ഉശിര് ചോർന്ന പ്രതിപക്ഷത്തിന് ജനകീയ ബദൽ രൂപപ്പെടുന്നു
text_fieldsഭാരതീയ ജനതാപാർട്ടി ഭരണതലത്തിൽ നിത്യേന കൂടുതൽ പിടിമുറുക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷനിരയിലിരിക്കുന്നവർക്ക് നാം ഏതു വിശേഷണപദങ്ങൾ നൽകും? സംശയം വേണ്ട. അവർക്ക് ചാർത്താൻ വിശേഷണങ്ങൾ നിരവധി. അഴിമതിക്കാർ, ചങ്ങാത്ത മുതലാളിമാർ, ബലഹീനർ, ഉത്സാഹം നഷ്ടപ്പെട്ടവർ, ചൈതന്യം വറ്റിയവർ, ആലസ്യം ബാധിച്ചവർ, കാര്യക്ഷമത ഇല്ലാത്തവർ എന്നിങ്ങനെ അനേകം പദങ്ങളിൽ പ്രതിപക്ഷത്തെ നമുക്ക് അടയാളപ്പെടുത്താൻ സാധിക്കും. അവസാനം പരാമർശിച്ച വിശേഷണങ്ങൾക്ക് തീർത്തും അനുയോജ്യമായ സംഭവവികാസങ്ങളായിരുന്നു സമീപവാരങ്ങളിൽ അരങ്ങേറിയത്. മധ്യപ്രദേശിൽ പ്രക്ഷോഭം ആരംഭിച്ച കർഷകർക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിെൻറയും മരണത്തിെൻറയും പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനം വിരൽചൂണ്ടിയത് കോൺഗ്രസ് നേതാക്കളുടെ ആലസ്യത്തിലേക്കായിരുന്നു. ആലസ്യം ബാധിച്ചിരുന്നില്ലെങ്കിൽ കോൺഗ്രസ് നേതാക്കൾ ക്ഷുഭിതരായ കർഷകരുമായി െഎക്യദാർഢ്യം പ്രഖ്യാപിച്ച് മാൻഡ്സോർ ജില്ലയിൽ തമ്പുകെട്ടി പാർക്കുമായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് സർക്കാർ തക്ക ശിക്ഷ പ്രഖ്യാപിക്കും വരേയും അവർ അവിടെത്തന്നെ തങ്ങുകയും ചെയ്തേനെ. എന്നാൽ, പ്രശ്നജില്ലയിൽ എത്തി ഫോേട്ടാക്ക് പോസ് ചെയ്ത് ക്ഷണനേരംകൊണ്ട് പര്യടനം പൂർത്തിയാക്കി നേരെ അവധിക്കാലമാസ്വദിക്കാൻ യൂറോപ്പിലേക്ക് തിരിക്കുകയായിരുന്നു രാഹുൽ.
രാഷ്ട്രപതി സ്ഥാനാർഥി നിർണയകാര്യത്തിൽ സംഭവിച്ച അമാന്തം പ്രതിപക്ഷത്തിെൻറ കെടുകാര്യസ്ഥതയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. ബദ്ധശത്രുക്കളായ രണ്ട് നേതാക്കളുടെ -മമത ബാനർജി, സീതാറാം യെച്ചൂരി- പ്രശംസ ഒരേസമയം പിടിച്ചുപറ്റിയ നയതന്ത്രജ്ഞനും അക്കാദമിക്കുമായ ഗോപാൽകൃഷ്ണ ഗാന്ധി രാഷ്ട്രപതി പദവിയിൽ അവരോധിക്കപ്പെടാൻ പലതുകൊണ്ടും യോഗ്യനായിരുന്നു. എന്നാൽ, അദ്ദേഹത്തെ യഥാസമയം നോമിനേറ്റ് ചെയ്യുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചു. അദ്ദേഹമോ തുല്യരായ മറ്റ് വ്യക്തികളോ കാലേക്കൂട്ടി നാമനിർദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ബി.ജെ.പിയുടെ നില പരുങ്ങലിലായിത്തീർന്നേനെ. ഒടുവിൽ പ്രതിപക്ഷ പാർട്ടികളുടെ അനവധാനതയും അമാന്തവും മോദി-അമിത് ഷാ കൂട്ടുകെട്ടിന് തുണയായി. ഇരുവരും ചേർന്ന് തങ്ങളുടെ ഇഷ്ടക്കാരെൻറ സ്ഥാനാർഥിത്വം തന്ത്രപരമായി പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ ബി.ജെ.പി തരംഗമാണ് പ്രകടമായത്.
പഴയ ഭരണകുടുംബത്തിെൻറ കൈകളിലിരുന്ന് കോൺഗ്രസ് സ്വയം തകർന്നടിയുന്നതിെൻറ സൂചനകളായി മേൽസംഭവങ്ങളെ വിലയിരുത്താനാകും. ദേശീയവാദി എന്ന നിലയിൽ ഇന്ത്യയിലുടനീളം സ്വകീയ മുദ്രകൾ പതിപ്പിച്ച വൻകിട പാർട്ടിയുടെ നില ഇൗ മട്ടിലാണെങ്കിൽ പ്രതിപക്ഷത്തെ ഇതര പാർട്ടികളുടെ അവസ്ഥ ഒാർക്കാവുന്നതേയുള്ളൂ. പല പാർട്ടികളും പ്രത്യേക മേഖലകളിൽമാത്രം പരിമിതപ്പെട്ടുനിൽക്കുന്നു. സർവാധിപതികളും അഴിമതിക്കാരുമായ നേതാക്കളുടെ വരുതിയിൽനിൽക്കുന്ന ഇൗ പാർട്ടികൾക്ക് ഒരിക്കലും ബി.ജെ.പിക്കെതിരെ വെല്ലുവിളികൾ ഉയർത്തുന്ന യോഗ്യരായ പ്രതിപക്ഷമാകാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികളുടെ നിരാശജനകമായ ഇൗ സ്ഥിതിവിശേഷം അടുത്ത പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വിജയസാധ്യതകളെ വലിയ തോതിൽ വർധിപ്പിക്കുന്നു. കേന്ദ്രഭരണത്തിന് പുറമെ മിക്ക സംസ്ഥാനങ്ങളിലേയും ഭരണം ഇപ്പോൾ ബി.ജെ.പിയുടെ കരങ്ങളിൽ ഭദ്രമാണ്.
അടുത്ത ഒരു ദശകത്തിനിടയിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഗവൺമെൻറ് തലത്തിലും ബി.ജെ.പി കൂടുതൽ പിടിമുറുക്കാതിരിക്കില്ല. ഇന്ത്യൻ സമൂഹത്തിെൻറയും രാഷ്ട്രീയത്തിെൻറയും ഉടച്ചുവാർക്കൽ പാർട്ടി ഉൗർജിതപ്പെടുത്തും. ഇൗ പുനഃക്രമീകരണ പദ്ധതികളുടെ തലപ്പത്തുണ്ടാവുക മോദി-അമിത് ഷാ കൂട്ടുകെട്ട് തന്നെയെന്നതിലും സംശയം വേണ്ട.
പ്രതിബദ്ധതയുടെ അഭാവം
ബി.ജെ.പിയുടെ രാഷ്ട്രീയ മേൽക്കോയ്മയും മോദി-അമിത് ഷാമാരുടെ വ്യക്തിപരമായ മേധാവിത്വവും ഇന്ത്യൻ ജനാധിപത്യത്തെ ഏതുവിധമാകും സ്വാധീനിക്കുക? ഇൗ ചോദ്യത്തിന് ഉത്തരമാരായുേമ്പാൾ മോദി, അമിത് ഷാമാർക്ക് തെരഞ്ഞെടുപ്പിൽ വിജയക്കൊടി നാട്ടുക എന്നതല്ലാതെ ജനാധിപത്യത്തിനോട് മറ്റ് പ്രതിബദ്ധത ഇല്ല എന്ന വസ്തുതയാണ് ആദ്യം ഒാർമിക്കേണ്ടത്. ഇരുവരും ഇക്കാര്യം നേരത്തേ ഗുജറാത്തിലും പിന്നീട് ദേശീയതലത്തിലും തെളിയിക്കുകയുണ്ടായി. ജനാധിപത്യത്തിെൻറ നെടുംതൂണുകളായ നിയമനിർമാണ സഭയോടും മാധ്യമ മേഖലയോടുമുള്ള പരമപുച്ഛവും ഇൗ നേതാക്കൾ മറയില്ലാതെ പ്രകടിപ്പിക്കുകയുണ്ടായി. നീതിന്യായവ്യവസ്ഥ, സൈന്യം തുടങ്ങിയ നെടുംതൂണുകളോടുള്ള ആദരവില്ലായ്മയും ഇവർ പ്രകടമാക്കാൻ തുടങ്ങിയിരിക്കുന്നു. ഇരുവിഭാഗത്തിെൻറയും സ്വയംഭരണ സ്വഭാവം തകർക്കുന്ന ഇടപെടലുകൾ പതിവായിക്കഴിഞ്ഞു. റിസർവ് ബാങ്ക്, സി.ബി.െഎ എന്നിവയെ ഭരണകക്ഷിയുടെ ഉപകരണങ്ങൾ മാത്രമായി ഇകഴ്ത്താനുള്ള ശ്രമങ്ങളും തകൃതിയാണ്.
ജനാധിപത്യപ്രക്രിയകളെ സംബന്ധിച്ച് വേണ്ടത്ര ജ്ഞാനമാർജിക്കാത്തവരാണ് ഇൗ നേതാക്കൾ. ബഹുസ്വരതയോട് അവർക്ക് തെല്ലുമില്ല പ്രതിബദ്ധത. ഇന്ത്യയുടെ ദേശീയ സ്വത്വം ഏതെങ്കിലും പ്രത്യേക മതത്തിലൂടെയോ ഭാഷയിലൂടെയോ അല്ല നിർണയിക്കപ്പെടേണ്ടതെന്ന് നമ്മുടെ ഭരണഘടനാ ശിൽപികൾ അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ആർ.എസ്.എസിലൂടെ വളർന്ന മോദിയും ഷായും വിപരീതദിശയിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളല്ലാത്തവർക്ക് തുല്യപൗരത്വം നൽകേണ്ടതില്ല എന്നാണവരുടെ വിശ്വാസം. പ്രത്യേകിച്ച് മുസ്ലിംകൾ, രണ്ടാംകിട പൗരന്മാരായി കഴിയേണ്ടവരാകുന്നു. സ്ഥാനാർഥി പട്ടികയിൽ മുസ്ലിം പേരുകൾ ഇല്ലാതിരിക്കാൻ അമിത് ഷാ പ്രത്യേക നിഷ്കർഷ പുലർത്തുന്നു. വിദൂരമായ പോർച്ചുഗലിൽ കാട്ടുതീയിൽ മരിച്ചവർക്കുവേണ്ടി അനുശോചനസന്ദേശം അയക്കാറുള്ള മോദി സ്വപൗരന്മാർ അടിച്ചുകൊല്ലെപ്പടുേമ്പാൾ മൗനം ദീക്ഷിക്കുന്നു.
കുത്തഴിഞ്ഞ അവസ്ഥയിലാണ് പ്രതിപക്ഷം. ജനാധിപത്യം എന്നാൽ പാർട്ടി രാഷ്ട്രീയം മാത്രമല്ല. േമാദി-അമിത്ഷാ കൂട്ടുകെട്ടിെൻറ ആശയഗതികളേയും നയപരിപാടികളേയും ഇപ്പോൾ ചെറുത്തുവരുന്നത് രാഷ്ട്രീയക്കാരല്ല, പ്രത്യുത സാധാരണ ഇന്ത്യക്കാരാണ്. പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ഭരണകക്ഷിയുടെ ഉച്ചഭാഷിണികളായി മാറിക്കൊണ്ടിരിക്കെ ഏതാനും പത്രങ്ങളും പത്രാധിപന്മാരും റിപ്പോർട്ടർമാരും ധീരമായും സത്യസന്ധമായും ബി.ജെ.പിയുടെ വീഴ്ചകളും കുറ്റകൃത്യങ്ങളും തുറന്നുകാട്ടുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാറുകളുടെ കൊള്ളരുതായ്മകളെ ഭയരഹിതരായി പുറത്തുകൊണ്ടുവരുന്നു. അതേസമയം, വലതുപക്ഷ കൂലിപ്പടയാളികൾ സമൂഹ മാധ്യമങ്ങളിൽ വീറോടെ പടവെട്ടുന്നതും പതിവ് ദൃശ്യമായി മാറുന്നു.
സമൂഹ മാധ്യമങ്ങളേയും മുഖ്യധാരാ മാധ്യമങ്ങളേയും നിയന്ത്രണവിധേയമാക്കാൻ ബി.ജെ.പി വൻതോതിൽ മുതൽമുടക്കുന്നു. എന്നാൽ, സ്വതന്ത്ര റിപ്പോർട്ടിങ്ങിനേയും യുക്തിസഹമായ സംവാദങ്ങളേയും അടിച്ചമർത്തുന്നതിൽ പാർട്ടി ഇപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഭരണഘടന അനുശാസിക്കുന്ന ദേശഭക്തിയോടാണ് കൂറുപുലർത്തുന്നത്. എന്നാൽ, ഇൗ പാത ഒട്ടും സ്വീകാര്യമല്ല ഹിന്ദുത്വ ശക്തികൾക്ക്. ഇന്ത്യയെ ഒരു ഹിന്ദുപാകിസ്താൻ ആയി മാറ്റണമെന്ന് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നില്ല.
പൊതുജനം എന്ന പ്രതിപക്ഷം
ഒരു പാർട്ടിക്കാരുമല്ലാത്ത, ജനങ്ങളുടെ ഇൗ പ്രതിപക്ഷത്തിന് 2024 പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിൽ സൃഷ്ടിച്ച തരംഗം ഇന്ത്യയിലും സാക്ഷാത്കരിക്കപ്പെടുമോ? ഇൗ ചോദ്യങ്ങൾക്ക് ചരിത്രകാരന്മാരുടെ കൈവശം ഉത്തരം കണ്ടില്ലെന്നു വരാം. എന്നാൽ, ജനാധിപത്യത്തിെൻറ സവിശേഷ സ്വഭാവത്തിൽ അവക്കുള്ള ഉത്തരങ്ങളുണ്ട്. ജനാധിപത്യം എക്കാലത്തും നിങ്ങൾക്കു ചവിട്ടിമെതിക്കാനാകില്ല. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുമായി ജനാധിപത്യത്തെ താരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ല. ജനാധിപത്യം ഒരു ജീവിതരീതിയും മൂല്യവ്യവസ്ഥയുമാണ്. ആ മൂല്യങ്ങൾ നിത്യേന നടപ്പാക്കേണ്ടതാണ്. ഒരു ദിവസമോ തെരഞ്ഞെടുപ്പ് വേളകളിലോ മാത്രം അവലംബിക്കണ്ട സിദ്ധാന്തമല്ല അത്.
ഹിറ്റ്ലർ, മുസോളിനി തുടങ്ങിയ ഫാഷിസ്റ്റുകൾക്കുനേരെ ഹിന്ദുത്വ ആചാര്യന്മാർ ഭൂത കാലത്ത് ചൊരിഞ്ഞ സ്തുതികൾ, വർത്തമാനകാലത്ത് ബി.ജെ.പി നേതാക്കൾ നടത്തുന്ന പ്രകോപനപ്രസ്താവനകൾ, വിമർശകർക്കുനേരെ നടത്തുന്ന ആക്രമണങ്ങൾ, ഗോരക്ഷക ഗുണ്ടകൾ തെരുവിൽ നടത്തുന്ന മനുഷ്യഹത്യകൾ തുടങ്ങിയവ വീക്ഷിക്കുക ഇടതുപക്ഷം ഇന്ത്യയിൽ ഫാഷിസത്തിെൻറ വരവിനെ സംബന്ധിച്ച് താക്കീത് നൽകുന്നു. എന്നാൽ, ഇത്തരം അതിശയോക്തികൾ ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ഛയെ, നിസ്സാരവത്കരിക്കുന്ന ധൈഷണിക വ്യായാമമാക്കുന്നു. ബി.ജെ.പിയെ വെല്ലാൻ ഇപ്പോഴത്തെ പ്രതിപക്ഷം അശക്തമാണ്. എന്നാൽ, ബി.ജെ.പിയെ വെല്ലാനും ചോദ്യം െചയ്യാനും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രാപ്തിയുണ്ടെന്ന് ഞാൻ കരുതുന്നു.
രാഹുൽ-സോണിയമാരെ മോദിയും സംഘവും തോൽപിച്ചിരിക്കാം. പക്ഷേ, നെഹ്റു-അംബദ്കർ തുടങ്ങിയവരുടെ പൈതൃകങ്ങളെ അവർക്ക് അഭിമുഖീകരിക്കാതെ തരമില്ല. നമ്മുടെ റിപ്പബ്ലിക്കിന് ജനാധിപത്യത്തിെൻറയും ബഹുസ്വരതയുടേയും കൽത്തൂണുകൾ സമ്മാനിച്ചവരാണവർ. അവക്കു കോട്ടം സംഭവിക്കണമെന്നാണ് ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നത്. എന്നാൽ, ജനങ്ങൾ അവ തകരാതെ നിലനിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.