കായികമേഖലയിൽ കഥയറിയാതെ ചില ബഹളങ്ങൾ
text_fieldsപി.യു. ചിത്രക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചു എന്നും അതിൽ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച വനിത അത്ലറ്റായിരുന്ന പി.ടി. ഉഷക്കും പങ്കുണ്ട് എന്നുമാണ് ഇന്ന് മലയാളികളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത്. ആ വിശ്വാസം പടർന്നുപിടിക്കുകയും അത് ഒരു ആൻറി ഉഷ മാനിയ ആയിത്തീർന്നിരിക്കുകയുമാണ്. ഒറ്റനോട്ടത്തിൽ ചിത്രക്ക് അവസരം നിഷേധിച്ചു എന്നും അത് കരുതിക്കൂട്ടിയായിരുന്നു എന്നു തോന്നുംവിധമാണ് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നത്.
എന്നാൽ, നിയമങ്ങളും ചട്ടങ്ങളും വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതിൽ അടങ്ങിയിരിക്കുന്ന സാങ്കേതികപ്രശ്നങ്ങളെക്കുറിച്ചും സംഭവിച്ച പിഴവുകളെക്കുറിച്ചും മനസ്സിലാകൂ.
അതിനു മുമ്പ് സുപ്രധാനമായ ഒരു കാര്യംകൂടി, ഈ വിവാദങ്ങൾക്കു വഴിമരുന്നിട്ടവരും ഇതിലെ പങ്കാളികളും മനസ്സിലാക്കണം. സ്പോർട്സിൽ നിലവിലുള്ള നിയമങ്ങളെ രണ്ടായിട്ടാണ് കാണേണ്ടത്; ‘റൂൾസ്’, ‘ആൻഡ് മോറൽ നോംസ്’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ. അതായത്, കളികളുടെ സുഗമമായ നടത്തിപ്പിനുള്ള നിയമാവലികളാണ് റൂൾസ്. ഇത് കർശനമായി നടപ്പാക്കേണ്ടതുതന്നെയാണ്. അതിന് ഒപ്പം നിൽക്കുന്ന മോറൽ നോംസിനെക്കുറിച്ച് കൂടുതൽ അറിയാൻ നമുക്ക് തൽക്കാലം പി.യു. ചിത്രക്ക് ‘അനുമതി നിഷേധിച്ച’ സംഭവവുമായി അതിനെ തുലനംചെയ്യാം. എന്തുകൊണ്ട് ചിത്രക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചില്ല അതെല്ലങ്കിൽ അത് ആര്, എന്തിന്, എങ്ങനെ നിഷേധിച്ചു എന്നതാണ് ആദ്യം പരിശോധിക്കേണ്ട വിഷയം.
ചിത്ര ഏഷ്യൻ അത്ലറ്റിക്സിൽ 1500 മീറ്ററിൽ സ്വർണമെഡൽ നേടിയിരുന്നു, അത് അഭിമാനകരമായ നേട്ടംതന്നെയാണ്. എന്നാൽ, ഈ വിജയം ലണ്ടൻ ലോക മത്സരത്തിനുള്ള സ്വാഭാവിക യോഗ്യതയുമാകുന്നില്ല. അതറിയാത്തവരാണ് അധികം പേരും; ഈ വിഷയത്തെ വൈകാരികമായി മാത്രം കാണുന്നവരും. എന്തുകൊണ്ട് ഏഷ്യൻ മീറ്റിൽ സ്വർണം നേടിയിട്ടും അത് നേരിട്ടുള്ള യോഗ്യത ആകുന്നില്ല. അതിനുള്ള കാരണം ഓരോ സാർവദേശീയ മത്സരങ്ങൾക്കുള്ള ഓരോ ഇനങ്ങൾക്കും പങ്കെടുക്കാനുള്ള കായികതാരങ്ങളുടെ എണ്ണം നിജപ്പെടുത്തേണ്ടതുകൊണ്ട് ഓരോ ഇനത്തിനും അതിേൻറതായ യോഗ്യതാനിബന്ധനകൾ അെല്ലങ്കിൽ ക്വാളിഫിക്കേഷൻ മാർക്കുകൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ഇവിടെ ചിത്രയുടെ വിജയസമയം ലോക അത്ലറ്റിക് ഫെഡറേഷൻ നിശ്ചയിച്ചിരുന്ന യോഗ്യതാമാർക്കിൽനിന്ന് ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് സാങ്കേതികമായി അവർക്ക് ലോക മത്സരത്തിൽ പങ്കെടുക്കാൻ അർഹതയില്ല! അത് കടുകട്ടിയായ സാങ്കേതികമായ നിയമവശം, സ്വാഭാവികമായി ഇത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഇനി മോറൽ നോംസിെൻറ പ്രശ്നം.
നേരേത്ത പറഞ്ഞ യോഗ്യതാമാർക്കുകൾ പിന്നിടാൻ ചില കൊച്ചു രാജ്യങ്ങളിലെ അതുമെല്ലങ്കിൽ കായികമത്സര ഇനങ്ങളിൽ പിന്നാക്കംനിൽക്കുന്ന രാജ്യങ്ങളിലെ കായികതാരങ്ങൾക്കു സാധിക്കാതെ വരുന്നു. ഇത് കണ്ടുകൊണ്ട് ആ രാജ്യത്തുനിന്നുള്ള നാലോ അഞ്ചോ കായികതാരങ്ങൾക്ക് ‘പങ്കെടുക്കലാണ് സ്പോർട്സ് മാഹാത്മ്യം എന്ന തത്ത്വം’ അംഗീകരിച്ചുകൊണ്ട്, അവസരം നൽകുന്നു. ഈ മോറൽ നോംസ് അനുകൂലമായി വരുന്നവരിൽ ഏഷ്യൻ മത്സരത്തിൽ ചിത്രക്ക് ഏറെ പിന്നിലായിട്ടെത്തിയ കൊച്ചു കൊച്ചു രാജ്യങ്ങളിലെ ഓട്ടക്കാരികളിൽ ചിലർ ഒരു യോഗ്യതാനിബന്ധനയും കൂടാതെ ലണ്ടനിൽ എത്തുന്നവരാണ്. അങ്ങനെയുള്ളവരെ കണ്ടെത്താനുള്ള അവകാശം അതതു രാജ്യങ്ങളിലെ ഫെഡറേഷനുകൾക്കാണ്. ഇതേ തത്ത്വംതന്നെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇനംതിരിച്ചുള്ള പങ്കാളിത്തത്തിനു ബാധകമാകുന്നുണ്ട്. അതായത്, ഇവിടെ 1500 മീറ്ററിൽ ചിത്ര ഒന്നാമതായിട്ടും യോഗ്യതാമാർക്ക് കടക്കാനായിെല്ലങ്കിലും നേരേത്ത പറഞ്ഞ ലൂസർ നിയമം അനുസരിച്ച് ചിത്രയെ ആ ഇനത്തിൽ പങ്കെടുപ്പിക്കണമെന്നും മോസ്റ്റ് പ്രോമിസിങ് അത്ലറ്റ് ഗണത്തിൽപെടുത്തണമെന്നും നമ്മുടെ ഫെഡറേഷൻ ലോക സംഘടനയെ അറിയിക്കേണ്ടിയിരുന്നു.
വില്ലനായി അമാന്തം
ഹീറ്റ്സും മറ്റു മത്സരക്രമങ്ങളും തയാറാക്കും മുമ്പായിരിക്കണം ഈ അപേക്ഷ സംഘാടക സമിതിയിൽ എത്തേണ്ടത്. ഇത് ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ചശേഷം അനുമതി നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. എന്നാൽ, നമ്മൾ ഇവിടെ ആദ്യം ചെയ്യേണ്ട കാര്യം അവസാനം ചെയ്തതുകൊണ്ട് കിട്ടാമായിരുന്ന ഒരവസരം നമുക്ക് നഷ്ടമായി. ഒന്നുകൂടി വിശദീകരിച്ചാൽ, ചിത്ര കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചപ്പോഴേക്കും അവിടെ മത്സര നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞിരുന്നു. അതിനു ശേഷമായിരുന്നു കാര്യക്ഷമത ഇല്ലാത്ത നമ്മുടെ ഫെഡറേഷൻ ഒരു കത്ത് അങ്ങോട്ടേക്ക് അയച്ചത്.
ഇനിയുമുണ്ട് സംശയങ്ങൾ. നേരേത്ത പറഞ്ഞ കേർട്ട്സി പാർട്ടിസിപ്പേഷന് ആളെ തെരഞ്ഞെടുത്തപ്പോൾ എന്തുകൊണ്ട് ചിത്ര പുറത്താവുകയും അവരെക്കാൾ മോശം പ്രകടനം കാഴ്ചെവച്ചവർ അകത്താവുകയും ചെയ്തു. അതിൽ പി.ടി. ഉഷയുടെ പെങ്കന്തായിരുന്നു.
നമ്മുടെ യുവ കളി എഴുത്തുകാർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതുകൊണ്ടാണ് നമ്മുടെ ഫെഡറേഷൻ കാലാകാലം നടത്തിക്കൊണ്ടിരുന്ന സെലക്ഷൻ അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നത്. നേരേത്ത സൂചിപ്പിച്ച കേർട്ട്സി പാർട്ടിസിപ്പേഷനുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ലൈംഗികചൂഷണങ്ങൾ വരെ നടന്നിട്ടുണ്ട്, മുൻകാലങ്ങളിൽ. ഇത്തരം ഞെട്ടിപ്പിക്കുന്ന അനുഭവകഥകൾ ദേശീയ പരിശീലകനും ഒളിമ്പ്യനുമായിരുന്ന എെൻറ അടുത്ത കൂട്ടുകാരൻ അന്തരിച്ച സുരേഷ് ബാബു പങ്കുെവച്ചിട്ടുണ്ട്. ഇവിടെയും എന്തൊക്കെയോ കാരണങ്ങൾകൊണ്ട് ചിത്ര അവഗണിക്കപ്പെടുകയും ‘ചിത്രയേക്കാൾ അയോഗ്യരായവർ’ യോഗ്യത നേടി ലണ്ടൻയാത്ര താരമാക്കുകയും ചെയ്തിരിക്കുന്നു. അതിെൻറ കാരണങ്ങൾ അറിയാനാണ് സാമാന്യ ജനങ്ങൾക്ക് താൽപര്യം. കളി എഴുത്തുകാരുടെ ഇടപെടലുകൾ സാവധാനം അതൊക്കെ പുറത്തുകൊണ്ടുവരുന്നുമുണ്ട്.
ഇനി പി.ടി. ഉഷയുടെ ഇതിലെ പങ്കിനെക്കുറിച്ച്. ഉഷ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗമായിരുന്നിെല്ലന്നാണ് എെൻറ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പരിശീലകയായതുകൊണ്ട് സാങ്കേതിക ഉപദേഷ്ടാവ് എന്നനിലയിൽ പങ്കെടുത്തിരുന്നു എന്നും മനസ്സിലാക്കാനായി. എന്നാൽ, ഉഷയുടെ അനുഭവസമ്പത്തും കായികതാരങ്ങളെക്കുറിച്ചുള്ള അറിവും ഇവിടെ പ്രകടിപ്പിക്കണമായിരുന്നു. അതായത്, നിയമങ്ങൾ കീറിമുറിച്ച് പരിശോധിച്ചവേളയിൽ ഉഷ വാദിക്കേണ്ടിയിരുന്നത് ചിത്രക്കുവേണ്ടിയായിരുന്നു. സ്വാഭാവികമായും ഉഷയുടെ ഭാഗത്തുനിന്നുതന്നെ ഇതിനെതിരെ ചോദ്യമുണ്ടാകാം; സെലക്ഷൻ കമ്മിറ്റി അംഗമല്ലാത്ത എനിക്കെങ്ങനെ അതിനു കഴിയും? അവിടെയാണ് ആനക്ക് അതിെൻറ വലുപ്പം അറിയാത്തതുപോലെ ഉഷക്ക് അവരുടെ വില അറിയാതെ പോയത്. 100 സെലക്ടർമാരുടെ അഭിപ്രായത്തേക്കാൾ പരിഗണിക്കപ്പെടുക സാങ്കേതിക ഉപദേഷ്ടാവായ ഉഷയുടെ വാക്കുകളായിരിക്കും. എന്തുകൊണ്ടോ അവസരോചിതമായി ഇടപെടാൻ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച അത്ലറ്റിനു കഴിഞ്ഞുമില്ല.
ആരോപണങ്ങൾ
ഈ സംഭവത്തിനു പിന്നിലുള്ള ഉപകഥകൽ അറിയാവുന്ന ആളെന്ന നിലയിൽ സാധാരണക്കാരന് മനസ്സിലാകുംവിധം കിട്ടാവുന്ന മാധ്യമങ്ങളൊക്കെ ഉപയോഗിച്ച് വിശദീകരണം നൽകുന്നതിന് പകരം അവർ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ബഹിഷ്കരണ തീരുമാനം പ്രഖ്യാപിക്കുകയുമാണുണ്ടായത്. അതാകട്ടെ ഉഷയെ കൂടുതൽ സംശയത്തിെൻറ നിഴലിൽ എത്തിച്ചു. അതിനെതിരെ പ്രതികരിക്കാനും സെലക്ഷൻ സമിതിയിലെ അംഗങ്ങളുടെ സ്വജനപക്ഷപാതവും അന്യായങ്ങളും വെളിച്ചത്തുകൊണ്ടുവരാനും അവർക്കു കിട്ടിയ അവസരം അതായത്, ചിത്രക്ക് ലഭിക്കേണ്ടിയിരുന്ന കേർട്ട്സി പങ്കാളിത്തം നിഷേധിച്ചിട്ട് മറ്റുള്ളവർക്ക് അത് നൽകിയ സാഹചര്യത്തിെനതിരെ പ്രതികരിക്കാനുള്ള സാഹചര്യം അവർ നഷ്ടപ്പെടുത്തി. ഇത് ആദ്യമായിട്ടല്ല പി.ടി. ഉഷക്കെതിരെ ഇത്തരം ആരോപണങ്ങൾ കേൾക്കുന്നത്. ഇവിടെയും നിഷ്പക്ഷമായ ഒരു വിശകലനം ആവശ്യമായി വരുന്നു. ഇത്തരം ആരോപണങ്ങൾ ഉണ്ടായിത്തുടങ്ങിയപ്പോഴേ അത് ശരിയായിരുന്നിെല്ലന്നും ഇന്ത്യയിലെ കായികതാരങ്ങളെ ഒന്നായിക്കണ്ട് അവരുടെ നന്മക്കും മികച്ച പ്രകടനങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുന്ന ആളാണ് താനെന്നും തെളിയിക്കാൻ അവർക്കും അവരുടെ പി.ആർ മാനേജ്മെൻറിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉഷ ചെയ്യേണ്ടത് അവർ ശ്രദ്ധിക്കുന്ന കേന്ദ്രങ്ങളിലെ കായികതാരങ്ങളുടെ മികവ് മാത്രമായിരിക്കരുത്. ചിത്രയെ ഉൾപ്പെടുത്താത്തതിനുള്ള പൂർണ ഉത്തരവാദിത്തം ഉഷക്കല്ല, അതിൽ കുറ്റക്കാർ ദേശീയ പരിശീലകരും ഫെഡറേഷൻ സെക്രട്ടറിയുംതന്നെയാണ്. ഒരു കായികതാരം ഭാവിയുടെ വാഗ്ദാനമാണോ, ഇത്തവണത്തെ പങ്കെടുക്കൽ അവർക്കു അതിനുള്ള രാസത്വരകമാകുമോ എന്നൊക്കെ അറിയാവുന്നവർ അവരാണ്. അവർ ഇക്കാര്യങ്ങൾ സെലക്ടർമാരുടെ ശ്രദ്ധയിൽപെടുത്തേണ്ടതുമായിരുന്നു.
ചിത്രയുടെ കുഞ്ഞുമനസ്സിെൻറ നിരാശ ചെറുതല്ല. എന്നാൽ, ചിത്രയും അവരുടെ ഉപദേശകരും കാര്യം മനസ്സിലാക്കാതെ പങ്കെടുക്കൽ അവരുടെ അവകാശമാണെന്ന മട്ടിൽ കോടതിയെ സമീപിക്കുകയായിരുന്നു. അവകാശലംഘനത്തിനെതിരെ പ്രതികരിക്കേണ്ടത് കടമയാണെങ്കിലും സാർവദേശീയ കായിക സംഘടനകൾക്ക് നമ്മുടെ കോടതിവിധികൾ ബാധകമല്ല. ബഹുമാനപ്പെട്ട കോടതികൾക്ക് നമ്മുടെ സംഘടനകൾക്ക് നിർദേശം നൽകാമെന്നല്ലാതെ സാർവ ദേശീയ കായിക സംഘടനകളുടെ തീരുമാനങ്ങൾെക്കതിരെ നടപടികൾ സ്വീകരിക്കാൻ ആകില്ല. അതിനുള്ള അവകാശം സ്വിറ്റ്സർലൻഡിലെ ലൊസാൻ നഗരത്തിലുള്ള കോർട്ട് ഓഫ് ആർബിറ്റേഷൻ ഓഫ് സ്പോർട്ട് എന്ന സ്പോർട്സ് കോടതിക്കു മാത്രമേയുള്ളൂ. പി.യു. ചിത്രക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. കാലാകാലങ്ങളായി നമ്മുടെ കായിക സംഘടനകൾ നടത്തിക്കൊണ്ടിരുന്ന അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ പൊതുജനമധ്യത്തിലും കോടതിക്കു മുന്നിലും എത്തിക്കാനായതിലും ശക്തമായ പ്രതിഷേധങ്ങൾക്ക് അത് കാരണമായതിലും.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.