്ളികളുടേതുമായി 2689 കുളങ്ങൾ. ഉപേക്ഷിക്കപ്പെട്ട 879 േക്വാറികളും ജലസംഭരണികളാണ്.
ജലവിഭവ വകുപ്പിെൻറ 852 കുളങ്ങളും 80 തടയണകളും പട്ടികയിലുണ്ട്. ചെറുതും വലുതുമായ 53 അണക്കെട്ടുകളിലായി 5500 ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കാൻ കഴിയും. ശാസ്താംകോട്ട, വെള്ളായണി തുടങ്ങിയ ശുദ്ധജല തടാകങ്ങൾ ഇതിന് പുറമെയാണ്. ഇവ രണ്ടും നിലനിൽപിനായി പൊരുതുന്നു. ൈകയേറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾതന്നെ കാരണം. വേണ്ടത് പുഴകൾക്ക് ജീവൻ പകരുകയാണ്. പുഴകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കൈയേറ്റങ്ങൾ തടയുകയും മഴക്കുഴികൾ തീർക്കുകയും വേണം. വറ്റിയ പുഴകളുടെ ആഴം കൂട്ടിയാൽ താൽക്കാലികമായി വെള്ളം ഒഴുകും. എന്നാൽ, അത് ഫലപ്രദമല്ലെന്നാണ് പാഠം. പുഴക്കാകെ ജീവൻ പകരുകയാണ് വേണ്ടത്. അല്ലെങ്കിൽ മഴക്കാലത്ത് വെള്ളം ഒഴുകിപ്പാകാനുള്ള വലിയൊരു ഒാടയായി മാറിയേക്കാം.
കേരളത്തിലെ നദികൾക്കുവേണ്ടി പ്രഖ്യാപനങ്ങൾ പലതുണ്ടായി. കേരള റിവർ മാനേജ്മെൻറ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള നദീതട അതോറിറ്റി എന്നിവ സ്ഥാപിക്കാനുള്ള നിർദേശം 2015ൽ സർക്കാറിനു മുന്നിൽ വന്നിരുന്നു. നദികളുടെ പുനഃസ്ഥാപനം, മണൽ വാരൽ നിയന്ത്രണം, നദീതട സംരക്ഷണ തുടങ്ങിയ ഒേട്ടറെ കാര്യങ്ങൾ ഡോ. കേശവ് മോഹൻ തയാറാക്കിയ കരടിലുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാനതലത്തിൽ നദീതട കൗൺസിലും അതോറിറ്റിയും, മേഖലാതലത്തിൽ നദീതട ബോർഡ്, ഒാരോ നദിയും കേന്ദ്രീകരിച്ച് പ്രാദേശിക സംരക്ഷണ ബോർഡ് എന്നിവയും നിർദേശിക്കപ്പെട്ടു. നദി സംരക്ഷണവുമായി ബന്ധപ്പെട്ട് വി.കെ. ബേബി സമർപ്പിച്ച നിർദേശങ്ങളും സർക്കാറിെൻറ പക്കലുണ്ട്. കേരളത്തിൽ ഏതെങ്കിലും ഒരു നദിക്കുവേണ്ടി അതോറിറ്റിയുണ്ടെങ്കിൽ അത് പമ്പക്കുവേണ്ടിയാണ്. 1997ലെ നിയമസഭ കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്. നിയമമായത് 2009ലും. പമ്പ കർമപദ്ധതി പ്രഖ്യാപിക്കുകയും ഡയറക്ടറെ നിയമിക്കുകയും ചെയ്തെങ്കിലും ജലവിഭവ വകുപ്പിെൻറ നിസ്സഹകരണത്തെ തുടർന്ന് അത് മരിച്ചു. കരമനയാറിനുവേണ്ടി റൈറ്റ്സ് എന്ന പൊതുമേഖല സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടും സർക്കാറിെൻറ പക്കലുണ്ട്.
സംസ്ഥാനത്ത് നദികളുടെ അവകാശം ഏതു വകുപ്പിനാണെന്ന് സര്ക്കാറിനു പോലും അറിയില്ല. റവന്യൂ, ജലവിഭവം, ഉൗർജം, ഫിഷറീസ് തുടങ്ങി വനമേഖലയില് വനം വകുപ്പിനും അല്ലാത്തിടങ്ങളില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവകാശമുണ്ട്. ജലവൈദ്യുതി പദ്ധതികളുടെ സംരക്ഷണം ഊർജ വകുപ്പിനാണ്. മലിനീകരണ നിയന്ത്രണം, ആരോഗ്യ-കുടുംബക്ഷേമം, കൃഷി, ആഭ്യന്തരം, പൊതുമരാമത്ത് തുടങ്ങിയ നിരവധി വകുപ്പുകളും ബന്ധപ്പെട്ടിരിക്കുന്നു. റിവർ മാനേജ്മെൻറ് ഫണ്ട് വിനിയോഗിക്കുന്നത് കലക്ടറും. ഇവക്ക് ഒരു എകീകരണം വേണം. കൊച്ചി കേന്ദ്രമാക്കി 2015ൽ നടപ്പാക്കിയ പദ്ധതി യഥാർഥത്തിൽ എല്ലായിടത്തും നടപ്പാക്കാവുന്നതാണ്. കൊച്ചി നഗരസഭയും എസ്.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കൊച്ചി ജലനയം തയാറാക്കി. കുടിവെള്ളം, വ്യവസായം, കൃഷി, ടൂറിസം എന്നിങ്ങനെ ഒാരോ മേഖലക്കും വേണ്ടിവരുന്ന വെള്ളത്തിെൻറ അളവ് അടിസ്ഥാനമാക്കിയായിരുന്നു ജലനയം. പെരിയാറാണ് കൊച്ചിയടക്കം എറണാകുളം ജില്ലയുടെ കുടിവെള്ള േസ്രാതസ്സ്.
എന്നാൽ, ഇന്ന് ഏറ്റവും കൂടുതൽ മലിനപ്പെട്ട നദിയായി പെരിയാർ മാറി. മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽനിന്നുള്ള മനുഷ്യമാലിന്യം തുറന്നുവിടുന്നത് പുഴയിലേക്കാണ്. ഹൗസ് ബോട്ടുകളുടെ വരവോടെ ലോകത്ത് ഏത് പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടാലും അത് ആലപ്പുഴ ജില്ലയിലും എത്തുമെന്ന് പറയുന്നതുപോലെ നാളെ ആ അവസ്ഥയിലേക്ക് പെരിയാറിെൻറ തീരവും മാറും. മുമ്പ് പമ്പയിലൂടെ മലവെള്ളം എത്തി വേമ്പനാട്ടിലെ മാലിന്യമൊക്കെ കടലിൽ തള്ളിയിരുന്നത് കുട്ടനാടിന് ആശ്വാസമായിരുന്നു. അഷ്ടമുടിയിലും ഇങ്ങനെ സംഭവിച്ചിരുന്നു. അണക്കെട്ടുകളുടെ പേരിൽ വെള്ളം തടഞ്ഞുനിർത്തപ്പെട്ടതോടെ അതില്ലാതായി.
നദികൾമാത്രമല്ല, തണ്ണീർത്തടങ്ങളും ജലസംരക്ഷകരാണ്. ഏഴ് ഹെക്ടർ വനപ്രദേശത്ത് ഉൾക്കൊള്ളുന്ന അത്രയും മഴ ഒരു ഹെക്ടർ വയലിൽ ഉൾക്കൊള്ളുമെന്ന് അറിയണം. പല വിദേശരാജ്യങ്ങളും സ്പോഞ്ച് സിറ്റി എന്ന സങ്കൽപത്തിലേക്ക് മാറുകയാണ്. വെള്ളം സംരക്ഷിക്കുകയും വിതരണം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് ഏതാനും എം.എൽ.എമാർ ജലസംരക്ഷണത്തിനായി രംഗത്തുവന്നത് ഏറെ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ, അത് അവിടെ അവസാനിച്ചു. ജലത്തിെൻറ കാര്യത്തിൽ ഇങ്ങനെയാണ്. ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഭരണക്കാർക്ക് താൽപര്യമില്ല. റോഡോ പാലമോ പണിതാൽ നാട്ടുകാർ കാണും. എന്നാൽ, വെള്ളം സംരക്ഷിച്ചുവെന്ന് പറഞ്ഞാൽ, അത് വോട്ടായി മാറില്ലല്ലോ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.